എ.ഡി 2121 ൽ നിന്ന് ഒരു ഓർമ്മക്കുറിപ്പ് | വൈശാഖ് എം

vaishak-m-shortstory


സാഹിത്യത്തെ കുറിച്ചുള്ള നിയമങ്ങൾ മനസ്സിൽ വെച്ച് തുടർന്ന് വായിക്കരുത്. ഇനിയങ്ങോട്ട് നിയമങ്ങളേതുമില്ല. നമുക്ക് നമ്മുടെ നിയമം. 

"നീ എന്താ  ദൈവത്തിൽ വിശ്വസിക്കാത്തത്?" 
കഴിഞ്ഞ നൂറു വർഷങ്ങളായി, അതായത് കൊറോണകാലം മുതൽ, ഞാൻ നിരന്തരം കേട്ടുകൊണ്ടിരുന്ന ആ ചോദ്യം അവളും എന്നോട് ചോദിച്ചു. കിതപ്പിനിടയിലും വല്ലാത്തൊരു അന്ധാളിപ്പോടെയാണ് ഞാൻ അവളെ നോക്കിയത്. ആ ചോദ്യം കേട്ടിട്ടല്ല. അതിപ്പോ, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും,  എനിക്ക് സ്വയം ബോധ്യമാകുന്നത് വരെ ദൈവത്തിലോ പിശാചിലോ വിശ്വസിക്കാൻ എനിക്ക് സൗകര്യമില്ല. അത്രതന്നെ. ഇവിടെ പക്ഷെ, വിഷയം അതല്ല. 

ഭൂമിയിൽ നിന്ന്  കോടാനുകോടി കിലോമീറ്റർ അകലെയുള്ള ഒരു ഗ്രഹത്തിൽ വെച്ച്, അവിടുത്തെ തദ്ദേശവാസികളുടെ ആക്രമണത്തിൽ ചത്തുപോകുമോ എന്ന് ഭയന്ന്, അവരുടെ അന്തരീക്ഷത്തിലൂടെ ഒഴുകിനടക്കുന്ന കാട്ടിലൂടെ ജീവനും കൊണ്ട് ഓടുമ്പോൾ ചോദിക്കാൻ പറ്റിയ ചോദ്യമാണോ ഇത്?!! അതാണെന്റെ ചോദ്യം. നിങ്ങള്  തന്നെ പറ. അയ്യടാ! ചിരിക്കുന്നോ?

"എനിക്കിപ്പോൾ 129 വയസ്സായി. ഇനിയും എത്ര കാലം ജീവിക്കണം എന്നും, എപ്പോൾ, എങ്ങിനെ, മരിക്കണമെന്നും ഞാൻ  തീരുമാനിക്കും. ഇക്കഴിഞ്ഞ 1548 മാസങ്ങളിൽ ഒരിക്കൽ പോലും, ഒരിടത്തു പോലും, നിങ്ങളീ പറയുന്ന ദൈവം ഉണ്ടെന്നു തെളിയിക്കുന്ന ഒരു തെളിവ് പോലും എനിക്ക് കിട്ടിയിട്ടില്ല. പിന്നെ  ഞാൻ എന്തിനു വിശ്വസിക്കണം?" 

പെട്ടെന്ന്, ഒരു തിളങ്ങുന്ന ചുവന്ന കല്ല് ഞങ്ങളെ കടന്നു പോയി. ഗ്രഹനിവാസികൾ അടുത്തെവിടെയോ ഉണ്ടെന്നാണ്  അതിനർത്ഥം. എന്റെ നെഞ്ചിടിപ്പ് കൂടി, ഓട്ടത്തിന്റെ വേഗത വർധിച്ചു. അപ്പോഴും അവൾ പറഞ്ഞു: "പക്ഷെ, ദൈവം എന്നത് ഒരു വിശ്വാസമല്ലേ? അതിനു തെളിവ് വേണമെന്ന്  വാശി പിടിക്കുന്നതെന്തിനാ?"  

ഞാൻ അതിനു മറുപടി പറയും മുൻപ് ഞങ്ങളുടെ ചുറ്റും ആ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. എന്ത് ശബ്ദങ്ങൾ ആണെന്നോ? അതിപ്പോ എങ്ങനെയാ പറയുക? 2021 ൽ ജീവിക്കുന്ന നിങ്ങളോട് ആ ശബ്ദത്തെ കുറിച്ച് പറഞ്ഞു തരാൻ കഴിയില്ല. 'മരണത്തിന്റെ ശബ്ദം' എന്നാണ് അതിനെ  ഗോളാന്തര മാധ്യമങ്ങൾ വിളിക്കുന്നത്.

സത്യം പറയാമല്ലോ, ഞാൻ ശരിക്ക് ഭയന്നു. കാരണം അത് വെറും മരണത്തിന്റെ ശബ്ദമല്ല, ക്രൂരമായ മരണത്തിന്റെ ശബ്ദമാണ് എന്ന് എന്റെ അന്യഗ്രഹ സുഹൃത്തുക്കൾ വഴി ഞാൻ കേട്ടിട്ടുണ്ട്. ഒരർത്ഥത്തിൽ അന്യഗ്രഹജീവികളെയും പറഞ്ഞിട്ട് കാര്യമില്ല. കോടാനുകോടി കിലോമീറ്റർ അകലെയുള്ള ഭൂമിയിൽ നിന്ന് രണ്ടു ചെവികളും, രണ്ടു കാലുകളും, രണ്ടു കൈകളുമായി വരുന്ന അന്യഗ്രഹജീവികളെ, അതായത് ഞങ്ങളെ, ഇതെല്ലാം ഒന്ന് വീതം മാത്രമുള്ള അവർക്കു ശത്രുക്കളായി കാണാതെ നിർവ്വാഹമില്ല. ഞങ്ങൾ അപകടകാരികളല്ലെന്നും, ഞങ്ങൾ വന്ന വിമാനം ഞങ്ങളെ കൂട്ടാതെ ഭൂമിയിലേക്കു തിരികെ പോയെന്നും, അല്പസമയത്തിനകം അവർ ഞങ്ങളെ കൂട്ടാൻ തിരികെയെത്തുമെന്നും അവരെ പറഞ്ഞു മനസ്സിലാക്കാനുള്ള പരിജ്ഞാനം ഞങ്ങൾക്കില്ല. 

കുറ്റിക്കാട്ടിൽ നിന്നും തലകൾ പൊങ്ങുകയായി. ഒന്ന്, മൂന്ന്, ഏഴു, പന്ത്രണ്ട്, പതിമൂന്ന്… അടിപൊളി! ഭയന്ന് വിറച്ച് കൂടെയുള്ളവളെ ഒന്ന് നോക്കാൻ പോലുമാകാതെ ഞാൻ അങ്ങനെ നിൽക്കവേ, പെട്ടെന്ന്, തൊട്ടടുത്ത് നിന്ന് കാതടപ്പിക്കുന്ന ഒരു ശബ്ദം. 'മരണം അടുത്ത് വരുന്നതായിരിക്കാം' എന്ന് ഞാൻ കരുതി.

എന്തായാലും മരിക്കുകയല്ലേ, അവസാനമായി കൂട്ടുകാരിയെ ഒന്ന് കണ്ടിട്ട് മരിക്കാം എന്ന് കരുതി അവളെ നോക്കുമ്പോൾ, 'ആട് കിടന്നിടത്ത് ഒരു പൂട പോലും ഇല്ല' (നിങ്ങളുടെ കാലത്തെ പഴഞ്ചൊല്ല് കഷ്ടപ്പെട്ട് പഠിച്ചെടുത്തതാ). മുകളിലേക്ക് നോക്കുമ്പോൾ കാണുന്നത്, പതിമൂന്ന് അന്യഗ്രഹജീവികളോട് അവരുടെ ഗ്രഹത്തിൽ വെച്ച് ഒറ്റയ്ക്ക് പോരാടുന്ന ഒരു മനുഷ്യപ്പോരാളിയെ ആണ്! അപ്പൊ ചുമ്മാതല്ല അവളിത്രയും ധൈര്യം കാണിച്ചത്! ഏതു നിമിഷവും ഒരു യുദ്ധത്തിന് സജ്ജയാണവൾ.

അവളോടെതിർത്തിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ മൂന്നു 'ശത്രുക്കൾ' ഇതിനിടയ്ക്ക് താഴേക്ക് പറന്ന് എന്നെ കൊല്ലാൻ ശ്രമിച്ചു. വീണ്ടും മരിച്ചെന്നുറച്ച എന്നെ അവൾ പാറിവന്നു കയ്യിലെടുത്ത് മുകളിലേക്കുയർന്നു. “പേടിക്കണ്ട. അവരുടനെ എത്തും. നമുക്ക് പിടിച്ചു നിൽക്കാം” എന്ന് ആ പൊരിഞ്ഞ പോരാട്ടത്തിനിടയിലും അവളെന്നെ ആശ്വസിപ്പിച്ചു. അവിടെ ഞാൻ ശ്രദ്ധിച്ച രണ്ടു കാര്യങ്ങളുണ്ടായിരുന്നു:

ഒന്ന്: സ്വയം രക്ഷപ്പെടാമായിരുന്നിട്ടും അവൾ എന്നെ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ പണയം വെച്ചു.

രണ്ട്: ആ പതിമൂന്നു പേരോടും ഒറ്റയ്ക്ക് നിന്ന് പോരാടുമ്പോഴും അവരിൽ ഒരാളെ പോലും കൊല്ലാതിരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു!

'അഹിംസാപരമായ യുദ്ധം' ചെയ്തു ചെയ്തു അവളുടെ ശക്തി ക്ഷയിച്ചു ക്ഷയിച്ചു വന്നു. ഞങ്ങൾ താഴെ വീണു അന്യഗ്രഹജീവികൾക്കു ഭക്ഷണമാകും എന്ന് ഞാൻ ഉറപ്പിച്ച നിമിഷം ആ നീല വെളിച്ചം ആകാശത്തു തെളിഞ്ഞു. ഭൂമിയിലെ വാഹനങ്ങൾക്ക് ഉപയോഗിക്കാൻ ഗ്രഹാന്തരയാത്രസമിതി നിശ്ചയിച്ച അതേ നീലനിറം. 

ചുറ്റുമുള്ള പതിമൂന്നു ജീവികളും ഞങ്ങളെ കാർന്നു തിന്നാൻ തുടങ്ങുന്നതിനു തൊട്ടു മുൻപ് അവരിൽ നിന്ന് ഞങ്ങളെ രക്ഷിച്ചുകൊണ്ട് ഭൂമിവാഹനത്തിൽ നിന്ന് ഒരു സുതാര്യമായ കുഴൽ ഇറങ്ങിവന്നു ഞങ്ങളെ വലിച്ചെടുത്ത് മുകളിലേക്ക് കൊണ്ടുപോയി. 

മിനിറ്റുകൾ മാത്രം നീണ്ട ഭൂമിയിലേക്കുള്ള മടക്കയാത്രയിൽ അവൾ ഒരുളുപ്പുമില്ലാതെ എന്നോട് ചോദിക്കുകയാണ്, “ഇപ്പൊ വിശ്വാസമായില്ലേ?” എന്ന്!

ലേശം ഉളുപ്പില്ലാതെ ഞാനും പറഞ്ഞു, “ആയി”

‘അങ്ങനെ ഞാൻ കാരണം ഒരാൾ ദൈവവിശ്വാസിയായല്ലോ' എന്നോർത്ത് സന്തോഷിച്ച അവളോട് ഞാൻ, ഞാൻ ഉദേശിച്ചത് വ്യക്തമാക്കിക്കൊടുത്തു:

“വിശ്വാസമായത് ദൈവത്തിലല്ല; നിന്നിൽ. പോരാടാനുള്ള നിന്റെ കഴിവിൽ. നിന്റെ ഉള്ളിലെ സ്നേഹത്തിൽ. അതിന്റെ തെളിവാണ് ഇപ്പോൾ കണ്ടത്”

അപ്പോഴേക്കും, സൃഷ്ടാവിനെ  ആവശ്യമില്ലാത്ത പ്രപഞ്ചത്തിന്റെ മടക്കുകളിലൂടെ സഞ്ചരിച്ച് ഞങ്ങൾ തേക്കിൻകാട് മൈതാനിയിൽ എത്തിക്കഴിഞ്ഞിരുന്നു. അവിടെ ഞങ്ങളെ കാത്ത് നിന്ന ശ്രീ സന്തോഷ് ജോർജ് കുളങ്ങര (വായിച്ചത് തെറ്റിയിട്ടില്ല; അദ്ദേഹം തന്നെ) ഞങ്ങളെ ജീവനോടെ കണ്ടതിൽ ആശ്വാസത്തോടെ നിശ്വസിച്ചു. അതെ... ആശ്വാസത്തോടെ നിശ്വസിച്ചു. എന്താ കറക്റ്റല്ലേ?

എന്നിട്ടെന്താ? ശുഭം!

Post a Comment

3 Comments