ബീഡിമണമുള്ള നഗരം ► ജോസഫ് മണക്കാട്ട്



ആകാശം 
ചിറകുകിളിര്‍ത്ത മഴപ്പക്ഷി, 
നഗരപ്പടര്‍പ്പിലേക്ക് 
പറന്നിറങ്ങി,
നനഞ്ഞ് 
കുളിരുമുളച്ച് 
വാരിയിട്ട പുതപ്പി
ലേക്കാണ്ടിറങ്ങി നഗരം കിടക്കവേ, 
കഠിനപ്പെയ്ത്തിലിടവഴി കുതിച്ച് 
ഇറയത്തൂന്നൂര്‍ന്ന് 
മഴപ്പാത്തി മുറിച്ച്  നഗരമൊലിച്ചാമയിഴഞ്ചാന്‍ തോട്ടിലേക്ക്!

അന്നേരം, 
ഇന്നലെ വീട്ടിലേക്ക് വാങ്ങിയ 
ചാളയുടെ അറുത്തെടുത്ത തല,
കൂട്ടിലെ നായക്കുട്ടിക്ക് വാങ്ങിയ 
കോഴിത്തല, 
ചെമ്പൂവുനിറം വിടര്‍ത്തി 
നേരം മുറിച്ചുണര്‍ത്തുന്ന മഞ്ഞകൊക്ക്,
ഇന്നലെ തീന്‍മേശയില്‍കൊഴിച്ചിട്ടയെല്ലിന്‍ കൂട്, 
ഉള്ളിത്തൊലി,
സവാളയുടെ പുറന്തോട്, 
ചീഞ്ഞ തക്കാളി,
അഴുകിയ വെണ്ടയ്ക്ക,
മുട്ടത്തോട്, 
എല്ലാം വാരിക്കെട്ടി
ബൈക്കിന്‍ പിറകിലായി കെട്ടി 
പാതിരാനേരത്ത് 
ആമയിഴഞ്ചാന്‍ തോട്ടിന്‍ കരയില്‍
ആരുംകാണാതെ 
ആരുമറിയാതെ 
ഒറ്റയേറ്,
പാതിയുറക്കത്തില്‍ 
തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡ്,
ഉറക്കംതൂങ്ങി, ഞെട്ടിയുണരുന്ന 
തീവണ്ടിപ്പാതയിലിരച്ചൊരു 
കൂക്കുവിളി നഗരാതിര്‍ത്തികടക്കവേ 
മുകളിലൊരു വേപ്പുമരക്കൊമ്പില്‍
പുള്ളുപ്പക്ഷിച്ചിറകനക്കം 
ഒന്ന് പേടിച്ചുവോ!
നായമണക്കും നഗരം വിട്ടോടി പോകവേ 
ചെവിപ്പിറകില്‍ തിരുകിയ 
പാതി പുകഞ്ഞ ബീഡിയൂതിപ്പൊലിപ്പിച്ച് 
ബീഡിമണമുള്ളോരു നഗരം,
ആമയിഴഞ്ചാന്‍ തോടിനും 
പാര്‍വ്വതി പുത്തനാറിനുമിടയിലൊരു മരണക്കുടുക്ക്!


E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post