എഡിറ്റോറിയല്‍ | അഞ്ജന വിനായക് (എഡിറ്റര്‍)

ഭൂമിയിലെ ന്യൂനപക്ഷ വര്‍ഗ്ഗമാണ് മനുഷ്യവംശം. ഭൂമിയിലുള്ള മനുഷ്യരുടെ എണ്ണത്തേക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണ് ഒരു കൈ പിടിയില്‍ ഒതുങ്ങുന്ന മണ്ണിലടങ്ങിയിരിക്കുന്ന സൂഷ്മ ജീവികളുടെ എണ്ണം. നൂതന സംസ്‌കാരവും ശാസ്ത്രത്തിന്റെ വളര്‍ച്ചയും പകര്‍ച്ചവ്യാധികളെ പൂര്‍ണ്ണമായി കീഴ്‌പെടുത്തി എന്നുമുള്ള അഹന്ത നിറഞ്ഞ ശുഭാപ്തിവിശ്വാസത്തിലായിരുന്നു നമ്മള്‍ ജീവിച്ചത്. എന്തൊരു മിഥ്യാ ധാരണയായിരുന്നു. നമ്മുടെ ശാസ്ത്ര വളര്‍ച്ചയേയും ബുദ്ധിശക്തിയേയും ഔഷധ ശേഖരങ്ങളേയും രോഗാണുക്കള്‍ വെല്ലുവിളിക്കുകയാണ്. ഇപ്പോള്‍ ലോകം മുഴുവര്‍ കോറോണയുടെ വ്യാപനത്തിലാണ്. കേരളത്തില്‍ തുടര്‍ച്ചയായി ഏഴാം ദിവസവും രോഗികളുടെ എണ്ണം നൂറിനു മുകളില്‍ കടക്കുന്നു.
ജനുവരി 30 ന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 22 വരെയുള്ള സമയമെടുത്തു ആകെ നൂറു കേസുകളില്‍ കേരളമെത്താന്‍. അന്ന് കേരളം എത്രത്തോളം ഭയന്നിരുന്നു. സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യങ്ങളും വിവാദങ്ങളും ഒക്കെ നിറഞ്ഞിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ കേസുകള്‍ ഒരു ദിവസം നൂറ്റമ്പതില്‍ കൂടുതല്‍ കവിഞ്ഞു എന്നു കേട്ടിട്ടും നമുക്ക് ഒരു നടുക്കവുമില്ല.
ഇതിന്റെ പ്രധാന കാരണം കേരളം ഇതുവരെ ഈ വിഷയം കൈകാര്യം ചെയ്ത രീതിയുടെ കാര്യക്ഷമതയാണ്. കേരളത്തില്‍ കാര്യങ്ങള്‍ നന്നായി ആണ് കൈകാര്യം ചെയ്യുന്നത് എന്ന് കണക്കുകളും റിപ്പോര്‍ട്ടുകളും പലതു വന്നു. ഇതോടെ ആളുകള്‍ക്ക് പൊതുവെ കൊറോണയോടെ ഉള്ള പേടിയും കുറഞ്ഞു. ഇവിടെയാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നൂറില്‍ കൂടുതല്‍ പുതിയ കേസുകള്‍ ഉണ്ടാകുന്നു. അതില്‍ ഒരു ശതമാനം ആളുകള്‍ ഉത്തരവാദിത്വം ഇല്ലാതെ പെരുമാറിയാല്‍ മതി കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ .


ടെസ്റ്റിംഗ് , ട്രേസിംഗ്, ക്വാറന്റയിന്‍, റിവേഴ്‌സ് ക്വാറന്റായിന്‍ സാമൂഹിക അകലം, മാസ്‌ക് ഹാന്‍ഡ് വാഷ് ഇതൊക്കെ എല്ലാവരും ശ്രദ്ധിച്ചാല്‍ കേസ് ലോഡ് ഒരു പരിധി വരെ നിയന്ത്രിക്കാം. ഇതാണ് കേരളം ചെയ്തു കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ കൃത്യമായി നിയന്ത്രണങ്ങള്‍ പാലിക്കുകയും ശുചിത്വ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്താല്‍ സമൂഹ വ്യാപനം എന്ന അത്യാപത്തിനെ ഒഴിവാക്കുവാനാകും. ഇല്ലെങ്കില്‍ സ്ഥിതിഗതികള്‍ നിലവിലെ ആരോഗ്യ സംവിധാനത്തിന്റെ പരിധിയും കടന്ന് മരണ നിരക്ക് കൂടുകയും ചെയ്യും. ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പട്ടത് എന്ന് തോന്നുകയും കേസ് ലോഡ് കുറഞ്ഞതുമായ പ്രദേശത്തേക്ക് ആളുകള്‍ പോകാന്‍ ശ്രമിക്കും. കേരളത്തിലേക്ക് ആളുകള്‍ തിരികെ എത്താന്‍ ശ്രമിക്കുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് ഇതു തന്നെയാണ്. കേരളത്തില്‍ നിന്നും പോകാനായി മറ്റു സുരക്ഷിത സ്ഥലങ്ങള്‍ ഇല്ലാത്ത സ്ഥിതിക്ക് പുറത്തു നിന്നു വരുന്നവരും ഇവിടെ ഉള്ളവരും ഒക്കെ നിയന്ത്രണങ്ങള്‍ പാലിച്ച് കേസ് ലോഡ് കൂട്ടാതെ നോക്കുക. മറ്റുസംസ്ഥാനങ്ങളില്‍ കേസുകള്‍ കൂടുന്നത് നമ്മെയും ബാധിക്കും. നമ്മുടെ സുരക്ഷിത്വം മൊത്തം രാജ്യത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.
ഓരോ നിമിഷവും ജാഗരൂഗരായി ഇരിക്കുക. നമ്മുടെ ശ്രദ്ധ അതി തീവ്രമായാല്‍ അതിജീവനത്തിന്റെ പാത അകലെയല്ല.

എല്ലാവരും സുരക്ഷിതരായി ഇരിക്കുക.

അഞ്ജന വിനായക് (എഡിറ്റര്‍)
 

Post a Comment

0 Comments