കഥ
എന്താണ് ആനി ഇത്ര സന്തോഷം? എന്ന ചോദ്യം കേട്ടാണ് അവര്‍ തിരിഞ്ഞു നോക്കിയത് അടുത്ത വീട്ടിലെ സരസ്വതി ആയിരിന്നു. അമ്മുക്കുട്ടി വരുന്നുണ്ട് അടുത്താഴ്ച. അതിന്റെ തിരക്കാണ് ഈ ഒതുക്കലും പിറക്കലും. എത്രനാളായി എന്റെ കുട്ടിയെ ഒന്നു കണ്ടിട്ട്...
'ഇനി കുറച്ചു ദിവസത്തേയ്ക്ക് നല്ല പൂരമാകുമെല്ലെ? 'എന്ന സരസ്വതിയുടെ ചോദ്യത്തിന് അവര്‍ ചിരിച്ചു തലകുലുക്കി.
'പുതിയ അയല്‍ക്കാരിയെ കിട്ടുമ്പോള്‍ സരസ്വതി എന്നെ മറക്കുമോ ?'
പുതിയ അയല്‍ക്കാരിയോ? എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമായി അവര്‍ പറഞ്ഞു..
'അമ്മുക്കുട്ടി ഈ വീടും സ്ഥലവും വില്‍ക്കാനാണ് വരുന്നത്. കഴിഞ്ഞാലുടന്‍ ഞാന്‍ ഇറങ്ങി കൊടുക്കണം. പണവുമായി അവള്‍ ഭര്‍ത്താവിനൊപ്പം തിരികെ പോകും. ' ഞെട്ടലോടെ ഇതൊക്കെ കേട്ടു നില്‍ക്കാനേ ആ പാവം അയല്‍കാരിയ്ക്കു സാധിച്ചുള്ളൂ.
അയല്‍ക്കാരി പോയതിനു ശേഷം അവര്‍ തന്റെ മുഖം കണ്ണാടിയില്‍ നോക്കി. ഇപ്പോള്‍ കറുത്ത് നീണ്ട കാര്‍കൂന്തലുകള്‍ക്കു മീതെ വെള്ളി വരകള്‍ കണ്ടു തുടങ്ങിയിരിക്കുന്നു.
ഒരു ദീര്‍ഘ നിശ്വാസത്തോടെ തന്റെ ചാരുകസേരയില്‍ മിഴികള്‍ അടച്ചു കിടന്നപ്പോഴും എവിടേയോ ഒരു നഷ്ടബോധം അവരെ വേട്ടയാടപ്പെട്ടു കൊണ്ടിരിന്നു കൂടെ ഒരു പിടി ഓര്‍മ്മകളും അവരെ കര്‍ന്നുതിന്നു തുടങ്ങി കഴിഞ്ഞിരിക്കുന്നു..
ബന്ധുക്കളും, മിത്രങ്ങളും, തന്റെ കൂടെ കോളേജില്‍ അദ്ധ്യാപന വൃത്തിയില്‍ ഏര്‍പ്പെട്ടിരിന്നവരുമൊക്കെ വിലക്കിയതാണ് അന്ന് വീടും സ്ഥലവും അമ്മുകുട്ടിയുടെ പേരില്‍ എഴുതികൊടുത്തപ്പോള്‍.അന്നൊന്നും ഒരു വിഷമം തോന്നിയിരുന്നില്ല, മറിച്ചു താനില്ലെങ്കിലും അവള്‍ക്ക് ജീവിക്കാന്‍ പറ്റുന്ന ഒരു സാഹചര്യം ഉണ്ടാകണം എന്നേ അവര്‍ ആലോചിച്ചിരിന്നുള്ളൂ. അതുകൊണ്ട് തന്നെയാണ് നിര്‍ബന്ധപൂര്‍വം അവര്‍ പഠിപ്പിക്കുന്ന കോളേജില്‍ ചേര്‍ത്തതും, അവരുടെ കണ്മുന്നില്‍ അവള്‍ക്കു സുരക്ഷ ഒരുക്കിയതുമൊക്കെ.
അവരെ നന്നായി അറിയാവുന്നതുംഅവരുടെ അവസ്ഥകള്‍ മനസിലാക്കുന്ന തുമായ തോമസ് സാറിന്റെ ഇഷ്ടം കണ്ടില്ലെന്നു നടിച്ചതും, എല്ലാവരും എത്ര നിര്‍ബന്ധിച്ചിട്ടും ആ ആലോചന ഒഴിവാക്കിയതുമൊക്ക അമ്മുക്കുട്ടിക്ക് വേണ്ടിയായിരുന്നു.
കോളിങ് ബെല്‍ ന്റെ മുഴക്കം കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്.സായാഹ്ന സവാരിക്ക് കൂട്ട് വിളിക്കാന്‍ വന്നതായിരുന്നു എലിസബത് ടീച്ചര്‍. ടീച്ചറുമായി നടന്നു മനസിന്റെ വിങ്ങല്‍ കൊണ്ടാകാം സായാഹ്ന സവാരി ആസ്വാദ്യകരമാകുന്നില്ല.
എലിസബെത്ത് ടീച്ചറിനെ നടക്കാന്‍ പറഞ്ഞയച്ചു ചിന്തകളെന്ന കൂട്ടുകാരി യുമായി കടല്‍കാറ്റേറ്റ് നിന്നു.
ഇന്നത്തെ സായാഹ്നം പതിവിലേറെ സുന്ദരിയായിരിക്കുന്നതു പോലെ ആനിയ്ക്ക് തോന്നി . കടല്‍ കാറ്റേറ്റു പാറിപ്പറക്കുന്ന നീണ്ട കാര്‍കൂന്തല്‍ ഒതുക്കി വെയ്ക്കാന്‍ അവര്‍ പാടുപെടുന്നുണ്ടായിരുന്നു അപ്പോളും, കടല വില്‍പന ക്കായി കടല്‍ തീരത്തു ഒരു ചാണ്‍ വയറു നിറയ്ക്കാനായി യാചിക്കുന്ന ആറ്
വയസു പോലും തോന്നിക്കാത്ത ഒരു കൊച്ചു പെണ്‍കുട്ടിയുടെ രൂപം അവരുടെ മനസ്സില്‍ ചെറിയ മുറിവൊന്നുമല്ല ഏല്പ്പിച്ചത്.
ആരെയും കാത്തു നിലക്കാത്ത
സമയം, ചിന്തകള്‍ക്കുമേല്‍ വലതീര്‍ത്തു തുടങ്ങികഴിഞ്ഞിരുന്നു........
വിശാലമായ മുറ്റം അതിനു ഇടതു ഭാഗത്തായി ഒരു മൂവാണ്ടന്‍ മാവ് .മാവില്‍ നിന്നു വീഴുന്ന മാങ്ങകള്‍ക്കായി കാത്തു നില്‍ക്കുന്ന കൊച്ചു കുട്ടികള്‍ അതിനിടയിലൂടെ നടുമുറ്റത്ത് വെള്ളികൊലുസുമിട്ടു ഓടിക്കളിക്കുന്ന രണ്ടു കുഞ്ഞു കാല്‍പാദങ്ങള്‍ അവരുടെ ശ്രദ്ധയെ ആകര്‍ഷിച്ചു.
അവളുടെ അടുത്തുചെന്നു ഫാദര്‍ ഡൊമിനിക്‌നെ തിരക്കിയപ്പോള്‍ കൊച്ചു ഇടംപല്ലുകള്‍ കാട്ടി ചിരിച്ചു കൊണ്ടവള്‍ പറഞ്ഞു.. 'അച്ഛന്‍ അകത്തുണ്ട് പക്ഷേ പ്രാര്‍ത്ഥനയിലാണ്'
അവര്‍ അകത്തേയ്ക്കു കയറി വരാന്തയിലെ ഇരിപ്പിടത്തില്‍ സ്ഥാനമുറപ്പിച്ചു. വീണ്ടും വിശാലമായ മുറ്റത്തേയ്ക്ക് നോക്കി.. എന്തോ, ആ കൊച്ചു സുന്ദരിയുടെ കളികള്‍ കണ്ടുകൊണ്ടിരിക്കാന്‍ തന്നെ ഒരു ഭംഗിയുണ്ടെന്ന് അവര്‍ക്കു തോന്നി. കണ്ണുകള്‍ ചിമ്മാതെ അവളെ തന്നെ നോക്കിയിരുന്നു.
പെട്ടന്നാണ് അച്ഛന്റെ വിളി അവര്‍ പുറകില്‍ നിന്നു കേട്ടത്
' ആനി ടീച്ചര്‍ വന്നിട്ട് കുറെ നേരമായോ? ഞാന്‍ പ്രാര്‍ത്ഥനയില്‍ ആയിരിന്നു. '
'അതു സാരമില്ല ഫാദര്‍, ഞാന്‍ ഈ കുട്ടികളുടെ കളി കൊണ്ടിരിക്കുക യായിരുന്നു.
'ഏതാ ഫാദര്‍ ഈ പുതിയ കുട്ടി? '
ആനി ടീച്ചര്‍ ആകാംഷയോട് തിരക്കി.
'അമ്മു എന്നാണ് അവളുടെ പേര്. ഞങ്ങള്‍ അവളെ അമ്മുക്കുട്ടി എന്നു വിളിക്കും. അച്ഛന്‍ ഒരു കാര്‍ ആക്സിഡന്റില്‍ മരിച്ചു. അവളുടെ അമ്മ ഹോസ്പിറ്റലില്‍ അഡ്മിറ്റാണ്. ഒരുമാസമായി അവര്‍ ഹോസ്പിറ്റലില്‍ ആയിട്ടു. കഴിഞ്ഞയാഴ്ച്ച അവരും മരിച്ചു. മരിക്കുന്നതിന് മുന്‍പ് ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു. കുട്ടിയെ എന്നെ ഏല്‍പ്പിക്കുക. നല്ല കുറുമ്പത്തി യാണവള്‍. ഇവിടെ വന്നയുടന്‍ അവള്‍ എല്ലാവരുമായി വേഗം ഇണങ്ങി.'
തിരിച്ചു ഫാദര്‍ ഡൊമിനികിന്റെ അനാഥാലയം വിട്ടു പുറത്തി റങ്ങുമ്പോള്‍ അവരുടെ മനസ്സില്‍ മുഴുവന്‍ ഇടംപല്ലു കാട്ടിയുള്ള അമ്മുകുട്ടിയുടെ ചിരി മാത്രമായിരുന്നു മനസ്സില്‍ .
തനിച്ചു താമസിക്കുന്നവര്‍ക്കേ ഒറ്റപ്പെടലിന്റെ വേദന അറിയൂ. രാത്രിയില്‍ മുഴവന്‍ ചിന്തയും കൊച്ചു മിടുക്കിയെ കുറിച്ചായിരുന്നു. വിധിയുടെ കൈകളിലെ കളിപ്പാവകളാണ് ഞാനും അമ്മുക്കുട്ടിയും എന്നൊക്കെ ഓര്‍ത്തപ്പോള്‍ അവളോടുള്ള സഹതാപവും ഇഷ്ടവും പതിന്‍ മടങ്ങായി വര്‍ധിച്ചു .
അനിയുടെ ചെറുപ്പത്തില്‍ തന്നെ അമ്മ മരിച്ചു പുറകെ അച്ഛനും. ഒരു ജോലി ഉണ്ടായിരുന്നതിനാല്‍ ജീവിതഭാരം മുഴുവന്‍ തോളില്‍ താങ്ങി സഹോദരങ്ങളെ ഒരു കരയ്ക്കെത്തിച്ചെപ്പോള്‍ മൂത്ത ചേച്ചിയുടെ കര്‍മം അവര്‍ പൂര്‍ത്തിയാക്കി.
സഹോദരങ്ങള്‍ അവരുടെ തിരക്കുകളിലേക്കു തിരിഞ്ഞപ്പോള്‍ ജീവിക്കാന്‍ മറന്ന ഒരു വിഡ്ഢിയായി അവര്‍ക്കു സ്വയം മാറേണ്ടി വന്നു . തന്നെ സ്‌നേഹിക്കാനും തനിക്കു സ്‌നേഹിക്കാനും ആരുമില്ലാത്ത അവസ്ഥയാണ് ലോകത്തിലേറ്റവും ഭയാനകമായ അവസ്ഥയെന്നവര്‍ക്ക് തോന്നി തുടങ്ങിയിട്ടു നാളുകളേറെയായിരിക്കുന്നു .
പ്രതീക്ഷക്ഷകളും ആകാംഷയും നിറഞ്ഞ പുലരി നാമ്പിട്ടതു പുതു മാറ്റത്തെവരവേല്‍ക്കാനെന്നോണം. എല്ലാീ നേരത്തെ പറഞ്ഞുറപ്പിച്ചത് കൊണ്ടാകണം നേരത്തെ തന്നെ അമ്മുക്കുട്ടി റെഡി ആയി നില്പുണ്ടാ ണ്ടായിരുന്നു പുതു ജീവിതത്തിനു തയ്യാറെടുത്തു.
ചൂണ്ടുവിരലുകള്‍ കുഞ്ഞി കൈകളാല്‍ മുറുകിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു അനുഭൂതി അവര്‍ അനുഭവിച്ചറിഞ്ഞു. കളിച്ചും, ചിരിച്ചും, ഇണങ്ങിയും, പിണങ്ങിയും നീണ്ടുനിന്ന 16 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും അമ്മുക്കുട്ടി തന്റെ സ്വന്തം മകളല്ലായെന്ന് ആനിക്കു തോന്നിയിരുന്നില്ല.
ഇഷ്ടപെട്ട പുരുഷനെ സ്വന്തമാക്കാന്‍ എല്ലാം ഉപേക്ഷിച്ചിറ ങ്ങിയപ്പോളും പോറ്റി വളര്‍ത്തിയ മനസിന്റെ വേദന അവള്‍ക്കു കാണാന്‍ കഴിഞ്ഞില്ല.
നീണ്ട ഏഴ് വര്‍ഷങ്ങള്‍ അമ്മുകുട്ടിയെ കുറിച്ചോര്‍ത്തു പൊഴിച്ച കണ്ണുനീര്‍ തുള്ളികള്‍ മതി ഒരു നിമിഷ സാഗരത്തിന്...
എന്തിന് തന്നെ തിരെഞ്ഞവള്‍ വരണം? അവള്‍ പറഞ്ഞത് പോലെ ആനി അവളുടെ പോറ്റമ്മയാണ് , ഒരിക്കലും പെറ്റമ്മയാകുകയുമില്ല ... അതുകൊണ്ട് അവളുടെ സ്‌നേഹം ആഗ്രഹിക്കുന്നതുതന്നെ തെറ്റ് എന്നവര്‍ സ്വയം തിരുത്തി.
'ആനി ടീച്ചറേ.. സമയമായി പോകണ്ടേ.. 'എന്ന എലിസബത്തിന്റെ ചോദ്യം കേട്ടാണവര്‍ ചിന്തയില്‍ നിന്നുണര്‍ന്നത്. തന്റെ പാദങ്ങളെ പുല്‍കുന്ന തിരകളോട് വിടപറയാന്‍ അവര്‍ക്കു മടി തോന്നി...
തിരികെ വീട്ടില്‍ വന്നു വാതില്‍ തുറക്കേണ്ട താമസം ഫോണ്‍ റിങ് ചെയ്തു തുടങ്ങി. പരിചയമില്ലാത്ത നമ്പര്‍, സംശയിച്ചു കോള്‍ എടുത്തു.
വര്‍ഷങ്ങളായി കേള്‍ക്കാന്‍ കൊതിച്ചിരുന്ന അമ്മുകുട്ടിയുടെ വിളി. കുറച്ചു നേരത്തേയ്ക്ക് ഒന്നും മിണ്ടുവാന്‍ അവര്‍ക്കു സാധിച്ചില്ല.
'അമ്മേ ഞാന്‍ നാട്ടിലേയ്ക്ക് വരുന്നു. പറഞ്ഞത് പോലെ വീട് വില്‍ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.പേപ്പേഴ്‌സ് ഒക്കെ ശെരിയാക്കി, വാങ്ങുവാനുള്ള ആളും റെഡിയായിട്ടുണ്ട്. ' എന്നു പറഞ്ഞവള്‍ ഫോണ്‍ കട്ട് ചെയ്തു.
വീട് വില്പന കഴിഞ്ഞു, ഇനി അവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നവര്‍ക്കു തോന്നി. വര്‍ഷങ്ങള്‍ നീണ്ടു നിന്ന അദ്ധ്യാപന വൃത്തിയില്‍ നിന്നു സമ്പാദിച്ചതൊക്ക പെറുക്കി കൂട്ടി താന്‍ പണിത വീട്...അതുവിട്ടു ഇ റങ്ങിയപ്പോള്‍ അവരുടെ നെഞ്ച് പൊട്ടിയിരിക്കണം. നാളെ എന്തെന്ന ചോദ്യത്തിന് മുന്നില്‍ പതറിയിരിക്കണം.. നീണ്ടു കിടക്കുന്ന ലക്ഷ്യമില്ലാത്ത പാതകളില്‍ ബോധരഹിതമായ മനസുമായി മുന്നേറുമ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ പൊഴിഞ്ഞിരുന്നില്ല ആ പാവം സ്ത്രീയുടെ കണ്ണുകളില്‍ നിന്ന്....
നീണ്ടു കിടക്കുന്ന യാത്ര അവസാനിച്ചത് അവര്‍ക്കേറ്റവും പ്രിയപ്പെട്ട അസ്തമയ സൂര്യന്റെ പ്രഭയേറ്റു നാണത്താല്‍ ചുമന്നു തുടുത്ത കടല്‍ തീരത്തു ചെന്നിട്ടാണ്.
കുങ്കുമ സൂര്യന്‍ കടലിന്‍ മടിത്തട്ടില്‍ മയങ്ങാന്‍ കാത്തു നില്‍ക്കുന്നു. പിരിയാന്‍ കഴിയാതെ തിര തീരത്തെ ആഞ്ഞുപുല്‍കുന്നു. നിലയ്ക്കാതെ ഫോണ്‍ അപ്പോഴും റിങ് ചെയ്തുകൊണ്ടിരുന്നു. എല്ലാം നഷ്ടപെട്ട എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട തന്നെയാരാണാവോ ഇപ്പോള്‍ വിളിക്കാനെന്നു ചിന്തിച്ചു അവര്‍ ഫോണ്‍ എടുത്ത്. മറുതലത്തില്‍ നിന്നും സംസാരിച്ചത് ഒരു പോലീസ് ഓഫീസര്‍ ആയിരിന്നു.
ടീച്ചര്‍ ഇവിടം വരെയൊന്നു വരണം ഒരു അത്യാവശ്യമുണ്ട്. കേട്ടപാതി കേള്‍ക്കാത്ത പാതി ഓടി അവര്‍ പറഞ്ഞിടത്തു ചെന്നപ്പോള്‍ കണ്ട കാഴ്ച സഹിക്കാവുന്നതിലും അധികമായിരുന്നു.
വെള്ളത്തുണിയില്‍ പൊതിഞ്ഞു കെട്ടിയ അമ്മുകുട്ടിയുടെയും അവളുടെ ഭര്‍ത്താവിന്റെയും ശവശരീരം. എതിരെ വന്ന ജീപ്പ് കാറുമായി കൂട്ടി മുട്ടിയതാണത്രേ..
വിറങ്ങലിച്ച ശരീരവുമായി ജീവിതത്തില്‍ ഒറ്റപെട്ട ആ സ്ത്രീ പടിയിറങ്ങുമ്പോള്‍ കാക്കിദാരിയായ ആ പോലീസ് കാരന്‍ പുറകില്‍ നിന്ന് വിളിച്ചു..
'ടീച്ചറെ ഇവരുടെ കൂടെയൊരു ചെറിയ കുട്ടി കൂടെയുണ്ടായിരുന്നു.., അമ്മുകുട്ടിയുടെ കുട്ടി. ഇടംപല്ലു കാട്ടി അമ്മയുടെ അതേ ചിരിയോടു കൂടിയ ഒരു കുട്ടികുറുമ്പി. തന്റെ എല്ലാമായ അമ്മുകുട്ടിയുടെ മോള്‍.
താനല്ലാതെ ഈ ലോകത്തു മറ്റാരുമില്ല ആ കുഞ്ഞിന് എന്ന തിരിച്ചറിവില്‍ ആ കുട്ടിയെ അവര്‍ മാറോടു ചേര്‍ത്തു പുല്‍കി.
കുഞ്ഞി കൈകള്‍ അവരുടെ ചൂണ്ടു വിരലില്‍ മുറുക്കിയപ്പോള്‍ അവര്‍ ഒരു മുത്തശ്ശി കൂടിയായി
ഒരു കര്‍മ്മം അവസാനിച്ചിടത്തു നിന്ന് മറ്റൊരു കര്‍മ്മം അവര്‍ക്കു വേണ്ടി ഈശ്വരന്‍ കാത്തു വെച്ചിരുന്നു .
സുരക്ഷിതത്വത്തിന്റെ രുചികള്‍ അവള്‍ ആവോളം രുചിച്ചറിയുന്നു ണ്ടായിരുന്നു അമ്മമ്മയില്‍ നിന്ന്പറക്കുമുറ്റുമ്പോള്‍ അമ്മക്കിളിയെ മറന്നു വിദൂരതയിലേക്ക് പറന്നകലുന്നതു വരെ ഇനി ഈ കുഞ്ഞിക്കിളിക്കു ചേക്കേറാന്‍ ഒരു കൂട്. അതിന്റെ തിരക്കിലാണിപ്പോഴവര്‍...
വീടിന്റെ അകത്തളത്ത് നിന്ന് ആനിയുടെ ഒച്ച ഉച്ചത്തില്‍ കേട്ടിരുന്നു 'അമ്മുക്കുട്ട്യേ ബാഗില്‍ പുസ്തകങ്ങള്‍ അടുക്കി വെക്കുട്ടോ.. അമ്മമ്മ ഇപ്പോള്‍ ടിഫിന്‍ ബോക്‌സ് തരാട്ടോ..എന്റെ കുട്ടിക്ക്...'
__________________
©വിനീതാ ജോണ്‍
__________________


8 Comments
Very nice.
ReplyDeleteSuper.
Really interesting
ReplyDeleteAwesome story mam!
ReplyDeleteThank you all for your support and comments
ReplyDeleteആശംസകൾ..
ReplyDeleteനന്നായി... അഭിനന്ദനങ്ങൾ
ReplyDeleteഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യമാണ് ഈ കഥ. അഭിനന്ദനങ്ങൾ.
ReplyDeleteനന്നായി പറഞ്ഞിരിക്കുന്നു good
ReplyDelete