മുഖക്കുറിപ്പ് 🔴 അക്ഷര മോഷ്ടാക്കള്‍ വിലസ്സുന്നുണ്ട് ജാഗ്രതൈ!



സാഹിത്യത്തെ ഉപാസിക്കുന്നത് പലകാരണങ്ങള്‍കൊണ്ടാവാം. ചിലരത് ജന്മസിദ്ധമായ തങ്ങളുടെ കഴിവിനെ സ്വയം പരുവപ്പെടുത്തി കാലക്രമത്തില്‍ മൂര്‍ച്ചകൂട്ടി എടുക്കുന്നു. മറ്റുചിലര്‍ പ്രോത്സാഹനങ്ങളില്‍ നിന്ന് ആത്മവിശ്വാസം ഉള്‍ക്കൊണ്ട് കഴിവുകളെ തിരിച്ചറിഞ്ഞ് അതിനെ പരിപോഷിപ്പിച്ച് എടുക്കുന്നു. എന്തുതന്നെയായാലും ഇവ രണ്ടും യഥാര്‍ത്ഥ സാഹിത്യോപാസകരുടെ മേന്മയായി നമുക്ക് കാണാവുന്നതാണ്.

എന്നാല്‍ സോഷ്യല്‍മീഡിയാ കാലഘട്ടത്തില്‍ മൂന്നാമതൊരുകൂട്ടര്‍ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. സാഹിത്യ തസ്‌ക്കരന്മാര്‍. എന്തും ഏതും കോപ്പി പേസ്റ്റ് ചെയ്യാവുന്ന ഈ കാലഘട്ടത്തില്‍ മറ്റുള്ളവരുടെ സര്‍ഗ്ഗാത്മകത മോഷ്ടിച്ച് സ്വയം ആളാവാന്‍ ശ്രമിക്കുന്ന നാണംകെട്ട ഒരു കൂട്ടംപേര്‍ ഒളിഞ്ഞും തെളിഞ്ഞും സാഹിത്യ ഗ്രൂപ്പുകളില്‍ സജീവമായി നില്‍ക്കുന്നത് നാം തിരിച്ചറിയേണ്ടതുണ്ട്. വാട്ട്സ് ആപ്പുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സാഹിത്യ പ്രവര്‍ത്തനങ്ങളാണ് കോപ്പി അടി തസ്‌ക്കരരുടെ പ്രധാന കേന്ദ്രം. വാട്ട്സ് ആപ്പുകളില്‍ ആരെങ്കിലും എഴുതിയിടുന്ന രചനകള്‍ സ്വന്തം പേരിലാക്കി മറ്റിടങ്ങളിലേക്ക് അയച്ചുകൊടുക്കുക, എന്നിട്ട് സ്വന്തം രചന അച്ചടിമഷി പുരുണ്ടു എന്നൊക്കെ പറഞ്ഞ് പോസ്റ്റിടുക തുടങ്ങി ഉത്തരാധുനിക തസ്‌ക്കര വിളയാട്ടം നടക്കുന്നുണ്ട്.

സാഹിത്യ വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ നടത്തുന്ന അഡ്മിന്‍മാര്‍ ഓരോ അംഗങ്ങളെയും കൃത്യമായി സ്‌ക്രീന്‍ ചെയ്ത് സംശയം തോന്നുന്നവരെ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഇ-ദളം വെബ്മാഗസിനില്‍ പോസ്റ്റ് ചെയ്യുന്ന രചനകള്‍ കോപ്പി പേസ്റ്റ് ചെയ്യാന്‍ കഴിയാത്ത രീതിയിലും കോപ്പി ചെയ്യുന്നവയ്ക്കെതിരെനിയമ നടപടി സ്വീകരിക്കാന്‍ കഴിയുന്ന രീതിയിലുമാണ് പോസ്റ്റ് ചെയ്യപ്പെടുന്നത്. ഇതേ രീതിയിലുള്ള ഉത്തരവാദിത്വങ്ങള്‍ എല്ലാവരും സ്വീകരിക്കേണ്ടതുണ്ട്. എത്ര സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാലും അവയൊക്കെ തകര്‍ക്കാന്‍ കഴിയുന്ന സാഹചര്യവും നിലവിലുണ്ട്.

ഒരു മനുഷ്യന്‍ തന്റെ വിയര്‍പ്പൊഴുക്കി കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സ്വര്‍ണ്ണവും മറ്റും കവര്‍ന്നുകൊണ്ടുപോകും പോലെ തന്നെയാണ് സാഹിത്യ മോഷണത്താലുണ്ടാകുന്ന നഷ്ടവും. ഒരാളുടെ വിലപ്പെട്ട സമയവും ചിന്തയും മാനസിക സന്തോഷവും ഒറ്റ കോപ്പി പേസ്റ്റിലൂടെ കവര്‍ന്നെടുക്കുന്നത് മോഷണമെന്ന് കുറച്ചുകാണാനാവില്ല, അത് കൊലപാതക സമമാണ്.

Post a Comment

1 Comments