മഹേഷിന്റമ്മ ഇരുപതു വര്‍ഷം മുമ്പ് മരിച്ചതിന്റെ
അഞ്ചിന്റന്ന് സഞ്ചയനം കഴിഞ്ഞ് ആ വീട്ടീന്ന് ഇറങ്ങിയ പെങ്ങന്മാരോ ബന്ധുക്കളോ , നാട്ടുകാരിലാരെങ്കിലുമോ പിന്നീടൊരിക്കലും മഹേഷിന്റെ വീടിന്റെ പടി ചവിട്ടീട്ടില്ല.
പുരയിടത്തിലേക്കാരെങ്കിലും കയറി പോയാല്‍ മഹേഷ് അവരെ ചീത്ത വിളിച്ച് കണ്ണുപൊട്ടിക്കും.
എന്നിട്ടും പോയില്ലെങ്കില്‍ കാലിഞ്ച്, അരയിഞ്ച് , കണക്കിലുള്ള പാറക്കഷണങ്ങള്‍ കൊണ്ടുള്ള ഏറുമുണ്ടാകും..
അതുകൊണ്ടു തന്നെ ഇപ്പോഴാരും ആ വീട്ടു വളപ്പിലേയ്ക്ക് തിരിഞ്ഞു പോലും നോക്കാറില്ല. അബദ്ധത്തില്‍ കയറിപോകുന്ന അപരിചിതരായ ചില മാര്‍ക്കറ്റിംങ് എക്‌സിക്യുട്ടീവ് മാര്‍ മുഖവും പൊത്തി ഓടിയിറങ്ങി വരുന്നത് നാട്ടുകാര്‍ക്ക് ചിരിക്കാനുള്ള വകയാവാറുണ്ട്.
മഹേഷ് ചെറുപ്പത്തില്‍ പഠിക്കാന്‍ കേമനായിരുന്നു. നന്നായി ചിത്രം വരച്ചിരുന്നു.
ക്ലേ മോഡലിംഗില്‍ അതിസമര്‍ത്ഥനായിരുന്നു. ഡിഗ്രിക്ക് ചേര്‍ന്ന് രണ്ടുമൂന്ന് മാസം കഴിഞ്ഞ പ്പോഴാണ് മഹേഷില്‍ മനോരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങിയത്.
ഏറെ താമസിയാതെ അമ്മയും മരിച്ചതോടെ അയാള്‍ ഒറ്റക്കായി. മഹേഷ് കുറേ കാലം എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞു. മുടിയും താടിയും നീട്ടിവളര്‍ത്തി മെല്ലിച്ച രൂപത്തോടെ ഒരു നാള്‍ അയാള്‍ തിരിച്ചെത്തി. ആരോടെന്നില്ലാതെ അവ്യക്തമായി എന്തൊക്കെയോ സംസാരിക്കുന്ന അയാളുടെ മേല്‍വിലാസം ഭ്രാന്തന്‍ മഹേഷ് എന്ന് മാത്രമായി കുറേ വര്‍ഷങ്ങളായി അയാളിങ്ങനെ കറങ്ങി നടക്കുന്നു. റോഡില്‍ വണ്ടിയിടിച്ചു ചത്തുകിടക്കുന്ന പട്ടിയെ കുഴിച്ചിടണമെങ്കില്‍ ഭ്രാന്തനോടു പറഞ്ഞാല്‍ മതി.
അയാളുടെ ജോലിയും വരുമാനവുമാണത്. ആരും ഒന്നും കൊടുത്തില്ലെങ്കിലും അയാളതു ചെയ്യും. അതിരാവിലെ എങ്ങോട്ടെന്നില്ലാതെ ഒറ്റ നടത്തമാണ്. ചിലപ്പോള്‍ നല്ല വേഗത്തില്‍, അല്ലെങ്കില്‍ തല കുമ്പിട്ട് ഇടത്തോട്ടല്പം ചെരിഞ്ഞ് ഒച്ചയില്ലാതെ സംസാരിച്ചു കൊണ്ട് വളരെ പതുക്കെ.
എവിടെയെങ്കിലുമിരുന്നാല്‍ കയ്യില്‍ കിട്ടുന്ന പത്രക്കടലാസ്സുകളും മറ്റും ആര്‍ത്തിയോടെ വായിക്കുന്നതു കാണാം.
കടലാസിലുള്ളതല്ല വായിക്കുന്നതെങ്കിലും കാണുന്നവര്‍ക്ക് അങ്ങനയേ തോന്നു.
വീട്ടിലുള്ളപ്പോഴെല്ലാം ഉച്ചത്തില്‍ റേഡിയോ ഓണ്‍ ചെയ്തു വയ്ക്കും.
വീടിന്റെ മേല്‍ക്കൂരയുടെ മിക്ക ഭാഗത്തും ഓടുകള്‍ പൊട്ടി പൊളിഞ്ഞിരിക്കുന്നു. മഴയും വെയിലുമെല്ലാം ഒരു തടസ്സവുമില്ലാതെ വീട്ടിനകത്തേക്ക് കയറുന്നുണ്ട്. പൊക്കത്തില്‍ വളര്‍ന്ന പാളയന്‍ തോടന്‍ , ഞാലിപൂവന്‍ തുടങ്ങിയ വാഴത്തുറുപ്പുകള്‍ ആ വീടിനെ പുറം കാഴ്ചകളില്‍ നിന്നകറ്റി നിര്‍ത്തിയിരുന്നു. അവിടെവിടെയായി പുഷ്പിച്ചു നില്‍ക്കുന്ന ചെമ്പരത്തി ചെടികളും, അതിനു മേല്‍ കയറി മറിഞ്ഞ് അളളിപ്പിടിച്ചു കിടക്കുന്ന മുല്ലവള്ളികളും നാഗരുകാവിനെ ഓര്‍മ്മിപ്പിച്ചു.
കാടുകയറി കിടക്കുന്ന വീട്ടു മുറ്റവും കടന്ന് ചിതലു തിന്നു വികൃതമാക്കിയ ചാരിയിട്ട വാതില്‍ തള്ളി തുറന്ന് അവരെല്ലാവരും അകത്തേയ്ക്ക് നോക്കി. മഹേഷിന്റ സന്തത സഹചാരിയായ മാധവന്‍ എന്നും മധു എന്നും വിളിക്കുന്ന പട്ടിയുണ്ട്. അവന്‍ നാക്ക് പുറത്തേക്കിട്ട് വല്ലാതെ മോങ്ങിക്കൊണ്ട് അവിടെ കറങ്ങി നിന്നു.
ഭ്രാന്തനെവിടെ...,
എല്ലാ കണ്ണുകളും ഭീതിയോടെ പരതിക്കൊണ്ടിരുന്നു.
എല്ലാവരെയും അല്‍ഭുതപ്പെടുത്തിയത് മറ്റൊരു കാര്യമായിരുന്നു.
ജീര്‍ണ്ണാവസ്ഥയിലായ വീടിനുള്ളില്‍ ഒരു കുഞ്ഞു വീട്. മുറിക്കുള്ളില്‍ ഷീറ്റുകൊണ്ടു മറച്ച് മേല്‍ക്കൂരയിട്ട് മുന്‍ വശം പട്ടുതുണികൊണ്ട് കര്‍ട്ടനിട്ട് ശ്രീകോവില്‍ പോലെ ഒന്ന്.
എല്ലാവരും സ്തബ്ദരായി നില്‍ക്കെ മധു വീടിനുള്ളിലെ വീടിനു നേരെ നിന്നു കുരച്ചു കൊണ്ടിരുന്നു.
ആരോ ഒരാള്‍ വാതില്‍ സ്ഥാനത്തുള്ള കര്‍ട്ടന്‍ തുണി വലിച്ചു നീക്കി.
വീണ്ടും അല്‍ഭുതപ്പെടുത്തി അതിനകത്തുള്ള കാഴ്ച.
ജീവന്‍ തുടിക്കുന്ന സുന്ദരിയായ ഒരു സ്ത്രീ പ്രതിമ കണ്ട് എല്ലാവരുടെയും കണ്ണു തള്ളി.
അതിനോട് ചേര്‍ന്നു തന്നെ വച്ചിരുന്ന കറുത്ത ടാര്‍ വീപ്പയില്‍ ഒരു നിലവിളക്കിന്റെ പടം വരച്ചിരുന്നത് കണ്ടപ്പോള്‍ അവിടമാകെ വെളിച്ചം തൂവുന്ന പോലെ തോന്നി.
കടന്നു വന്നപ്പോഴത്തെ ദുഷിപ്പു നാറ്റം മാറി മുല്ലപ്പൂക്കളുടേയും, റോസാ പൂക്കളുടേയും ഇട കലര്‍ന്ന മണം പരന്നതുപോലെ തോന്നി.
പ്രതിമ കണ്ടവര്‍ അതിശയത്തോടെ കണ്ണും നട്ട് നിന്നു. പ്രായമായവര്‍ അമ്മേ, ദേവി എന്നു മന്ത്രിച്ചുകൊണ്ടിരുന്നു.
മറ്റു ചിലരാകട്ടെ ഭ്രാന്തന്‍ മഹേഷിന്റെ പൂര്‍വ്വകാലം ഓര്‍മ്മിച്ചു. അയാളുടെ കലാ വിരുതിനെക്കുറിച്ചുള്ള അറിവുകള്‍ പങ്കു വച്ചു. അയാളിലെ കാമുകനെയും, പ്രക്ഷോഭകാരിയെയും അവരോര്‍ത്തെടുത്തു.
തൊട്ടരികില്‍ തന്നെ ഉടഞ്ഞ പ്രതിമകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മഹേഷിന്റെ നിശ്ചലമായ നീലിച്ച ഒരു കൈ പുറത്തേയ്ക്ക് നീണ്ടു കിടന്നു. പഴയ വസ്ത്രങ്ങള്‍ക്കും പാട്ടു നിര്‍ത്തിയ റേഡിയോക്കുമരികില്‍ മറ്റൊരു അഴുക്കു ഭാണ്ഡം പോലെ ഭ്രാന്തന്‍ മഹേഷ് !
ഭ്രാന്തന്റെ വീട്ടില്‍ ഒരുപാട് ചോദ്യങ്ങള്‍ മുളപൊട്ടി വളരാന്‍ തുടങ്ങി.
0 Comments