സംഗീതലോകത്തെ കുഞ്ഞാറ്റക്കിളികള്‍ | സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്‌

  • സുഗതന്‍ എല്‍. ശൂരനാട് 
  • 9496241070

സംഗീതമെന്ന അനന്ത സാഗരത്തെ ജനകീയമായി മാറ്റിയ, കുഞ്ഞാറ്റയെന്ന അദീതയും  പൈങ്കിളിയെന്ന അദ്വൈതയും  ഒരു പ്രദേശത്തിലെ   ആബാലവൃദ്ധ ജനങ്ങളുടെയും   ആരാധനാ പാത്രങ്ങളായി മാറുന്ന അത്ഭുത കാഴ്ച. 
അതേ... അതാണിപ്പോള്‍    നാട്ടിലെങ്ങും
വര്‍ത്തമാനം....
ഇത് നാട്ടുകാരുടെ സ്വന്തം കുഞ്ഞാറ്റകിളികള്‍......
അഥവാ ഞങ്ങളുടെ സ്വന്തം പാലക്കുളങ്ങര സിസ്റ്റേഴ്‌സ്..... 
ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഈ ഇരട്ട പെണ്‍കൊടികള്‍ ജീവിതത്തില്‍ നേടിയെടുത്തത്   അനുവര്‍ണ്ണനീയമായ  നേട്ടങ്ങളാണ്. തങ്ങള്‍ കൈതൊട്ട സര്‍വ്വ മേഖലയിലും മായാത്ത കൈയൊപ്പുകള്‍ ചാര്‍ത്തി മുന്നേറ്റം തുടരുകയാണ് ഇരുവരും.
 എട്ടാം വയസില്‍ സംഗീത  അരങ്ങേറ്റം പത്താം വയസില്‍ അറുപതോളം വേദികള്‍, പതിമൂന്നാം  വയസിലെത്തിയപ്പോള്‍ അത് ഇരുന്നൂറിനോടടുക്കുന്നു.  ഇത് കൊല്ലം ജില്ലയില്‍ ശൂരനാട് തെക്ക് പഞ്ചായത്തില്‍ ആയിക്കുന്നം പാലക്കുളങ്ങരയില്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥനായ രാജ്കുമാറിന്റെയും ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരിയായ ദേവികാ രാജിന്റേയും ഇളയ മക്കളും ഇരട്ടകളുമായ അദ്വൈതയും അദീതയും.

നിമിത്തമായത് സഹോദരന്റെ സംഗീത പഠനം  
------------------------------------------------------------------------
ഇപ്പോള്‍ വൈദ്യശാസ്ത്രത്തില്‍ രണ്ടാം  വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ മൂത്ത സഹോദരന്‍   അക്ഷയ് രാജിനെ  സംഗീതം പഠിപ്പിക്കുവാന്‍ വീട്ടിലെത്തിയ മാഷിന്റെ സമീപം നാലുവയസുള്ള കുഞ്ഞാറ്റകള്‍ തുള്ളിക്കളിച്ചപ്പോള്‍ ഇടക്കെപ്പോഴോ അവരറിയാതെ ഈണങ്ങള്‍ ഏറ്റുചൊല്ലുകയായിരുന്നു. പ്രശസ്ത സംഗീത അദ്ധ്യാപകനായ ആനയടി അനില്‍കുമാര്‍ കുഞ്ഞുങ്ങളെ ചേര്‍ത്തു  നിര്‍ത്തി ചോദിച്ചു 'മക്കളുമാര്‍ക്ക് പാട്ട് പഠിക്കുവാന്‍ ഇഷ്ടമാണോ 'രണ്ടുപേരും ഒരു പോലെ തലയാട്ടി.. പിന്നെ മാഷ് ഒട്ടും അമാന്തിച്ചില്ല അന്നുമുതല്‍ മൂത്ത സഹോദരനോടൊപ്പം രണ്ടുപേരെയും പിടിച്ചിരുത്തി. സഹോദരന്റെ ഇരുവശവും ഇരുന്നുകൊണ്ട് ഇരുവരും സംഗീതത്തിന്റെ ബാലപാഠങ്ങള്‍ നുണയാന്‍ തുടങ്ങി. ഇതിനിടയില്‍ അക്ഷയ്ക്ക് നവോദയ സ്‌കൂളില്‍ അഡ്മിഷന്‍ തരപ്പെടുകയും വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടതായിട്ടും വന്നു.  പിന്നീട് ഇവര്‍ മാത്രമായി ഒരേ സ്വരത്തില്‍ പഠിച്ചു തുടങ്ങി. കാലങ്ങള്‍ കടന്നുപോയി. കഥയും മാറി. കുഞ്ഞാറ്റകള്‍ മുന്നേറ്റം തുടര്‍ന്ന്‌കൊണ്ടേയിരുന്നു. അക്ഷയ് രാജ് ഇപ്പോള്‍ ഒരു  മികച്ച പാട്ടുകാരനാണ്. മത്സരങ്ങളില്‍ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.  കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റും കരസ്ഥമാക്കിയത് മറ്റൊരു നേട്ടം. സ്റ്റേറ്റ് ബാറ്റ്മിന്റണ്‍പ്ലെയറും കൂടിയാണ്.


എല്ലാം ശ്രീ ശ്രീ രവിശങ്കറിന്റെ അനുഗ്രഹം 
--------------------------------------------------------------------
  അദ്വൈതയുടെയും അദീതയുടെയും മാതാപിതാക്കള്‍ ശ്രീ ശ്രീ രവിശങ്കറിന്റെ കടുത്ത ആരാധകരും പ്രാര്‍ത്ഥനാ ഗ്രുപ്പിലെ അംഗങ്ങളും ആയിരുന്നു. കുഞ്ഞാറ്റകളുടെ  ഗര്‍ഭാവസ്ഥയില്‍ പോലും എല്ലാ സത്സംഗ് പ്രോഗ്രാമിലും പങ്കെടുത്തിരുന്നതായി അമ്മ ദേവികാരാജ് ഓര്‍ക്കുന്നു. തുടര്‍ന്ന് കൈക്കുഞ്ഞുങ്ങളായി ഇത്തരം പ്രോഗ്രാമുകളില്‍ വരുമ്പോഴും സംഗീതത്തിന്റെ സൗന്ദര്യവും പാട്ടിന്റെ ഈരടികളും  കണ്ടും കേട്ടുമാണ് അവര്‍ അതിന്റെ ബാലപാഠങ്ങള്‍
നീന്തിക്കയറിയത്. 'കുഞ്ഞാറ്റയും പൈങ്കിളിയും ഈ മേഖലയില്‍ എന്തെങ്കിലും ആയിതീര്‍ന്നിട്ടുണെങ്കില്‍  അതിനുള്ള ഊര്‍ജ്ജവും കരുത്തും ലഭിച്ചത് ഗുരുവിന്റെ അനുഗ്രഹം ഒന്ന് മാത്രമാണ്. 'കൊല്ലത്ത് ശ്രീ ശ്രീ രവി ശങ്കര്‍ പങ്കെടുത്ത   ആര്‍ട്ട് ഓഫ് ലിവിങ് പ്രോഗ്രാമില്‍ അദ്ദേഹം രണ്ട് പേരുടെയും തലയില്‍ തൊട്ട് അനുഗ്രഹിച്ചത്  ഞങ്ങളുടെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. 'അച്ഛന്റെ വാക്കുകള്‍. മൂന്ന് വയസു മുതല്‍ ഇത്തരം വേദികളില്‍ നിന്നും കാണികള്‍ നല്‍കിയ ബലൂണുകളും, ചോക്ലേറ്റുകളും പാവക്കുട്ടികളും ആണ് ഇവര്‍ക്ക് ലഭിച്ചിട്ടുള്ള ആദ്യത്തെ സമ്മാനങ്ങള്‍.

വ്യത്യസ്തനായ ഗുരുനാഥന്‍
--------------------------------------------
    സംഗീത ഗുരുവിനെ കുറിച്ച് പറയുമ്പോള്‍ കുടുംബാങ്ങള്‍ക്കെല്ലാം നൂറ് നാവാണ്. സമീപ പഞ്ചായത്തായ ശൂരനാട് വടക്ക് സ്വദേശിയും കെ എസ് ആര്‍ ടി സി ജീവനക്കാരനും നിരവധി ശിഷ്യ സമ്പത്തുള്ളതുമായ  ആനയടി അനില്‍കുമാര്‍ ആണ് ഇവരിലുള്ള സംഗീതത്തെ കണ്ടെത്തിയതും അത് ജനകീയമാക്കാന്‍ സഹായിച്ചതും . മിക്ക സംഗീത മാഷുമാരും എല്ലാ പാഠങ്ങളും ഹൃദ്‌സ്തമാക്കി അരങ്ങേറ്റം നടത്തിയതിന്  ശേഷം മാത്രമേ വേദികളില്‍ കയറ്റാറുള്ളൂ. എന്നാല്‍ ഇവരുടെ കാര്യത്തില്‍ വളരെ ചെറുപ്പത്തിലേ പല വേദികളിലും കയറി പാടുവാനുള്ള അനുവാദം മാഷ് നല്‍കിയിരുന്നു. അങ്ങനെയാണ് അഞ്ചാം വയസില്‍ അനില്‍കുമാറിന്റെ ഗുരുവായിരുന്ന അടൂര്‍ ഇളംപള്ളില്‍ ശശിധരനുണ്ണിത്താന്റെ അനുസ്മരണ വേദിയില്‍ കുഞ്ഞാറ്റകള്‍ ആദ്യമായി  ശുദ്ധ ധന്യാസി രാഗത്തിലെ ഹിമഗിരി തനയെ എന്ന ക്ളാസിക്കല്‍ സംഗീതം പക്കമേളത്തിന്റെ അകമ്പടിയോട്കൂടി പാടിയത്. വര്‍ഷങ്ങളായി വീട്ടിലെത്തിയാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അത് ഇപ്പോഴും തുടരുന്നു. 'മാഷിന്റെ ആത്മാര്‍ഥതയും കൃത്യനിഷ്ഠയും അര്‍പ്പണ മനോഭാവവും പ്രോത്സാഹനവും കുട്ടികള്‍ക്ക് അവരുടെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് 'പിതാവ് രാജ്കുമാര്‍ സാക്ഷ്യപ്പെടുത്തുന്നു  . ഇപ്പോള്‍ മാഷും നാട്ടിലെ താരമാണ്.

ഇതിലും സമാനത സ്വപ്നത്തില്‍ മാത്രം 
--------------------------------------------------------------
       കുഞ്ഞാറ്റ എന്ന അദ്വൈതയേയും പൈങ്കിളി എന്ന അദീതയെയും ഒറ്റനോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല.  അവരുടെ രൂപത്തിലും ഭാവത്തിലും  വേഷത്തിലും ചിരിയിലും ചലനത്തിലും വാക്കിലും നോക്കിലും എല്ലാം തുല്യത വച്ചു പുലര്‍ത്തുന്നവര്‍...... ആറു മിനിറ്റിന്റെ വ്യത്യാസത്തില്‍ പിറന്ന ഇവരെ അച്ഛനും അമ്മയ്ക്കും മാത്രമേ വേഗത്തില്‍  തിരിച്ചറിയാന്‍ കഴിയുള്ളൂ. അതും ചില അടയാളങ്ങളുടെ അടിസ്ഥാനത്തില്‍. നിറഞ്ഞ ചിരിയോടും അപാരമായ ഊര്‍ജത്തോടും രണ്ടര
മണിക്കൂര്‍  വേദികളില്‍ ഇരുവരും പാടിത്തിമിര്‍ക്കുമ്പോള്‍ കാണികള്‍ ഒരാളുപോലും ചലിക്കുന്നില്ല എന്നതാണ് വസ്തുത. എത്ര കടുകട്ടിയായ വരികളും ചിരിച്ചുകൊണ്ട് പാടാന്‍ കഴിയുന്നത് കുഞ്ഞാറ്റകളുടെ മാത്രം പ്രത്യേകതയാണ്.

കഴിഞ്ഞ അഞ്ച്   വര്‍ഷക്കാലം കൊണ്ട്  നൂറ് വേദികളില്‍ സംഗീതക്കച്ചേരി അവതരിപ്പിച്ച് കഴിഞ്ഞിരിക്കുകയാണ് ഈ കുസൃതികുരുന്നുകള്‍. ഈ വരുന്ന ഡിസംബര്‍ എട്ടിന്  ഡല്‍ഹി മായാപുരി അയ്യപ്പപൂജാ സമിതി - മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ചിട്ടുള്ള സംഗീത സദസ്സില്‍ പാടുന്ന ഇവര്‍ ഇരുന്നൂറാമത് വേദി കൂടിയാണ് പൂര്‍ത്തിയാക്കുന്നത്.

അരങ്ങേറ്റങ്ങള്‍ സംഗീതത്തിലും നൃത്തത്തിലും 
-----------------------------------------------------------------------
 സംഗീത മാഷായ ആനയടി അനില്‍കുമാറിന്റെ ശിക്ഷണത്തില്‍ നീണ്ട ഏഴു വര്‍ഷത്തെ പരിശീലനത്തിനൊടുവില്‍ 2015 ഏപ്രില്‍ മാസം 24 ആം തീയതി ആണ് ആയിക്കുന്നം കോയിക്കല്‍ ദേവി ക്ഷേത്രത്തില്‍  സംഗീതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ നാദവിസ്മയം തീര്‍ത്ത് മുന്നേറുകയാണ് ഈ കൊച്ചു മിടുക്കികള്‍. പുണെ നികിടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം  , ഡല്‍ഹി മലയാളി അസോസിയേഷന്‍,  ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം, പമ്പ ഗണപതി കോവില്‍,  ഗുരുവായൂര്‍, വൈക്കം മഹാദേവ ക്ഷേത്രം, , ചെട്ടികുളങ്ങര ദേവി ക്ഷേത്രം,  ഓച്ചിറ   പരബ്രഹ്മക്ഷേത്രം, ഏവൂര്‍ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം   തുടങ്ങിയ ഒട്ടേറെ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഇവര്‍ സംഗീതക്കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി മാവേലിക്കരയില്‍  കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച  ദേശീയ സംഗീതോത്സവ  വേദിയില്‍ രാജ്യത്തെ പ്രമുഖ സംഗീതജ്ഞരോടൊപ്പം പാടുവാന്‍ അവസരം ലഭിച്ചതാണ് ഞങ്ങള്‍ക്ക് കിട്ടിയ മറ്റൊരു  വലിയ ഭാഗ്യമെന്ന് ഇരുവരും ഒരേ സ്വരത്തില്‍ പറഞ്ഞു. ഖരഹരപ്രിയ, ആനന്ദഭൈരവി, തോടി, ഷണ്മുഖപ്രിയ,തുടങ്ങിയ രാഗങ്ങള്‍ ആണ് ഇരുവരുടെയും പ്രിയ രാഗങ്ങള്‍.

സംഗീത പഠനത്തോടൊപ്പം നൃത്തത്തിലും കരാട്ടെയിലും  തങ്ങളുടെ കലാവൈഭവം കാണികള്‍ക്ക് മുന്‍പില്‍  സമര്‍പ്പിച്ചിട്ടുണ്ട്. പാടാന്‍ മാത്രമല്ല ആടാനും ഗുസ്തി പിടിക്കുവാനും ചിത്രങ്ങള്‍ വരക്കുവാനും പുസ്തകങ്ങള്‍ വായിച്ചു തീര്‍ക്കുവാനും അസാമാന്യ കഴിവാണ് ഇവര്‍ കാഴ്ച വെയ്ക്കുന്നത്. കലാമണ്ഡലം രേഖാ രാമകൃഷ്ണന്റെ കീഴില്‍ നൃത്തം അഭ്യസിക്കുവാനും 2016ആഗസ്റ്റ് മാസം 24 ആം തീയതി ഭാരതനാട്യത്തിന്റെ അരങ്ങേറ്റം കുറിക്കുവാനും ഈ തിരക്കിനിടയില്‍ സമയം കണ്ടെത്തി. ഇപ്പോള്‍ സ്‌കൂള്‍ തലത്തിലും മറ്റും ഡാന്‍സിലും, പദ്യപാരായണത്തിലും ലളിതഗാനത്തിലും ശാസ്ത്രീയഗാനത്തിലും രണ്ടുപേരും ഒന്നും രണ്ടും സ്ഥാനത്താണ്. മറ്റ് കുട്ടികള്‍ ഇവരുള്ള  മത്സര ഇനങ്ങള്‍ പരമാവധി ഒഴിവാക്കാറാണ് പതിവ്. എന്നാല്‍ ഇവര്‍ പലപ്പോഴും മറ്റ് കുട്ടികള്‍ക്കും അവസരം കിട്ടുന്നതിന് വേണ്ടി സ്വയം ഒഴിഞ്ഞുനില്‍ക്കാറുമുണ്ട്.

.പ്രശസ്ത കരാട്ടെ മാഷായ സെന്‍സായി മൈക്കിള്‍ മാഷിന്റെ ശിക്ഷണത്തില്‍ നാലാം വയസില്‍  തുടങ്ങിയ കരാട്ടെ പരിശീലനത്തില്‍ രണ്ടുപേരും ഇപ്പോള്‍ ബ്ലാക്ക് ബെല്‍റ്റും കരസ്ഥമാക്കിയിരിക്കുകയാണ്. 'കരാട്ടെ മാഷിന്റെ ശിക്ഷണത്തിലുപരി അദേഹത്തിന്റെ ചിട്ടയായ പരിശീലനവും നിരന്തരമുള്ള പ്രചോദനവും അതിലുപരി ജീവന്‍ തുടിക്കുന്ന വാക്കുകളുമാണ്  എന്നും ഞങ്ങള്‍ക്ക് മനോധൈര്യം നല്‍കുന്നത്.  ' കുഞ്ഞാറ്റകള്‍ ഒരുമയോടെ പറഞ്ഞു.

വായനയില്‍ അതീവ താല്പര്യം 
-------------------------------------------------
   സമൂഹത്തിലെ വിദ്യാര്‍ത്ഥികളും  യുവതലമുറയും  സോഷ്യല്‍ മീഡിയയില്‍ വിലപ്പെട്ട സമയം ചെലവഴിക്കുമ്പോള്‍ ഇവിടെ ഇരുവരും വായനയുടെ ലോകത്താണ്. വായനയില്‍ അച്ഛന്റെ പാതയാണ് പിന്തുടരുന്നത്. കിട്ടുന്ന സമയം മുഴുവനും അച്ഛന്‍ പുസ്തകം വായിക്കുന്ന ശീലമുണ്ട്. ഇതു കണ്ടാണ് ഇരുവരും വളര്‍ന്നത്. ഇന്ന് നമ്മുടെ മിക്ക വീടുകളിലും ഇല്ലാത്തതും ഇത് തന്നെ. ഇരുവരിലും വായനയില്‍ കൂടുതല്‍ കമ്പം ഉണ്ടാകുവാന്‍ അമ്മ ദേവിക ഒരു ട്രിക് തന്നെ നടപ്പാക്കി. ഒരു വര്‍ഷം കൊണ്ട് ഏറ്റവും കൂടുതല്‍ പുസ്തകം വായിക്കുന്നയാള്‍ക്ക് ഒരു സ്വര്‍ണ ചെയിന്‍. അത് നേടിയെടുത്തത് അദ്വൈതയായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഫിക്ഷനുകളാണ് കൂടുതലും വായിക്കുന്നത്. ഓണ്‍ലൈനില്‍ കൂടുതലും  വരുത്തുന്നത് Geronimo Stilton ന്റെ ബുക്കുകളാണ്  . കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് അദ്വൈത  52ഉം അദീത 36 ഉം പുസ്തകങ്ങളാണ് വായിച്ചു തീര്‍ന്നത്.രണ്ടുപേരും വായന ലിസ്റ്റ് സൂക്ഷിക്കുന്നുണ്ട്.  അദ്വൈത ഇപ്പോള്‍ സുദ്ദീപ് നഗര്‍ക്കറിന്റെ She Friend -Zoned My Love എന്ന പുസ്തകമാണ് വായിച്ചുകൊണ്ടിരിക്കുന്നത്. ക്ലാസ് റൂം ലൈബ്രറിയുടെ ചുമതലക്കാരികൂടിയാണ് അദ്വൈത.

വേദികളിലെ അനുഭവങ്ങളും അംഗീകാരങ്ങളും 
-----------------------------------------------------------------------------
ഇതുവരെയുള്ള എല്ലാ വേദികളില്‍ നിന്നും മക്കള്‍ക്ക് സ്‌നേഹോപഹാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മറക്കാനൊക്കാത്ത ചില അനുഭവങ്ങള്‍ക്കും ഞങ്ങള്‍ സാക്ഷികളാകേണ്ടി വന്നിട്ടുണ്ടെന്ന് അമ്മ ദേവികയും അച്ഛന്‍ രാജ്കുമാറും ഓര്‍ക്കുന്നു . അതിലൊന്ന്    അരങ്ങേറ്റ ദിവസം റിട്ടേര്‍ഡ് അദ്ധ്യാപികയായ ശാന്തകുമാരി ടീച്ചര്‍ വേദിയില്‍ കയറി തന്റെ കൈയില്‍ കിടന്ന സ്വര്‍ണ മോതിരം ഊരി മക്കള്‍ക്ക് സമ്മാനിച്ചതാണ്. മറ്റൊന്ന്,  2017 ഡിസംബര്‍ പന്ത്രണ്ടാം തീയതി ഗുരുവായൂര്‍ മേല്‍പ്പത്തുര്‍ ആഡിറ്റോറിയത്തില്‍ തായേ യശോദ എന്ന തോടി രാഗത്തിലുള്ള കീര്‍ത്തനംആലപിച്ചുകൊണ്ടിരിക്കുകയായിരുന്നു .

'നിശബ്ദമായ വേദിയില്‍ നിന്നും   മധ്യ വയസ്‌കയായ ഒരമ്മ തന്റെ കൈയില്‍ ഇരുന്ന കവര്‍ താഴെവച്ചിട്ട് സ്റ്റേജില്‍ കയറി വന്ന് താളം പിടിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ  വലതുകരങ്ങള്‍ പിടിച്ച് ചുംബിച്ചിട്ട് രണ്ടുപേരുടെയും തലയില്‍ കൈവെച്ച് അനുഗ്രഹിച്ചത്  മനസിനെ ഇപ്പോഴും കുളിരണിയിപ്പിക്കുന്ന ഓര്‍മ്മകളാണെന്നു' ഇരുവരും പറഞ്ഞു. 'ഈ വേള ഇതു കണ്ടുനിന്ന അമ്മയുടെ കണ്ണ് നിറഞ്ഞതും ഞങ്ങളുടെ ഓര്‍മ്മയിലുണ്ട്.' കോട്ടയം പാമ്പാടിയിലെ പ്രശസ്തമായ ഒരു ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് ഓരോ പോയിന്റിലും (സ്റ്റേജ് )നടന്ന കലാപരിപാടിയില്‍ വെച്ച് ഏറ്റവും കൂടുതല്‍  കാണികള്‍ തടിച്ചു കൂടിയത് ഇവരുടെ സദസിലാണ്.

താമരക്കുടി മഹാദേവ ക്ഷേത്രം നാദരത്‌ന പുരസ്‌കാരം  ഉള്‍പ്പെടെ നാട്ടിലും പുറത്തും നിരവധി പുരസ്‌കാരങ്ങള്‍ ഇവരെ തേടിയെത്തിയിട്ടുണ്ട്. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മ്യൂസിക് ഗ്രേഡ് സിക്‌സ്ത് എക്‌സാമില്‍ 90%മാര്‍ക്ക് വാങ്ങി തങ്ങളുടെ കഴിവ് തെളിയിക്കാനും ഇവര്‍ക്കായി. . ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ സോണ്‍ 22 ന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നടത്തിയ ജെ ജെ മത്സരത്തില്‍ ലളിതഗാനത്തിനും ശാസ്ത്രീയ സംഗീതത്തിന്  ഒന്നാം സ്ഥാനം നേടിയിരുന്നു. സംഗീതത്തിന് മുഖ്യ പ്രാധാന്യം കൊടുക്കുന്ന കുഞ്ഞാറ്റകള്‍ പഠനത്തിലും ഒന്നാമതാണെന്ന് ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എബ്രഹാം തലോത്തില്‍ അഭിപ്രായപ്പെട്ടു.

രചനകളിലും ഇവര്‍ മുന്‍പന്തിയില്‍  
------------------------------------------------------
       കഥാ രചനയിലും കവിതയെഴുത്തിലും ചിത്രരചനയിലും ഇവരെ മാറ്റിനിര്‍ത്താം എന്ന് കരുതിയാല്‍ നമുക്ക് തെറ്റി. അതിലും ഒട്ടും പിന്നിലല്ല എന്ന് തെളിയിക്കുന്ന നിരവധി രചനകളാണ് ഇരുവര്‍ക്കുമുള്ളത് .ഇതില്‍ കൂടുതലും ഇവരുടെ ഇഷ്ടവിനോദങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയതാണ് . വായിച്ചു കഴിഞ്ഞ പുസ്തകങ്ങളിലെ കഥാപാത്രങ്ങള്‍  മനസ്സില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞാല്‍ പിന്നെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ ആയി. അതാണ് അദ്വൈതയുടെ രീതി. അദീത  അത്തരം സന്ദര്‍ഭങ്ങളില്‍ പ്രകൃതിയുടെ അനന്ത സൗന്ദര്യത്തിലേക്ക് കൈകള്‍ ചലിപ്പിക്കും. ജീവനുറ്റ ഈ ചിത്രങ്ങള്‍ ആരുടേയും ശിഷ്യത്വം സ്വീകരിച്ച് പഠിച്ചതല്ല എന്നതാണ് സത്യം. അത് സ്വയം ഉണ്ടാക്കിയെടുത്ത ഒന്നാണ്.    ഇഗ്ലീഷ് കവിതകളാണ് ഇരുവരും കൂടുതല്‍ എഴുതുന്നത്.ഇതിനാലകം ഇരുപതില്‍പരം കവിതകള്‍ രണ്ടുപേരും എഴുതിയിട്ടുണ്ട്. അതിന്റെ പ്രസിദ്ധീകരണത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഇരുവരും. 

ഹര്‍ഷാരവവും സെല്‍ഫിയും പിന്നെ ആട്ടോ ഗ്രാഫും 
--------------------------------------------------------------------------------
     സംഗീത വിരുന്നിനായി പോകുന്ന എല്ലാ വേദികളിലും, നിരവല്‍ സ്വരപ്രസ്താരം, രാഗ വിസ്താരം, വര്‍ണവും കീര്‍ത്തനങ്ങളും ഉള്‍പ്പെടുത്തി രണ്ടര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന അവിസ്മരണീയമായ നിമിഷങ്ങളാണ് സംഗീതപ്രേമികള്‍ക്കായി കാഴ്ചവെയ്ക്കുന്നത്. ഇവരുടെ വേദികള്‍ എവിടെയുണ്ടായാലും അവിടെയെല്ലാം കാണികളുടെ നിറഞ്ഞ സാന്നിധ്യവും ഹര്‍ഷാരവുമാണ്.ഓരോ വേദിയിലെയും പാട്ട് കഴിയുമ്പോള്‍ നൂറ് കണക്കിന് ആള്‍ക്കാരാണ് സെല്‍ഫിക്കുവേണ്ടിയും ഓട്ടോഗ്രാഫിന്  വേണ്ടിയും തിരക്ക് കൂട്ടുന്നത്.   കേരളത്തിലെ പ്രശസ്തരായിട്ടുള്ള മിക്കവാറും എല്ലാ പക്കമേളക്കാരും കുഞ്ഞാറ്റകളുടെ പാട്ടുകള്‍ക്ക്  താളം പിടിച്ചിട്ടുണ്ട്. പലരും ഇവരുടെ കച്ചേരിയില്‍ പങ്കെടുക്കാന്‍ മത്സരമാണ്. മറ്റ് പലരും ഒരവസരത്തിനു വേണ്ടി കാത്തുനില്‍ക്കുകയാണ്.   എല്ലാ ആഴ്ചയിലും  സംഗീതാധ്യാപികയായ പ്രൊഫ. ഓമനക്കുട്ടിയുടെ തിരുവനന്തപുരത്തുള്ള വീട്ടില്‍   പരിശീലനത്തിനായി പോകുന്നുണ്ട്. അത് ഇതുവരെ മുടങ്ങിയിട്ടില്ല. എല്ലാറ്റിനും അച്ഛന്റെ അമ്മയുടെയും സാന്നിധ്യവും പിന്തുണയും ഉണ്ട്.  കുഞ്ഞാറ്റകളുടെ പിതൃ സഹോദരിയും ഭര്‍ത്താവും ഇവരുടെ ഏത് കാര്യത്തിനും ഒരു നിഴല്‍ പോലെ എപ്പോഴും കൂടെയുണ്ടാകും. ഓരോ പ്രോഗ്രാമിലെയും ജീവന്‍ തുടിക്കുന്ന ഇവരുടെ ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നതും പിതൃ സഹോദരിയുടെ ഭര്‍ത്താവ് രേമേഷ് നാരായണനാണ്.

ഉറച്ച തീരുമാനത്തിലൂടെ നേട്ടങ്ങളുടെ നെറുകയില്‍ 
-------------------------------------------------------------------------------
 ' ഓരോ മേഖലയിലും അവര്‍ എടുക്കുന്ന ഉറച്ച തീരുമാനങ്ങളും തികഞ്ഞ  ആത്മവിശ്വാസവും  നിരന്തര പരിശീലനവുമാണ്  അവരുടെ വിജയത്തിന് കാരണം. 'പിതാവ് രാജ്കുമാര്‍ പറഞ്ഞു. രാവിലെ 5മണിക്ക് തുടങ്ങുന്ന ഇവരുടെ ഒരു ദിവസം ആരംഭിക്കുന്നത് അച്ഛനോടും അമ്മയോടും ഒപ്പമുള്ള യോഗയിലൂടെയാണ്.തുടര്‍ന്ന് ആരുടേയും പ്രേരണയൊ സമ്മര്‍ദ്ദങ്ങളോ ഇല്ലാതെയുള്ള സംഗീത പരിശീലനം, എക്‌സര്‍സൈസ്, സ്‌കൂള്‍, സംഗീത സദസുകള്‍... എന്നിങ്ങനെ പോകുന്നു ഇരട്ടകളുടെ ഒരു ദിവസം.സംഗീതപഠനത്തില്‍ അതിന്റെ വരികളും സംഗീതവും വളരെ വേഗത്തില്‍ പഠിക്കാനും മനസിലാക്കാനും ഇവര്‍ക്ക് പ്രത്യേക കഴിവാണ്.   പഠനത്തോടൊപ്പം ശാസ്ത്രീയ സംഗീതം ആഴത്തില്‍ പഠിക്കണം എന്നാണ് ഇരുവരുടെയും ആഗ്രഹം.(ആ ആഗ്രഹത്തിലും അവരുടെ തീരുമാനം  ഉറച്ചതാണ്. ) അതിലൂടെ ഈ രംഗത്തെ അധ്യാപന ജോലിയും ലക്ഷ്യമിടുകയാണ് സംഗീതലോകത്തെ ഈ ഇരട്ട സുന്ദരികള്‍.
  • സുഗതന്‍ എല്‍. ശൂരനാട് 
000000000000000000000000000

ഇ-ദളം ഓണ്‍ലൈനില്‍ നിങ്ങളുടെ കഥ, കവിത, ലേഖനം, നോവല്‍, വാര്‍ത്താ ഫീച്ചര്‍, സത്യസന്ധമായ വാര്‍ത്തകള്‍ എന്നിവ എഴുതുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫോട്ടോയും എഫ്.ബി/ട്വിറ്റര്‍ ഐഡി സഹിതം 8592020403 എന്ന വാട്ട്‌സ് ആപ്പ് നമ്പരിലേക്കോ edelamonbline@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കുക.

Post a Comment

0 Comments