മുഷിഞ്ഞ മുണ്ടും വേഷവും കണ്ട് ഒരാള്‍ക്കൂട്ടം മുഴുവനും ആ വൃദ്ധനെ മാറ്റിനിര്‍ത്തി. തൊലിച്ചുക്കി ചുളിഞ്ഞ കൈകളും ഉള്ളിലേക്ക് തള്ളിയ കണ്ണുകളും സൗമ്യമായ മുഖഭാവവും വിളിച്ചോതുന്നുണ്ടായിരുന്നു നഷ്ട്ടപെട്ടുപോയ സ്‌നേഹസമുദ്രത്തിന്റെ അവശേഷിപ്പുകള്‍...
ആക്രോശം മുഴക്കുന്ന ആളുകള്‍ക്കിടയിലും നിലാവില്‍ വിടരുന്ന ചന്ദ്രനെപോലെ അയാള്‍ മന്ദഹസിച്ചുനിന്നു! ആര്‍ത്തിരമ്പുന്ന റോഡിന്റെ ഹൃദയമിടിപ്പ് പതിയെ നിലച്ചു., ഇരുട്ടിനെ പുല്‍ക്കാന്‍ മിന്നാമിന്നിയെന്നോണം തെരുവുവിളക്കുകള്‍ തെളിഞ്ഞുതുടങ്ങി. മങ്ങിയ വെളിച്ചത്തിന്റെ പ്രകാശത്തിന് മാറ്റ് കൂട്ടും വിധം ഒരു പുഞ്ചിരി എന്നെ തേടി വന്നു. ബസ്സ്റ്റാന്റ് കെട്ടിടത്തിന്റെ പൊട്ടിപൊളിഞ്ഞ തിണ്ണയിലിരുന്ന് പ്രകൃതിയെ നോക്കി പുഞ്ചിരിക്കുന്ന മനുഷ്യന്‍.
ആദ്യകാഴ്ചയില്‍ തന്നെ ആ മുഖം ഇരച്ചുകയറിയതാണ് എന്റെ മനസ്സിലേക്ക്, എന്നാല്‍ ഇന്ന് അതിന്റെ തീവ്രത ഒന്നൂടെ കൂടിയതു പോലൊരു തോന്നല്‍. ഞാന്‍ പതിയെ അയാളുടെ അരികിലേക്ക് ചെന്നു, ലോകത്തില്‍ മനുഷ്യന് കൊടുക്കാന്‍ കഴിയുന്ന മികച്ച സമ്മാനമായ പുഞ്ചിരി ഞാന്‍ അയാള്‍ക്ക് നല്‍കി. ഒരുപക്ഷെ ആ പുഞ്ചിരിക്ക് ഇതില്‍പരം മൂല്യമുണ്ടെന്ന് പിന്നീടൊരിക്കലും എനിക്ക് തോന്നിയിട്ടില്ല. അടുത്ത് ചെന്നിരുന്നു കുശലം ചോദിക്കാനെന്നോണം, എന്റെ ചോദ്യത്തിന് മറുപടി തരാന്‍ താല്പര്യം ഇല്ലാതെയാണെന്ന് തോന്നുന്നു ആള് അവിടെ നിന്നും എഴുനേറ്റ് പോകാന്‍ ശ്രമിച്ചു. പിടിച്ചിരുത്തി ഞാന്‍ ചോദിച്ചു 'ഭക്ഷണം കഴിച്ചോ?വല്ലതും വാങ്ങി തരാം ' പക്ഷെ മറുപടി മൗനം മാത്രം..! ''മൗനം ' ഹൃദയത്തില്‍ പടുത്തുയര്‍ത്തിയ സ്വപ്നങ്ങള്‍ക്ക് ചുണ്ടുകള്‍ സമ്മാനിക്കുന്ന വിരഹമാണത്. ഒരു നൂറ് കാര്യങ്ങള്‍ ആ മൗനത്തിന് എന്നോട് പറയാനുണ്ട്, അവസാന നിമിഷം മൗനത്തിന്റെ മതില്‍ക്കെട്ടുകള്‍ പൊളിച്ച് ആ വൃദ്ധന്‍ എന്നോട് സംസാരിച്ചു തുടങ്ങി. തന്റെ മതിവരാത്ത ഭൂതകാലത്തേക്കുറിച്ചും അറ്റുപോയ ബന്ധങ്ങളെപ്പറ്റിയും തകര്‍ന്നടിഞ്ഞ കൂരയെ കുറിച്ചും അങ്ങനെ പലതും.
അയാള്‍ താമസിച്ചിരുന്നത് വയനാട് ജില്ലയിലെ കുത്തുമല എന്ന പ്രദേശത്തായിരുന്നു. പാവം ഒരു തേയില കര്‍ഷകന്‍, ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന തന്റെ കൊച്ചു കുടുംബം. മകനെ പഠിപ്പിച്ച് ഉദ്യോഗസ്ഥനാക്കണം എന്നായിരുന്നു. മകള്‍ക്ക് വിദ്യാഭ്യാസം നല്‍കി യോജിച്ച ഒരുവനെ കൊണ്ട് വിവാഹം കഴിപ്പിച്ച് ഒരച്ഛന്റെ ആഗ്രഹവും കടമയും നേടണമെന്നും. ഭാര്യ തനിക്കും മക്കള്‍ക്കും വേണ്ടി ജീവിക്കുന്ന ഒരു പാവം സ്ത്രീ. പണിക്കുപോയി കൂടെകൂട്ടിയതാണ് അവളെയും തന്റെ പാതിയായി.
സ്‌നേഹം കൊണ്ട് പടുത്തുയര്‍ത്തിയ സ്വപ്നങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ ആ മിഴികള്‍ നിറയുന്നുണ്ടായിരുന്നു മങ്ങിയ വെളിച്ചത്തിന്റെ പ്രകാശത്തില്‍ അവ പവിഴമണിപോലെ തിളങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചു.
മുഖഭാവം മാറിയപ്പോള്‍ ഞാന്‍ അവിടെ നിന്നും എഴുന്നേറ്റ് പോയി അടുത്ത ഹോട്ടലില്‍ നിന്നും ഭക്ഷണവും വെള്ളവും വാങ്ങിവന്നു, അതുകണ്ടപ്പോള്‍ ആ മുഖത്ത് ചിരി വിടര്‍ന്നതായി എനിക്ക് തോന്നി. കുപ്പിയിലെ വെള്ളം കൊണ്ട് കയ്യും മുഖവും വൃത്തിയായി കഴുകി ഭക്ഷണം കഴിച്ചുതുടങ്ങി, മൂന്നുരുള ഇല തലക്കല്‍ വച്ച് അയാള്‍ ആ ഭക്ഷണം സംതൃപ്തിയോടെ കഴിച്ചു.. എനിക്ക് മനസിലായില്ല ആര്‍ക്കാണ് ആ ചോറുരൂളകള്‍ എന്ന്? മനസ്സില്‍ ആ ചോദ്യം അവശേഷിപ്പിച്ച് ഞാന്‍ വീണ്ടും അയാളെ കുറിച്ചറിയാന്‍ ഉത്കണ്ഠ കാണിച്ചു. ഒരുപക്ഷെ ഇത്തവണ കുറച്ച് അടുത്താണ് വന്നിരുന്നത്! കഥ തുടങ്ങി... അവരുടെ മനോഹരമായ ജീവിതത്തെകുറിച്ച്.
കാലത്തിന്റെ ഘടികാരം മുന്നോട്ട് ചലിച്ചു, ഋതുക്കള്‍ മാറി മാറി വന്നു. അങ്ങനെ ആര്‍ദ്രതയുടെയും ചെറുനനവിന്റെയും മഴക്കാലം വന്നെത്തി. തേയില കൃഷിക്ക് ഇടവേള കല്‍പ്പിച്ച് അയാള്‍ കൃഷിക്കു വേണ്ട ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ തമിഴ്‌നാട്ടിലേക്ക് പോയി, ഒരാഴ്ച കഴിഞ്ഞ് മടങ്ങൂ എന്ന് ഭാര്യയോടും മക്കളോടും പറഞ്ഞ് യാത്ര തിരിച്ചു. മക്കള്‍ക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റും ആ കൈവശമുണ്ടായിരുന്നു. പിറ്റേദിവസം പുലര്‍ച്ചെ മൂന്ന് മണിയോട് കൂടി 'കുത്തുമല' എന്ന പ്രദേശം തന്നെ മണ്ണിനടിയില്‍ ആയി. അന്നത്തെ ഉരുള്‍പൊട്ടലില്‍ തന്റെ എല്ലാമായിരുന്നവരെ അയാള്‍ക്ക് എന്നന്നേക്കുമായി നഷ്ടമായി, തമിഴ്‌നാട്ടില്‍ നിന്നും തിരിച്ച് അവിടെയെത്തിയ അയാള്‍ കണ്ട കാഴ്ച നെഞ്ച് പിളര്‍ക്കുന്നത് ആയിരുന്നു.
ഹൃദയം പിടഞ്ഞ് അലറി കരയുമ്പോള്‍ തന്റെ വികാരത്തെ ഒപ്പിയെടുക്കാന്‍ വന്ന മീഡിയക്കാരോട് അയാള്‍ക്ക് ഇന്നും വെറുപ്പാണ്, മനുഷ്യന്റെ വികാര വിചാരങ്ങളെ വില്‍പ്പനച്ചരക്കാക്കുന്ന കപട മീഡിയകള്‍. തന്റെ വീട് എവിടെയാണെന്ന് പോലും തിരിച്ചറിയാനാകാതെ വിറകൊണ്ടു നിന്നുപോയ നിമിഷം, ജനല്‍ പടിയില്‍ തൂക്കിയിട്ടിരുന്ന കുഞ്ഞു പാവ അയാള്‍ക്ക് അവിടെനിന്നും കിട്ടി ഇന്നതില്‍ ചളി പുരണ്ടിരിക്കുന്നു. തന്റെ വീട് ഇതാണെന്ന് മനസ്സില്‍ സങ്കല്‍പ്പിച്ച് അയാള്‍ ആ വീടിന്റെ പടി ഇറങ്ങി. പിന്നീട് യാത്രയായിരുന്നു ചേക്കേറിയ കൂടും തകര്‍ന്ന കുഞ്ഞു കുരുവിയെ പോലെ നഷ്ടപ്പെടലിന്റെയും വേര്‍പാടിന്റെയും തീരാത്ത നൊമ്പരങ്ങള്‍ ആ മനസ്സില്‍ വേലിയേറ്റം സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്നിട്ടും ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് മറ്റുള്ളവര്‍ക്കിടയില്‍ പരിഹാസ പാത്രമായി മാറുകയാണ് ചില മനുഷ്യര്‍. കഥ മുഴുവന്‍ എന്നോട് പറഞ്ഞു എന്റെ കൈകള്‍ അമര്‍ത്തിപ്പിടിച്ച് ചുംബിച്ചു കൊണ്ട് എന്നോട് പറഞ്ഞു, എല്ലാം നഷ്ടപ്പെട്ടവന് എന്നും പുഞ്ചിരിക്കാനേ കഴിയൂ കാരണം; സ്വന്തം തോല്‍വിയില്‍ ചിരിക്കുന്നതില്‍ പരം ആ തോല്‍വിയെ എളുപ്പത്തില്‍ തോല്‍പ്പിക്കാന്‍ മറ്റൊരു മാര്‍ഗ്ഗമില്ല.
ഇതും പറഞ്ഞ് ആ മനുഷ്യന്‍ അവിടെ നിന്നും എഴുന്നേറ്റു പോയി ഒരുപക്ഷേ പുറംചട്ട കൊണ്ട് ഒരു പുസ്തകത്തെയും വിലയിരുത്തരുത് എന്ന് മനസ്സിലായി ഇന്നും തെളിഞ്ഞു നില്‍ക്കുന്നു ഹൃദയത്തിന്‍ മങ്ങലേല്‍ക്കാതെ ആ പുഞ്ചിരി.
.................................
ധന അയ്യപ്പന്‍
3 Comments
ഇവിടെ അഭിപ്രായം രേഖപ്പെടുത്താം.
ReplyDeleteSuper Story
ReplyDeleteനല്ല കഥ. അഭിനന്ദനങ്ങൾ
ReplyDelete