നൂറനാട് സിബിഎം സ്കൂൾ: മെഗാ എക്സിബിഷൻ


നൂറനാട് (ആലപ്പുഴ): സംസ്ഥാന  ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - ഗണിതശാസ്ത്ര - ഐടി - പ്രവൃത്തിപരിചയ മേളകളുടെ ഭാഗമായി നൂറനാട് സി ബി എം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന 2019-'20 മെഗാ എക്സിബിഷൻ മേള ചെങ്ങന്നൂർ ഡിവൈഎസ്പി  അനീഷ് വി കോര ഉദ്ഘാടനം നിർവഹിച്ചു. പി. റ്റി. എ പ്രസിഡണ്ട് പ്രഭ വി മറ്റപ്പള്ളിയുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ പ്രോജക്ട് ഓഫീസർ എ. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - ഗണിതശാസ്ത്ര - ഐടി - പ്രവൃത്തിപരിചയ മേളകളിൽ യുപി,  എച്ച്എസ് വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളും പ്രദർശനശാലകളും കുട്ടികൾക്ക് കൗതുകമായി.  സ്കൂൾ എൻ സി സി, സ്കൗട്ട് & ഗൈഡ്സ്, റെഡ് ക്രോസ് ഇവയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ വൈവിധ്യമേറിയ സ്റ്റാളുകൾ ടെന്റുകളിൽ തയ്യാറാക്കിയത്  പ്രദർശന നഗരിക്ക് പുതുമ ഉളവാക്കി. അതോടൊപ്പം സ്കൗട്ട് & ഗൈഡ്സിന്റെ അഭ്യാസ പ്രകടനങ്ങളും സ്റ്റാമ്പുകളുടെ പ്രദർശനവും നടന്നു. പുരാവസ്തു ക്ലബ്ബ് ഒരുക്കിയ ചരിത്രാധിഷ്ഠിത വസ്തുക്കളുടെ പ്രദർശനം കുട്ടികളിലും മുതിർന്നവരിലും വേറിട്ട അനുഭവമായി. അക്കാദമിക് പ്രവർത്തനങ്ങൾ പാഠ്യേതര  വിഷയങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളുടെ സ്റ്റാളുകൾ ഒരുക്കിയ, വിദ്യാരംഗം കലാസാഹിത്യവേദി, കിഡ്സ് ഇംഗ്ലീഷ് ലിറ്റററി ക്ലബ്, ഹിന്ദി ക്ലബ്,  അറബി സംസ്കൃതം ക്ലബുകൾ ശ്രദ്ധേയമായി. പുതു വായനയുടേയും അറിവിന്റെയും അക്ഷരഖനി ഒരുക്കി സ്കൂളിലെ ഗീതാഞ്ജലി വായനശാല, പുസ്തകങ്ങളുടെയും ആനുകാലികങ്ങളുടെയും വിജ്ഞാനകോശങ്ങളുടെയും  പ്രദർശനമൊരുക്കി. കലാകായിക രംഗത്ത് അഭൂതപൂർവ്വമായ വളർച്ച നേടിയ കായിക പ്രതിഭകളുടെ നേട്ടങ്ങളെ ആവിഷ്കരിക്കുന്ന സ്റ്റാളുകൾ സ്കൂൾ സ്പോർട്സ് ക്ലബ്ബായ ബ്ലാക്ക് സോക്സ് അക്കാദമി ഒരുക്കി.  സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സീഡ് ബോൾ, ഹരിത മാഗസിൻ പ്രദർശനം, ചിലവുകുറഞ്ഞ പൂന്തോട്ട നിർമ്മാണം, ഔഷധ സസ്യത്തോട്ടം, വിത്തുകൾ ഇവയുടെ പ്രദർശനവും സംഘടിപ്പിച്ചു.  ആർട്ട് & ക്രാഫ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുഡ്  പ്രിസർവേഷൻ, സ്റ്റേറ്റ് വിന്നേഴ്സിന്റെ നേതൃത്വത്തിൽ ഫുഡ് കോർട്ടും കരകൗശല പ്രദർശനവുമൊരുക്കി. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ  വിവിധ സ്കൂളുകളിൽ നിന്നായി നൂറുകണക്കിന് വിദ്യാർത്ഥികളും, അധ്യാപകരും,  രക്ഷിതാക്കളും  പ്രദർശനം കാണുന്നതിനായി എത്തിച്ചേർന്നു. പ്രസ്തുത ചടങ്ങിൽ   പഞ്ചായത്ത് അംഗങ്ങളായ ആർ മഞ്ജു,  എസ്. രജനി,          ഹെഡ്മിസ്ട്രസ്സ്  ആർ. സജിനി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ ഹരീഷ് കുമാർ,  പിടിഎ വൈസ് പ്രസിഡണ്ട് ഹാഷിം ഹബീബ്, പിടിഎ എക്സിക്യൂട്ടീവ് അംഗം സുഭാഷ് മംഗലശ്ശേരി,  മദേഴ്സ് ഫോറം പ്രസിഡണ്ട് രാജി വിനോദ്, സ്റ്റാഫ് സെക്രട്ടറി സ്മിതാ ബി പിള്ള എന്നിവർ സംസാരിച്ചു.

Post a Comment

0 Comments