നിഗൂഢതകളുടെ കഥ പറയുന്ന തീരം..., അവിടെ കഥ കേള്‍ക്കാന്‍ ആഞ്ഞടിക്കുന്ന തിരമാലകളും, ഉപ്പുകാറ്റും..., പിന്നെ നിലംപൊത്താന്‍ കണക്കിന് കരിങ്കല്‍ കൊണ്ടൊരു പത്മവ്യൂഹവും. 'കടല്‍ത്തീരത്തെ കോട്ട ' എന്ന് കേട്ടപ്പോള്‍ മറ്റുള്ളവരെ പോലെ നന്ദിതയുടെ മനസ്സിലും അങ്ങനെയൊരു ചിത്രം ഉടലെടുത്തത് സ്വാഭാവികം മാത്രം. എന്നിട്ടും അവളേറെ ഇഷ്ടപ്പെടുന്ന മണ്ണും, മഴയും ഉപേക്ഷിച് ആ പത്മവ്യൂഹത്തിലേക് ചേക്കേറാന്‍ കരണങ്ങളേറെയുണ്ട്. അമ്മ പഠിപ്പിച്ച ക്ഷമയുടെ മറ്റൊരു പേര് ആത്മനിന്ദയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഉപേക്ഷിച്ച ഭാര്യാപദവി ആയിരുന്നില്ല അത്. ഉയര്‍ന്ന വിദ്യാഭ്യാസവും അസൂയ തോന്നിപ്പിക്കുന്ന ജോലിയും ചെറിയ പ്രായത്തില്‍ തന്നെ നേടിയിട്ടും ഭാഗ്യമില്ലാത്ത കുട്ടിയെന്ന വിളിപ്പേര് അവളെയാകെ തളര്‍ത്തി. ബന്ധങ്ങളുടെ തടവറയില്‍ ജന്മം തീര്‍ക്കാന്‍ വിധിക്കപെട്ട ഭാഗ്യം ചെയ്തവര്‍ക്കിടയില്‍ അവളെന്നും ഒറ്റപെട്ടു.
അവിടെ അവളെ വരവേറ്റത് ഹൃദയം നുറുങ്ങുന്ന തണുപ്പായിരുന്നു. വര്‍ഷത്തില്‍ ആറുമാസവും മഞ്ഞു മൂടിക്കിടക്കുന്ന ഒരു ദ്വീപ്. ഓര്‍മ്മകളുടെ മരണം ഉറപ്പു വരുത്താന്‍ അവള്‍ക്കാ തണുപ്പ് നിര്‍ബന്ധമായിരുന്നു. വൈകുന്നേരങ്ങളില്‍ തണുപ്പിനെ ബേധിച്ചു 'ഹുമാദി ഖാനിം' സ്ട്രീറ്റിലെ പരിഷ്‌കൃതമായ മൂന്നാം നമ്പര്‍ വഴിയിലൂടെയുള്ള അലസമായ നടത്തം പതിവായിരുന്നു. ജോലി കഴിഞ്ഞെത്തുന്ന അച്ഛന്റെ പോക്കറ്റിലെ നാരങ്ങാ മിട്ടായിയുടെ നിറങ്ങള്‍ക്കപ്പുറം, അമ്മയുടെ സ്‌നേഹാലിംഗനത്തിനപ്പുറം, കിട്ടുന്നതെല്ലാം പങ്കു വെക്കുന്ന സഹോദര സ്‌നേഹത്തിനപ്പുറം മറ്റൊന്നും ആഗ്രഹിച്ചിട്ടില്ലാത്ത ഓര്‍മകളെ ബാല്യമെന്നല്ല 'നിഷ്‌കളങ്കത'യെന്ന് വിളിക്കാനാണവള്‍ക്കിഷ്ടം. ഉറക്കത്തില്‍ ബാലൂട്ടന്‍ എഴുന്നേറ്റാല്‍ തെന്നിവീഴുമെന്ന് കരുതി ഉറങ്ങാന്‍ ഭയന്നു അവനു കൂട്ടിരുന്ന തന്നെ എവിടെയാണ് കളഞ്ഞു പോയത്..? ഇഴയും തോറും നഷ്ടപ്പെട്ടു പോയ തന്നിലെ മാണിക്യത്തെയോര്‍ത്ത് ഏതു നാഗത്തറയിലാണ് തലതല്ലി ചാവേണ്ടത്...? പാപമോക്ഷത്തിനായ് എത്ര ജന്മമാണ് ഉമിത്തീയ്യിലെരിയേണ്ടത്...? നടത്തത്തിനിടയിലും കൈകള്‍ വയറിനുമേലെ ഇറുക്കിപ്പിടിച്ചുകൊണ്ടു തന്റെ ഇന്നലെകളെ ഞെക്കികൊല്ലാനവള്‍ ശ്രമിച്ചു.
'ബാലൂട്ടാ.., കുഞ്ഞേച്ചിയോടു ക്ഷമിക്കു... നിങ്ങളില്‍ നിന്ന് ഓടി ഒളിച്ചതിന്....., മറന്ന്‌നുവെന്ന് തോന്നിപ്പിച്ചതിന്... എല്ലാത്തിനും.. എല്ലാത്തിനും...'
'മകരത്തിലെ തണുപ്പും, ഗ്രീഷ്മത്തിലെ ചൂടും എല്ലാം, എല്ലാം എന്നെ വേദനിപ്പിക്കുന്നു... ഈ വേദനക്കവസാനമില്ല.... മരണത്തിലല്ലാതെ.... '
ഓര്‍മ്മകള്‍ മരിക്കുന്നിടത്തു നിന്ന് ഞാന്‍ വീണ്ടും ജനിക്കും... എന്നിട്ട് ഒരിക്കല്‍ കൂടി നിന്നെ വിരല്‍ത്തുമ്പില്‍ തൂക്കി നടക്കും.. നീ വീഴുമ്പോള്‍ ഇടം നെഞ്ച് പിടയും, നിന്നെ ഊട്ടി, നിന്നെ ഉറക്കി ...നിന്റെ കൂടെ ഈ കുഞ്ഞേച്ചിയും വളരും.... ഓര്‍മകളുടെ വെയിലേറ്റ് ഉണങ്ങിവീണ്ടുകീറിയ പാഴ്ഭൂമിയാണ് ഇന്ന് ഞാന്‍... അവള്‍ സ്വയം ശപിച്ചു.
പൗരാണിക വേഷമണിഞ്ഞ ഒരു കൂട്ടം ആളുകള്‍ അവള്‍ക്കു നേരെ ഓടി വരുന്നതും, ഉടനടി തന്നെ തെരുവ് വിജനമാവുന്നതും അവള്‍ ശ്രദ്ധിച്ചതുപോലുമില്ല . അല്ലെങ്കിലും ഓര്‍മകളുടെ കെട്ടുമാറാപ്പില്‍ ജീവിക്കുന്ന ഒരു പ്രവാസിക്ക് പരിസരബോധം പതിവില്ലല്ലോ. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ആഭ്യന്തരയുദ്ധത്തില്‍ പാലായനം ചെയ്യപെടേണ്ടി വന്ന നാടിന്റെ യഥാര്‍ത്ഥ അവകാശികളാണവര്‍.. നുഴഞ്ഞു കയറിയും അല്ലാതെയും സ്വന്തം രാജ്യത്ത് തിരിച്ചെത്തിയപ്പോള്‍ അവര്‍ക്ക് ഒരു വിളിപ്പേരും ലഭിച്ചു 'ബദുക്കള്‍ '.വിജനമായ മലമുകളില്‍ ജീവിക്കാന്‍, ദാരിദ്ര്യം ഭക്ഷിക്കാന്‍ വിധിക്കപ്പെട്ടവര്‍. അപ്പനപ്പൂപ്പന്മാര്‍ വിയര്‍പ്പു കുഴച്ചുണ്ടാക്കിയ രാജ്യസ്തൂപം തച്ചുടക്കപ്പെടുന്നത് അവര്‍ കണ്ണീരോടെ നോക്കി നിന്നു. മാതാവിന്റെ സ്‌നേഹം വളര്‍ത്തു പുത്രന് പകുത്തു നല്‍കപ്പെടുന്നത് കാണുന്ന കുഞ്ഞിന്റെ പക പ്രതികാരത്തിലേക്ക് വഴി മാറിയപ്പോള്‍ പൊതു മുതലുകള്‍ നശിപ്പിക്കപ്പെട്ടു.. പ്രതികാരം ജോലി തേടിവന്ന പ്രവാസികളോടായി, പ്രവാസികള്‍ തെരുവില്‍ മൃകീയമായി കൊല്ലപ്പെട്ടു, കാണാതാവുകയും ബലാത്സംഗം ചെയ്യപ്പെടുന്നതുമായ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചു. ജഡങ്ങള്‍ക് ചുറ്റും നിന്നവര്‍ പാട്ടുപാടി നൃത്തം ചവിട്ടി. പിടിക്കപ്പെടുന്ന ചുരുക്കം ചിലര്‍ ശിക്ഷിക്കപ്പെട്ടു.., ബഹുഭൂരിഭക്ഷം വരുന്നവരെ മാനസിക നില തെറ്റിയവരായി മന്ത്രാലയം വിധിയെഴുതി. രാജ്യം നഷ്ടപെട്ട വേദന അധികരിക്കുമ്പോള്‍ അവര്‍ മലയിറങ്ങും. കൈകള്‍ മുകളിലേക്കുയര്‍ത്തി ആക്രോശിക്കും. മലമുകളില്‍ തട്ടി അവരുടെ ആക്രോശം അലതല്ലി ....
' ഈ കണ്ണീരിനു പകരം ആ കണ്ണുകള്‍ കൊയ്യും ഞങ്ങള്‍ .... '
നന്ദിതക്ക് സ്ഥലകാലബോധം തിരികെക്കിട്ടിയപ്പോഴേക്കും അവര്‍ അവള്‍ക്കു ചുറ്റും വട്ടം വെച്ചിരുന്നു. കടയുടമകള്‍ ഷട്ടര്‍ വലിച്ചിടുന്നത് അവള്‍ ഭീതിയോടെ നോക്കി. ദിവസവും കാണാതാവുന്നവരുടെയും കൊല ചെയ്യപ്പെടുന്നവരുടെയും കണക്കുകള്‍ അവളുടെ മനസ്സിലൂടെ മിന്നി മാഞ്ഞു. വീട്ടുജോലിക് വന്ന 'ബെനോസായി'യും, താന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ ഡോക്ടര്‍ 'അനിത മെഹ്ത്ത'യും, ഒരു നിമിഷം ഓര്‍മയില്‍ തെളിഞ്ഞു. ഇനി അവരുടെ പേരിനൊപ്പം മിസ്സ്.നന്ദിത രാജേന്ദ്രനും. ബദുക്കളാല്‍ കൊല ചെയ്യപ്പെട്ട്, കണ്ടാല്‍ അറക്കുന്ന, ദുര്‍ഗന്ധം വമിക്കുന്ന മാംസപിണ്ഡമായി ഞാനും.
ചുറ്റുമുള്ള അടഞ്ഞ വാതിലിലേക്കും പാതിതാഴ്ന്ന ഷട്ടറുകളിലേക്കും മാറി മാറി നോക്കി അവള്‍ വിളിച്ചു നോക്കി, കാര്യമില്ലെന്ന് അറിയാമായിരുന്നിട്ടും....,
'ഹെല്പ്.... പ്ലീസ് ഹെല്പ് മി... '
ബന്ധുക്കളില്‍ ഒരാള്‍ കയ്യിലുള്ള വടി കൊണ്ടു അവളുടെ തലയില്‍ ആഞ്ഞടിച്ചു. അയാളുടെ തോളില്‍ കാലുകളിട്ടിരുന്ന് എല്ലിച്ചു പല്ലുന്തിയൊരു കുട്ടി ചത്ത മീന്‍ കണ്ണുകളോടെ അവളെ രൂക്ഷമായി നോക്കി. സംഭവിക്കാന്‍ പോവുന്നതിന്റെ ആഘാതം ഉള്‍കൊള്ളാനാവാതെ നന്ദിത തരിച്ചു നിന്നു. മറ്റൊരാള്‍ കല്ലുകൊണ്ട് അവളുടെ നെറ്റിയില്‍ സര്‍വ്വ ബലവുമെടുത് കുത്തി. അവള്‍ കരഞ്ഞു കൊണ്ട് താഴെ വീണു. മുന്നില്‍ കടയോടു ചാരി വടി കുത്തി കൂനിയിരുന്നിരുന്ന വൃദ്ധന്റെ കാലില്‍ പിടിച്ചു വലിച്ചുകൊണ്ട് അവള്‍ ഒരിക്കല്‍ കൂടി കെഞ്ചി,
'പ്ലീസ് ഹെല്പ്, ഞാന്‍ ജോലി ചെയ്യാന്‍ വന്നതാണ്...
ഞാന്‍ നഴ്സാണ്... പ്ലീസ് രക്ഷിക്കൂ ... '
താഴേക്കു തുറിച്ചു നോക്കികൊണ്ടിരുന്ന ആ കണ്ണുകള്‍ ഒന്നു ഇളക്കാന്‍ പോലും വൃദ്ധന്‍ മെനക്കെട്ടില്ല. താഴെ തളം കെട്ടി കിടക്കുന്ന രക്തത്തിലേക്ക് ഒരു നിമിഷം അവളുടെ കണ്ണുകളുടക്കി. അബോധാവസ്ഥയിലേക് താന്‍ കടക്കുകയാണ്, അവള്‍ തിരിച്ചറിഞ്ഞു .. മുന്നില്‍ കുഞ്ഞുടുപ്പിട്ട് ബാലൂട്ടനെയും തൂക്കി പാടവരമ്പിലൂടെ ഓടുകയാണ്... അപ്പൂപ്പന്റെയും, രാജന്‍ മാമന്റെയും അസ്ഥിത്തറയില്‍ വിളക്ക് വെക്കുകയാണ്....മഴ നനയുകയാണ്.... വിഷുക്കണി കാണുകയാണ്.... ഊഞ്ഞാലാടുകയാണ്..... കണ്ണുകള്‍ അറിയാതടഞ്ഞു.
ഇനി അന്തിചര്‍ച്ചകളില്‍ മരണമില്ലാത്ത ജഡമായി, ഇരയായി അവളും.... മോക്ഷമില്ലാതെ ഘനീഭവിച്ച നിഴല്‍ രൂപങ്ങളായി അവളുടെ ഓര്‍മകളും......
0 Comments