അരുത് 🔴 രഞ്ജി റീജന്‍

renji-rejan


രണ്ടാം വിവാഹത്തിന്റെ
ആദ്യരാത്രിയിലാണവള്‍ അരുതുകളുടെ അതിരുകളറിഞ്ഞത് 

ഇമ്പം കൂടിയയിടങ്ങളില്‍ സ്വാതന്ത്ര്യത്തോടെ പറക്കരുത് 
ഇഴപിരിച്ചു മെടഞ്ഞു കൂന്തലൊരുക്കണമെന്ന് 
പഠിച്ചു തുടങ്ങിയതന്നുമുതലാണ് 
പിണഞ്ഞു കിടക്കുമ്പോളാണ്,
അയാളുടെ ഇഷ്ടങ്ങളും ബന്ധങ്ങളും ദൃഡമാകുന്നതെന്ന് 

തീന്‍മേശയില്‍ ചോദ്യങ്ങളരുത് 
രുചികള്‍ ആസ്വദിക്കുമ്പോള്‍,
ഉപ്പും പുളിയും എരിവും താഴെക്കിറങ്ങണം 
തലയിലേറിയാല്‍ ഗുണം കെടുമെന്ന് 

കുളിമുറിയില്‍ മൂളിപ്പാട്ടരുത് 
അടച്ചിട്ടിടങ്ങളില്‍ നിന്നും മധുരഗാനങ്ങള്‍ 
പുറപ്പെട്ടു പോയാല്‍ വീണിടങ്ങളിലെ നിലവിളികള്‍ 
കാതിലെത്താതെ പോകുമെന്ന് 

ഇസ്തിരിയിടാനായി തുണികളില്‍ തൊടരുത് !
വൈദ്യുതികയറുന്ന മേലുടുപ്പുകള്‍
കരിയുന്നതിന്റെ ഗന്ധം 
ദിനം മുഴുവന്‍ ഓഫീസ് ജോലികളെ 
വിഭ്രാന്തിയാല്‍ ശല്യപ്പെടുത്തുമെന്ന് 

പുറത്തുപോകുമ്പോള്‍ 
ചേര്‍ന്നിരിക്കുന്ന ഇരുചക്രവാഹനമരുതെന്ന് 
അകന്നിരുന്നാലും ചാഞ്ഞു വരാന്‍ 
പാകത്തില്‍ തോളിടവും ഊതിനിറച്ച 
ശ്വാസം പകരും രക്ഷയുമാണ് പ്രധാനം 

ആദ്യ ഭാര്യയെ മറക്കണമെന്ന് വാശി പിടിക്കരുതെന്ന് !
എന്തൊരു സ്വാര്‍ത്ഥനാണ് അയാള്‍?
തിരയിലേക്ക് നടന്നിരുന്നവളുടെ പിന്നണിയില്‍,
തോണിയോ തുഴച്ചില്‍ക്കാരനോ ആയി 
പിന്തുടരാന്‍ 
ആദ്യ ഭാര്യയുടെ ശൂന്യത 
ഓര്‍മയിലുണ്ടാവണമെന്ന് !
© രഞ്ജി റീജന്‍



Post a Comment

0 Comments