തെരുവ് ബാല്യം | കവിത | സെയ്തലവി വിളയൂര്‍

malayalam-kavitha-theruvubalyam


ത്ര കുഴിച്ചാലും ആഴം കാണാത്ത
ജീവിതക്കിണറ്റില്‍ നിന്നാണ്
കൈയ്പ്പുനീര്‍ മൊത്തിക്കുടിക്കുന്നത്.

വെയില്‍ അഴിഞ്ഞാടുന്ന നിരത്തുകളിലും
പുക ചുമച്ചു തുപ്പുന്ന ചൂളകളിലുമാണ്
അവര്‍ ജീവിതത്തിന്റെ
ആദ്യാക്ഷരം കുറിക്കുന്നത്...

തങ്ങളെക്കാള്‍
വെറുക്കപ്പെട്ടവരെന്ന് ചിന്തിച്ചാവും
ചെരുപ്പുകള്‍ പോലുമവരോട്
കൂട്ടുകൂടാത്തത്...

പൂ പോലുള്ള നമ്മുടെ
കുഞ്ഞിന്‍ ചിരിയില്ലാത്തതിനാലാവും
നമ്മുടെ പട്ടികയിലും
അവര്‍ മനുഷ്യരല്ലാതായത്...

അക്ഷരങ്ങളുടെ തൂവെളിച്ചം
തെളിയാത്ത കണ്ണുകളായതിനാലാവും
പുതിയ ലോകത്തോടവരുടെ
കണ്‍കോശങ്ങള്‍ സൗഹ്യദത്തിലാവാത്തത്...

കാത്തിരിക്കാന്‍ എന്തെന്ന് നിനച്ചാവും
ഒരുമിച്ചൊരു ബാല്യം
പെട്ടെന്ന് നരച്ചു പോകുന്നത്...

എപ്പോഴും കുഞ്ഞുടുപ്പുകള്‍
മുഷിഞ്ഞു നാറുന്നത്
നമ്മോടുള്ള പ്രതിഷേധങ്ങള്‍
സ്വയം ഉരുകിയൊലിച്ചു കെട്ടിക്കിടന്നതിനാലാവും...

ഒരു കൂരയില്ലാത്തതിനാല്‍
സ്വപ്നങ്ങള്‍ക്കെത്ര വേണമെങ്കിലും
ഉയര്‍ന്നു വളരാമായിരുന്നിട്ടും
ആകാശം മുട്ടെ
അവരുടെ സ്വപ്നങ്ങള്‍ പറക്കാറില്ല...

എങ്കിലും
സ്വയം മണ്ണാവുന്ന
ആയുസ്സിനിടയിലും
ഒളിക്കണ്ണിട്ടു നോക്കുന്നുണ്ടവര്‍...

പുത്തനുടുപ്പിട്ട്
പുതു പുസ്തകമേന്തിപ്പോകുന്നോരെ..
കൊതിക്കുന്നുണ്ട് അവര്‍
സുഗന്ധമുളെളാരു
പൂവാടിയിലെ
പൂമ്പാറ്റകളാവാന്‍...
-----------------------------------
© SAITHALAVI VILAYUR

Post a Comment

2 Comments