ഇടയ്‌ക്കെപ്പോഴോ പതറിപ്പോയ നോട്ടങ്ങള്‍ ജീവിച്ചിരിക്കാനുള്ള പ്രതീക്ഷകളുടെ നേര്‍ത്ത തിളക്കങ്ങള്‍ തേടി..
അലച്ചിലുകളുടെ, ഒറ്റപ്പെടലുകളുടെ, തിരിച്ചടികളുടെ ജീവിതകാണ്ഡങ്ങള്‍ താണ്ടവേ; പരിചിതരായ രണ്ട് അപരിചിതരായി രണ്ടു ധ്രുവങ്ങളിലേക്ക് നാം സഞ്ചരിച്ചുകൊണ്ടിരുന്നു.
വിഷാദത്തിന്റെ, വിരഹത്തിന്റെ കനല്‍ചൂടില്‍ നീറുമ്പോഴും ഇനിയൊരിക്കലും കണ്ടുമുട്ടുമെന്ന് പ്രതീക്ഷകളില്ലാതെ നീണ്ട മൗനങ്ങള്‍ തേടുകയായിരുന്നു..
വളരെ യാദൃശ്ചികമായി സന്ധ്യകളുടെ കുങ്കുമം പരന്നൊഴുകുന്നേരം, പതറിപ്പോയ പാദങ്ങള്‍ തീരങ്ങളില്‍ ഇരിപ്പിടം തേടുന്നു. നനഞ്ഞ മണ്‍തരികളില്‍ വിരലുകള്‍ ചേര്‍ത്ത് ചിത്രങ്ങള്‍ തുന്നുമ്പോള്‍:
'നീ വളരെയധികം മാറിപ്പോയിരിക്കുന്നു.. ക്ഷീണിച്ചു പോയിരിക്കുന്നു.. നിന്റെ വിരലുകളിലെ മാര്‍ദ്ദവം നഷ്ടപ്പെട്ടിരിക്കുന്നു.. സ്വപ്നങ്ങള്‍ കരിമഷി എഴുതിയ കണ്‍തടങ്ങള്‍ വിളറി വെളുത്തിരിക്കുന്നു.. എത്ര മനോഹരിയായിരുന്നു നീ..!'
എന്റെ കൈവിരലുകള്‍ തലോടി അയാള്‍ ചോദിച്ചുകൊണ്ടേയിരുന്നു.
ആ വാക്കുകളില്‍ എത്രയോ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ അയാളെ വീണ്ടും കണ്ടെത്തുകയായിരുന്നു. നഷ്ട പ്രണയത്തിന്റെ തീവ്രവേദനയാല്‍ പട്ടുപോയൊരു വൃക്ഷത്തിനുള്ളില്‍ മൃതസഞ്ജീവനിയുടെ മന്ത്രങ്ങള്‍ മുഴക്കി ജീവന്റെ സ്പന്ദനം ചിറകടിച്ചയായുയരുന്നതും കാത്ത് കാതോര്‍ത്തിരുന്നു.
'എത്രവേഗമാണ് വര്‍ഷങ്ങള്‍ കഴിഞ്ഞു പോയത്.. നമ്മള്‍ വയസ്സായിരിക്കുന്നു.!'
' ഈ ഓട്ടത്തിനിടയില്‍ എന്ത് നേടി..?'
' നല്ല ജീവിതം.! സമ്പത്ത്, കുടുംബം, മക്കളുടെ ജീവിതം. അങ്ങനെ മറ്റുള്ളവര്‍ അസൂയപ്പെടുന്നതെല്ലാം.!'
' നിനക്ക് ഞാന്‍ സന്തോഷം നല്‍കിയോ..?'
ഒരിക്കലും പ്രതീക്ഷിക്കാത്ത ചോദ്യം..! എന്റെ മനസ്സിന്റെ ഉള്ളറകളില്‍ എവിടെയോ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച് കടന്നുപോയി.
'സത്യം പറയണമെന്നുണ്ടോ..?'
' സത്യസന്ധമായി മറുപടി പറയൂ..'
മറ്റുള്ളവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ എല്ലാം നിങ്ങള്‍ ഞങ്ങള്‍ക്ക് നേടിത്തന്നു. പക്ഷേ, നിങ്ങളുടെയും എന്റേയും സന്തോഷങ്ങള്‍... നമ്മള്‍ സ്വപ്നം കണ്ട ജീവിതം..അത് നമുക്ക് എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു..!'
ചേര്‍ത്തുവച്ച കൈത്തലങ്ങള്‍ അല്പം അയഞ്ഞു പോയതുപോലെ. അയാളുടെ കണ്ണുകള്‍ സജ്ജലമായി, ദൂരേക്ക് നോക്കിയിരുന്നു.
നമുക്കിടയില്‍ അജ്ഞാതമായൊരു മൗനം കൂടുകൂട്ടി.
'ശരിയാണല്ലേ.. തിരക്കുകളുടെ ലോകത്തേക്ക് ഒഴുകി നടന്നപ്പോള്‍ ഞാനൊന്നും കണ്ടതേയില്ല.. ആരെയും ശ്രദ്ധിച്ചിരുന്നില്ല.. പണവും സൗകര്യങ്ങളും നിങ്ങളിലേക്കെത്തിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. ക്ഷീണിച്ചിറങ്ങുമ്പോള്‍ നിങ്ങള്‍ അതില്‍ സന്തുഷ്ടരാണ് എന്ന് കരുതി..'
' സന്തോഷത്തോടെ ഇതുപോലെ ശാന്തമായി നമ്മള്‍ ഒരിക്കലും ഇരുന്നതേയില്ല.'
അവളുടെ കൈകളെ വാരിയെടുത്തയാള്‍ ഉമ്മ വച്ചു.
' നോക്കൂ.. നിങ്ങള്‍ ഇപ്പോള്‍ ആ പഴയ കാമുകനാണ്..!'
ആര്‍ദ്രത നിറഞ്ഞ കണ്ണുകളുടെ ആഴങ്ങളിലേക്കവള്‍ ആഴ്ന്നിറങ്ങി, അയാളുടെ ഹൃദയസ്പദനത്തിനൊപ്പം അന്നേരം ചേര്‍ന്നിരുന്നിരുന്നു.!
0 Comments