13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ വീട്ടില്‍ നിന്നും പടിയിറങ്ങുമ്പോള്‍ കണ്ട അതേ പ്രൗഡിയോടെ തന്നെ അതിപ്പോഴും അവിടെ നിലനില്‍ക്കുന്നു. അതിനുള്ളിലെ മനുഷ്യരും അങ്ങനെ ആയിരിക്കോ ഇപ്പോഴും? നടക്കുമ്പോള്‍ വഴിക്ക് ഇത്തിരി വഴുക്കള്‍ ഉണ്ടായിരുന്നു. വാതില്‍ തുറന്നു കിടപ്പുണ്ടായിരുന്നെങ്കിലും വെറുതെ ഒന്ന് കാളിങ് ബെല്‍ അമര്‍ത്തി. 10 മിനുട്ട് നില്‍ക്കേണ്ടി വന്നു. ദാ അമ്മ വരുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട ഒരു ഭാവചലനവും കാണിച്ചില്ല. ചെറുതായൊന്നു ചിരിച്ചെന്നു വരുത്തി. ചായ കുടിക്കിടയില്‍ മക്കളെ കൂട്ടായിരുന്നില്ലേ? ഇവിടെ ഒക്കെ അവര്‍ക്കൊന്നു കണ്ടിരിക്കമായിരുന്നല്ലോ, ഒ നിനക്ക് വേണ്ടെങ്കില്‍ പിന്നെ അവര്‍ക്കെന്നാത്തിനാ അല്ലേ. എന്തായാലും വന്ന കാര്യം നടക്കട്ടെ അച്ഛന്‍ ആ മുറിയില്‍ തന്നെ ഉണ്ട്. ഇത്തിരി കഴിയട്ടെ, എനിക്ക് സ്റ്റീഫനേം മക്കളേം ഒന്ന് വിളിക്കണം. ഒന്നിരുത്തി മൂളിയതിനു ശേഷം അമ്മ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.
തലമുടിയില്‍ ഇത്തിരി നര കയറി എന്നല്ലാതെ വേഷത്തില്‍ പോലും ഒരു മാറ്റവും വന്നിട്ടില്ലാത്ത അമ്മ. വലയോ പൊടിയോ ഒന്നും ഇല്ലാതെ വീട് അന്നും ഇന്നും ഭംഗിയായി സൂക്ഷിക്കാന്‍ അമ്മ മിടുക്കിയായിരുന്നു അല്ലെങ്കില്‍ തന്നെ അച്ഛന്നതു നിര്‍ബന്ധവുമായിരുന്നു. വിവാഹ സമയത്തെ അവരുടെ ഫോട്ടോ ഇപ്പോഴും ഭിത്തിയില്‍ ഒരാലങ്കാരമായി കാണപ്പെട്ടു. മുറ്റത്തെപ്പൊഴും ചെറിയൊരു പൂന്തോട്ടം അമ്മ ഒരിക്കിയിരുന്നു. വീട്ടു പണിയൊക്കെ കഴിഞ്ഞാല്‍ ചെടി പരിപാലനം ആയിരുന്നു ഇഷ്ട വിനോദം. 'മുടി ഒക്കെ പോയല്ലോ ' കൊഴിഞ്ഞതാണോ മോഡേണ്‍ ആയതാണോ? തലമുടിയില്‍ തൊട്ട് അമ്മ ചോദിച്ചു. അമ്മയുടെ മുടി അതുപോലെ തന്നെ ഉണ്ടല്ലോ. എന്റെ മോള്‍ക്കും അമ്മയുടെ മുടി ആണ് കിട്ടിയിരിക്കുന്നത്. ഫോണ്‍ എടുത്ത് ഞാന്‍ എന്റെ മകന്റേം മകളുടേം കുറച്ചു ഫോട്ടോസ് കാണിച്ചു കൊടുത്തു. നീ ഹാപ്പി ആണല്ലോ അല്ലേ? അമ്മ എന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി. അതേ അമ്മേ. ആ നിമിഷം അമ്മ വേറെ ആരോ ആയി മാറിയതായി തോന്നി. അമ്മയോട് തിരിച്ചും സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷെ വാക്കുകള്‍ പുറത്തു വരാതെ ഞാന്‍ ചെടികളെ നോക്കി നിന്നു.
ഉറങ്ങുന്നതിനു മുന്നേ അച്ഛനെ പോയി കാണു. നീ വന്നിട്ടുണ്ടെന്നു ഞാന്‍ പറഞ്ഞു. അച്ഛനെ ഞാന്‍ നാളെ രാവിലെ കണ്ടോളാം. ഇന്നെനിക്ക് നന്നായൊന്നു ഉറങ്ങണം. യാത്ര ക്ഷീണം ഉണ്ട്. തിരിച്ചു അമ്മയുടെ സംസാരം കേള്‍ക്കുന്നതിനു മുന്നേ തന്നെ ഞാന്‍ റൂമിലേക്ക് പോയി. സ്റ്റീഫനെ വീഡിയോ കാള്‍ ചെയ്തു. ഉറങ്ങി കിടക്കുന്ന മക്കളെ കാണിച്ചു. ഗുഡ് നൈറ്റ് പറഞ്ഞു കട്ട് ചെയ്യാന്‍ നേരം അമ്മ വന്നു. മക്കളെയും സ്റ്റീഫനെയും അമ്മ ആദ്യമായി ഫോണിലൂടെ നേരിട്ട് കണ്ടു. നീ അമ്മക്ക് ഒരു ഫോണ്‍ വാങ്ങി കൊടുക്ക്. അവിടെ നിന്നു പൊന്നാലും ഇടക്ക് വീഡിയോ കാള്‍ ചെയ്യാലോ. ഓക്കേ പറഞ്ഞു വെക്കാന്‍ നേരം സ്റ്റീഫന്‍ ചോദിച്ചു അച്ഛന്‍ എന്ത് പറഞ്ഞു? അച്ഛനെ ഞാന്‍ കണ്ടില്ല. നാളെ കാണാം. ഹാര്‍ട്ട് നല്ലേ കുഴപ്പം. കിടക്കുന്നതിനു മുന്നേ കാണായിരുന്നില്ലേ? വേണ്ട നാളായാകട്ടെ. ഞാന്‍ ഉറങ്ങുന്നുന്നു പറഞ്ഞു കാള്‍ കട്ട് ചെയ്തു.
നേരം പുലറായപ്പോഴേ അമ്മ റൂമിലേക്ക് വന്നു. നീ നന്നായി ഉറങ്ങിയോ? മം ഞാന്‍ ഒന്ന് മൂളുക മാത്രം ചെയ്തു. ഇത്രേം നാള്‍ ഇങ്ങോട്ടൊന്നു വരാന്‍ നിനക്ക് തോന്നില്ല അല്ലേ? ഇങ്ങനൊരാള്‍ ജീവിച്ചിരിപ്പുണ്ടെന്നും ഓര്‍മയില്ലായിരുന്നോ? വന്നപ്പോഴോ ഒറ്റക്കും. എനിക്കും ഉണ്ട് ആഗ്രഹങ്ങള്‍. എനിക്ക് ചിരി പൊട്ടി. ഒന്നും കേള്‍ക്കാത്തത് പോലെ ഞാന്‍ തിരിഞ്ഞു കിടന്നു. അമ്മ വിടാന്‍ ഭാവം ഇല്ലായിരുന്നു. നിന്റെ അനുജത്തി എങ്കിലും കൂടെ കാണുമെന്നു കരുതി. അവള്‍ക്ക് വിദേശവാസം മതിയെന്ന്. ഞാന്‍ എന്തിനാ ജീവിക്കുന്നത്? അമ്മ വിതുമ്പി. ആദ്യമായാണ് അമ്മ കരയുന്നത് ഞാന്‍ കാണുന്നത്. ഞാന്‍ എഴുന്നേറ്റിരുന്നു. അമ്മ എന്തിനാ കരയുന്നത്? അമ്മക്ക് അച്ഛന്‍ ഇല്ലേ? എല്ലാത്തിനും അമ്മയ്ക്ക് അച്ഛനുണ്ടല്ലോ കൂടെ. സ്റ്റീഫന്‍ പറഞ്ഞിട്ടാണ് ഞാന്‍ ഇങ്ങോട്ട് വന്നത് തന്നെ. ഒരിക്കലും വരരുതെന്നു കരുതിയതാ ഒരിക്കലും. .ഞാന്‍ ഒന്നും മറന്നിട്ടില്ല അമ്മേ. സ്റ്റീഫന്‍ എന്റെ ജീവിതത്തില്‍ വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോ ഇ ഭൂമിയില്‍ ബാക്കി ഉണ്ടാവില്ലായിരുന്നു. കണ്ണീരിലെന്റെ വാക്കുകള്‍ ചിതറിപ്പോയി. നേരം വെളുത്തോട്ടെ ഞാന്‍ തിരിച്ചു പോകും.
കുളിച്ചു കഴിഞ്ഞപ്പോ മനസ്സൊന്നു തണുത്തു. പക്ഷെ അമ്മ അപ്പോഴും തളര്‍ന്ന മട്ടില്‍ സോഫയില്‍ ചാരി ഇരിക്കുവായിരുന്നു. നേരെ ഞാന്‍ അച്ഛന്റെ റൂമിലോട്ട് പോയി. സ്‌ട്രോക്ക് വന്നു ഒരു ഭാഗം തളര്‍ന്നിരുന്നു. മുഖം കോട്ടിപോയിരുന്നു.അമ്മ പുറകെ വന്നു അച്ഛനെ പതുക്കെ തട്ടി ഉണര്‍ത്തി. ദാ അശ്വതി നില്‍പ്പുണ്ട്. വലതു കൈ ഉയര്‍ത്തി എന്നെ അടുത്തേക്ക് വിളിച്ചു. പോകാന്‍ മനസ്സ് വന്നില്ല. അമ്മയോട് അല്‍മാര ചൂണ്ടി കാണിച്ചു. അതില്‍ നിന്നും ഒരു ചെക്ക് എടുത്ത് അമ്മ എനിക്ക് നേരെ നീട്ടി. കുടുംബവസ്തു ഒന്നും നിനക്ക് വേണ്ടാന്ന് പറഞ്ഞതുകൊണ്ട് അതു വിറ്റ് നിനക്കുള്ള ഷെയര്‍ ബാങ്കില്‍ ഇട്ടു അതിന്റെ ചെക്ക് ആണിത്. നിന്നെ ഏല്പിക്കാന്‍ മുന്നേ പറഞ്ഞിരുന്നു. ഇത് അമ്മ തന്നെ സൂക്ഷിച്ചോ. ചിലവൊക്കെ ഒത്തിരി ഉള്ളതല്ലേ.
എപ്പോഴാ ബസ്? ഞാനും നിന്റെ ഒപ്പം ബസ് സ്റ്റോപ്പ് വരെ വരാം . ഇനി നമ്മള്‍ തമ്മില്‍ കാണുമോന്നു പോലും എനിക്ക് അറിയില്ല. അമ്മ വീണ്ടും കരയാന്‍ തുടങ്ങി.അച്ഛന്‍ മരിച്ചുപോവൊന്നു അമ്മക്ക് പേടി ആണോ? ഒറ്റക്ക് ആകുമെന്ന് പറഞ്ഞാണോ ഇ കണ്ണീരും പ്രകടനവും. എല്ലാത്തിനും കൂട്ട് നിന്ന് ഉത്തമ ഭാര്യ ആയിരുന്നതല്ലേ അയാള്‍ ഇപ്പോഴൊന്നും തട്ടി പോവില്ല. തിരിഞ്ഞു നോക്കാതെ ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി. കുറച്ചു നടന്നപ്പോള്‍ മനസ്സില്‍ ഒരു ഭാരം തോന്നി. അമ്മയുടെ കണ്ണീര്‍ കണ്ടില്ലന്നു നടിച്ചത് ശരിയായില്ല. കുറച്ചു സമയം സംസാരിക്കാനെങ്കിലും ഇരുന്നു കൊടുക്കണമായിരുന്നു. തിരിച്ചു വീട്ടിലേക്ക് നടന്നു. അമ്മ അപ്പോഴും തേങ്ങുന്നുണ്ടായിരുന്നു. എന്നെ കണ്ടതും ഓടി വന്നു കെട്ടിപിടിച്ചു. അമ്മയോട് ക്ഷമിക്ക് മോളെ. നിന്റെ കാലു പിടിച്ചു ഞാന്‍ മാപ്പ് പറയാം. തിരിച്ചൊന്നും പറയാന്‍ കഴിയാതെ ഞാന്‍ നിന്നു.
അന്നെനിക്ക് 12 വയസായിരുന്നു. അച്ഛമ്മക്ക് സുഖമില്ലാതെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയതു കാരണം അമ്മ അതിന്റേതായ തിരക്കുകളിലും. അച്ഛന്റെ വാല്‍സ്യല്യ നിധികളായിരുന്നു ഞാനും അനുജത്തി അനശ്വരയും. അവള്‍ക്കന്നു 7 വയസു. അമ്മ വീട്ടിലില്ലാത്തതു കാരണം രാത്രി പുറത്തു കൊണ്ടുപോയി അച്ഛന്‍ ഫുഡ് ഒക്കെ വാങ്ങി തന്നു ഞങ്ങളെ ഹാപ്പി ആക്കി. രാത്രി നല്ല മഴ ആയിരുന്നു. കറന്റ് പോയാലും ഇന്‍വെര്‍ട്ടര്‍ ഉള്ളതുകാരണം കുറച്ചു വെളിച്‌മൊക്കെ ഉണ്ടായിരുന്നു. അനുജത്തിക്ക് അച്ഛന്റേം അമ്മേടേം അടുത്ത് കിടന്നാണ് ശീലം. എനിക്ക് അച്ഛമ്മേടെ അടുത്തും. ഒറ്റയ്ക്കായത് കാരണം ഞാനും അന്ന് അച്ഛനോടൊപ്പം ഉറങ്ങി. ഉറക്കത്തില്‍ ആരോ എന്റെ വായ പൊത്തിപിടിച്ചു. ആദ്യം എനിക്കത് ഒരു ദു:സ്വപ്നം കാണുന്നത് പോലെ തോന്നി. ഞാന്‍ നിലവിളിക്കാനും കുതറി മാറാനും ശ്രമിച്ചെങ്കിലും വിഫലമായിരുന്നു.
പിറ്റേന്ന് അമ്മയെ കണ്ടപ്പോള്‍ കരച്ചില്‍ വന്നു കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചെങ്കിലും അമ്മ തിരക്കുകള്‍ കാരണം എന്നെ ഓടിച്ചു. എന്റെ വളര്‍ന്നു കൊണ്ടിരിക്കുന്ന മാറിടങ്ങളിലെ നഖപാടുകള്‍ പഴുക്കുവാന്‍ തുടങ്ങി.ശരീരം വളര്‍ന്നു കൊണ്ടും മനസ് തളര്‍ന്നു കൊണ്ടുമിരുന്നു. സ്‌കൂളിലും എല്ലാവരും എന്നെ കളിയാക്കുന്നപോലെയും തുറിച്ചു നോക്കുന്നതായും എനിക്ക് അനുഭവപ്പെട്ടു. എന്റെ മൂകതയും അലസതയും വീട്ടില്‍ വിളിച്ചറിയിച്ചപ്പോ എന്റെ പ്രായത്തിന്റെ പ്രശ്‌നം ആണെന്ന് പറഞ്ഞു അമ്മ അതു ഒഴിവാക്കി. എന്റെ വീടും സ്‌കൂളും ചുറ്റുപാടും ഒക്കെ ഞാന്‍ വെറുത്തു തുടങ്ങി. എന്റെ ശരീരത്തില്‍ വ്രണം വന്നു പഴുത്തു പൊന്തിയതായി തോന്നി. അച്ഛമ്മ എന്നെ കെട്ടിപിടിച്ചു കിടക്കാന്‍ ശ്രമിക്കുമ്പോഴും ഞാന്‍ ഭയപ്പെടാന്‍ തുടങ്ങി. മരിക്കണം എന്ന് തീരുമാനം എടുത്ത നാളുകള്‍ ആയിരുന്നു അത്.
ഒരിക്കല്‍ സ്‌കൂളില്‍ കൗണ്‍സിലിങ് നടന്നപ്പോ പൊട്ടികരഞ്ഞുകൊണ്ട് എനിക്കെല്ലാം പറയേണ്ടി വന്നു. ടീച്ചര്‍ ഇക്കാര്യങ്ങളൊക്കെ അമ്മയോട് പറഞ്ഞിട്ടും അമ്മക്ക് യാതൊരുവിധ ഭാവവ്യത്യാസവും ഉണ്ടായില്ല. പിറ്റേ ആഴ്ച തന്നെ എന്റെ സ്‌കൂള്‍ മാറ്റി. എന്നെ അമ്മ അമ്മമ്മയുടെ വീട്ടിലും ആക്കി. എന്റെ മുറിവുകളെ പറ്റി അമ്മ ഒന്നും ചോദിച്ചില്ല. എന്റെ ഹൃദയം നീറി. അച്ഛനോടുള്ളതിനേക്കാള്‍ അമ്മയോട് വെറുപ്പ് തോന്നി. എനിക്ക് പറയാനും കരയാനും ഒത്തിരി ഉണ്ടായിരുന്നു. കേള്‍ക്കാന്‍ അമ്മ തയാറായിരുന്നില്ല. അമ്മക്ക് ഒന്നും അറിയണ്ടായിരുന്നു . അമ്മയുടെ ദാമ്പത്യം സേഫ് ആക്കാനുള്ള തത്രപ്പാടിലായിരുന്നു അമ്മ. അവിടെ ഞാന്‍ ഒഴിവാക്കാപ്പെട്ടവളായി മാറി. ഒരു തെറ്റും ചെയ്യാതെ ആ വീട്ടില്‍ നിന്നും ഞാന്‍ പുറത്തായി. എന്നും അമ്മയുടേം അച്ഛന്റേം നടുക്ക് കിടന്നുറങ്ങുന്ന അനുജത്തിയെയും ഞാന്‍ ശത്രു പക്ഷത്താക്കി. ഒരിക്കലെങ്കിലും എന്നോട് എല്ലാം ചോദിക്കാനും സമാധാനിപ്പിക്കാനും അമ്മ തയാറായിരുന്നെങ്കില്‍ ഞാനിത്രേം ഹൃദയഭാരം ചുമക്കേണ്ടി വരില്ലായിരുന്നു. പഠിക്കാനായി ബാംഗ്ലൂര്‍ ചെന്നപ്പോഴാണ് സ്റ്റീഫനെ പരിചയപ്പെടുന്നതും അടുക്കുന്നതും. എല്ലാം തുറന്നു പറയാനും എന്നെ കേള്‍ക്കാനും മനസ്സിലാക്കാനും കഴിവുള്ള ഒരാള്‍. മതത്തിന്റെ പേര് പറഞ്ഞു അമ്മ തന്നെയാണ് ആ വിവാഹവും എതിര്‍ത്തത്. എന്തിനായിരുന്നു അതൊക്കെ? എന്റെ സന്തോഷം അമ്മ ഒരിക്കലും ആഗ്രഹിചിട്ടില്ലേ?
നിന്നെ വിഷമിപ്പിച്ച ഈ സാഹചര്യങ്ങളില്‍ നിന്നു മാറി നില്‍ക്കുമ്പോള്‍ നീ ഓക്കേ ആകുമെന്ന് ഞാന്‍ കരുതി. നിന്റെ വായില്‍ നിന്നും അതൊക്കെ കേള്‍ക്കാനുള്ള മനക്കരുത്ത് എനിക്ക് ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ കഴിയുമ്പോ നീ എല്ലാം ക്ഷമിച്ചു തിരികെ വരുമെന്ന് ഞാന്‍ കരുതി.അമ്മ വീണ്ടും തേങ്ങി.എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അമ്മയുടെ കരച്ചിലും മനസ്സ് തുറന്നുള്ള മാപ്പ് പറച്ചിലും ഹൃദയില്‍ അടിച്ചിരുന്നു ഒരു ആണി ഇളകിപ്പോയ പ്രതീതി ഉളവാക്കി.
പ്രായം ചെന്നപ്പോ അമ്മ കൊച്ചു കുട്ടിയായോ? ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് ചോദിച്ചു. പണ്ട് എനിക്ക് ഉണ്ടാക്കിത്തരാറുള്ള മുളക് ചുട്ടരച്ച ചമ്മന്തിം ചോറും വേണം. അതു കഴിച്ചിട്ടേ ഞാന്‍ ഇന്ന് തിരിച്ചു പോകുന്നുള്ളൂ. പെട്ടന്ന് അമ്മയുടെ മുഖം പ്രസന്നമായി. എനിക്ക് വേണ്ടിയുള്ള കുക്കിംഗ് തുടങ്ങാന്‍ നേരെ അടുക്കളയിലേക്ക്. സ്റ്റീഫനെയും മക്കളെയും പറ്റി ഞാന്‍ വാ തോരാതെ സംസാരിച്ചു. എല്ലാം കേട്ട് നിന്ന അമ്മ എന്റെ മുഖത്തേക്ക് തന്നേ നോക്കി നിന്നു.എനിക്കും നിന്നെപ്പോലെ മുടി ഷോര്‍ട് ആക്കണം. ഞാന്‍ പെട്ടന്ന് സ്ഥപ്തയായി. എങ്കില്‍ പിന്നെ ഡൈ യും ചെയ്തൂടെ. ഞാന്‍ ചോദിച്ചു. മീന്‍ വറുത്തു കൊണ്ട് നിന്ന അമ്മ തിരിഞ്ഞു നോക്കി. അതും വേണം. കുറെ നാളായി അങ്ങനെയൊക്കെ ചിന്തിക്കുന്നു. എല്ലാം ആവസാനിച്ചിട് ഇറങ്ങാന്നു വെച്ചാല്‍ അതിനി എപ്പോ എന്നറിയില്ല.ഇവിടെ ഒരു നേഴ്‌സ്‌നെ വെക്കണം. എന്നിട്ട് പുറത്തോട്ടു ഇറങ്ങണം. നിന്റെം അനശ്വരയുടേം കൂടെ കുറച്ചു നാള്‍ നില്‍ക്കണമെന്നുണ്ട്. അവള് കാനഡയില്‍ അല്ലേ അപ്പോ കുറച്ചു മോഡേണ്‍ ആകാതെ പോകാന്‍ പറ്റോ?ഞാന്‍ വീണ്ടും എന്റെ ബാംഗ്ലൂര്‍ വിശേഷങ്ങള്‍ പറയാന്‍ ശ്രമിച്ചു. പക്ഷെ അമ്മ അമ്മയുടെ മുന്നോട്ടുള്ള സ്വപ്നങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു. അച്ഛന്‍ നിനക്കെഴുതിയ ചെക്ക് നീ വാങ്ങില്ലെന്നു എനിക്ക് അറിയായിരുന്നു. ആ ക്യാഷ് അവിടെ കിടന്നോട്ടെ. ഇവിടത്തേക്ക് തന്നേ ആവശ്യം വരും.
ഇറങ്ങാന്‍ നേരം അമ്മ കുറച്ചൂടെ ചെറുപ്പമായതുപോലെ തോന്നി. ഇടക്ക് ഞാന്‍ അമ്മയെ കാണാന്‍ വരാം ഞാന്‍ പറഞ്ഞു. ഒ അതെന്നതിനാ? ഞാന്‍ ഉടനെ അങ്ങോട്ട് വരുന്നുണ്ട്. ബസില്‍ കയറിയിട്ടും ഞാന്‍ അമ്മയെ പറ്റി തന്നേ ഓര്‍ത്തു. അന്നും ഇന്നും അമ്മയ്ക്ക് മാറ്റം ഒന്നും വന്നിട്ടില്ല എപ്പോഴും സന്തോഷത്തോടെ ഇരിക്കാനാണ് അമ്മ ശ്രമിക്കാറുള്ളത്. എനിക്ക് വേണ്ടി അമ്മ വാദിക്കാനും പക്ഷം ചേരാനും ശ്രമിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ എല്ലാം തകര്‍ന്നടിഞ്ഞേനെ.ഞാനായിരുന്നു അമ്മയുടെ സ്ഥാനത് എങ്കിലോ? ഒന്നും ഓര്‍ക്കാന്‍ കൂടി വയ്യ. ശെരിക്കും അമ്മയെകണ്ടാണ് ജീവിതം പഠിക്കേണ്ടി ഇരുന്നത്. ഏത് സാഹചര്യത്തിലും അമ്മ സ്വന്തം ജീവിതം ആസ്വദിക്കാന്‍ മറക്കുന്നില്ല. മുന്നോട്ട് പറക്കാന്‍ കൊതിക്കുമ്പോള്‍ പിന്നില്‍ വീണു പോകുന്നവരെയും ചേര്‍ത്ത് പിടിക്കേണ്ടത് അനിവാര്യം അല്ലേ? ഒരു മകള്‍ എന്ന രീതിയില്‍ ചിന്തിക്കുമ്പോ അമ്മ ചെയ്തത് എങ്ങനെ ന്യായീകരിക്കും?മനസ്സ് ആകെ ആശയകുഴപ്പത്തിലായി. ജീവിതം അങ്ങനെ ആണ്.എപ്പോഴും കൈപിടിച്ച് കരയ്ക്ക് കയറ്റാന്‍ ആളുണ്ടാവില്ല. ചിലപ്പോഴെങ്കിലും നീന്തി കരപറ്റാന്‍ ശ്രമിച്ചില്ലെങ്കില്‍ ഒഴുക്കില്‍ പെട്ടുപോകും. ജീവിതത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഞാനിന്നും പൊട്ടകിണറ്റില്‍ കിടന്നേനെ. ഒരു തരത്തില്‍ എന്റെ സന്തോഷള്‍ക്ക് തന്നെ അല്ലേ ഞാനും മുന്‍ഗണന കൊടുക്കുന്നത് ? ഞാനെപ്പോഴും എന്റെ പഠനം എന്റെ ഭാവി എന്റെ കുടുംബം എന്നിങ്ങനെയേ ചിന്തിച്ചിട്ടുള്ളു. അനിയത്തിയോടുപോലും ശത്രുത കാട്ടി. ഒരു തരത്തില്‍ പറഞ്ഞാല്‍ എല്ലാവരും ഇങ്ങനെയൊക്കെ തന്നെ അല്ലേ ജീവിക്കുന്നത്?ഇതിനെ സ്വാര്‍ത്ഥത എന്നാണോ പറയുന്നത്? അല്ല സ്വന്തം കാര്യം വരുമ്പോ അതു സെല്‍ഫ് ലവ് ആണ് മറ്റുള്ളവര്‍ ചെയ്യുമ്പോ സ്വാര്‍ത്ഥതയും. ചിന്തയുടെ കാടുകളില്‍ നിന്നും മുക്തി നേടാന്‍ ഞാന്‍ സ്റ്റീഫനെ വിളിച്ചു. നീ ഹാപ്പി അല്ലേ? അതേല്ലോ ഞാന്‍ പറഞ്ഞു.
മനസ്സില്‍ നിന്നും ഒരു മഞ്ഞുമല ഉരുകി പോയി. ഓഹോ അപ്പൊ നമ്മളൊന്നും അതില്‍ ഒഴുകിപോയിട്ടില്ലല്ലോ അല്ലേ? ഇല്ല.. കുറച്ചു ഓര്‍മകളെ മാത്രം ഒഴുക്കി വിട്ടു. അപ്പോ ഇനി എന്താ? ഇനി എന്താന്ന് ചോദിച്ചാല്‍ എനിക്ക് എന്റെ അമ്മയെപ്പോലെ ജീവിക്കണം... റിയലി.. യെസ് സ്റ്റീഫന്‍..ഞങ്ങള്‍ രണ്ടുപേരും ചിരിച്ചു.ഓക്കേ വേഗം വീട്ടിലേക്ക് വാ. ഞങ്ങളെല്ലാം നിന്നെ ഒത്തിരി മിസ്സ് ചെയ്യുന്നു.
© Priya Jinesh
മനസ്സില്‍ നിന്നും ഒരു മഞ്ഞുമല ഉരുകി പോയി. ഓഹോ അപ്പൊ നമ്മളൊന്നും അതില്‍ ഒഴുകിപോയിട്ടില്ലല്ലോ അല്ലേ? ഇല്ല.. കുറച്ചു ഓര്‍മകളെ മാത്രം ഒഴുക്കി വിട്ടു. അപ്പോ ഇനി എന്താ? ഇനി എന്താന്ന് ചോദിച്ചാല്‍ എനിക്ക് എന്റെ അമ്മയെപ്പോലെ ജീവിക്കണം... റിയലി.. യെസ് സ്റ്റീഫന്‍..ഞങ്ങള്‍ രണ്ടുപേരും ചിരിച്ചു.ഓക്കേ വേഗം വീട്ടിലേക്ക് വാ. ഞങ്ങളെല്ലാം നിന്നെ ഒത്തിരി മിസ്സ് ചെയ്യുന്നു.
© Priya Jinesh
0 Comments