പറഞ്ഞതും പറയാതിരുന്നതും | ഷീജാ ജയന്‍

നി ഒന്‍പതു ചാന്ദ്രമാസങ്ങള്‍ നിനക്കായ് ഞാന്‍ കാത്തിരിക്കാം ..., ആരവങ്ങളുമായ് എതിരേല്‍ക്കാന്‍ ഞാനിവിടെ കാത്തു നില്‍ക്കാം..., 
ഇനി നിനക്കു വിടവാങ്ങാം,
ഈ രാത്രിയുടെ നാലാം യാമത്തില്‍
ആ കാലന്‍കോഴിയുടെ കൂവല്‍ നീ കേള്‍ക്കുന്നില്ലേ....? എന്റെ യാത്രാ മൊഴി.

തിരിഞ്ഞു നോക്കാതെ മടങ്ങുമ്പോള്‍ മനസില്‍ ഒരായിരം പനിനീര്‍പ്പൂക്കള്‍ വിടരുകയായിരുന്നു. 'ഇനി അഥവാ അവന്‍ തിരിച്ചു വന്നാലോ'? അറിയാതെ മനസിന്റെ കോണിലൂടെ ആ ചോദ്യം ഇരച്ചു വന്നു. 

ഇല്ല! ഇല്ല! അവന്‍ വരില്ല!  പിന്നെ സ്വയം തിരുത്തി, അവനു വരാതിരിക്കാന്‍ കഴിയില്ലല്ലോ? അവന്റെ ശരീരത്തിന്റെ ഒരു ഭാഗത്തെ ഇവിടെ ഉപേക്ഷിച്ചല്ലേ അവന്‍ പോയിരിക്കുന്നത്......,
മനസിനെ ഒരു വിധം പറഞ്ഞു സമാധാനിപ്പിച്ചു. നീണ്ടു നിവര്‍ന്ന് ഒന്നു കിടക്കട്ടെ. ഏഴര യാമങ്ങള്‍ പിന്നിടുമ്പോള്‍ വീണ്ടും ഉണരണമല്ലോ, അറിയാതെ അവള്‍ ഉറക്കത്തിന്റെ ചുഴിയിലേക്ക് ആഴ്ന്നു പോയി. 
കണ്ണു തുറന്നപ്പോള്‍ ചുറ്റും നല്ല ഇരുട്ട്. പകല്‍ വെളിച്ചം ഇതുവരെ വന്നില്ലല്ലോ? സമയം എന്തായോ ആവോ? ടേബിള്‍ ലാമ്പിന്റെ സ്വിച്ചില്‍ കൈയമര്‍ന്നു. നാലു മണി, നേരം വെളുക്കാന്‍ ഇനിയും സമയം ഉണ്ടല്ലോ, എന്തോ, പിന്നെ ഉറക്കം വന്നില്ല, അവനെക്കുറിച്ചുള്ള ചിന്തയായിരുന്നു അപ്പോഴെല്ലാം, അവന്‍ തന്റെ ആരാണ്?
അറിയാതെ ഉള്ളില്‍ ആ ചോദ്യം ചോദിച്ചപ്പോള്‍ ഒരു ഞെട്ടല്‍ അനുഭവപ്പെട്ടു. മനസിന്റെ ആഴങ്ങളില്‍ എന്തോ വീണുടഞ്ഞതുപോലെ. 

തമ്മില്‍ പരിചയപ്പെട്ടിട്ട് ഇപ്പോള്‍ ഏകദേശം ഒരു വര്‍ഷം ആകുന്നു. ബാഹ്യ സൗന്ദര്യം ഒന്നുമല്ല അവനിലേക്ക് അടുപ്പിച്ചത്. കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുന്ന ആ നോട്ടം, ചൂണ്ടയില്‍ കുരുങ്ങിയ മീന്‍ പോലെ ആ നോട്ടത്തിനു പിന്നാലെ ഒഴുകി ചെല്ലുകയായിരുന്നു.
കൃഷ്‌ണേട്ടന് എന്നെ വലിയ ഇഷ്ടമാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷത്തോളമായി. കുട്ടികളില്ല എന്നതൊഴിച്ചാല്‍ ഞാന്‍ തികച്ചും സന്തോഷവതിയാണ്.

ഇന്നും ഞാനോര്‍ക്കുന്നു, ആദ്യമായ് സംസാരിച്ച ദിവസം. മീരചേച്ചിയുടെ മകളുടെ ജന്മദിനമായിരുന്നു അന്ന്. പിറന്നാള്‍ സമ്മാനമായി  നൃത്തം ചെയ്യുന്ന ഒരു പാവയെ വാങ്ങി,  അതുമായി ചേച്ചിയുടെ വീട്ടില്‍ എത്തി. മുന്‍വശത്ത് വരാന്തയില്‍ ആരോ നാലഞ്ചാളുകള്‍ ഇരിപ്പുണ്ടായിരുന്നു. ആരാണന്നു ശ്രദ്ധിച്ചില്ല. 

നേരെ അകത്തേക്കു കയറി. ചേച്ചി അടുക്കളില്‍ എന്തോ ധൃതി പിടിച്ചു ചെയ്യുന്നു, സ്റ്റൂള്‍ നീക്കിയിട്ട് തന്ന്  ഇരിക്കാന്‍ പറഞ്ഞിട്ട് വീണ്ടും ജോലിയില്‍ മുഴുകി, മീര ചിറ്റേ...., ആ വിളി കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. അത് അവനായിരുന്നു ഞാന്‍ ഒന്നു ചെറുതായി ചിരിക്കാന്‍ ശ്രമിച്ചു. ഇത് കണ്ണനാണ്, എന്റെ ചേച്ചിയുടെ മകന്‍ ഇവിടെ കോളേജില്‍ അദ്ധ്യാപകനാണ്. കുറച്ച് ദിവസം ആയതേയുള്ളു വന്നിട്ട് അതാണ് രാഖി അറിയാഞ്ഞത്. ' കണ്ണാ ഇത് രാഖി , നമ്മുടെ തൊടിയിലെ രാമുവിന്റെ ഭാര്യയാണ്. നീ കണ്ടിട്ടില്ല അല്ലേ '?  കണ്ണന്‍ ഒന്നു ചിരിച്ചു,  ഞാനൊരിക്കല്‍ ഈ ചേച്ചിയെ കണ്ടിട്ടുണ്ട് നമ്മുടെ വീട്ടില്‍ വെച്ച് തന്നെ.
സത്യം! അവന്‍ എന്നെ ശ്രദ്ധിച്ചിരിക്കുന്നു. അവന്‍ ഒത്തിരി കാര്യങ്ങള്‍ പറഞ്ഞു. അവന്റെ കോളേജിനെക്കുറിച്ച്, ഇവിടെയുള്ളവരെക്കുറിച്ച് എല്ലാം ഒരു മുന്‍കാല സുഹൃത്തിനെ പോലെ ഞാനതു കേട്ടിരുന്നു. 

എപ്പോഴോ കേള്‍ക്കാന്‍ കൊതിച്ചിരുന്ന ഒരു ശബ്ദം പോലെ, അന്നു രാത്രിയില്‍ ചേട്ടനോട് ഞാന്‍ അവനെക്കുറിച്ച് സംസാരിച്ചു. എന്താ നിനക്കവനെ അത്രയ്ക്കു പിടിച്ചോ? അദ്ദേഹത്തിന്റെ ആ ചോദ്യം എന്നോടു തന്നെ ആവര്‍ത്തിച്ചു പലതവണ. തനിയ്ക്കവനെ അത്രയ്ക്കിഷ്ടപ്പെട്ടോ?. അറിയാതെ അടുപ്പം ഉണ്ടാക്കുന്ന എന്തോ ഒന്ന്, അവനായിരുന്നു ഹൃദയത്തില്‍, ഒരു വേദന പോലെ, പുളകം പോലെ അവന്റെ ചിന്ത ചുറ്റി പിണഞ്ഞു കിടന്നു. പിന്നെയുള്ള ദിനരാത്രങ്ങള്‍ ഞങ്ങളുടെ ബന്ധത്തിന് ബലം നല്‍കുന്നവയായിരുന്നു.  അറിഞ്ഞോ അറിയാതെയോ പരസ്പരം അടുത്തു പോയി .
'എവിടെയാണു തനിക്കു തെറ്റു പറ്റിയത് ? അതോ ഈ തെറ്റ് വലിയ ഒരു ശരിയായിരുന്നോ'? ഒന്നും അറിയില്ല.., അവന് വലിയ സന്തോഷമായിരുന്നു. എന്താണന്നറിയില്ല ഒരു പേടി ,അസ്വസ്ഥത, പിന്നെ ഒരു സന്തോഷവും.
കൃഷ്‌ണേട്ടന്റെ മുന്നില്‍  തല താഴ്ത്തി എത്ര നേരം കരഞ്ഞു എന്നറിയില്ല. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഞാന്‍ കുഴഞ്ഞുപോയിരുന്നു, അദ്ദേഹം നിശബ്ദനായിരുന്നു അവസാനം തലപൊക്കി തന്നോടു ചോദിച്ചു. 

രാഖീ....
നീ ഇപ്പോഴും എന്നെ സ്‌നേഹിക്കുന്നുവോ? 'ലോകത്തില്‍ ആദ്യമായ് സ്‌നേഹിച്ച മനുഷ്യന്‍ നിങ്ങളാണ്. ഇന്നും എന്നും മരണം വരെയും സ്‌നേഹിക്കുന്നു' ആ വാക്കിലെ സത്യം കൃഷ്ണന്‍ തിരിച്ചറിഞ്ഞു.

ഇനി ശ്രദ്ധിച്ചു കേള്‍ക്കണം. നീ എന്നെ സ്‌നേഹിക്കുന്നു എങ്കില്‍,  അവന്‍ ഇവിടംവിട്ടു പോകണം. നിന്നെത്തേടി ഒരിക്കലും വരരുത്. അദ്ദേഹത്തിന്റെ വാക്കിലെ ദൃഢത ഞാന്‍ തിരിച്ചറിഞ്ഞത് ഒന്‍പതു ചാന്ദ്രമാസങ്ങള്‍ പിന്നിടുമ്പോള്‍ ആയിരുന്നു. എനിക്കുണ്ടായ മാറ്റങ്ങള്‍ എനിക്കു തന്നെ വിശ്വസിക്കാന്‍ സാധിച്ചില്ല
ഞാന്‍ ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി.

അരികിലിരുന്ന് അദ്ദേഹം ശുശ്രൂഷിക്കുമ്പോഴും മനസ്സില്‍ ആ ആഗ്രഹം മുളപൊട്ടിയോ, അവന്‍ ഒന്നു വന്നിരുന്നെങ്കില്‍, പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുംതോറും മനസ് കൈയില്‍ നിന്നും കുതറി മാറുകയാണ്.
രാത്രിയില്‍ ഉറങ്ങാന്‍ കഴിയാതെ  തിരിഞ്ഞും, മറിഞ്ഞും കിടന്നു ചേട്ടനെ പതുക്കെ വിളിച്ചു. ചേട്ടന്‍ ഞെട്ടിയുണര്‍ന്നു  എന്താമോളേ? എന്തു പറ്റി?  
ഒന്നും പറയാന്‍ സാധിച്ചില്ല, ആ മാറില്‍ വീണ് പൊട്ടിക്കരഞ്ഞു, എനിക്ക് കണ്ണനെ കാണണം ......, കരച്ചിലിനിടയില്‍ വിക്കി വിക്കി പറഞ്ഞു, അവളെ തള്ളിമാറ്റി അയാള്‍ എഴുന്നേറ്റു. ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി മുഖത്ത് മിന്നി മറയുന്ന ഭാവങ്ങള്‍  വാതില്‍ തുറന്നടയുന്ന സ്വരം കാതില്‍ പതിച്ചപ്പോഴും അനങ്ങാന്‍ കഴിഞ്ഞില്ല.

തുറന്നിട്ട വാതില്‍പ്പടിയില്‍ മകളെ മടിയിലിരുത്തി നിശബ്ദമായ്, ശൂന്യമായ മനസോടെ ആകാശത്തേക്കും നോക്കി ഇരിക്കുമ്പോള്‍ അറിയാതെ ഓര്‍ത്തു.
ഇനിയും തനിക്ക് പറയാന്‍  ഒത്തിരി ഒത്തിരി ബാക്കി ഉണ്ടായിരുന്നല്ലോ...

Post a Comment

0 Comments