ലഹരി ഇത്രമേല്‍ ചര്‍ച്ച ചെയ്യപ്പെട്ട വേറൊരു സമയം ഉണ്ടാവുകയില്ല ചരിത്രത്തില്‍. മദ്യലഹരിവിതരണത്തിന് ആപ്പുണ്ടായ കാലം കൂടിയാണ് ഇതെന്നത് അതിലേറെ പ്രസക്തവുമാണ്.
ലഹരി ഉപയോഗം ആരോഗ്യത്തിന് ഹാനികരമെന്ന് രാഹുല്‍ ദ്രാവിഡല്ല സാക്ഷാല്‍ സണ്ണി ലിയോണ്‍ തന്നെ വന്ന് പറഞ്ഞാലും നമ്മളത് കളയൂലമ്മാവാ ... എന്ന് പറയുന്ന അവസ്ഥയിലാണ് പലരും.
മദ്യത്തിലാണ് തുടക്കം, മദ്യം വിറ്റാലേ ഖജാനാവിലേക്ക് കാശ് കൂടുതല്‍ ചെല്ലൂ (കൊടിയുടെ നിറമില്ല), ന്നതിനാല്‍ മദ്യം വില്‍ക്കണം, മദ്യം അകത്താക്കി വരുന്ന വഴിയില്‍ പോലീസ് കൈകാണിക്കും, വീണ്ടും പണം ഖജനാവിലേക്ക് ...
മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് കുപ്പി ക്കു മുകളില്‍ ഒരെഴുത്തുണ്ട് , ടച്ചിംഗ്‌സ് തപ്പുന്നതിനിടയില്‍ ആരാണ്ടത് നോക്കുമോ...?സിഗരറ്റ് വലിക്കാനെടുത്താല്‍ കവറിന് മുകളിലുമുണ്ട്, സ്‌പോഞ്ച് പോലെയുള്ള ശ്വാസകോശത്തിന്റെ പടം... ആര് നോക്കാന്‍ ... ആരോട് പറയാന്‍? ലഹരി ഉപയോഗിക്കല്ലേടാ ചങ്കേ എന്ന് പറയുമ്പോള്‍ പല ഇംഗ്ലീഷ് മരുന്നിലും കഞ്ചാവിന്റെ അംശമുണ്ടെന്ന് പറഞ്ഞ് ക്ലാസ്സെടുക്കുന്ന ചങ്ക് ബ്രോകള്‍ ഉള്ള കാലമാ.
വര്‍ഷങ്ങളായി നാട്ടുകാരുടെ വിശ്വസ്ത സ്ഥാപനങ്ങളില്‍ പലതിലും പത്തിരട്ടി വിലയ്ക്ക് വില്‍ക്കപ്പെടുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുണ്ട്...
'കൊച്ചേട്ടാ സുഖമല്ലേ ' എന്ന് ചോദിച്ചാല്‍; എത്രെണ്ണം വേണം എന്ന് മുതലാളി ചോദിക്കുന്ന കാലമാ.
അത് കൊണ്ട് ഒന്നേ പറയാനുള്ളൂ ഈ ലഹരി വിരുദ്ധ ദിനത്തില്‍, ആല്‍ക്കഹോള്‍ ഉള്ള സാ നിറ്റൈസ ര്‍ ഉപയോഗിച്ചാല്‍ കയ്യില കൊറോണയേ ചാവൂ... മദ്യം ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിച്ച് കയ്യിലെ കാശും തീര്‍ത്ത്, രോഗ പ്രതിരോധ ശക്തിയും ഇല്ലാതാവും...
ആരോഗ്യമുള്ള അവസ്ഥയില്‍ ജീവിച്ചാലേ കണ്ണില്‍ കാണാത്ത കുഞ്ഞന്‍ കൊറോണയില്‍ നിന്ന് രക്ഷപെടാന്‍ കഴിയു. ഇപ്പോള്‍ ബിവറേജിലും ബാറിലുമൊക്കെ തിരക്ക് കുറഞ്ഞന്നാണ് നാട്ടില്‍ പുറത്തെ സംസാരം. മദ്യമില്ലാത്ത കാലത്തെ അതിജീവിക്കാന്‍ മറ്റ് ലഹരികളെ കൂട്ട് പിടിച്ചതാണെങ്കില്‍ ശ്വാസകോശ പരസ്യത്തില്‍ പറയുന്നതിലും വലിയ വില നല്‍കേണ്ടി വരും.
ഡിന്നറിന് മുന്‍പ് ചെറുതൊരെണ്ണം കുടുംബസമേതം വീശുന്ന പതിവുകാര്‍ സാക്ഷാല്‍ കേരളക്കരയിലങ്ങിങ്ങ് നാമ്പിടുന്നുണ്ടെന്ന് സംസാരമുണ്ട്, കോവിഡ് കാലത്തിന് മുന്‍പ് വന്ന ചില മലയാള സിനിമകള്‍ ഈ ആരോപണത്തിന് കരുത്ത് പകരുന്ന തരത്തിലുള്ള സീനുകയുമായാ ലോക് ഡൗണ്‍ സമയത്ത് നമ്മുടെ ടെലിവിഷനില്‍ വന്നു പോയത്. അത് കണ്ട് കയ്യടിച്ചിട്ടാ ലഹരി വിരുദ്ധ പ്രബന്ധം നമ്മള്‍ രചിക്കുന്നത് ...
മാറേണ്ടത് നമ്മുടെ രീതികളാണ്. ഒരു വശത്ത് വിരുദ്ധാചരണവും മറുവശത്ത് പ്രോത്സാഹനവും.
ലഹരി ഉപയോഗം കൊണ്ടു നഷ്ടം സംഭവിക്കുന്നത് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമല്ല ഉപയോഗിക്കുന്നവരുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കുമാണ്. മക്കള്‍ക്ക് കൊടുക്കുന്ന സ്വാതന്ത്ര്യത്തിനു അതിരുകള്‍ നിശ്ചയിക്കുവാന്‍ പാടുപെടുന്ന പല രക്ഷിതാക്കളെയും നമ്മുക്ക് ചുറ്റുമോ അല്ലെങ്കില്‍ നമ്മളില്‍ പലരുടെ ഉള്ളിലും കാണുവാന്‍ പറ്റും.
സര്‍ക്കാര്‍ സംവിധാനത്തിനോ അനുബന്ധ സംഘടനകള്‍ക്കോ ലഹരിയ്ക്കു കീഴ്‌പെട്ടവരെ നിയന്ത്രിക്കുക എന്നത് വെല്ലുവിളി തന്നെയാണ്. അവര്‍ക്കതു ഒറ്റയ്ക്ക് വിജയിപ്പിക്കുവാന്‍ കഴിയുന്ന ഒന്നല്ല താനും. സമൂഹത്തിന്റെ അടിത്തറ കുടുംബങ്ങള്‍ ആണ്. ആചാരങ്ങളും വിശ്വാസങ്ങളും എല്ലാം നല്ലതു തന്നെ വിശ്വാസങ്ങള്‍ക്കും പാരമ്പര്യത്തിനും വേണ്ടി മുറവിളി ഉയരുമ്പോള്‍ സ്‌നേഹക്കുറവ് മൂലം അല്ലെങ്കില്‍ സൂക്ഷ്മത കുറവ് മൂലം ഉണ്ടാവുന്ന ഇത്തരം അപകടങ്ങളെ നമ്മുക്ക് ഒഴിവാക്കാവുന്നതല്ലേ ? തകര്‍ന്ന കുടുംബങ്ങളും സ്‌നേഹക്കുറവും മൂലമാണ് പലരും ലഹരി ഉപയോഗിക്കുന്നത് എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കേരളം സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു ചെകുത്താന്‍ ഒളിഞ്ഞിരിപ്പുണ്ട്, മദ്യം. നിയന്ത്രിക്കുവാന്‍ സാധിക്കുന്ന, നമ്മളാല്‍ കുഞ്ഞുങ്ങള്‍ക്ക് മാതൃക ആകുവാന്‍ സമൂഹം ശ്രെമിച്ചാല്‍ മാത്രമേ സാധിക്കു.
വില്‍പനക്കാര്‍ പല രൂപത്തിലും വരാം , കഞ്ചാവിന്റെ മഹിമയെ പറ്റി പാടിപുകഴ്ത്തി കുട്ടികളെയും അതുവഴി കുടുംബത്തിനെയും തീരാ കണ്ണീരില്‍ താഴ്ത്തും.
ഉപദേശങ്ങള്‍, ഇപ്പോഴത്തെ എന്നല്ല എക്കാലത്തും യുവത്വത്തിന് അരോചകമായിരുന്നു. ഉപദേശത്തിനോ കഠിനമായ ശിക്ഷകള്‍ക്കോ ഇന്നത്തെ തലമുറയെ നേര്‍വഴിക്കു നടത്തുവാന്‍ പ്രാപ്തിയില്ല എന്ന് പറയേണ്ടി വരും. അവരുടെ ചോരത്തിളപ്പിനു അനുയോജ്യമായ ഒരു വിനോദം കണ്ടെത്തു അവരുമായി അത് ആസ്വദിക്കൂ. ചിത്രവരയോ മീന്‍ വളര്‍ത്താലോ എന്തും ആവട്ടെ അവരെ സുഹൃത്താക്കുവാന്‍ സാധിച്ചാല്‍ അത് അവരില്‍, നമ്മുടെ നാളത്തെ തലമുറയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയും.
അവരുടെ എല്ലാ പ്രവര്‍ത്തിയെയും സംശയത്തോടെ, ഒരു ചോദ്യംചെയ്യലില്‍ കൂടി അല്ലാതെ കാണുവാന്‍ പറ്റുന്നില്ല എങ്കില്‍ മാറേണ്ടത് നമ്മളാണ് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി. മദ്യവും മയക്കു മരുന്നും പ്രധിവിധിയല്ല പകരം വേഷം മാറി വരുന്ന പിശാചുക്കളാണ് എന്ന തരത്തിലേക്ക് മുത്തശ്ശി കഥകള്‍ നവീകരിക്കുവാന്‍ നമ്മുക്ക് സാധിക്കണം. സ്‌നേഹം കൊണ്ട് മാത്രമേ തിരിച്ചു പിടിക്കാനാവു നമ്മുടെ വഴിതെറ്റുന്ന യുവ തലമുറയെ അത് ചെയ്യേണ്ടത് നമ്മളും അല്ല എങ്കില്‍ സ്‌നേഹം സൂചികളായും ഒഴിഞ്ഞ കുപ്പികളായും പുക ചുരുളുകളായും അവരെ തേടിയെത്താം.
0 Comments