ഒരു നൈമിഷിക പ്രണയാന്ത്യം
നെജിനയും കൂട്ടുകാരികളും ഉച്ചഭക്ഷണം കഴിക്കാനായി അല്‍പമകലെയുള്ള വാട്ടര്‍ടാപ്പിനരികില്‍ നിന്ന് കൈ കഴുകി തിരികെ വരുന്നത് ക്ലാസ് മുറിയുടെ വാതിലില്‍ ചാരി ഒരു സ്വപ്നം കാണുമ്പോലെ ഞാന്‍ നോക്കി നിന്നു. ഉച്ചവെയിലില്‍ തെളിഞ്ഞു നിന്ന അവളുടെ രൂപം കോളേജ് ഗ്രൗണ്ടില്‍ ഒരു ക്യാന്‍വാസില്‍ ഏതോ ചിത്രകാരന്‍ വരച്ചിട്ടപോലെ തോന്നിച്ചു .
എന്റെ വാക്കുകളോട് അനുഭാവപൂര്‍വ്വം പ്രതികരിക്കുന്ന രണ്ട് മിഴികള്‍ എന്റെ ഹൃദയത്തെ ആര്‍ദ്രമാക്കി. അവള്‍ അടുത്ത് വരുംതോറും എന്റെനെഞ്ചിടിപ്പ് കൂടിക്കൂടി വന്നു .
എന്നാല്‍ എന്നെ നിരാശനാക്കിക്കൊണ്ട് നാലഞ്ച് സീനിയേഴ്‌സ് വിദ്യാര്‍ത്ഥികള്‍ എവിടെ നിന്നൊക്കെയോ വന്ന് ക്ലാസ്സിന് മുന്നില്‍ കൂട്ടം കൂടി നെജിനക്കും സുഹൃത്ത്ക്കള്‍ക്കും വേണ്ടി കാത്ത് നിന്നു.
അതില്‍ ഏറ്റവും സുന്ദരനായ, നെറ്റിയില്‍ ഗണപതി ഹോമം നടത്തുമ്പോള്‍ പ്രസാദത്തിനൊപ്പം നല്‍കുന്ന കരിയുടെ കുറിയിട്ടയാള്‍ നെജീനയെ നോക്കി ഒരു 'ശൃംഗാരച്ചിരി' ചിരിക്കുന്നതും നെജിന അതിന് നാണത്തില്‍ പൊതിഞ്ഞ ഒരു മന്ദസ്മിതം സമ്മാനിക്കുന്നതും ഉള്‍ക്കിടിലത്തോടെ ഞാന്‍ കണ്ടു. എന്നെ ആരും നോക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ല. ഞാന്‍ മെല്ലെ വാതിലിനരികില്‍ നിന്നും അല്‍പo നീങ്ങി അവരുടെ സല്ലാപങ്ങള്‍ക്ക് ശല്യമാകാത്ത രീതിയില്‍ ഒഴിഞ്ഞ് നിന്നു. പെണ്‍കുട്ടികളെ ആകര്‍ഷിക്കുവാന്‍ അവര്‍ പല വിക്രിയകളും കാണിക്കന്നത് ഞാന്‍ കണ്‍കോണിലൂടെ കണ്ടു.
അതില്‍ പലതും കോമാളിത്തരമായാണ് എനിക്ക് തോന്നിയത്. എന്നാല്‍ സീനിയര്‍ സ്റ്റുഡന്‍സിനെ കൂടുതല്‍ ആവേശ ഭരിതരാക്കുവാന്‍ പെണ്‍കുട്ടികള്‍ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. 'വിളിക്കാതെ കല്യാണ വീട്ടില്‍ വന്ന അനാവശ്യ അഥിതിയുടേത് പോലെ എന്റെ ഉള്ളുപിടഞ്ഞു. കോലാഹലം കേട്ട്‌കൊണ്ട് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്ഡും, പൊതുവെ സാധു മനുഷ്യനുമായ അപ്പുക്കുട്ടന്‍ സാര്‍ അങ്ങോട്ടേക്ക് വന്നു.
അപ്പുക്കുട്ടന്‍ സാറിനെക്കണ്ട് കാമുക വൃന്ദം സിനിമാ ശൈലിയില്‍ കതകിന്റ പിന്നിലേക്കൊളിച്ചു. ചുവരില്‍ പുറം ചാരിനിന്ന എന്നെ നോക്കി 'ഒരു പാവം സൗഹൃദച്ചിരി' സമ്മാനിച്ച് അപ്പുക്കട്ടന്‍ സാര്‍ നടന്നകന്നു. പത്തടി വച്ചപ്പോഴേക്കും 'ഗണപതിക്കരിക്കുറി' തൊട്ട ചെറുപ്പക്കാരന്‍ കതകിന്റെ പിന്നില്‍ നിന്നിറങ്ങി വന്ന് സാറിനെ ഉറക്കെ വിളിച്ചു ' എടാ ഹെഡ്ഡേ '
അപ്പുക്കുട്ടന്‍ സാര്‍ മെല്ലെ തിരിഞ്ഞ് നോക്കി..
കുറിയിട്ട കാമുകന്‍ വീണ്ടും കതകിന് പിന്നില്‍ മറഞ്ഞു.
സാറിന്റെ മുഖത്ത് വിഷാദം നിഴലിക്കുന്നത് ഞാനറിഞ്ഞു.
ക്ലാസ്സ് മുറിക്കുള്ളില്‍ നിന്നും നെജിനയുടെയും കൂട്ടുകാരികളുടെയും കൂട്ടച്ചിരി കാതില്‍ മുഴങ്ങി...
എന്റെ കൈ വലല്ലാതെ തരിച്ചു. വലത് മുഷ്ടി ചുരുട്ടി എന്റെ ഇടത് കൈപ്പത്തിയില്‍ ഞാന്‍ ആഞ്ഞിടിച്ചു.
കാമുകന്‍മാരുടെ മൂക്ക് പാലം തകര്‍ന്ന് ചോര ചീറ്റിക്കാണാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു.
ഇഷ്ടപ്പെട്ട പെണ്ണിന്റെ ഹൃദയം കവര്‍ന്നവരോട് എനിക്ക് വിരോധമുണ്ടായിരുന്നില്ല. പക്ഷേ, ജീവിതസമരങ്ങള്‍ താണ്ടി വന്ന ഒരു പാവം മനുഷ്യനെ അദ്ദേഹത്തിന്റെ പദവി പോലും മാനിക്കാതെ കേവലം ' പേച്ചിരികള്‍ക്ക് ' വേണ്ടി അധിക്ഷേപിച്ചത് എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.
.... പക്ഷേ, പ്രതികരിക്കുവാന്‍ ഞാന്‍ അശക്തനായിരുന്നു.
എന്റെ ഹൃദയത്തിന്‍ നിന്ന് പ്രണയം വാര്‍ന്ന് പോകുന്ന ത് ഞാനറിഞ്ഞു..
'നിന്റെ ചിന്താധാരയും പൈങ്കിളി പ്രണയവും ഒരിക്കലും ഒരുമിച്ച് പോകില്ല '. എന്നിലെ മനുഷ്യസ്‌നേഹി എന്നോട് മന്ത്രിച്ചു. ശരീരത്തില്‍ നിന്നും ഒരു വലിയ ഭാരം ഒഴിഞ്ഞ് പോകും പോലെ എനിക്ക് തോന്നി...
എനിക്ക് നല്ല വിശപ്പ് തോന്നി..
പോക്കറ്റില്‍ നിന്നും അഞ്ചിന്റെ പച്ചനോട്ട് ഞാന്‍ ചുരുട്ടിയെടുത്തു. അതില്‍ എന്റെ അച്ഛന്റ മുഖം തെളിഞ്ഞു.
മനസ്സില്‍ ആവി പറക്കുന്ന ചോറിന്റെ അതിന്റെ മുകളില്‍ ഒഴുകിപ്പരക്കുന്ന സാമ്പാറിന്റെയും ചിത്രം തെളിഞ്ഞു.
ഞാന്‍ ക്യാന്റീനിലേക്ക് പറക്കുകയായിരുന്നു.
ഒരു തൂവല്‍ പോലെ...
അനിര്‍വ്വചനീയമായ ഒരനുഭൂതിയില്‍ ശരീരം തരിച്ചിരുന്നു...
(അവസാനിച്ചു)
◘◘◘
Vinod.S


1 Comments
അവസാനിപ്പികേണ്ടതില്ലയിരുന്നു.. കുറച്ചു കൂടി കൂട്ടിച്ചേർത്തു വയ്ക്കകമായിരുന്നു... ആശംസകൾ അഭിനന്ദനങ്ങൾ
ReplyDelete