അമ്മേ ഞാന്‍ വരില്ല..... വരില്ലെന്ന് പറഞ്ഞാന്‍ വരില്ല....
ഞാന്‍ പറഞ്ഞതല്ലേ ഡിഗ്രി കംപ്ളീറ്റ് ചെയ്തിട്ട് എനിയ്ക്ക് വിവാഹം ആലോചിച്ചാല്‍ മതിയെന്ന് ......'
സ്നേഹയുടെ കൈയ്യിലിരുന്ന മൊബൈല്‍ അവളിലെ ദേഷ്യത്താല്‍ വിറയ്ക്കുന്നുണ്ടായിരുന്നു.
മറുതലയ്ക്കല്‍ അവളുടെ അമ്മയാണ്.
'ആ... ചെറുക്കന് വന്നിരിയ്ക്കുന്നെങ്കില് ഇരുന്നിട്ട് പോട്ടെ...
അല്ലെങ്കില്‍ അമ്മയൊരു സാരിയുടുത്ത് ചായയുമൊക്കെയായി ചെല്ലൂ.... ഞാന്‍ വരില്ല.'
അവള് ഫോണ്‍ കട്ട് ചെയ്ത് അരുണ്‍ കിടന്നിരുന്ന കട്ടിലിനോട് ചേര്‍ത്തിട്ടിരുന്ന മേശപ്പുറത്തേക്ക് വെച്ചു.
ഫോണ്‍ വീണ്ടും തുടരെ തുടരെ റിംഗ് ചെയ്തു. അവള് കോളെടുത്തില്ലെന്ന് മാത്രമല്ല, ഫോണെടുത്ത് സ്വിച്ച് ഓഫ് ചെയ്ത് മാറ്റി വെച്ചു.
'എന്താ കുട്ടീ ഇതൊക്കെ....
മോളെ ഞങ്ങള്‍ പാവങ്ങളാണ്...
ഇനി എന്തൊക്കെ പുകിലാ ഉണ്ടാകാന്‍ പോവുന്ന തെന്ന് ആര്‍ക്കറിയാം. എന്റെ കുട്ടിയ്ക്കാണെങ്കില്‍ എണിറ്റ് നടക്കാനോ മിണ്ടാനോകൂടി കഴിയാത്ത അവ സ്ഥയാണ്.'
അരുണിന്റെ കട്ടിലിലിരുന്ന അവന്റെ കാല് തടവിക്കൊണ്ട് അവന്റെയമ്മ ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.
അരുണ്‍ ഹോസ്പിറ്റലില്‍ നിന്ന് വന്നതിന് ശേഷം അവള് ആ വീട്ടിലെ നിത്യസന്ദര്‍ശകയായി.
മിക്കപ്പോഴുംഅവന്റെയമ്മ അടുക്കളയില്‍ തന്നെ ആയിരിക്കുന്നതിനാല്‍ അവന് സമയത്ത് മരുന്ന് കൊടുക്കുന്നതും മറ്റു കാര്യങ്ങളൊക്കെ നോക്കിയി രുന്നത് അവള് തന്നെയായിരുന്നു. എന്തോഒരു അവകാശം പോലെയോ, കടമ പോലെയോ ഒക്കെയായിരുന്നു അവളതൊക്കെ ചെയ്തിരുന്നത്.
' പണമോ. ജാതിയോ നോക്കിയല്ലല്ലോ അമ്മേ അന്ന് ഇവനെന്നെ രക്ഷിച്ചത്.
അരുണപ്പോള്‍ അതൊക്കെ നോക്കിയിരുന്നെങ്കില്‍ എന്റെ അവസ്ഥ എന്താവുമായിരുന്നുവെന്ന് എന്റെ മാതാപിതാക്കളോ, നിങ്ങളോ ചിന്തിയ്ക്കാത്തത് എന്താണ്?... '
അവള് മേശവലിപ്പ് തുറന്ന് ഗുളികയും ജെഗ്ഗില്‍ നിന്ന് വെള്ളവും എടുത്ത്, അവന്റെ മുഖത്തിന്റെ പകുതിയില്‍ കൂടുതല്‍ മറച്ചിരുന്ന ടൗവ്വല് മാറ്റി, താങ്ങി എണീപ്പിച്ച് അവന് നല്കി.
ആ മുഖം കണ്ടപ്പോള്‍ അവള്‍ക്ക് വല്ലാതെ ഭയം തോന്നിയെങ്കിലും പുറത്ത് കാട്ടിയില്ല.
'എല്ലാം ഭേദമായിട്ടുണ്ട്. ഇല്ലേയമ്മേ...'
'അവര്‍ അതിനായിരുന്നില്ല മറുപടി പറഞ്ഞത്.
'മോളെ നിന്റെ മനസ്സ് എനിയ്ക്ക് മനസ്സിലാവും
പക്ഷെ നിന്റെ മാതാപിതാക്കള്‍ ,അവരുടെ പ്രതീക്ഷകള്‍, നിലയും വിലയും, ഒരിയ്ക്കലും അവരിതിന് സമ്മതിയ്ക്കില്ല.
നീ വേഗം വീട്ടിലോട്ട് ചെല്ലൂ... മാതാപിതാക്കാളെ അനുസരിക്കു... '
'ഇല്ലമ്മേ ... ഞാന്‍ പോവില്ല.ഞാന്‍ ആരുടെയെങ്കിലും മുമ്പില്‍ താലികെട്ടാനായി തല താഴ്ത്തുകയാണെങ്കില്‍ അത് അരുണിന്റെ മുമ്പില്‍ മാത്രമായിരിക്കും.'
'മോള്‍ക്കറിയാമല്ലോ
ഇവന്റെ അച്ഛന് വെറുമൊരു പ്രൈവറ്റ് ബസ്സിലെ കണ്ടക്ടറാണ് '. ഇവനിപ്പോള്‍ ജീവച്ഛവവും. ഇയൊരവസ്ഥയില്‍ എല്ലാ സുഖ സൗകര്യങ്ങളിലും വളര്‍ന്ന നിന്നെ എന്റെ മോനാഗ്രഹിയ്ക്കാനേ പാടില്ല...'
അവര്‍ അവനെ നോക്കി .
മുകളില്‍ കറങ്ങുന്ന ഫാന്‍ സൃഷ്ടിച്ച വൃത്തത്തിന്റെ മധ്യത്തിലായിരുന്ന അവന്റെ കണ്ണുകള്‍ ദൈന്യതയോടെ അവരിലേക്കായി.
ഹോസ്പിറ്റലിലായതിനുശേഷം ആരുമാറിയാതെ അവള് കാണാന്‍ വന്നതുമുതല്‍ അതുവരെയുള്ള അവളുടെ അധികാരത്തോടെയുള്ള ചെയ്തികളില്‍ നിന്നോ, വക്കുകള്‍ കൊണ്ടോ, എന്തോയെപ്പോഴാ അവളവന്റെ ആരൊക്കെയോ ആണെന്ന തോന്നാല്‍ അവനിലും മുള പൊട്ടിയിരുന്നു.
'മോളെ നിന്റെ നല്ല മനസ്സുകൊണ്ടോ, പ്രായത്തിന്റെ അവിവേകം കൊണ്ടെക്കെയോ ഇപ്പോള്‍ ഇങ്ങനെയൊക്കെ തോന്നാം..
കുറെ കഴിയുമ്പോള്‍ അബദ്ധമായിപ്പോയെന്ന് തോന്നും.''
'കാലിന്റെ പ്ലാസ്റ്ററെടുത്തു കുറെ കഴിഞ്ഞാല്‍ അരുണിന് പഴയത് പോലെ ആ പ്രൈവറ്റ് ഫേമിലെ ജോലിയ്ക്ക് പോകാന്‍ കഴിയില്ലേ അമ്മേ ?.
പിന്നെ അവന്റെ മുഖം, അതിന് കാരണക്കാരി ഞാനല്ലേ? ആ മനസ്സിന്റെ സൗന്ദര്യം എത്രത്തോള മുണ്ടെന്ന് ഞാനനുഭവിച്ചറിഞ്ഞതാണ്... അതുകൊണ്ട് തന്നെമറ്റൊന്നുമെനിയ്ക്ക് പ്രശ്നമല്ല .'
വീണ്ടും ആ അമ്മ എന്തോ പറയാന്‍ തുടങ്ങി യപ്പോള്‍ അവള് ചെന്ന് അവരുടെ വാ പൊത്തി.
'അമ്മ ഇനിയും കൂടുതലൊന്നും പറയേണ്ട.'' 'വെറുതെ അരുണിനെ കൂടുതല്‍ 'വിഷമിപ്പിയ്ക്കാതെ..
എല്ലാം ശരിയാവും..'
'ജനലിലൂടെ വിദൂരതയിലേക്ക് കണ്ണുംനട്ട് കിടന്നിരുന്ന
അരുണ്‍ അവളെ നോക്കി..
'എന്നെ സഹായിക്കാന്‍ ശ്രമിച്ച ആ നിമിഷത്തെ അരുണിപ്പോള്‍ ശപിയ്ക്കുന്നുണ്ടാവും,
അമ്മയും...'
അരുണില്‍ നിന്ന് നിര്‍വികാരത നിറഞ്ഞ നോട്ടം മാത്രം.
'വിപിന്‍... അവന് പോലീസും കോടതിയും നല്കുന്നതിനേക്കാള് വലുത് ദൈവം കരുതിയിട്ടുണ്ടാവും ...അത്രമാത്രം കണ്ണിരല്ലേയമ്മേ നമ്മള് പൊഴിയ്ക്കുന്നത്.... '
നടുറോഡില്‍ അലറിക്കരഞ്ഞോടിയ ആ രംഗങ്ങള്‍ , ഒരിക്കല്‍ക്കൂടി ഭീതിയോടെ അവളുടെ ചിന്താമണ്ഡലത്തെ ഉണര്‍ത്തി.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
വിപിന്‍ രാജ്, സ്നേഹ കോളേജിലേക്ക് പോകുമ്പോള്‍ നിരന്തരമവളുടെ പിറകെ നടന്നു ശല്യംചെയ്തിരുന്ന യുവാവ്. നഗരത്തിലെ പ്രശസ്തമായ രാജ് മാളിന്റെ ഉടമയുടെ മകന്. പെണ്‍കുട്ടികളെ പ്രണയം നടിച്ച് തന്റെ വരുതിയിലാക്കിയതിന് ശേഷം ഉപേക്ഷിച്ചു കളയുന്ന സ്വഭാവം.
ആ സംഭവത്തിന് രണ്ടു ദിവസം മുമ്പ് അവള് കോളേജില്‍ പോകാനായി നടക്കുമ്പോള്‍ പതിവ് പോലെ ബൈക്കില്‍ അവന് പിറകെ കുടി..
'ഞാന്‍ ഇത്രയും ദിവസം പിറകെ നടന്നിട്ട് ഇതുവരെയും താന്‍ മറുപടിയൊന്നും പറഞ്ഞില്ലല്ലോ.. '
അന്നവള്‍ രണ്ടും കല്പിച്ച് മറുപടി പറഞ്ഞു.
'സോറി.. താങ്കളെ എനിയ്ക്കങ്ങനെ കാണാന്‍ കഴിയില്ല. ദയവായി ഇനിയെന്നെ ശല്യം ചെയ്യരുത്. '
'അങ്ങനെ പെട്ടെന്നങ്ങ് പറയരുത്.
മോളിന്ന് പോയി ശരിയ്ക്കുമാലോചിച്ചിട്ട് നാളെ...നാളെ വരുമ്പോള്‍ മറുപടി പറഞ്ഞാല്‍ മതി.'
'എനിയ്ക്കൊന്നുമിനിയാലോചിയ്ക്കാനില്ല. ഇനിയുമെന്നെ ശല്യം ചെയ്താല്‍ ഞാനെന്റെ വീട്ടില്‍ പറയും.'
അവള് പറഞ്ഞു തീരുന്നതിനു മുമ്പേ തന്നെ 'എന്നാല്‍ ശരി മോളെ... നമുക്ക് നാളെക്കാണാം ' എന്ന് പറഞ്ഞയാള്‍ ബൈക്ക് വിട്ടു പോയി.
പിറ്റെ ദിവസവും അവളോടവന് വഴിയില്‍ സംസാരിയ്ക്കാന്‍
ശ്രമിച്ചെങ്കിലും അവനെയൊന്നു നോക്കുക പോലും ചെയ്യാതെ അവള് നടന്നു പോയി.
ബസ്സ്സ്റ്റോപ്പു വരെ പിറകെ ചെന്നിട്ടയാള് ഇളിഭ്യനായി തിരികെപ്പോയി. എന്നാല്‍ അടുത്ത ദിവസം അവള് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ അവള്‍ക്കെതിരായി ബൈക്കിലെത്തിയ അയാള്‍ അവളെ വഴിയില്‍ തടഞ്ഞു നിര്ത്തിന്നു. സ്നേഹ അമ്പരപ്പോട് നില്ക്കുമ്പോള് ബൈക്കിന്റെ ബാഗില്‍ ബോട്ടിലില്‍ കരുതിയിരുന്ന എന്തോ ദ്രാവകമെടുത്ത് പെട്ടെന്നവളുടെ മുഖത്തേക്കൊഴിയ്ക്കുന്നു. എന്നാല്‍ ഈ രംഗം കണ്ടു, കൊണ്ട് അപ്പോള്‍ അതുവഴി ബൈക്കില്‍ വന്ന അരുണ്‍ പെട്ടന്ന് വിപിന്റെ കൈയ്യിലെ ബോട്ടില്‍ തട്ടിത്തെറിപ്പിയ്ക്കുന്നു. എന്നാല്‍ അതിലെ ദ്രാവകം മുഴുവനായും അരുണിന്റെ മുഖത്തേക്ക് തന്നെ പതിക്കുന്നു.
ആസിഡ്.
പൊള്ളിലിന്റെ തീവ്രവേദനയാല്‍ അവന് മുഖം പൊത്തി.
അവനെ തള്ളിയിട്ടതിന് ശേഷം കടന്നു കളയാന്‍ ശ്രമിച്ച വിപിനെ പെട്ടന്ന് അവിടെ കൂടിയ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
ഹോസ്പിറ്റലില്‍ നിന്ന് അരുണ്‍ വീട്ടില്‍ വന്നിട്ട് ഒരാഴ്ചയാകുന്നു.
ഭാഗീകമായി നഷ്ടപ്പെട്ട ഒരു കണ്ണിന്റെ കാഴ്ച വീണ്ടെടുക്കാന്‍ അടിയന്തരമായി ഒരു ശസ്ത്രക്രിയ വേണ്ടി വന്നു. കൂടാതെ വിപിന്‍ തള്ളിയിടുമ്പോള്‍ മുട്ടുകുത്തി വീണതിനാല്‍ അവന്റെ വലത്തു കാലിന് ഫ്രാക്ചര്‍ ഉണ്ടായിരുന്നു. പ്ലാസ്റ്ററിടേണ്ടി വന്നു.
മുഖമാവട്ടെ പകുതിഭാഗവും പൊള്ളി വികൃതമായിപ്പോയി.
എന്നാല്‍ തനിയ്ക്ക് വേണ്ടി ദുരന്തമേറ്റുവാങ്ങിയ അരുണുനോടുള്ള
കടപ്പാട്, ഇഷ്ടം ഇതിനോടകം സ്നേഹയില്‍, പ്രണയത്തിന്റെ വല്ലാത്തൊരു തലത്തിലേക്ക് വളര്‍ന്നിരുന്നു.
..................................
ഒരു ജീപ്പ് വന്ന് നില്ക്കുന്ന ശബ്ദമാണ് അവളെ ചിന്തയില്‍ നിന്നുണര്‍ത്തിയത്.
അവളൊന്ന് ഞെട്ടി.
ജീപ്പില്‍ നിന്നിറങ്ങി വന്ന സ്നേഹയുടെ പിതാവ് അവര്‍ക്കു നേരെ നടന്നുവന്ന് സ്നേഹയുടെ ചെകിട്ടത്തൊന്നു കൊടുത്തു.
'പറയിപ്പിക്കാനുണ്ടായ അസത്തേ.. '
തലചുറ്റിപ്പോയ അവള് മുഖം പൊത്തി.
'അരുത് സാറെ ആ കുട്ടിയെ തല്ലരുത്.'
അരുണിന്റെയമ്മ ഇടയ്ക്ക് കയറി.
'മാറി നിന്നോണം തള്ളേ....' .
അയാള്‍ അവര്‍ക്ക് നേരെ ചീറി.പിന്നെ കട്ടിലില്‍ കിടന്ന അരുണിനു നേരെ തിരിഞ്ഞു.
'നീ കാണിച്ച ഹീറോയിസത്തിന് വേണമെങ്കില്‍ ഒന്നോ രണ്ടോ ലക്ഷം തന്നേക്കാം'...
അല്ലാതെയെന്റെ മോളേ വെണമെന്ന് പറഞ്ഞു വന്നാലുണ്ടല്ലോ കൊന്നുകളയും അശ്ളീകരമേ... നിന്നെ ഞാന്‍.. ഓര്‍ത്തോ....'
ദയനീയമായി അവന് അയാളെ നോക്കി.
'വാടി... ഇവിടെ.. '
അയാള്‍ സ്നേഹയുടെ കൈയ്യില്‍ കടന്നുപിടിച്ചു.
'ഇല്ല... ഞാന്‍ വരില്ല.'
'പോയി കേറടി ജീപ്പിലേക്ക് ....'
അയാള്‍ ദേഷ്യ കൊണ്ട് ഉറഞ്ഞു തുള്ളുകയായിരുന്നു.
അവളെ പിടിച്ച് വലിച്ചുകൊണ്ടയാള്‍ ജീപ്പി നടുത്തേക്ക് കൊണ്ടുപോയി.
.അവള് കുതറിയും എതിര്‍ത്തും പിടി വിടുവിപ്പിയ്ക്കാന്പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു.
' എന്നെ വിടൂ. ഞാന്‍ വരില്ല..
അവനെ ഞാനല്ലാതെ ആരാണച്ഛാ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടത്.?
പ്ലീസ്...അച്ഛനെന്നെ മനസ്സിലാക്കു... ''അവനെന്നെ വേണം.'
'ഫാ.. നിന്റെയൊരു പ്രേമം... ഒറ്റയ്ക്കൊ രെണ്ണമായിപ്പോയി അല്ലെങ്കില്‍...' അയാള്പല്ലു കടിച്ചു.
അയാളും ജീപ്പിലിരുന്ന മറ്റു രണ്ടുപേരും കൂടി അവളെപ്പിടിച്ച് ജീപ്പിലേയ്ക്ക് വലിച്ചു കയറ്റി. അവളെയും കൊണ്ട് ആ ജീപ്പ് പാഞ്ഞു പോയി.
നിസ്സഹായയായി നോക്കി നിന്ന ആ അമ്മ ,മകന്റെ മുഖത്തേക്ക് നോക്കാന്‍ കഴിയാതെ,തളര്‍ന്ന് കട്ടിലിലേക്കിരുന്നു. ആശ്രയത്തിനായി തന്നിലേക്കും മകനിലേക്കും നീണ്ട ആ നിറമിഴകളായിരുന്നു അവരുടെ യുള്ളില്‍.
അരുണിനാകട്ടെ ഒന്നു ചലിയ്ക്കാന്‍ കൂടി കഴിഞ്ഞില്ല. അമ്ലം മുഖത്തേക്ക് പതിച്ചപ്പോള്‍ ഉളവായതിനേക്കാള് പതിന്മടങ്ങ് തീഷ്ണമായ നൊമ്പരം, നീറ്റല്‍, പെള്ളല്‍ ആ ഹൃദയത്തി ലേറ്റതിനാലാവാം അവന്റെയാ പൊള്ളി വികൃതമായിപ്പോയ മുഖത്തിലൂടെ ചുടുകണ്ണീര് താഴേക്കൊഴുകി ക്കൊണ്ടേയിരുന്നു...
◆



1 Comments
പ്രസാദ് സർ... തകർത്തു.... സൂപ്പർ.. ഇനിയും പ്രതീക്ഷിക്കുന്നു
ReplyDelete