പതിയെ മൗനമെന്ന തടവറയില്‍ അവള്‍ സ്വയം പതുങ്ങി. ഒരു വൈകുന്നേരം, അവളുടെ പൂന്തോട്ടത്തിലെ പൂവുകള്‍ അവളോട് സംസാരിക്കുന്ന പോലെ അവള്‍ക്ക് തോന്നി. അന്ന് ആദ്യമായി ആ പൂവിനോട് അവള്‍ പറഞ്ഞു. ' ഉള്ളില്‍ എവിടെയൊക്കെയോ ഒരു ഭയം, എന്തിനെന്നോ, ഏതിനെന്നോ അറിയാത്ത ഒരു ഭയം. ചുറ്റിനും മരണ കുഴികള്‍, എല്ലാം തന്നെ മാടിവിളിക്കുന്ന പോലെ, ചെയ്യുന്നതൊക്കെയും തോല്‍വിയില്‍ ചെന്ന് അവസാനിക്കുമോ എന്ന ഭയം. ജീവിതത്തില്‍ കുറേക്കാലമായി ഞാന്‍ ചെയ്തിരുന്ന വയോട് എല്ലാം വല്ലാത്ത ഒരു മടുപ്പ് തോന്നുന്നു. പലപ്പോഴും മരണമെന്നത് എന്റെ മുന്നില്‍ ഒരു രക്ഷപ്പെടല്‍ ആയി തെളിയുന്നു.
പക്ഷേ എന്തോ എന്നെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. ഒരുപക്ഷേ എന്നെ ജീവനുതുല്യം സ്‌നേഹിക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖം ആയിരിക്കാം. അച്ഛന്റെ സ്‌നേഹത്തോടെയുള്ള മോളെ എന്ന് വിളി പലപ്പോഴും എന്നില്‍ ഒരു ആശ്വാസം ഉണ്ടാക്കിയിരുന്നു. അമ്മയുടെ കരുതല്‍, തീ പിടിച്ചിരിക്കുന്ന എന്റെ മനസ്സിനെ ശാന്തമാക്കുന്നു. ഒരിക്കല്‍ വാ തോരാതെ സംസാരിച്ചിരുന്ന ഞാന്‍, ഇന്നിതാ മൗനത്തെ കൂട്ടുപിടിച്ചിരിക്കുന്നു. ഇന്നെന്റെ കണ്ണ് നിറയുന്നില്ല, ഞാന്‍ കരയുന്നില്ല. ചിരിക്കുവാന്‍ ഞാന്‍ എന്നോ മറന്നു. ഓടിച്ചാടി നടന്നിരുന്ന, പൂമ്പാറ്റകള്‍ പാറിപ്പറന്ന എന്റെ ലോകത്തില്‍ നിന്നും, ഏകാന്തതയുടെയും, അമിത ചിന്തകളുടെയും ലോകത്തിലേക്ക് ഞാനിന്നു എന്നെത്തന്നെ പറിച്ചുനടാന്‍ തുടങ്ങി. ' ഇതൊക്കെ പറഞ്ഞപ്പോഴും അവളില്‍ ഒരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നില്ല ,ഏതോ യുദ്ധത്തില്‍, തോറ്റു കൊടുക്കാന്‍ മനസ്സില്ലാതെ ക്ഷീണിച്ചിരിക്കുന്നു പോലെ.
പൂവ് ഇതെല്ലാം വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. എന്നിട്ട് അവളോട് ചോദിച്ചു ' ഭയമോ? എന്തിനാണ് ഭയം? എന്തിനോടാണ് ഭയം? തോല്‍വിയെ നീ ഭയക്കുന്നുണ്ടോ? എന്റെ ഇതളുകള്‍ നാളെ പൊഴിഞ്ഞു വീഴും എന്നുറപ്പുള്ള ഞാന്‍ ഇതാ ആസ്വദിക്കുന്നു, എന്റെ ചുറ്റുമുള്ള ലോകത്തെ ഭയം എന്ന വികാരം എന്നിലും ഉണ്ടായിരുന്നു, എന്നാല്‍ എന്റെ ഇതളുകള്‍ പൊഴിയും മുന്നേ ആ ഭയത്തെ ഞാന്‍ പൊഴിച്ചു കളഞ്ഞു. നിന്റെ ഭയം അതാണ് നിന്റെ ശത്രു.. ആ ശത്രുവിനെ ആണ് തോല്‍പ്പിക്കേണ്ടത്, തോല്‍ക്കാന്‍ മനസ്സില്ലാത്ത നീ ഒന്നു അറിയുക, നിന്റെ ശത്രുവിനെ തോല്‍പ്പിക്കാന്‍ നിനക്ക് നിഷ്പ്രയാസം കഴിയും. തോല്‍വി വിജയത്തിന്റെ ആദ്യപടി ആണെന്ന് സത്യം നീ തിരിച്ചറിയുക. നീ ഒളിച്ചിരിക്കുന്ന ഇരുട്ടില്‍ നിന്നും, നിറം ഏറിയ നിന്റെ ലോകത്തേക്ക് നീ ഇറങ്ങുക. നിന്റെ ചിന്തകളെ നീ തന്നെ അറിയുക. പ്രശ്‌നങ്ങളോട് തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുക. നീ ജയിക്കും... അന്നാദ്യമായി അവള്‍ അവളോട് ചോദിച്ചു 'ഏതു തോല്‍വിയെ ആയിരുന്നു ഞാന്‍ ഭയന്നിരുന്നത് ? ഒരു തോല്‍വിയോടെ എല്ലാം അവസാനിക്കുമോ? ഞാനെന്തിന് എല്ലായിടത്തുനിന്നും എന്നെ തന്നെ നിയന്ത്രിച്ചു? ഈ ചോദ്യങ്ങള്‍ക്കൊന്നും ഇപ്പോഴിതാ ഉത്തരമില്ല. എനിക്കറിയില്ല.
അവള്‍ ചുറ്റും നോക്കി തണുത്ത കാറ്റ് വീശുന്നു.. പൂമ്പാറ്റകള്‍ പാറി പറക്കുന്നു.. ഗുല്‍മോഹര്‍ പൂത്തുനില്‍ക്കുന്നു.. അവളില്‍ ഇതുവരെ ഇല്ലാതിരുന്ന ഒരു ശാന്തത അനുഭവപ്പെട്ടു. അവള് ആ പൂവിനെ ഒന്നൂടെ നോക്കി എന്നാല്‍ ഇത്തവണ ആ പൂവ് അവളോട് ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. അതൊരുപക്ഷേ അവളുടെ ഉപബോധ മനസ്സ് അവളോട്, അവള്‍ പോലും തിരിച്ചറിയാതെ സംസാരിച്ചത് ആവാം...
---------©abhirami-anil------------
2 Comments
Good
ReplyDeleteNice 💐💐
ReplyDelete