നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമായി
കണ്ടുവരുന്ന ഒരു പ്രവണതയാണ് യുവാക്കളിലെ ആത്മഹത്യ. രാവിലെ നമ്മളെ തേടിയെത്തുന്ന പത്രങ്ങളില്‍ ചരമകോളങ്ങളിലെ ആത്മഹത്യ വാര്‍ത്തകള്‍ സങ്കല്പത്തിനും അപ്പുറമായി കഴിഞ്ഞിരിക്കുന്നു. നമ്മുടെ ആഗ്രഹ സാഫല്യത്തിനായല്ല നാം ഭൂമിയിലേക്കും മനുഷ്യകുലത്തിലേക്കും പിറന്നുവീണതെന്ന് അറിയാതെ പോകുന്നു. എന്തിനുവേണ്ടിയാണ് ഇവര്‍ ആത്മഹത്യ ചെയ്തത് ? എന്ന ചോദ്യം നാം പലവട്ടം നമ്മോട് തന്നെ ചോദിച്ചിട്ടുള്ളതാണ്. സാമ്പത്തിക തകര്‍ച്ച, പ്രണയനൈരാശ്യം, മാനസിക സംഘര്‍ഷങ്ങള്‍ ഇങ്ങനെ പലകാര്യങ്ങള്‍ കാരണമായേക്കാം. എന്നാല്‍ നാം ബോധപൂര്‍വ്വം മറന്നുപോയ ഒരു കാരണമുണ്ട്- തോല്‍ക്കാനുള്ള ബുദ്ധിമുട്ട് . അതായത് ജീവിത പരാജയങ്ങള്‍ ഏറ്റുവാങ്ങാന്‍ ശേഷിയില്ലാത്ത ഒരു തലമുറയാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്, ഇനി വരാന്‍ പോകുന്നതും.
സ്വന്തം ആരോഗ്യവും പ്രതീക്ഷയും കൊടുത്ത് വളര്‍ത്തി വലുതാക്കിയ മക്കള്‍ നിസ്സാരകാര്യങ്ങള്‍ക്ക് ആത്മഹത്യ മാര്‍ഗ്ഗമാക്കുന്നത് എന്തിനെന്ന് ഒരു മാതാപിതാക്കളും ചിന്തിച്ചു കാണില്ല. എന്നാല്‍ അവരറിയാതെ പറഞ്ഞുപോയ ഒരു വലിയ സത്യം ഇതിന് പിന്നിലുണ്ട്. അവന് തോല്ക്കാന് അറിയില്ല, തോല്‍വി എന്തെന്ന് അവനറിഞ്ഞിട്ടില്ല. എല്ലായിടത്തും അവനെ ഞങ്ങള്‍ ജയിപ്പിച്ചു. പക്ഷെ...അവന്റെ ഇന്നത്തെ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദി ? കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അവന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവന്റെ കണ്ണുനിറയുന്നതോ പിണങ്ങുന്നതോ സഹിക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നില്ല. പതുക്കെ പതുക്കെ അവന്റെ മനസ്സ് ആ തലത്തിലേക്ക് എത്തുന്നു. എന്തും നേടിയെടുക്കാന്‍ ഒന്നു കരഞ്ഞാല്‍ മതി അല്ലെങ്കില്‍ പിണങ്ങിയാല്‍ മതി എന്നാകുന്നു. ഈ കരുണയും സ്നേഹവും വാല്സല്യത്തിനും പിന്നിലുള്ള മാതൃത്വവും പിതൃത്വവുമാണ് അവന്റെ എല്ലാ ഇഷ്ടങ്ങളും സാധിച്ചെടുക്കാനുള്ള നാഴികകല്ല്. ഇതേ കരുതലാണ് അവന് സമൂഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നതെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ താങ്ങാനുള്ള മനക്കട്ടി ആ ലോലമായ മനസ്സിന് ഉണ്ടാകണമെന്നില്ല. നിസ്സാരകാര്യങ്ങളില്‍ പോലുമുള്ള തോല്‍വികള്‍ (അല്ലെങ്കില്‍ ആഗ്രഹങ്ങള്‍ നടക്കാതെ വരുമ്പോള്‍) അവന്റെ ചിന്തകള്‍ ഇനി എന്തിന് ഞാന്‍ ജീവിക്കണം ? എന്നതിലേക്ക് എത്തിച്ചേരുന്നു.
ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും എന്ന സത്യം ചെറുപ്പത്തിലെ തന്നെ മനസ്സിലാക്കി കൊടുക്കേണ്ടത് ഓരോ മാതാപിതാക്കളുടേയും ഉത്തരവാദിത്വമാണ്. എന്നാല്‍ മാത്രമേ ചെറിയ ചെറിയ തിരിച്ചടികള്‍ നേരിടുമ്പോള്‍ പോലും അവന് തകരാതെ പിടിച്ചുനില്ക്കാന് കഴിയുകയുള്ളു. അവന് ആവശ്യമില്ലാത ഒരു വസ്തുവിനോടാണ് ആഗ്രഹം തോന്നുന്നതെങ്കില്‍ അത് നിറവേറ്റികൊടുക്കാന്‍ നാം തയ്യാറാകരുത്. വാശിപിടിക്കുന്നതെല്ലാം മുന്നില്‍ എത്തിച്ചു കൊടുക്കരുത്. ആ വസ്തുവില്‍ അവന്റെ അര്‍ഹത മനസ്സിലാക്കി കൊടുക്കുക. ഒന്നും നിസ്സാരമായി കിട്ടുകയില്ലെന്നും, എല്ലാതിനും പിറകില്‍ സത്യസന്ധമായ അദ്ധ്വാനവും കൂടി വേണമെന്നും ബോദ്ധ്യപ്പെടുത്തുക. അവന് കരയട്ടെ, വാശിപിടിക്കട്ടെ,
നടക്കില്ലെന്നറിയുമ്പോള്‍ അതിനോട് പൊരുത്തപെടട്ടെ. ഈ ചെറിയ തിരിച്ചടികള്‍ അവന്റെ മനസ്സിന് ബലം നല്‍കും. മൊബൈല്‍ ഗെയിം കളിക്കാന്‍ കൊടുക്കാത്തതിന്റെ പേരില്‍ പതിനൊന്നു വയസ്സുകാരന് ആത്മഹത്യ ചെയ്ത വാര്‍ത്ത നമ്മളെല്ലാം പത്രത്തിലോ സോഷ്യല്‍ മീഡിയയിലോ കണ്ടിട്ടുണ്ടാകും. ഒരുപക്ഷെ അമ്മയെ ഒന്നു പേടിപ്പിക്കണം എന്ന ചിന്തയേ ആ കുഞ്ഞിന് ഉണ്ടാവുള്ളായിരിക്കാം. എന്നാല്‍ അവന്റെ വാശി നടക്കാത്തതിലുള്ള അമര്‍ഷവും വിഷമവും ആ കുഞ്ഞുമനസ്സിനെ ഒരുപാട് വേദനിപ്പിച്ചതുമാകാം. തിരിച്ചറിവാകുന്നതിന് മുന്‍പേ സ്വന്തം ആഗ്രഹങ്ങള്‍ സാധിക്കണം ഇല്ലെങ്കില്‍ ജീവിതത്തിന് അര്‍ത്ഥമില്ല എന്ന തോന്നല്‍ കൂടിയാകാം അവനെ ഇവിടെ കൊണ്ട് എത്തിച്ചത്. കുഞ്ഞുനാളുകളില്‍ ഭക്ഷണം കഴിക്കാനും കുറച്ചുനേരത്തേക്ക് അടങ്ങിയിരിക്കാന്നും വേണ്ടി ആ അമ്മതന്നെയാകാം മൊബൈല്‍ അവന്റെ കൈയ്യില്‍ വച്ചുകൊടുത്തത്.
കുട്ടികളെ തോല്ക്കാന് കൂടി പഠിപ്പിക്കുക. മറ്റുള്ളവരേക്കാളും എന്റെ മകന്/മകള്‍ മുന്നിലെത്തണം എന്ന ചിന്തയും ആഗ്രഹവും എല്ലാ രക്ഷിതാക്കളുടേയും ആഗ്രഹമാണ്. എന്നാല്‍ അതോടൊപ്പം അവന്/അവള് നാളത്തെ പൗരനായി ഈ സമൂഹത്തില്‍ ജീവിക്കാന്‍ പ്രാപ്തരാണോ എന്നുകൂടി വിലയിരുത്തുക. വ്വക്തിത്വം സ്വയം ഉണ്ടാക്കാന്‍ അവര്‍ പഠിക്കട്ടെ. ജീവനും ജീവിതത്തിനും ഒരു ബൈക്കിന്റെയോ മൊബൈലിന്റെയോ വില അല്ല ഉള്ളതെന്നും, മനുഷ്യ ജന്മത്തിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ടെന്നും അവര്‍ക്ക് മനസ്സിലാക്കി കൊടുക്കുക. മാരകമായ അസുഖകിടക്കയിലും ജീവന് തിരിച്ചുപിടിക്കാന്‍ നെട്ടോട്ടമോടുന്ന ജനതയുടെ ഇടയില്‍ സ്വയം ജീവന്
ജീവന് നിസ്സാരകാര്യങ്ങള്‍ക്ക് ഹോമിക്കുന്നവരുടെ മണ്ടത്തരങ്ങള്‍ പറഞ്ഞു കൊടുക്കുക. ജീവിത വിജയത്തിന് തോല്‍വികള്‍/ തിരിച്ചടികള്‍ അനിവാര്യമാണ്. അത് നല്കുന്ന പാഠങ്ങള്‍ ഉള്‍ക്കൊണ്ടുവേണം വിജയത്തിന് തയ്യാറെടുക്കാന്‍. തോറ്റു ജയിച്ചു വേണം വരും തലമുറയുടെ ജീവിതം മുന്‍മ്പോട്ടു പോകാന്‍.


4 Comments
നല്ല വീക്ഷണം, ഒരുപാട് എഴുതാൻ കഴിയട്ടെ
ReplyDeleteഒത്തിരിയിഷ്ടം ചങ്ങാതി.
ReplyDeleteപ്രിയപ്പെട്ട രജിൻ ഇ ദളത്തിൽ എഴുതുന്നുണ്ട് എന്നറിഞ്ഞപ്പോൾ മുതൽ വായിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.എഴുത്ത് നന്നായിട്ടുണ്ട്.എല്ലാ ഭാവുകങ്ങളും
ReplyDeleteഉണ്ണിമോനേ..നന്നായി എങ്കിലും ഇത് ഒരു വശം മാത്രമാണ്.
ReplyDelete