വായനശാല | രമ്യാ സുരേഷ്‌



രു സങ്കീര്‍ത്തനം പോലെ. വിശ്വപ്രശസ്ത റഷ്യന്‍ സാഹിത്യകാരനായിരുന്ന ഫിയോദര്‍ ദസ്തയേവ്സ്‌കിയുടെ ജീവിതത്തിലെ ഒരു ഘട്ടമാണ് പെരുമ്പടവം ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. 1996-ലെ വയലാര്‍ പുരസ്‌കാരം ഉള്‍പ്പെടെ 8 പുരസ്‌കാരങ്ങള്‍ ഈ കൃതി നേടിയിട്ടുണ്ട്. 

 1992-ലെ ദീപിക വാര്‍ഷിക പതിപ്പില്‍ ആദ്യമായി അച്ചടിച്ചു വന്ന ഈ നോവല്‍ 1993 സെപ്റ്റംബറില്‍ പുസ്തക രൂപത്തിലിറങ്ങി.  പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ഈ നോവല്‍ ചുരുങ്ങിയ കാലം കൊണ്ട് കൂടുതല്‍ കോപ്പികള്‍ വിറ്റഴിഞ്ഞ മലയാള കൃതിയാണ്. 

ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെയും ചങ്ങമ്പുഴയുടെ രമണനെയും മറി കടന്നു നേടിയ ഈ ബഹുമതി മലയാള പുസ്തകപ്രസാധന രംഗത്തെയും മലയാള സാഹിത്യത്തിലെയും ഒരു നാഴികക്കല്ലാണ്.

ഇതു വരെ ഈ നോവലിന്റെ 100 പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്.

1996 ലെ വയലാര്‍ അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഒരു സങ്കീര്‍ത്തനം പോലെ ഈ കൊറോണ  ക്കാലത്ത് ഒരാവര്‍ത്തികൂടി  വായിയ്ക്കാനിടയായി.

മറ്റൊരു രാജ്യത്ത് മറ്റൊരു കാലത്ത് ജീവിച്ചിരുന്ന ഒരെഴുത്തുകാരന്റെ ജീവിതത്തിലെ ഹ്രസ്വമായ ഒരു ഘട്ടം ആവിഷ്‌കരിച്ച മലയാള നോവലിലെ ഈ 'ഏകാന്ത വിസ്മയം' വന്‍ വിജയമാക്കിത്തീര്‍ത്ത വായനക്കാരോടൊപ്പം ഞാനും കൂടുന്നു

ഫയദോര്‍ ദസ്തയോവസ്‌കി, ആന്റന്‍ ചെക്കോവ്, ലിയോ ടോള്‍സ്റ്റോയ്, അലക്‌സാണ്ടര്‍ പുഷ്‌കിന്‍ തുടങ്ങിയ ലോകപ്രശസ്തരായ റഷ്യന്‍ സാഹിത്യകാരന്‍മാരുടെ കൃതികള്‍ മലയാള സാഹിത്യത്തെയും മലയാളികളെയാകെത്തന്നെയും ഒട്ടേറെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന് ഒരു ചരിത്ര സ്മാരകമായി പെരുമ്പടവത്തിന്റെ ഈ മാസ്റ്റര്‍ പീസ് ചൂണ്ടിക്കാട്ടാനാവും.

അന്ന ജീവിതത്തില്‍ ആദ്യമായി ദസ്തയേവ്‌സ്‌കിയെ കണ്ടുമുട്ടുന്ന നിമിഷം മുതല്‍ ഒടുവില്‍ അവര്‍ അന്യോന്യം ജീവിതം പങ്കുവയ്ക്കാന്‍ തീരുമാനിക്കുന്ന നാടകീയ മുഹൂര്‍ത്തം വരെയുള്ള കാലമാണ് ഒരു സങ്കീര്‍ത്തനം പോലെയില്‍ അവതരിപ്പിക്കുന്നത്.

എഴുതിക്കൊണ്ടിരിക്കുന്ന നോവലിലെ കഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷങ്ങള്‍ക്കൊപ്പം അവരുടെ കണ്ടുമുട്ടലുകളും ക്രമേണ വളരുന്ന സ്‌നേഹബന്ധവും സംഘര്‍ഷഭരിതമായി തുടര്‍ന്നു. അങ്ങനെയൊരു ദിവസത്തിനു പിറ്റേന്നു അവള്‍ ബുദ്ധിമതിയും സന്മനസ്സുള്ളവളും സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നവളുമാണെന്ന് ദസ്തയേവ്‌സ്‌കി വീട്ടുകാര്യം നോക്കുന്ന ഫെദോസ്യയോട് പറഞ്ഞത് അന്നയെ അദ്ഭുതപ്പെടുത്തി. അവര്‍ കൊണ്ടും കൊടുത്തും പരസ്പരം അറിയാന്‍ തുടങ്ങി. ഫയദോര്‍ സ്വന്തം ഹൃദയം പൂട്ടി വലിച്ചെറിഞ്ഞ താക്കോല്‍ അന്ന കണ്ടെടുത്തു പരിശോധിക്കാനും തുടങ്ങി.

പ്രസാധകനായ സ്റ്റെല്ലോവ്‌സ്‌കിക്ക് സ്വന്തം പുസ്തകങ്ങളുടെയെല്ലാം അവകാശം നല്‌കേണ്ടി വരുമെന്ന വെല്ലുവിളിയുയര്‍ത്തിയ പ്രതിസന്ധിയില്‍ സമയബന്ധിതമായി നോവലെഴുതി നല്കാന്‍ അന്നയുടെ പിന്തുണ തെല്ലൊന്നുമല്ല അയാളെ സഹായിച്ചത്. ആത്മാവിന്റെ വെളിപാടിനായി ധ്യാനിച്ചിരിക്കുമ്പോള്‍ നിബന്ധനകള്‍ എഴുത്തുകാരന് അംഗീകരിക്കാനാവില്ല എന്നത് നാലുമണിപ്പൂവിന്റെ ഗര്‍വ്വ് എന്ന് വേണമെങ്കില്‍ പറഞ്ഞു കൊള്ളുക.

ദാരിദ്ര്യം, രോഗം, സ്‌നേഹഭംഗം, ഒറ്റപ്പെടല്‍ തുടങ്ങിയവയേല്‍പ്പിച്ച പീഡാനുഭവങ്ങള്‍. സ്വയം തിരഞ്ഞെടുത്ത മാര്‍ഗങ്ങളായ ചൂതുകളി, ദുഷ്‌കീര്‍ത്തി, ആത്മനിന്ദ. ദസ്തയേവ്‌സ്‌കിയുടെ ഹൃദയം ഇളകിമറിയുന്ന ഒരു കടലായി മാറി. ചുഴികളും മലരികളും അടിയൊഴുക്കുകളും കൊണ്ടിളകി മറിയുന്ന ആ കടലിനെ സാന്ത്വനിപ്പിക്കാനാകാതെ അന്ന പതറി. അയാള്‍ക്കു മുന്നില്‍ ആ അസന്നിഗ്ദ ഘട്ടത്തില്‍ മൂന്നു വഴികള്‍. ഒന്ന്, ജറുസലേമിലെ ആത്മീയതയിലേക്ക്. രണ്ട്, ചൂതുകളി കേന്ദ്രത്തിലേക്കും അതിലൂടെ അസാന്മാര്‍ഗിക ജീവിതത്തിലേക്കും. മൂന്ന്; കുടുംബ ജീവിതത്തിലേക്ക്. അടഞ്ഞുകിടക്കുന്ന മൂന്നാമത്തെ വഴി തുറന്നു കൂടെ എന്ന അന്നയുടെ ചോദ്യം സ്വന്തം ഹൃദയത്തിലും ഒരു കടല്‍ ഒളിഞ്ഞിരിപ്പുണ്ടെന്നു അവളെ അന്നാദ്യമായി പഠിപ്പിച്ചു. ശേഷം ഒരു കൈക്കുടന്ന നിറയെ സഹായം ദസ്തയേവ്‌സ്‌കിക്ക് നല്കി. നിസ്സഹായാവസ്ഥയില്‍, താന്‍ അദ്ദേഹത്തിന്റെ ഭാര്യയാണെന്ന് ഇന്‍സ്‌പെക്ടറോട് പറയുന്ന നിമിഷം. ദൈവം കാവല്‍ നില്ക്കുന്ന ആ നിമിഷം ദസ്തയേവ്‌സ്‌കി അന്നയെ പരിസരം മറന്ന് കെട്ടിപ്പുണര്‍ന്നു. ഒരാത്മാവ് അതിന്റെ ഇണയെ കണ്ടുമുട്ടിയെന്നു കഥാകാരന്‍.

ലളിതവും അതേ സമയം ശക്തവുമായ ഭാഷ യാതൊരു ഇടനില തടസ്സവുമില്ലാതെ വായനക്കാരന്റെ മനസ്സിലേക്ക് നേരിട്ടു ഒരനുഭവമായി മാറുന്ന കാഴ്ച. തുടക്കത്തില്‍ തര്‍ജ്ജമകളില്‍ തോന്നുന്ന കല്ലുകടി വായനയുടെ സുഗമ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്നതായി തോന്നിയേക്കാം. പക്ഷേ അടുത്ത നിമിഷം തന്നെ ചെറു തടസ്സങ്ങള്‍ മാറി സുഗമ സഞ്ചാരം ഒരാഘോഷമായി മാറുന്നതായാണ് എന്റെ വായനാനുഭവം....

--------------------------------

© remya suresh

Post a Comment

5 Comments

  1. Bindhu വേണുTuesday, October 19, 2021

    പുസ്തകത്തെ കുറിച്ചുള്ള അവലോകനം അസ്സലായിട്ടുണ്ട് 👌👌🙏

    ReplyDelete
  2. നല്ല അവതരണം. ഒരു സങ്കീർത്തനം പോലെ വീണ്ടും വായിക്കുവാൻ തോന്നുന്നു.

    ReplyDelete
  3. Remya , താങ്കൾ നല്ല കഴിവുള്ള എഴുത്തുകാരിയാണ്. ഞങ്ങളുടെ മാധ്യമ സ്ഥാപനത്തിലേക്ക് താങ്കളെ പോലെയുള്ളവരെ ആവശ്യമുണ്ട്. Mob number ഒന്നു Mention ചെയ്യുമോ?

    ReplyDelete
  4. രമ്യ വളരെ മനോഹരമായി പറഞ്ഞു.
    School കാലഘട്ടത്തിൽ വിശ്വ സാഹിത്യമാലയിലൂടെ 100ലധികം നോവലുകൾ വായിച്ചു തീർത്തിട്ടുണ്ട്. എവിടെയൊക്കെയോ പോയി ഓർമ്മകൾ. വായനാനുഭവം പറയുക ഏറെ ശ്രമകരം. Good ആശംസകൾ... 👍

    ReplyDelete