ഫസ്റ്റ് ബെല്ലടിക്കുന്നതും കാത്ത് സമാന്തര വിദ്യാഭ്യാസ മേഖല - പരമ്പര 3

"അല്ലെങ്കില്‍ തന്നെ നമ്മള്‍ വലിയ കഷ്ടത്തിലായിരുന്നു. ഒന്നാമതേ നാട്ടിലും വിദേശത്തും തൊഴില്‍ കുറഞ്ഞു. നമ്മുട നാട്ടിലെ പലരും വലിയ കഷ്ടത്തിലാണ്. സാധാരണക്കാര്‍ക്കൊക്കെ മക്കളെ പഠിപ്പിക്കുവാന്‍ എന്ത് ബുദ്ധിമുട്ടാണെന്ന് അറിയാമോ... അതിനാല്‍ തന്നെ പലപ്പോഴും കുഞ്ഞുങ്ങളോട് ഫീസ് കര്‍ശനമായി വാങ്ങുവാന്‍ മനസ്സ് അനുവദിക്കില്ലായിരുന്നു. പഠിക്കാന്‍ മിടുക്കരായ കുട്ടികളുണ്ട്. അവര്‍ ഫീസ് തന്നില്ലെന്ന് കരുതി ക്ലാസ്സില്‍ നിന്ന് ഇറക്കിവിടുന്ന പ്രാകൃത നടപടിയൊന്നും ഞങ്ങളിതുവരെ സ്വീകരിച്ചിട്ടില്ല. ശരിക്കും പറഞ്ഞാല്‍ മുണ്ടു മുറുക്കിയുടുത്ത് ജീവിക്കുകയായിരുന്നു..." ഇത് പറയുമ്പോള്‍ ആ സമാന്തര സ്ഥാപന മേധാവിയുടെ വീടിന്റെ ശോചനീയാവസ്ഥിയിലേക്കാണ് ഞങ്ങളുടെ മിഴികള്‍ പാഞ്ഞത്.

തങ്ങളുടെ മുന്നില്‍ വിദ്യതേടി വരുന്നു കുരുന്നുകളുടെ പഠിക്കുക എന്ന ആഗ്രഹത്തെ പണം കൊണ്ട് അളക്കാതെ സാമ്പത്തിക പ്രശ്‌നം നന്നായി അനുഭവിച്ച് എന്നാല്‍ വിദ്യപകരുന്നതില്‍ സംതൃപ്തികണ്ടെത്തി മുന്നോട്ട് ജീവിച്ചിരുന്ന സമാന്തര സ്ഥാപനങ്ങളുടെ മേധാവികള്‍ക്കും അധ്യാപകര്‍ക്കും ഇന്ന് ഇതാണ് അവസ്ഥ.

സ്ഥാപനം പ്രവര്‍ത്തിക്കുമ്പോള്‍ ഫീസ് തരാത്ത വിദ്യാര്‍ത്ഥികളോട് കരുണ കാണിച്ചവര്‍ക്ക് ഇന്ന് തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആരുടെയും സഹായം ലഭിക്കാത്ത അവസ്ഥ.

'പ്രതീക്ഷയോടെയാണ് പലദിവസങ്ങളിലും ബഹുമാനപ്പെട്ട സിഎമ്മിന്റെ വാര്‍ത്താ സമ്മേളനങ്ങള്‍ കണ്ടത്... പക്ഷേ ഞങ്ങളുടെ ഈ വിഭാഗം സംഘടിതമല്ലാത്തതിനാലും മറ്റും ആനുകൂല്യങ്ങളോ ക്ഷേമപദ്ധതികളോ ഇതുവരെ ലഭിക്കാന്‍ ഇടയായില്ല...' ഇത് പറഞ്ഞ അധ്യാപകന്റെ കണ്ണു നിറയുന്നത് കേരളത്തിലെ മുഴുവന്‍ സമാന്തര സ്ഥാപന അധ്യാപകരുടെയും മനസ്സുകളുടെ അവസ്ഥയെയാണ് സൂചിപ്പിച്ചത്. ഈ അധ്യാപകന്‍ ഇരുപത്തിയാറ് വര്‍ഷം മുന്‍പ് ഡിഗ്രി പഠനകാലത്ത് ആരംഭിച്ചതാണ് ട്യൂട്ടോറിയല്‍ കോളേജ് അധ്യാപനം. അന്നൊക്കെ ബസ് ചാര്‍ജ്ജുമാത്രം ലക്ഷ്യംവെച്ചുള്ള അധ്യാപനമായിരുന്നെങ്കില്‍ ഇന്ന് തന്റെ കുടുംബത്തെ പോറ്റാനുള്ള രീതിയിലേക്ക് മാറി.

അതേ സമാന്തര സ്ഥാപനങ്ങളില്‍ പഠിപ്പിച്ച് മാത്രം ഉപജീവനം നടത്തുന്ന ധാരാളം പേര്‍ നമുക്കിടയിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി വന്ന മഹാമാരി ഇവരുടെ ജീവിതത്തിന്റെ സന്തോഷങ്ങളെയാണ് ഇരുട്ടിലാക്കിയിരിക്കുന്നത്. ഇവരുടെ നാളെകളുടെ പ്രതീക്ഷകളെയാണ് അസ്ഥാനത്താക്കിയിരിക്കുന്നത്.

ആദ്യമേ പറഞ്ഞല്ലോ, സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഫീസ് തരാത്തവരോട് വിരട്ടലുകളില്ലാതെ ഭീഷണികളില്ലാതെ അവരുടെ ദൈന്യതയെ ഉള്‍ക്കൊണ്ട് സാമ്പത്തിക ലാഭം ലക്ഷ്യം വയ്ക്കാതെ പഠിപ്പിച്ചവരാണവര്‍. ഇന്ന് അവര്‍ പ്രതിസന്ധിയിലാണ്. ഈ രീതിയില്‍ തുടരാന്‍ അവര്‍ക്ക് കഴിയില്ല.

'കുഞ്ഞുങ്ങളോട് ആത്മഹത്യ മണ്ടത്തരം ആണെന്ന് പഠിപ്പിച്ച നമ്മള്‍...' വാക്കുകള്‍ മുഴുമിക്കാതെ പാതിവഴിയില്‍ തേങ്ങിപ്പോയൊരു അധ്യാപികയെയും കണ്ടു... വൃദ്ധരായ മാതാപിതാക്കളുടെ ജീവിതവും തന്റെ ഭാവി പ്രതീക്ഷകളും മുന്നോട്ട് കൊണ്ടുപോയത് ഈ വരുമാനത്തിലൂടെയായിരുന്നു... ഇനി...?
ചോദ്യങ്ങള്‍ ഇങ്ങനെ അവശേഷിക്കെ എവിടെയും എന്ന പോലെ കുലംകുത്തികളുമുണ്ടിവിടെ... പ്രൈവറ്റ് ട്യൂഷന്‍ എന്ന പേരില്‍ സമാന്തര സ്ഥാപനത്തിലേത് പോലെ തന്നെ വീടുകളില്‍ ട്യൂഷനെടുക്കുവാന്‍ തുടങ്ങിയിരിക്കുന്നു ചിലര്‍. സ്വന്തം വീടുകഴിലല്ല, അഞ്ചും ആറും കുട്ടികളെ കൂട്ടമായി ലഭിക്കുന്ന സ്ഥലത്ത് പോയി ക്ലാസ്സെടുത്ത് കൊടുക്കുന്നവര്‍... കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുമ്പോള്‍ അനധികൃതമായി അതിനും സമാന്തരമായി സ്വലാഭം മാത്രംനോക്കി പ്രവര്‍ത്തിക്കുന്നവരും ഈ ദുരിതകാലത്തിന്റെ വലിയ ദുരന്തങ്ങളായി മാറുന്നു.

"ട്യൂട്ടോറിയൽ സ്ഥാപനങ്ങൾ പോലെ തന്നെ കോച്ചിങ് സെന്ററുകളുടെ കാര്യവും പരുങ്ങലിൽ ആണ് " ആലപ്പുഴ ജില്ലയിലെ വിവിധ കോച്ചിങ് സെന്ററുകളിൽ പോയി ക്ലാസ്സെടുക്കുന്ന ഒരു ചെറുപ്പക്കാരൻ പറഞ്ഞു.

കോറോണയുടെ ആശങ്കകൾ മാറി എന്ന് മുതൽ ജോലിക്കു പോകാൻ പറ്റും എന്നറിയാതെ വിഷമിക്കുന്ന , കോച്ചിങ് സെന്ററുകളും ട്യൂട്ടോറിയൽ കോളേജുകളും മറ്റുമായി ജീവിതത്തിന്റെ താളം തെറ്റാതെ ഞാണിന്മേൽ കളി നടത്തുന്ന ഒട്ടനവധി ആളുകൾ ഉണ്ട് ഇതുപോലെ.

എന്നാൽ കുട്ടികളും പ്രായമായവരുമാണ് കോവിഡിന് കീഴ്പെടുന്നത് അതു കൊണ്ടു തന്നെ ട്യൂട്ടോറിയൽ കോളേജ് പോലുള്ളവ തുറക്കരുത് എന്ന വാദം ഉയർത്തുന്നുണ്ട് മറ്റൊരു കൂട്ടർ.

ട്യൂട്ടോറിയൽ സ്ഥാപനങ്ങൾ തുറന്നു മുഴുവൻ കുട്ടികളെയും പ്രവേശിപ്പിക്കണം എന്നൊരാവശ്യം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവർക്കും ഇല്ല.
"പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ്സിലുള്ള കുട്ടികളെ എങ്കിലും പ്രവേശിപ്പിക്കാൻ അനുവദിക്കണം. കോവിഡ് പ്രധിരോധ നടപടി ചട്ടങ്ങൾ എല്ലാം പാലിച്ചു കൊണ്ട് അത് ചെയ്യുവാൻ സാധിക്കും " മാസങ്ങൾ ആയി അടഞ്ഞു കിടക്കുന്ന സ്ഥാപനത്തിന്റെ വാടകയ്‌ക്കോ അവിടെ പഠിപ്പിച്ചിരുന്ന അധ്യാപകർക്കോ ഒന്നും കൊടുക്കുവാൻ ഇല്ലാത്ത ഒരു ട്യൂട്ടോറിയൽ കോളേജ് പ്രിൻസിപ്പലിന്റെ വാക്കുകളിൽ ഈ ദുരന്ത സമയത്തെ നിസ്സഹായാവസ്ഥ പ്രതിഫലിക്കുന്നു. സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവരും അവിടെ പഠിപ്പിക്കുന്നവരും മനുഷ്യരാണ് .

കറന്റ് ബിൽ , പലചരക്കു കടയിലെ ചിലവുകൾ തുടങ്ങി പട്ടിക നീളുകയാണ് . അടിയന്തര ഘട്ടത്തിൽ ഒരു ആശുപത്രിയിൽ പോകുവാൻ പോലും പണമില്ലാതെ വിഷമിക്കുന്നവർ ഉണ്ട് .

"ലോക്ക് ഡൌൺ ഇളവുകൾ വന്നപ്പോൾ പലരും ജോലിക്കു തിരികെ കയറി, പകുതി ശമ്പളമേ കിട്ടുന്നൊള്ളു എന്നൊക്കെ കേട്ടു , മാർച്ചിൽ പൂട്ടു വീണതാണ് എന്റെ ശമ്പളത്തിന്. സമ്പാദ്യം ചെറുതായി ... " മധ്യവയസ്സു കഴിഞ്ഞ ഒരു പാരലൽ കോളേജ് അധ്യാപകന്റെ അവസ്ഥ...

കൊറോണ ഭീഷണി ഉടനെ തീരും എന്ന് വിശ്വസിക്കുവാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും എന്നാൽ പത്രമാധ്യമങ്ങളിൽ വരുന്നതും സർക്കാർ കണക്കുകളും ആശയേക്കാൾ കൂടുതൽ ആശങ്കകളാണ് നല്കുന്നത് . ലോക്ക് ഡൗൺ ഇളവുകളും വ്യാപന ഭീഷണിയും രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ കരിനിഴൽ വീഴ്ത്തുമ്പോൾ ട്യൂട്ടോറിയൽ മേഖല പോലെയുള്ള അസംഘടിത മേഖലയിലെ ഒട്ടനവധി ആളുകളുടെ ജീവിതങ്ങൾ ആണ് ഇനി എന്ത് എന്ന ചോദ്യവുമായി നിൽക്കുന്നത് .

(പരമ്പര അവസാനിച്ചു)

Post a Comment

0 Comments