ദൂരെ മാറിയിരി...
കൂടെ ബെഞ്ചില്‍ ഇരുന്ന
ഒരു വെളുത്ത കൊങ്ങിണിക്കൊച്ച് പറഞ്ഞു.
ശരിക്ക്..
ഒട്ടു മിക്ക കൊങ്ങിണികളും വെളുത്തിട്ടാണ്...
ഇവളെന്താ ഇങ്ങനെ?
എന്റച്ഛന് കറുത്തതാ..ന്ന്
എനിക്ക് ഓശാരം പറയാന്‍ വന്ന
കരച്ചിലിനെ ഞാനങ്ങു വിഴുങ്ങി കളഞ്ഞു.
ഒന്നാം ക്ലാസ്സിലെ ആദ്യ ദിന ഓര്‍മ്മകള്‍....
കറുമ്പിയെ കൂട്ടത്തില്‍
കളിപ്പിക്കാന്‍ മടിയായവരുടെ ഇടയില്‍
അവളൊരു കുറുമ്പിയായ്
വളര്‍ന്നു.
എല്ലാവരുമായി തല്ലുകൂടി...
ധിക്കാരിയായി...
കൂടെ വില്ലത്തിയും.
കറുമ്പി വളര്‍ന്നു
ഒറ്റയാനേ പോലെ...
ചുണ്ടില്‍ ഒരു പുഞ്ചിരി ഉണ്ടെന്നത് ഒഴിച്ച്
എല്ലാവരോടും ദേഷ്യമായിരുന്നു.
ഒരു ദിവസം അച്ഛന്റെ കൂടെ അവള്
അച്ഛന് പെങ്ങളുടെ വീട്ടില്‍ പോയി.
അന്നവര്‍ പറഞ്ഞു
'കാര്യമൊക്കെ ശരി..
ഇവളെന്റെ മോന്റെ
മുറപ്പെണ്ണ് ആണ്..
എന്നുംമ്പറഞ്ഞ്
ഈ കറുമ്പിയെ എന്റെ
വെളുത്ത ചെക്കന് വേണ്ടി
ചോദിച്ചേക്കരുത്'
കറുത്ത പെണ്ണ്
വെളുത്ത ചെക്കനെ
തുറിച്ചു നോക്കി.
ചെക്കന്റെ കണ്ണുകളില്‍
നിസ്സംഗത
ആരുടെയും മുന്നില്‍
കരയാന്‍ ഇഷ്ടമില്ലാത്ത
കറുമ്പി
പുറത്ത് ചാടാന്‍ ശ്രമിച്ച
അശ്രുക്കളെ തുരത്തി ഓടിച്ചു...
അമ്മയുമായിട്ടൊരിക്കല് കറുമ്പി
വല്യമ്മ വീട്ടില്‍ പോയി..
'ചേര്‍ത്തല ഭഗവതി കാര്‍ത്യായിനി'യാണിവളെന്ന്
പറഞ്ഞവര്‍ കൈകൊട്ടി ചിരിച്ചു.
സമാധാനംഭഗവതി യാണല്ലോ..
കളിയാക്കലുകളുടേയുംഅവഗണകളുടെയും
ഇടയില്‍ പൊരുതി ജീവിക്കുന്ന
അവള്‍ക്കെന്ത്
'പൂരം തുള്ളല്‍'.
കറുത്ത പട്ടിണിക്കാലം കഴിഞ്ഞ്
മാംഗല്യത്തോടെ
വെളുത്ത ഭക്ഷണക്കാലം
രണ്ട് പേറും കൂടി കഴിഞ്ഞപ്പോ..
കറുമ്പിയങ്ങു വെളുത്തു....
എങ്കിലും തെറ്റ് പറയാന്‍
പറ്റില്ല ട്ടോ...
വെളുത്ത മുറച്ചെക്കന്
രണ്ടര പതിറ്റാണ്ടിനിപ്പുറം
മനസ്സൊന്നു തുറന്നു...
ഞാന്‍ നിന്നെ കെട്ടിയാല്‍
മതിയാര്ന്ന്....
അവള് അവനെ നോക്കി
വെളുക്കെ ഒന്ന് ചിരിച്ചു.
1 Comments
ആശംസകൾ 🌹🥰👌👌
ReplyDelete