നാൾ പൊരുത്തം | ചെറുകഥ |

© പ്രസാദ് ശ്രീധർ

ലിപ്സ്റ്റിക്കിട്ട മുടിയൊക്കെ സ്ട്രെയിറ്റ്‌‌ ചെയ്ത ആ പരിഷ്കാരി  യുവതി കാറിൽ കയറുമ്പോൾ എന്നോടായി ഇങ്ങനെയൊരു ചോദ്യമുതിർത്തു.....

 "സാറന്നെ ഓർക്കുന്നുണ്ടോ......?"

   കണവനുമായി പിണങ്ങി, അതിയാന്റെ വീടും വസ്തുവും ജപ്തി  ചെയ്യാൻ വേണ്ടി, അവ കാട്ടിത്തരാനായി വന്നിരി
ക്കുകയാണ് അവർ.

'എവിടെയോ കണ്ടിട്ടുണ്ടോ?
മൂം മും..... ഇന്ത മാതിരി ഒരു മുഖം ഓർമയിലെങ്ങുമെ ഇല്ലെ'
ഞാനെന്റെ നിരപരാധിത്വം ബോധിപ്പിക്കുന്നതനുമുമ്പെ കറോടിച്ചിരുന്ന യുവതിയുടെ  സഹോദരൻ ഫ്രീക്കൻ, അളിയനെ ഒരു പാഠം പഠിപ്പിയ്ക്കാനുള്ള ത്വര മൂത്തെന്നോണം ചോദിച്ചു.
"സാറെ ആദ്യം എവിടോട്ടാണ് പോവേണ്ടത്.വില്ലേജിലോ,സബ് രജിസ്റ്ററിലോ?"

ആദ്യം വസ്തുവിലാണ് പോകേണ്ടത് ". ഞാൻ പറഞ്ഞു ' ആയാൾ ഗിയർ മാറ്റി.കാറു പാഞ്ഞു.
ഫ്രണ്ടിൽ ഇരുന്ന എന്റെ ശരീരം മാദക നൃത്തക്കാരിയെ അനുസ്മരിപ്പിയ്ക്കുമാറ്
ചലിച്ചുകൊണ്ടിരുന്നു.
പിറകിലിരുന്ന എന്റെ കൂടെ വന്ന ലേഡി സ്റ്റാഫും ആ സ്ത്രീയും സീറ്റുമായി പൊരുത്തപ്പെടാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
ഇവനിതെന്തോന്നിനുള്ള പുറപ്പാടാ, മനസ്സ് പറഞ്ഞു.
എന്തുകൊണ്ടോ ആ സ്ത്രീ പിന്നീടാ ചോദ്യം ആവർത്തിച്ചില്ല.

ആ ഹതഭാഗ്യരുടെ വീടെത്തി .അധുനിക രീതിയിലുള്ള ഒരു ഇരുനില വീട്.
"വണ്ടി കുറച്ചങ്ങോട്ട് മാറ്റിയിട്ടു നിങ്ങൾ കാത്തു നിൽക്കുക
 ഞങ്ങൾ നടത്തിയിട്ട് വരാം." എന്ന് പറഞ്ഞ്
ഞാനും ലേഡി സ്റ്റാഫും ഇറങ്ങി. പറഞ്ഞതത്രയിഷ്ടപ്പെടാത്ത രീതിയിൽ ഇരപ്പിച്ച് കാറുമെടുത്തയാൾ മുന്നോട്ട്  പോയി.
"ശ്ശെടാ.... എന്നാലും.. അവരെ എവിടെയോ കണ്ടത് പോലെ " ഉള്ളിലുരുവിട്ടു.

 ആ വിട്ടിൽ നിന്നും ജീവിതയാത്ര ഒരുപാട് തളർത്തിയ ഒരു സ്ത്രീ ഇറങ്ങി വന്നു.  എതിർകക്ഷിയുടെ അമ്മ .
 ഒട്ടും സുഖകരമല്ലാത്ത ജപ്തി വിവരം ധരിപ്പിക്കുമ്പോൾ മറ്റുള്ളിടത്തിൽനിന്ന് വിഭിന്നമായി വലിയ ഭാവഭേദമൊന്നുമില്ലതെ അവർ പറഞ്ഞു.
"അവളിതല്ല സാറെ,,,,,,, ഇതിനപ്പുറവും ചെയ്യും. ഭാര്യയേയും മോനേയും കാണാൻ വർഷങ്ങൾക്ക് ശേഷം ഗൾഫീന്ന് വന്ന
ഒരുത്തന്റെ  കൈയ്യും കാലുമൊടിച്ച്  ഹോസ്പിറ്റിലിൽ കെടത്തിയിട്ടുണ്ട്... .....

"ദാണ്ടേ... നിങ്ങളിങ്ങോട്ട് വന്നേ.....  സാറൻമാര് വന്നു നിൽക്കുന്നു വീടും സ്ഥലവും ജപ്തി ചെയ്യാൻ "
അവരുടെ സ്വരത്തിൽ ആരോടൊക്കെയോ പുശ്ചം.
വലത് കൈയ്യിൽ പ്ലാസ്റ്ററിട്ട എതിർകക്ഷിയുടെ വൃദ്ധനായ പിതാവ് കടന്നു വന്നു.

"വീടും വസ്തുവുമെല്ലാം അവൾ എടുത്തോട്ടെ സാറെ ... ഞങ്ങളേയും മോനെയും ജീവനോട് വിട്ടാൽ മതി."
ഇരിക്കു സാറെ...
അടുത്തു കിടന്ന കസേര വലിച്ചിട്ടിരുന്ന ആ വയോധികൻ തുടർന്നു.
"സാറെ അവള് ടൗണിൽ ബ്യൂട്ടിപാർലറ് നടത്തുവാ....
ഞങ്ങളോ മോനോ പറഞ്ഞാലൊന്നും അവൾ കേൾക്കില്ല. എല്ലാം തോന്നിയത് പോലാ ''
ഒരു ചുമയുടെ ഗ്യാപ്പ് കിട്ടിയപ്പോൾ മാതാവിന്റെ ഭാഷ്യം

"ഒരു കുട്ടിയുള്ളതിന്റെ  കാര്യം പോലും നോക്കുന്നത് ഞങ്ങളായിരുന്നു."

വൃദ്ധൻ തുടർന്നു
"കഴിഞ്ഞയാഴ്ച അവൻ
നാട്ടിൽ വന്നപ്പോൾ അയച്ചുകൊടുത്ത പൈസയൊന്നും ബാങ്കിലുമില്ല, കണക്കുമില്ല. അത് ചോദിച്ചപ്പോൾ ഇവിടെ വലിയ ബഹളമുണ്ടാക്കി കുട്ടിയേയുമെടുത്ത് പോയതാ...''..
വീണ്ടും ചുമ
"പൈസയെല്ലാം ആരാണ്ട് ആൺപിള്ളാര് കൊണ്ടു പോയെന്നായിപ്പം നാട്ടുകാര് പറയുന്നത് "
മാതാവ്  കൂടെ വന്ന സഹപ്രവർത്തകയോടായി ശബ്ദം താഴ്ത്തി പറഞ്ഞു.

"ദാണ്ടെ കണ്ടോ സാറെ "
പ്ലാസ്റ്ററിട്ട കൈ ഉയർത്തിക്കൊണ്ട്  വൃദ്ധൻ തുടർന്നു.
"പോയതിന്റെ അടുത്ത ദിവസം അവളുടെ ആങ്ങളെയും കുറെ ഗുണ്ടകളുമായി വന്നു ഒരു വാക്ക് പോലും ചോദിയ്ക്കാതെ എനിയ്ക്കും മോനും ശരിക്കും തന്നു....
ശരീരമാസകലും ബാൻഡേജും ചുറ്റി പ്ലാസ്റ്ററുമിട്ടു ഒരുത്തൻ ആശൂത്രി കെടപ്പുണ്ട്. ഞങ്ങളുടെ മോൻ.''

അമ്മ ഇടയ്ക്ക് വീണു.
"സാറെ അവടെ ആങ്ങള അറിയപ്പെടുന്ന ഗുണ്ടയാ'
മോഷണവും പിടിച്ചുപറിയുമെക്കെയാ തൊഴിൽ. അഞ്ചാറ് കേസിലെ പ്രതിയാ, '',,

"മോളിങ്ങു താ എവിടെ വേണമെങ്കിലും ഞാനൊപ്പിട്ടു തരാം .
ആ പിതാവ് എന്തോ നിശ്ചയിച്ചുറപ്പിച്ച പോലെ കോടതിയിൽ നിന്നുള്ള പേപ്പറുകളിൽ "(ണ്ണ" ഇട്ടു. 
                       

 ബാക്കി ചടങ്ങുകളെല്ലാം തീർത്തു .
"ഇനി അവരേതാണന്നറിയേണ്ടന്ന് " മനസ്സിൽ ഉറപ്പിച്ചു.
ഞങ്ങൾ ചെന്ന് കാറിൽ കയറി.

കാർ വില്ലേജോഫീസ് ലക്ഷ്യമാക്കി ഓടിത്തുടങ്ങി.
"ആര് ഉണ്ടായിരുന്നു സാറെ. എന്തു പറഞ്ഞു. "
സ്ത്രീ ചോദിച്ചു.
 "അച്ഛനും അമ്മയും ഉണ്ടായിരുന്നു''. സഹപ്രവർത്തക പറഞ്ഞു.
അച്ഛൻ  ഒപ്പിട്ടു തന്നു.
ഞാൻ കൂട്ടിച്ചേർത്തു.
"അവറ്റകളൊന്നും പറഞ്ഞില്ലേ " സത്രീ
" ഇല്ല" ഞാൻ.

വിശ്വാസം വരാത്ത രീതിയിൽ അവരെന്തോ പിറുപിറുത്തു.
സഹോദരൻ ഡ്രൈവിംഗിലെ തന്റെ കഴിവുമൊത്തം ഇന്ന് ഞങ്ങളെ കാട്ടിത്തരുമെന്ന മട്ടിൽ കാറ് പായിച്ച് കൊണ്ടിരുന്നു.
"വെറും കൾച്ചർ ലെസ് ആൾക്കാരാണ് നമുക്കൊന്നുമവരോട് പൊരുത്തപ്പെടാൻ പറ്റില്ല സാറെ " സ്ത്രീ.
ഞങ്ങളിൽ നിന്നും പ്രതികരണമൊന്നുമുണ്ടാവത്തതു കൊണ്ടാവും പിന്നെയവരൊന്നും മിണ്ടിയില്ല.
വില്ലേജിലും സബ്ബ് രജിസ്റ്റാറിലും കയറി എതിർകക്ഷികളുടെ കിടക്കാടത്തിൽ അവസാനപൂട്ടും പൂട്ടി ഞങ്ങൾ തിരികെ കോടതിയിലേക്ക്.
എന്തോ പറയാനെന്നോണംഅവരെന്നെ നോക്കുന്നുണ്ട്.  ഞാൻ മുഖം കൊടുത്തില്ല.
കാറ് കോടതി മുമ്പിൽ നിന്നു. ഞങ്ങളിറങ്ങി.

"സാറിനെന്നെ ഇതു വരെ മനസ്സിലായില്ലേ"
 നമ്മുടെ ബ്യൂട്ടിഷന്റെ ചെംചുണ്ടിൽ നിന്നും വീണ്ടുമാചോദ്യമടർന്നു വീണു.

സാറെന്നെ പണ്ട് പെണ്ണുകാണാൻ വന്നതാണ് ഓർക്കുന്നുണ്ടോ ?
"നാള് ചേരാത്തത് കൊണ്ട്   
ബന്ധം നടക്കില്ലെന്ന്  ഞങ്ങള്  ബ്രോക്കറെ വിളിച്ചു പറഞ്ഞത്.. ''
തെളിഞ്ഞ ചിരിയോടവർ പറഞ്ഞു നിർത്തി.

ഉള്ളിൽ ചെറിയ ഞെട്ടലോടൊരു ഫ്ലാഷ്ബാക്ക്

 ഓ...ഒരു ബ്യൂട്ടിഷ്ൻ കോഴ്സ് പഠിയ്ക്കുന്ന പെണ്ണിനെ കാണാൻ പോയത് പെട്ടന്ന് ഓർമ്മ വന്നു.
"ഓ...ഓർക്കുന്നു"
 മറുപടി പറഞ്ഞു,വന്ന ഇളിച്ച ചിരി അതേ രീതിയിൽപാസ്സാക്കി വേഗം  തിരിഞ്ഞു നോക്കാതെ നടന്ന് കോടതിയുടെ സ്റ്റെപ്പ് കയറുമ്പോൾ സഹപ്രവർത്തകയുടെ ആക്കിയുള്ള ചിരിയും ''ഒഹോ " യെന്നുള്ള നോട്ടവുമൊന്നുമായിരുന്നില്ല മനസ്സിൽ ,

"നാള് ചേർന്നവന്റെ  ഇപ്പോഴത്തെ അവസ്ഥ മാത്രമായിരുന്നു. 

ഊറി വന്ന ചിരിയോടൊപ്പം ആ ചിന്ത  ചെന്ന് നിന്നത് "ആശുപത്രി കിടക്കയിൽ ശരീരമാസകലം ബാൻഡേജും ചുറ്റി,തലയിലഞ്ചാറ് സ്റ്റിച്ചുമായി, പ്ലാസ്റ്ററിട്ട കാലുകളിലൊന്ന് സ്റ്റാൻഡിൽ തൂക്കിയിട്ടിരിയ്ക്കുന്ന  "ദിലീപിന്റെ " ഒരു കഥാപാത്രത്തിലാണ്."

ഈശ്വരാ.......
ദൈവത്തിന് സ്തുതി....
____________________________

Post a Comment

1 Comments

  1. കൊള്ളാം സർ, നന്നായിട്ടുണ്ട് ....അടുത്തതിനായി കാത്തിരിക്കുന്നു

    ReplyDelete