ഉറങ്ങി ഉണര്‍ന്നപ്പോള്‍ ഭിക്ഷാ പാത്രം കളവു പോയിരിക്കുന്നു.
ആറുകണ്ണുകള്‍ ആര്‍ത്തി വിളമ്പുന്നു.
ആട്ടിപ്പായിക്കപ്പെടലിനൊടുവില് അന്നം
പകുത്തെടുക്കുമ്പോള്‍ വിടരുന്ന ചിരിയില്‍
അയാളുടെ വയര്‍ നിറയാറുണ്ട് .
2.
കണി ക്കൊന്ന പൂവിട്ടതും
പുന്നെല്ല് വിരിഞ്ഞതും
തേന്‍വരിക്ക മൂപ്പെത്തിയതും
തൊടിയിലെ മാഞ്ചോട്ടില്‍ കാറ്റൂഞ്ഞാലിന്
പതിക്കാനിരിക്കുന്ന
മധുര മാമ്പഴങ്ങളും
അവരാരും കാണാറേയില്ല
ഭൂമിയ്ക്ക് അവകാശമില്ലാത്തവര്‍.
3.
പാട്ടഭൂമിക്കും പട്ടയഭൂമിക്കും
വിലാസങ്ങളില്ലാത്തവര് ,
അഭയാര്‍ത്ഥിയുടെ,നിറം മങ്ങിയ കുപ്പായക്കീശയില്‍ കിലുക്കങ്ങളൊഴിഞ്ഞിരുന്നു .
വര്ണപ്പൊട്ടുകളില് നിറം ചേര്‍ക്കുന്ന
കുഞ്ഞികയ്യുകള് , പാതിയുടഞ്ഞ കളിപ്പാട്ടക്കാര്‍, കണ്ണുകളില്ലാത്ത, ഉടുപ്പില്ലാത്ത പാവക്കുട്ടി .
4.
ഉറങ്ങി ഉണര്‍ന്നപ്പോള്‍ കളവ് പോയത് സ്വന്തം ജീവനും കൂടിയാണെന്ന്
കൂടെയുള്ളവള്‍ ,
എന്റെയും നിന്റെയും ജീവന് ഒന്നാകുന്നത് എപ്പോഴാണ് ?
അയാളില്‍
ഒരു ഭൂകമ്പമുണ്ടായി വന്നതും
ആര്‍ത്തലച്ചുകൊണ്ട് തെരുവിലേക്കോടി.
5. അച്ഛനമ്മമാരോടൊപ്പമുറങ്ങിയിരുന്ന
മൂന്നു വയസ്സുള്ള നാടോടി പെണ്‍കുട്ടി ഓടയില്‍ സുരക്ഷിതയാണ്.
1 Comments
Lines that have a deep meaning
ReplyDelete