പുനരാവര്‍ത്തനം ► ഡോ. ആശ പ്രഭാകരന്‍



 പൊറോട്ടയും മീന്‍കറിയും കഴിച്ച ശേഷം സോപ്പിട്ട് കൈകഴുകി വന്ന അറ്റന്‍ഡര്‍ വര്‍ഗീസേട്ടന് 85 രൂപയുടെ cash ബില്ല് കൊടുത്ത ശേഷം തൊട്ടടുത്ത മേശയിലേക്ക് ഓര്‍ഡര്‍ എടുക്കാന്‍ പോകുന്നതിനിടയില്‍ മുരുകന്‍ ക്ലോക്കിലേക്ക് ഒന്ന് പാളി നോക്കി. സമയം 8 30 കഴിഞ്ഞിരിക്കുന്നു. അവള്‍ ഇതുവരെ വന്നെത്തിയിട്ടില്ല... സമയത്തിന് പഞ്ച് ചെയ്തില്ലെങ്കില്‍ അറ്റന്‍ഡന്‍സ് പോകും...ഇന്നിനി ലീവ് ആയിരിക്കുമോ? അതോ നേരം വൈകിയ കാരണം ഭക്ഷണം കഴിക്കാതെ ഡ്യൂട്ടിക്ക് കയറിക്കാണുമോ??അവന്‍ വ്യാകുലനായി..


 കഴിഞ്ഞ ആറുമാസമായി മുരുകന്‍ അവരെ നിത്യവും കാണുന്നു. എന്തോ ഒരു പ്രത്യേകതയുണ്ട് അവള്‍ക്ക്. അതെന്താണെന്ന് അവന് അറിയില്ല. പക്ഷെ അവള്‍ മറ്റു സ്ത്രീകളില്‍ നിന്നും എന്തോ കാരണം കൊണ്ട് വളരെ വ്യത്യസ്തയാണെന്ന് അവനു തോന്നാറുണ്ട്.

എല്ലാദിവസവും രാവിലെ അവള്‍ ഈ കാന്റീനില്‍ നിന്നുമാണ്  ഭക്ഷണം കഴിക്കാറുള്ളത്.ആശുപത്രിയുടെ മൂന്നാം നിലയിലാണ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. ജനലിനോട് ചേര്‍ന്നുള്ള ഒരു കസേരയില്‍ ആണ് അവള്‍ സ്ഥിരം  ഇരിക്കുക. അവിടെ ഇരുന്നുകൊണ്ട് താഴേക്ക് നോക്കിയാല്‍  റോഡിലൂടെ അലയലകളായി പായുന്ന വാഹന വ്യൂഹങ്ങള്‍ കാണാം.അധികം
 അകലെയല്ലാത്ത സിഗ്‌നല്‍ ജംഗ്ഷനില്‍ പച്ച,ചുവപ്പ്,മഞ്ഞ, എന്നിങ്ങനെ ലൈറ്റുകള്‍ തെളിയുന്നതും കാത്ത് കിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിര...
 അതു കാണുമ്പോള്‍ കുട്ടിക്കാലത്ത് കളിച്ചിരുന്ന സ്റ്റാച്യു എന്ന കളിയാണ് അവള്‍ക്ക് ഓര്‍മ്മ വരിക. സ്റ്റാച്യു എന്നു പറയുമ്പോള്‍ എന്തു ചെയ്യുന്നുവോ അതു നിര്‍ത്തിവെച്ച് ശില പോലെ നില്‍ക്കണം.. കാലം ആ ബിന്ദുവില്‍ നിശ്ചലമാകും. അതില്‍ നിന്നും വിടുതല്‍ കിട്ടുന്ന വരേയ്ക്കും.. ജീവിതവും അങ്ങനെ ഇഷ്ടമുള്ള ചില ബിന്ദുക്കളില്‍ ശീതീകരിച്ചു വയ്ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് അവള്‍ ചിലപ്പോഴൊക്കെ ആഗ്രഹിക്കാറുമുണ്ട്.. എന്നാല്‍ ഒഴുക്കാണ് ജീവിതത്തിന്റെ സ്ഥായീഭാവം.. എല്ലാ മാലിന്യങ്ങളെയും വഹിച്ചുകൊണ്ടുള്ള ഒഴുക്ക്..

 മുരുകന്റെ കഥയും വ്യത്യസ്തമല്ല. തമിഴ്‌നാട്ടിലെ ഒരു കടലോര ഗ്രാമത്തില്‍ ആയിരുന്നു അവന്റെ ബാല്യകാലം.  ശിലകളും ശില്പങ്ങളും ക്ഷേത്രങ്ങളും ധാരാളമായി ഉള്ള ഒരു ഗ്രാമം. നിറയെ മുത്തും ചിപ്പിയും വന്നടിയുന്ന കടല്‍ത്തീരം. സ്ത്രീകള്‍ ശംഖ് കള്‍ പെറുക്കി മാല ഉണ്ടാക്കുകയും വാഴനാരുകൊണ്ട് ബാഗുകള്‍ നിര്‍മ്മിക്കുകയും ചെയ്തുപോന്നു. കടലിനോട് ചേര്‍ന്ന് മനോഹരമായ ഒരു പൗരാണിക ക്ഷേത്രം ഉണ്ടായിരുന്നു അവിടെ. ക്ഷേത്രം സന്ദര്‍ശിക്കാന്‍ പല നാടുകളില്‍ നിന്നായി അനേകം സഞ്ചാരികള്‍ വന്നെത്താറുണ്ട്. സഞ്ചാരികള്‍ക്ക് കല്ലുമാലയും വളയും മോതിരവും വില്‍ക്കുമായിരുന്നു അവന്റെ അമ്മ.
 കടല്‍ തീരത്തു നിന്നും കുറച്ചു വിട്ടുമാറിയിട്ടായിരുന്നു അവന്റെ വീട്. ചെറുതെങ്കിലും ഭംഗിയുള്ളവയായിരുന്നു അവരുടെ വീടുകള്‍. വീടുകള്‍ക്ക് മുമ്പില്‍ അവര്‍ കോലങ്ങള്‍ വരച്ചു. മുല്ലകളും പൂ വരശുമരങ്ങളും നട്ടുപിടിപ്പിച്ചു. വലുതാകുമ്പോള്‍ അച്ഛനെപ്പോലെ മനോഹരങ്ങളായ ദേവി രൂപങ്ങള്‍ കൊത്തി ഉണ്ടാക്കുന്ന ശില്പി ആകണം എന്നവന്‍ ആഗ്രഹിച്ചു. 

എന്നാല്‍ അവനു 14 വയസ്സാകുമ്പോള്‍ എല്ലാ സ്വപ്നങ്ങളെയും തകര്‍ത്തുകൊണ്ട് രാക്ഷസത്തിരമാലകള്‍ അവന്റെ ഗ്രാമത്തില്‍ ആഞ്ഞടിച്ചു. കടല്‍ത്തീരത്തെ ക്ഷേത്രത്തിലെ കൊത്തുപണികള്‍ തിരകളുടെ ശക്തിയില്‍  മാഞ്ഞുപോയി. കരിങ്കല്‍ശില്പങ്ങളുടെ കൂര്‍ത്ത അഗ്രഭാഗങ്ങള്‍ തിരയില്‍പ്പെട്ട് മൃദുവായി. സുനാമിക്ക് ശേഷം ആ ഗ്രാമത്തില്‍ ബാക്കിയായ അനാഥരില്‍ ഒരുവന്‍ ആയിരുന്നു അവനും.. ഭയപ്പെടുത്തുന്ന ആ ഓര്‍മ്മകളില്‍ നിന്നും ഓടി ഒളിക്കാനാണ് അവന്‍ കടല്‍ത്തീരമില്ലാത്ത മറ്റൊരു നഗരത്തിലേക്ക് തീവണ്ടി കയറിയത്.

 ജോലിചെയ്യുന്ന സമയമത്രയും അവന്‍ അതെല്ലാം മറന്നിരുന്നു. എന്നാല്‍ പണി മാറ്റി മുറിയില്‍ എത്തി തന്റെ കട്ടിലില്‍ തലചായ്ക്കാന്‍ ശ്രമിക്കുമ്പോള്‍ കടല്‍ത്തിരകളുടെ ശബ്ദം അവന്റെ ചെവിയില്‍ വന്നടിക്കുമായിരുന്നു.. അവന്റെ കണ്ണില്‍ നിന്നും അപ്പോള്‍ പൊഴിയുന്ന കണ്ണുനീരിന്റെ ഉപ്പ് രസം വീണ്ടും അവനെ ആ കടല്‍ത്തീരത്തിലേക്ക് തന്നെ കൈപിടിച്ചു കൊണ്ടുപോകും.. എന്തുകൊണ്ട് കടല്‍ത്തി രകള്‍ തന്നെ മാത്രം ജീവനോടെ ഉപേക്ഷിച്ചു പോയി എന്ന് അവന്‍ സങ്കടപ്പെട്ടു..

 നഗരത്തിലെ ഒരു പ്രധാന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കാന്റീനില്‍ ആയിരുന്നു അവന്‍ ജോലി ചെയ്തിരുന്നത്.രണ്ടു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു അവന്‍ ഇവിടെ വന്നിട്ട്. രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന ദിവസം അവസാനിക്കുന്നത് വൈകിട്ട് ആറുമണിക്കായിരുന്നു. ഇതിനിടയില്‍ വര്‍ഷങ്ങള്‍ കടന്നു പോകുന്നത് പോലും അവന്‍ അറിഞ്ഞില്ല. പ്രാതലും ഊണും ചായയും കടികളുമായും,പല പ്രായക്കാരും പല മതക്കാരും  പല ദേശക്കാരുമായും പലതരം രോഗങ്ങളുമായും ജീവിതങ്ങളുമായും അവന്‍ പരിചയിച്ചു.. ചുരുക്കം ചില പെണ്‍കുട്ടികളും അവന്റെ ജീവിതത്തിലൂടെ കടന്നു പോയി.

 മറ്റ് ആശുപത്രികള്‍ തള്ളിക്കളയുന്ന കേസുകള്‍ ആയിരുന്നു അവിടെ വന്നവയില്‍ അധികവും.അതിനാല്‍ തന്നെ സന്തോഷത്തേക്കാള്‍ കൂടുതലായി ദുഃഖം തുളുമ്പുന്ന മുഖങ്ങള്‍ ആയിരുന്നു അവന്റെ മുന്നിലൂടെ കടന്നുപോയിരുന്നത്.അവരുടെ ദുഃഖങ്ങള്‍ കാണുമ്പോള്‍  എന്തിനെന്നറിയാത്ത ഒരു നഷ്ടബോധം അവനെ വന്നു പൊതിയുമായിരുന്നു.

 അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം അവള്‍ അവിടെ വന്നു ചേര്‍ന്നത്. അവളുടെ യൂണിഫോമില്‍ നിന്നും അവള്‍ ഒരു നേഴ്‌സ് ആണെന്ന് അവന്‍ ഊഹിച്ചു. ക്യാഷ് കൗണ്ടറിലെ ആണ്ടവന്‍ ഐസിയുവില്‍ അഡ്മിറ്റ് ആയപ്പോള്‍അവന്‍ കാണാന്‍ പോയിരുന്നു.അവിടെവച്ച് അവന്‍ അവളെ വീണ്ടും കണ്ടുമുട്ടി. ബീപ്, ബീപ് എന്ന ശബ്ദം പുറപ്പെടുവിക്കുന്ന ചില മോണിറ്ററുകള്‍ ഉള്ള ചില മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു അവള്‍. അവള്‍ അവനെ തിരിച്ചറിയുകയും ഏറ്റവും ആര്‍ദ്രതയോടെ പുഞ്ചിരിക്കുകയും ചെയ്തു. ഏറെ ബഹുമാനിതനായ പോലെ തോന്നി അവന്.അവളുടെ പേര് അവളുടെ നെയിം പ്ലേറ്റില്‍ നിന്നും അവന്‍ വായിച്ചെടുത്തു....സിന്ധു.വളരെ സാധാരണമായ ഒരു പേര്. ആ പേരിനോട് അവനെ ഏറെ ഇഷ്ടം തോന്നി . ആ പേരിന്റെ ഉടമയോടും .

അവളെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് അവന്‍ ആഗ്രഹിച്ചു.. കുറഞ്ഞപക്ഷം അവള്‍ക്ക് ഭര്‍ത്താവ് ഉണ്ടോ?കുട്ടികളുണ്ടോ? അവളുടെ വീട് എവിടെയാണ്?എന്നെങ്കിലും.. നേരിട്ട് ചോദിക്കാനുള്ള ധൈര്യം ഉണ്ടായില്ല.. അതിനാല്‍ ഒരു ദിവസം വര്‍ഗീസേട്ടന്‍ ചായ കുടിക്കാന്‍ വന്നപ്പോള്‍ മെല്ലെ അടുത്തു കൂടി ചോദിച്ചു. വര്‍ഗീസേട്ടന് അറിയാത്തവരായി ആരുമില്ല ആശുപത്രിയില്‍. പ്യൂണ്‍ മുതല്‍ പ്രിന്‍സിപ്പാള്‍ വരെ,എല്ലാവരെയും പറ്റി  എല്ലാ വിവരങ്ങളും വര്‍ഗീസ് ചേട്ടന്റെ നാവിന്‍ത്തുമ്പില്‍ ഉണ്ടാകും..എങ്ങനെ? എന്നൊന്നും ചോദിക്കരുത്.. അതാണ് വര്‍ഗീസേട്ടന്‍.. പറയുന്നതില്‍ എത്ര സത്യമുണ്ട് എത്ര നുണയുണ്ട് എന്നൊന്നും ആര്‍ക്കും കൃത്യം അറിയില്ല.. പക്ഷേ ഏതൊരാളിനെ പറ്റിയും വളരെ ആധികാരികമായ ഒരു കഥ വര്‍ഗീസേട്ടന്റെ കയ്യില്‍ ഉണ്ടാകും. അത് പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞുതരികയും ചെയ്യും.അതങ്ങനെ പറയുന്നതിലാണ് വര്‍ഗീസേട്ടന്റെ സാഫല്യം..

  'ഇപ്പോള്‍ പോയില്ലേ..സിന്ധു സിസ്റ്റര്‍...
 സിസ്റ്ററിന്റെ നാട് എവിടെയാ? വര്‍ഗീസ് ചേട്ടന് അറിയാമോ? '
 'കല്യാണം ആലോചിക്കാന്‍ ആണോ? 'വര്‍ഗീസ് ഏട്ടന്‍ ഒരു കള്ളച്ചിരിയോടെ നോക്കി. പിന്നെ പറഞ്ഞു.. 'ഇടുക്കിക്കാരിയാ...എറണാകുളത്തെ വലിയ ആശുപത്രിയിലായിരുന്നു ആദ്യം ജോലി. ഒന്ന് കെട്ടിയതാണ്...രണ്ടു കൊച്ചുങ്ങളുണ്ട്.. കെട്ടിയവനെ ഇട്ടേച്ചു പോന്നതാ..'
 'വര്‍ഗീസ് ചേട്ടന്‍ ഇതൊക്കെ എങ്ങനെ അറിഞ്ഞു? '
 'വര്‍ഗീസ് ഏട്ടന്‍ അറിയാത്തതായി എന്തുണ്ട് മോനെ ഈ ലോകത്ത്..?? ഇവളുമാരികള്‍ക്ക് എല്ലാം ഒരേ കഥയാണ്... മുഖം കണ്ടാല്‍ അറിയില്ലേ സ്വഭാവം..? ഇവര്‍ പ്രണയത്തില്‍ പോയി മൂക്കും കുത്തി വീഴും.... പിന്നെ കണക്കില്ലാത്ത സ്‌നേഹം,അര്‍ഹതയില്ലാത്ത അവന്മാര്‍ക്ക് വാരിക്കോരി കൊടുക്കും. ... അവന്റെയൊക്കെ കുട്ടികളെ പെറ്റുകൂട്ടും..അടിയും ചവിട്ടും തെറിയും സഹിക്കും... ഒടുവില്‍ നിവര്‍ത്തിയില്ലാതെ വരുമ്പോള്‍ പ്രാണനും കയ്യില്‍പിടിച്ച് വേറൊരു ദിക്കിലേക്ക് പായും.. ഇവളുടെ കഥയും അതൊക്കെ തന്നെ..'

 വര്‍ഗീസ് ഏട്ടന്‍ പറഞ്ഞത് സത്യമാവാനാണ് കൂടുതല്‍ സാധ്യത എന്ന് തോന്നി.. ഓരോ ദിവസവും അവളുടെ മുഖഭാവം കാണുമ്പോള്‍ അതെല്ലാം 100% സത്യം തന്നെ എന്ന് ഉറപ്പിച്ചു. അവളോട് വല്ലാത്ത ഒരു ഇഷ്ടം തോന്നാന്‍ തുടങ്ങി.. എന്നെങ്കിലും ഒറ്റയ്ക്ക് കണ്ടാല്‍ ഇഷ്ടം പറയണം എന്ന് കരുതി.. പക്ഷേ പറഞ്ഞില്ല..

 ഇതൊക്കെ മനസ്സില്‍ കൊണ്ടുനടക്കുമ്പോള്‍ ആണ് അവള്‍ പൊടുന്നനെ വരവ് നിര്‍ത്തിയത്.. ഒരാഴ്ച കാത്തിരുന്നിട്ടും കാണാതായപ്പോള്‍ അവള്‍ക്ക് എന്ത് സംഭവിച്ചു എന്ന് അറിയാന്‍ വര്‍ഗീസ് ഏട്ടനെ തന്നെ അഭയം പ്രാപിച്ചു.വര്‍ഗീസ് ഏട്ടന്‍ അറിയില്ല എന്ന് കൈമലര്‍ത്തി.. 'ചിലപ്പോള്‍ ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയിട്ടുണ്ടാവാനും വഴിയുണ്ട്.. ' എന്ന ഒരു സാധ്യത കൂടി വര്‍ഗീസേട്ടന്‍ മുന്നോട്ടു വച്ചു. അതു കേട്ടപ്പോള്‍ വല്ലാത്ത സങ്കടവും നഷ്ടബോധവും തോന്നി.

 എന്നാല്‍ അന്ന് വൈകിട്ട് നാലുമണി നേരത്ത് പൊടുന്നനെ അവള്‍ പ്രത്യക്ഷപ്പെട്ടു. പതിവിന് വിപരീതമായി നഴ്‌സിംഗ് വേഷത്തില്‍ ആയിരുന്നില്ല അവളുടെ വരവ്. ജീന്‍സും ടീഷര്‍ട്ടും ധരിച്ചിരുന്നു. മുടി ബോയ് കട്ട് ചെയ്തിരുന്നു. മൂക്കിനും ചുണ്ടിനും ഇടയില്‍ ഇളനീളം നീല രോമങ്ങള്‍ നിഴലിച്ചു കാണാമായിരുന്നു. അവളെ കണ്ട മാത്രയില്‍ ഉള്ളില്‍ സന്തോഷം നുരഞ്ഞു പൊന്തി..

 കുടിക്കാന്‍ എന്താ വേണ്ടത്?
 ചായ /കാപ്പി/ ജ്യൂസ്???
 എന്നും ചോദിച്ച് അരികത്ത് ചെന്നു..
 അവള്‍ ഒരു കോള്‍ഡ് കോഫി ഓര്‍ഡര്‍ ചെയ്തു..
 കോള്‍ഡ് കോഫിയുമായി തിരികെ എത്തിയപ്പോള്‍ ധൈര്യം സംഭരിച്ചു ചോദിച്ചു.. 'എവിടെയായിരുന്നു ഇത്രനാള്‍? '
 'നാട്ടില്‍ പോയതായിരുന്നു' അവള്‍ പറഞ്ഞു
 'ഒരാഴ്ച കാണാഞ്ഞപ്പോള്‍ വിഷമിച്ചു പോയി '
 അവള്‍ എന്തിന് എന്ന മട്ടില്‍ അത്ഭുതത്തോടെ മുഖത്തേക്ക് നോക്കി.
 'ഫോണ്‍ നമ്പര്‍ തരാമോ? 'ധൈര്യം സംഭരിച്ച് ചോദിച്ചു..
9846174589
 അവള്‍ തരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല.പക്ഷേ തന്നു.

 രാത്രി മുറിയില്‍ എത്തിയ ശേഷം ചുറ്റും ആരുമില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം ഫോണ്‍ എടുത്ത് അവളെ വിളിച്ചു..
 അവള്‍ ആദ്യത്തെ റിങ്ങില്‍ തന്നെ ഫോണ്‍ എടുത്തു..
 ഇനി മറ്റൊരു അവസരം മുന്നില്‍ വരില്ല എന്ന് തോന്നിയതുകൊണ്ടാവാം മനസ്സില്‍ തോന്നിയത് എല്ലാം അവളോട് പറഞ്ഞു.. വര്‍ഗീസേട്ടന്‍ പറഞ്ഞ കഥയടക്കം..
 അവള്‍ മിണ്ടാതെ എല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടു.
 ഒടുവില്‍ ഇങ്ങനെ പറഞ്ഞു..
 'മുരുകന്‍ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി.. എനിക്കും മുരുകനോട് സ്‌നേഹമുണ്ട്. പക്ഷേ മുരുകന്‍ കരുതുന്നതുപോലെ ഞാനൊരു അവളല്ല.. അവനാണ്...'
 ആ സമയം മുരുകന്റെ ഉള്ളില്‍ ഒരു രാക്ഷസ തിരമാല ആഞ്ഞടിച്ചു..
 'അപ്പോള്‍ വര്‍ഗീസ് ഏട്ടന്‍ പറഞ്ഞ കഥ.. ആ കഥ സത്യമല്ലേ.. 'അവന്‍ ചോദിച്ചു..
 'ആ കഥ സത്യമാണ്....പക്ഷേ അതു മറ്റാരുടെയോ കഥയാണ്...'
**
 പാവം മുരുകന്‍,
മുരുകന്‍ ഇപ്പോള്‍ ആ മറ്റൊരുവളെ കാത്തിരിക്കുകയാണ്.....



Post a Comment

2 Comments

  1. വായിച്ചു ,അവസാനത്തെ ട്വിസ്റ്റിലേക്ക് കഥയെത്തുന്നത് ഒതുക്കത്തോടെ പറഞ്ഞു

    തുടരൂ

    ReplyDelete
  2. എഴുത്തു തുടരൂ.

    ReplyDelete