പ്രിയപ്പെട്ടവര്‍ പെട്ടന്നൊരു നാള്‍
മൃത്യുവിലേക്ക്
മാഞ്ഞു പോകുമ്പോള്‍ മാത്രം
തിരുത്തപ്പെടുന്ന ചില
മരണഭാവങ്ങളുണ്ട്...
പ്രിയപ്പെട്ടവര്‍ മാഞ്ഞു പോകുമ്പോള്‍
നിറഞ്ഞ ആള്‍ക്കൂട്ടത്തിലും
തനിച്ചായി പോയ കുഞ്ഞിന്റെയെന്ന
പോലൊരു ഭീതി ഉള്ളില്‍ നിറയും,
മരണത്തേക്കാള്‍ ശൂന്യത ജീവിതത്തിനെത്രെ...
കനമുള്ള തണുപ്പില്‍
വിറച്ചു മരവിച്ച ചിന്തകള്‍
നിമിഷ നേരം കൊണ്ട്
അത്യുഷ്ണത്തിന്റെ കൊടുമുടി
കയറാന്‍ തുടങ്ങും,
ഒരുമിച്ചുണ്ടെന്ന തോന്നല്‍
വന്നു പൊള്ളിക്കുന്ന
മരണത്തിന് കടുത്ത ചൂടാണെത്രെ...
മൂടികെട്ടിയ സങ്കടങ്ങളുടെ
കാര്‍മേഘങ്ങള്‍ കര്‍ക്കിടകപ്പെയ്ത്തിനെയും
തോല്‍പ്പിച്ചു കൊണ്ട്
ആര്‍ത്തലച്ചെത്തും...
എത്ര അതിരുകെട്ടിയാലും
പിടിച്ചു കെട്ടാനാവാതെ മിഴികളങ്ങനെ
ഇടിച്ചു കുത്തിയൊഴുകും,
മരണം കടുത്ത വേനലിനു
മുമ്പേയെത്തുന്ന ഇടമഴയെത്രെ...
നെറ്റിയില്‍ അവസാന
ചുംബനമേകുമ്പോള്‍
നാസിക പിടിച്ചെടുക്കുന്ന
അത്തറിന്റെയും ചുറ്റും നിറയുന്ന
കര്‍പ്പൂരത്തിന്റേയും
കുന്തിരിക്കത്തിന്റെയും
ചന്ദനത്തിരിയുടെയുമെല്ലാം മണം
നമ്മെയൊന്നു ആഞ്ഞുശ്വസിക്കാന്‍
പോലും വിടാതെ വീര്‍പ്പുമുട്ടിക്കും,
മരണത്തിന് നിസ്സംഗതയാല്‍
ശ്വാസം മുട്ടിക്കുന്ന
സമ്മിശ്ര ഗന്ധമെത്രെ...
തോര്‍ത്തി തുടച്ചെടുത്താലും
പിന്നെയും പിന്നെയും
ഓര്‍മ്മകളുടെ നീരുറവകളങ്ങനെ
പൊട്ടിയൊഴുകികൊണ്ടിരിക്കും,
മരണം ഉറവ വറ്റാത്ത
സ്‌നേഹത്തിന്റെ കുതിര്‍ന്ന
നിലങ്ങളെത്രെ...
കണ്ണടച്ച് കിടക്കുന്ന മുഖത്തേക്ക്
നോക്കുമ്പോഴൊക്കെയും
ചലനമറ്റിടത്തു നിന്ന്
പിടഞ്ഞെണീറ്റ് ഒരുമിച്ചു നടന്ന
നാള്‍വഴിയിലേക്ക്
കൈപ്പിടിച്ചു കൂടെ പോരും,
മരണത്തിന് നിശ്ചലമായി
കിടക്കാനാവില്ലെത്രെ...
വിതുമ്പിയും തുളുമ്പിയും
മൂക്കു ചീറ്റിയും ഓടിയെത്തുന്ന
തിങ്ങി നിറഞ്ഞ മുഖങ്ങളില്‍
നാളുകള്‍ക്കിപ്പുറം കണ്ടുമുട്ടിയതിന്റെ
ആനന്ദമാണോ
പ്രിയപ്പെട്ടൊരാള്‍ നഷ്ടപ്പെട്ട
നിരാശയാണോയെന്ന് വേര്‍പ്പെടുത്തി
എടുക്കാനാവാത്തൊരു ഭാവം നിറയും,
മരണം ഒരു മോണോആര്‍ട്ടിസ്റ്റാണെത്രെ...
പ്രിയപ്പെട്ടൊരാള്‍ മരണത്തിലേക്ക്
ഇറങ്ങി നടക്കുമ്പോള്‍
ചുറ്റുമുള്ളവര്‍ രുചിച്ചു കൊണ്ടിരിക്കുന്ന
സ്‌നേഹ മധുരത്തിലേക്ക് പെട്ടന്നൊരു
ഉപ്പുമഴ പെയ്യുന്നു...
മരണത്തിന് പാചകമറിയാതെ
പാകപ്പെടുത്തിയ പായസം പോലെ
ചവര്‍പ്പ് രുചിയാണെത്രെ...
പ്രിയപ്പെട്ടവര്‍ മാഞ്ഞു പോകുമ്പോഴാണ്
മരണം തണുപ്പ് പടര്‍ന്ന
മരവിപ്പല്ലെന്ന്,
മരണത്തിനു മണമുണ്ടെന്ന്,
രുചിയും, രൂപവും, ഭാവവുമുണ്ടെന്ന്
തിരുത്തിയെഴുതി തുടങ്ങുന്നത്...
നിലക്കാത്ത പ്രാര്‍ത്ഥനകളും
നിറുത്താത്ത പതം പറച്ചിലുകളും ഇടമുറിയാതെ ഇരച്ചെത്തുന്ന
വാഹനങ്ങളും മരണ വീടിനെയാകെ
ബഹളമയമാക്കും,
മരണത്തിന് എത്ര അടക്കിപ്പിടിച്ചാലും
അടങ്ങാത്ത നിലവിളിയൊച്ചയെത്രെ.
1 Comments
Kollam 👍
ReplyDelete