റാന്തല്‍ | കവിത | സജി വി. ദേവ്

saji-v-deva-malayalam-poem


ഓരോ വരാന്തപ്പടിയിലും
മുനിഞ്ഞ് കത്തി വെട്ടം
പരത്തിയ പാനീസ്
വിളക്കുകള്‍ പ്രണയിച്ചത്
ആകാശ ചുംബനങ്ങളേറ്റ്
അടര്‍ന്ന് വീണ
നിലാവെളിച്ചത്തെയാണ്.

ഓരോ തിരിനാളത്തിലും
ചിരിയുണ്ട്, പകയുണ്ട്,
സ്വപ്നങ്ങള്‍
നിലവിളിച്ചലറാറുണ്ട്
ഞാന്‍ എന്ന നാളം
എരിഞ്ഞമര്‍ന്നാലും
നീയെന്ന ദീപം തിളങ്ങണം.

ഓരോ വരാന്തപ്പടിയിലും.
നിലാവിനെ കോരിയെടുത്ത്
നിന്‍ ചില്ലുകൂട്ടിലടയ്ക്കണം.

നിറയുന്ന കണ്ണിനും
അടയുന്ന ഒച്ചയ്ക്കും
തിരിഞ്ഞു നോക്കാനാവാതെ
ഞാനും.
........................
© SAJI V DEV

Post a Comment

1 Comments