ക്രോണിക് ബാച്ചലര്‍ © സുമോദ് പരുമല

റടിപ്പൊക്കം ,
ആറക്കശമ്പളം ,
ആരെയുമാകര്‍ഷിയ്ക്കുന്നപെരുമാറ്റം .

വീടുകള്‍ക്ക്
ചുറ്റുമതിലുകളില്ലാത്ത
 കാലത്താണയാള്‍
ആയിരം കണ്ണുകളുള്ള
നിശാചരനായിത്തീര്‍ന്നത് .
ഓരോവീടുകളുടെയും
കിടപ്പുമുറികളിലേയ്ക്ക്
വിശുദ്ധരില്ലാത്ത രാത്രികളില്‍
അയാള്‍
ഓരോകണ്ണുകള്‍ തുറന്നുവച്ചത് .
കണക്കെടുപ്പുകളിലെ
ശൂരഭാര്യമാരുടെ
രാത്രിജീവിതങ്ങളിലേയ്ക്ക്
അയാളുടെ പരുന്തിന്‍ കണ്ണുകള്‍
ചേക്കേറിയത് .
അര്‍ദ്ധരാത്രിയില്‍
അടുക്കളയുടെയോ
പിന്നാമ്പുറങ്ങളുടെയോ
വാതിലുകള്‍ തുറന്നടയുന്ന
സമയക്രമങ്ങള്‍
പലയിടങ്ങളിലും
പലതായിരുന്നു.

പുലരുവോളം
ജാലകപ്പഴുതുകളിലും
തുറസ്സായ ടെറസ്സുകളിലും
അലഞ്ഞുതിരിഞ്ഞ കാഴ്ചകള്‍
രാവുറങ്ങാതെ
ഇക്കിളികളുടെയും
ശീല്‍ക്കാരങ്ങളുടെയും ലോകത്ത്
ഭ്രമണം ചെയ്തുകൊണ്ടിരുന്നു .
കാച്ചില് വള്ളികളില്‍ കുരുങ്ങിവീണ്
കൈയൊടിഞ്ഞിട്ടും
കൂര്‍ത്തുമൂര്‍ത്ത
ഇരുമ്പാണികളും കുപ്പിച്ചില്ലുകളും
മതില്‍ക്കെട്ടുകളിലിരുന്ന്
മാംസമടര്‍ത്തിയെടുത്തിട്ടും
അയാളുടെ കാഴ്ചകള്‍ക്ക്
പരുക്കേറ്റതേയില്ല ..!
പതുക്കെപ്പതുക്കെ
കാഴ്ചകളയാളുടെ
കഴുത്തില്‍ച്ചുറ്റിത്തുടങ്ങി.

അയാളുടെ ചിന്താക്കുഴപ്പങ്ങളില്‍
ഭാര്യപ്രിയരായ
ഭര്‍ത്താക്കന്മാര്‍
ഗതികിട്ടാത്ത പ്രേതാത്മാക്കളായി
അലഞ്ഞുതുടങ്ങി.
ഓരോ ഭര്‍ത്താവിലും
അയാള്‍ സ്വയം പ്രതിഷ്ഠിച്ച്
ഭ്രാന്തെടുത്ത് പാഞ്ഞുകൊണ്ടിരുന്നു.

അങ്ങനെയിരിയ്‌ക്കെയാണ്
ഒരു പാതിരാത്രിയില്‍
അയാള്‍ വിമലടീച്ചറെയും
വിമലടീച്ചര്‍ അയാളെയും
ജാലകക്കാഴ്ചയിലൂടെ
കൈയ്യോടെ പിടികൂടിയത്.

അവരുടെ ബാങ്കുദ്യോഗസ്ഥനായ
ഭര്‍ത്താവ്
കുടിച്ച്‌ബോധംകെട്ട്
കിടപ്പുമുറിയിലുണ്ടായിരുന്നു ..!
ഭര്‍ത്തൃ സുഹൃത്തായ
അവരുടെ കാമുകന്‍
മുന്‍വാതിലിലൂടെ
കാറ്റുപോലെ
പാഞ്ഞുപോയതും
വിമലടീച്ചറയാളുടെ
കാലില്‍ വീണതും
പുറത്തറിഞ്ഞാല്‍
ചത്തുകളയുമെന്ന്
ആത്മാര്‍ത്ഥമായിക്കരഞ്ഞതും.

അന്നാണയാള്‍
ആ...
ഹൈപ്പോത്തിസിസിലെത്തിയത്.
ആരാന്റെ കിടപ്പറകളില്‍ നിന്ന്
പുറത്തുവന്ന കണ്ണുകള്‍
അയാളുടെ കാല്‍ച്ചുവട്ടിലൊതുങ്ങിയതും
അയാള്‍ ,
ഒരു ക്രോണിക് ബാച്ചിലറായിത്തീര്‍ന്നതും.

Sumod Parumala

Post a Comment

3 Comments