പ്രണയം എഴുതിയ ജാതകം | സവിത ദാസ്

പെട്ടെന്ന് ഒരു വാഹനപണിമുടക്ക്, ആര് ആര്‍ക്ക് വേണ്ടി നടത്തിക്കൂട്ടുന്നു എന്ന് അറിയില്ല. ഞായറാഴ്ച ആയിട്ട് അച്ഛനെയും അമ്മയെയും കാണാന്‍ പോകാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്. ജോര്‍ജ്  എത്താം എന്നു പറഞ്ഞ സമയം അധിക്രമിച്ചു. വഴിയില്‍ എന്തേലും അടിയും പൊട്ടിപ്പും ഉണ്ടോ കാറില്‍ ആണ് പോയിരിക്കുന്നത്. നീരജ പെട്ടെന്ന് ന്യൂസ് ചാനല്‍ ഇട്ടു നോക്കി. ഇതുവരെയും കുഴപ്പങ്ങള്‍ ഒന്നും ഇല്ലാതെ സമാധാനപരമായി പോകുകയാണ്  ഇന്ന് കണ്ടപ്പോള്‍ ഒരു ദീര്‍ഘ ശ്വാസം എടുത്തു, ടെലിവിഷന്റെ സൗണ്ട് ഇത്തിരി കൂട്ടി വച്ചിട്ട്  മനോഹരമായി പിന്നിക്കെട്ടി വച്ചിരുന്ന നീണ്ടു പിച്ചിപൂവിന്റെ സുഗന്ധം  പരത്തുന്നമുടി അവള്‍ മുകളിലേക്ക് ഒന്ന് ചുറ്റിക്കെട്ടിവച്ചുകൊണ്ട് ഇന്നത്തെ പോക്ക്  മതിയാക്കി എന്നറിയിച്ച് അടുക്കളയിലേക്ക് പോയി. 

മാറ്റി വച്ച  ജോലികള്‍ ചെയ്ത് തീര്‍ക്കാം ഇന്നിനി എങ്ങോട്ടുീ പോകുന്നില്ലല്ലോ. ഫ്രൈ ചെയ്തത് എന്തേലും ഉണ്ടേല്‍ അല്ലേ കഴിക്കാന്‍ ഇരിക്കുമ്പോള്‍ ജോര്‍ജ്ജ്‌ന് സന്തോഷമാവുള്ളൂ. എങ്കില്‍ അതുകൂടി നടക്കട്ടേനു വച്ചു. പിന്നെ  സവാള കൂടി വട്ടത്തില്‍ അരിഞ്ഞു മുകളില്‍ നിരത്തി വച്ചു,  ഇങ്ങനൊക്കെ ചെയ്യുന്നത് ജോര്‍ജ്ജ്‌ന്  ഇഷ്ടമാണ്,വറുത്തത് ആരോഗ്യത്തിനു ദോഷം വരുത്തും എന്ന് പറയുന്നതും ചെയ്തു കൊടുക്കുന്നതും അവള്‍ തന്നെയാ.( വക്കീല്‍ എന്നാ ജോര്‍ജ് നീരജയെ ഇടയ്‌ക്കൊക്കെ വിളിക്കാറ്,  വാദ പ്രതിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ) ഇന്നെന്താ സ്‌പെഷ്യല്‍ എന്നും ചോദിച്ചാ ജോര്‍ജ് കൈ കഴുകാന്‍ പോകുന്നത് തന്നെ അപ്പോള്‍ എന്നും  എന്തേലും സ്‌പെഷ്യല്‍ ഇല്ലേല്‍ അവള്‍ക്കും ഒരു വിഷമം . ഞായറാഴ്ച മാത്രം ആ സ്‌പെഷ്യല്‍ ഉണ്ടാകില്ല, അമ്മേടെ പാചകം ആവോളം ആസ്വദിക്കുന്ന ദിവസമാണ് അത്. അഞ്ചു  വയസ്സിന്റെ വ്യത്യാസം ഉണ്ട് എങ്കിലും നീരജ ജോര്‍ജ് എന്നുതന്നെയാ വിളിക്കുന്നത് അതില്‍  ജോര്‍ജ്‌നും അഭിപ്രായവ്യത്യാസം ഇല്ല. 

മുടി ദേ അഴിഞ്ഞു വീണു, എത്ര കെട്ടി വച്ചാലും അനുസരണ കൂടുതല്‍ ആയതുകൊണ്ട്(അത് ജോര്‍ജ്‌ന്റെ അഭിപ്രായം മാത്രമാണ് ) അധികനേരം ഉച്ചിയില്‍ ഇരിക്കാതെ അത് താഴേക്ക് ചാടും. മുടിയുടെ നീളം  കുറയ്ക്കാന്‍ നീരജയ്ക്ക് ഇഷ്ടമായിരുന്നു പക്ഷേ ജോര്‍ജ് സമ്മതിക്കില്ല, അയാള്‍ക്ക് അവളുടെ മുടി ഒരുപാട് ഇഷ്ടമായിരുന്നു. മനോഹരമായ ആ മുടിയാണ്  അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോര്‍ജ്ജിനെ ആകര്‍ഷിക്കുന്നത്.. ഒക്കെ ഇന്നലത്തെ പോലെയുണ്ട്. അവള്‍ ആ ദിവസം  ഓര്‍ത്തു ജോര്‍ജിനെ ആദ്യമായ് കണ്ട ദിവസം.... 

മുത്തശ്ശിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷം,  അതില്‍ പങ്കെടുക്കാന്‍  കോളേജില്‍ നിന്നും ഒരു ദിവസത്തെ അവധിഎടുത്തു  വെള്ളിയാഴ്ച വീട്ടിലേക്കു പോകാന്‍ തീരുമാനിച്ചു. ഞായറാഴ്ച തിരികെ  എത്തണം,വന്നിട്ട് ഒരുപാട് വര്‍ക്ക് ഉണ്ട്. ബസില്‍ ആയിരുന്നു യാത്ര. എത്ര നേരത്തേ എത്താം അത്രേം നേരത്തേ എത്തണം എന്നായിരുന്നു മനസ്സില്‍. ഹോസ്റ്റലില്‍ കൂടെ ഉള്ള ലീന ഓര്‍മിപ്പിച്ചു  രാവിലെ 6.30 ന് ഒരു ബസ് ഉണ്ട് എന്ന്. അത് കിട്ടിയാല്‍ വീട്ടില്‍ ഊണ് വിളമ്പും മുന്‍പ് എത്താം . അമ്മയുടെ പുളിശ്ശേരിയുടെ രുചി അപ്പോഴേയ്ക്കും  നാവില്‍ വന്നു. എങ്ങനേലും കുളിച്ച്  മുടി ശരിക്ക് കെട്ടി വയ്ക്കാന്‍ ഒന്നും സമയം ഇല്ല കുളിപ്പിന്നല്‍ പിന്നിയിട്ടു  ബാഗും എടുത്ത്  അടുത്ത ബെഡില്‍ കിടന്ന ഷൈനിയ്ക്ക് ഒരു തോണ്ടും കൊടുത്തുകൊണ്ട്  പോയിട്ട് വരാമെന്നു പറഞ്ഞ് വേഗം ഇറങ്ങി. ആ സമയത്ത് തണുത്ത  കാറ്റ്  കൊണ്ട് നനഞ്ഞ മുടിയൊക്കെ ഉണങ്ങി പാറി പറക്കാന്‍ തുടങ്ങി. ഓട്ടോയില്‍ ബസ്സ്റ്റാന്‍ഡില്‍ എത്തി. ബസ് അഞ്ചു മിനിറ്റ് കഴിഞ്ഞ് എടുക്കും എന്ന് അറിഞ്ഞു നല്ലൊരു സീറ്റ് കണ്ടെത്താന്‍ ആയി ശ്രമം. ഏഴ് എട്ടു യാത്രക്കാര്‍ തന്നെക്കാള്‍ മുന്‍പേ സീറ്റ് പിടിച്ചു. കാഴ്ചകള്‍ കാണാനുള്ള  സൗകര്യം അനുസരിച്ച് ഒരു സീറ്റ് അവള്‍ക്കും കിട്ടി. കഴിഞ്ഞ തവണ ബസില്‍ പോകുമ്പോള്‍ ക്യാമറയില്‍ പകര്‍ത്താന്‍ കഴിയാതെപോയത് ഒക്കെ ഇത്തവണ പരിഹരിക്കണം.

 ഡ്രൈവര്‍ എത്തി, ബസ് അനങ്ങി മുക്കാനും ഞരങ്ങാനും തുടങി. യാത്രക്കാര്‍ പരസ്പരം  നോക്കി അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. അവളുടെ കൈ അറിയാതെ നെറ്റിയില്‍ തൊട്ടു.. പുളിശ്ശേരിയും കൂട്ടി കഴിച്ചത് തന്നെ.. ദൈവമേ,  കേക്ക് മുറിക്കുമ്പോഴേക്കും അങ്ങ് എത്തിയാല്‍ മതിയാരുന്നു. ആ ചടങ്ങ് വൈകിട്ട് ആക്കാന്‍ തീരുമാനിച്ചവര്‍ക്ക് മനസ്സില്‍ നന്ദി പറഞ്ഞു, ബസ്സ് യാത്ര പണി തരുന്നത് ഇപ്പോള്‍ മൂന്ന് തവണ ആയി. ട്രെയിന്‍ മതിയാരുന്നു, ഇനിയിപ്പോ പറഞ്ഞിട്ട് എന്താ ഈ ഞരക്കത്തിലെ സംഗീതം അങ്ങ് ആസ്വദിക്ക തന്നെ. മനസ്സില്‍ ദേഷ്യത്തെ കയറ്റിവിട്ടാല്‍ ഇന്നത്തെ ദിവസംപോകും അതുകൊണ്ട് വേണ്ട  സന്തോഷം പുഞ്ചിരി രണ്ടും മുറുക്കെ പിടിച്ചു. 

 ഇതുവരെ കാണാത്ത ഒരു സൗന്ദര്യം പ്രകൃതിക്ക് ഉണ്ടോ, ഉണ്ട് എന്ന് ഉറപ്പിച്ചുക്യാമറ തപ്പി എടുത്തു ആദ്യത്തെ ക്ലിക്ക് കഴിഞ്ഞപ്പോള്‍ മനസ്സില്‍ വല്ലാത്ത സന്തോഷം നിറഞ്ഞു. അടുത്ത ക്ലിക്ക് ഉടന്‍ തന്നെ വേണ്ടിവന്നു. മുല്ലയും കൊങ്ങിണിയും ഒക്കെ നിറച്ച കൂടയുമായി ഒരു കുഞ്ഞുപൂക്കാരി. മുടിയൊക്കെ ചെമ്പിച്ച്  അലക്ഷ്യമായി പറക്കുന്നുണ്ട് അവളെയും ക്യാമറയ്ക്കുള്ളിലാക്കി. അപ്പോഴാണ് പിന്നില്‍ നിന്നും ഒരു വിളി. കുഞ്ഞുമോളേ..    തെല്ലു സംശയത്തോടെയാ തിരിഞ്ഞു നോക്കിയത്. കാരണം എന്റെ പേര് കുഞ്ഞുമോള്‍ എന്നല്ലല്ലോ. പക്ഷേ മുന്‍പ് രണ്ടു തവണ ആളുമാറി എന്നോട് സംസാരിക്കാന്‍ വന്നവരെ ഞാന്‍ ഓര്‍ത്തു. അവരുടെ പരിചയത്തില്‍ ഉള്ള ഏതോ കുട്ടിയുടെ മുഖച്ഛായ എനിക്കുണ്ടത്രെ. 

എവിടെയും അതുതന്നെആണോ സംഭവം എന്ന  അര്‍ത്ഥത്തില്‍ അയാളെ നോക്കി അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു 'കുഞ്ഞുമോളേ ഈ മുടിയെ ഒന്നു പിടിച്ചേ'
ഞാന്‍ ആകെ ചമ്മി. പെട്ടെന്നു മുടി പിടിച്ച് ഒതുക്കികെട്ടി പിറകില്‍ വച്ച് ചാരി ഇരുന്നു.  കാറ്റില്‍ പറന്നു പിന്നിലെ സീറ്റില്‍ ഇരുന്ന ആളെ ചുറ്റിപ്പിടിക്കാന്‍ പോയേക്കുവാ ചുമ്മാ അല്ല യക്ഷി എന്ന് യമുന കളിയാക്കുന്നത്. രാവിലെ തിരക്ക്പിടിച് ഇറങ്ങിയതുകൊണ്ട്  മുടിയില്‍ ഇടാന്‍ പോലും ഒന്നും ഇല്ല കയ്യില്‍. അതിനിടെല്‍ ഫോട്ടോ എടുക്കുന്നതില്‍ ശ്രദ്ധിച്ചു അതാ നാണക്കേടായത്. വേറെ ആരേലും കണ്ടോ ആവോ ആരുടേയും മുഖത്ത് നോക്കാതെ ഞാന്‍ ഇരുന്നു അര മണിക്കൂര്‍ ആയിട്ടുണ്ടാകും പിന്നില്‍ ഇരുന്ന ആള് പോയോ ആവോ ഫോട്ടോ എടുക്കണം.

ഒരുപാട് നല്ല കാഴ്ചകള്‍ ഇപ്പോള്‍ തന്നെ നഷ്ടമായി. പലതവണ ശ്രമിച്ചിട്ടും ഷേക്ക്ആകാതെ എടുക്കാന്‍ കഴിയാതെ പോയ ഒരു കുഞ്ഞുമലയുണ്ട്. പണ്ട് താമരശ്ശേരി ചുരം ഒരു സൂപ്പര്‍ ക്ലിക്ക് ഷേക്ക് ആയിപോയതിന്റെ ദുഃഖം ഇതുവരെ തീര്‍ന്നിട്ടില്ല. ഇടയ്ക്ക് നല്ല ക്ലിക്ക് മിസ്സ് ആകുമ്പോള്‍ ഒക്കെ അതോര്‍ക്കും.ഇനി അങ്ങനെ ഒരു ചാന്‍സ് കിട്ടുമോ ആവോ.  ക്യാമറ പതുക്കെ വീണ്ടും എടുത്തു അല്പം മുന്നോട്ട് ആഞ്ഞു പെട്ടെന്നു പിന്നില്‍ നിന്നും ഒരു ചുമ 
ഞാന്‍ ഞെട്ടി സീറ്റില്‍ ഒട്ടിഇരുന്നു. അതെ ഈ ചുമ എനിക്കുള്ള താക്കീതാണ്  എനിക്ക് അത് മനസിലായി. പറക്കാന്‍ ചിറകുകള്‍ വിരിച്ച പക്ഷിയെ പിടിച്ച് കാലു കെട്ടിയിടും പോലെ മുടിയുടെ പകുതി വച്ച് ഒരു കെട്ടും കൊടുത്തിട്ടുണ്ട് ഞാന്‍ നിര്‍ഭയം മുന്നോട്ട് ആഞ്ഞു. പിന്നിലെ സീറ്റില്‍ ആരോ ചിരിഅമര്‍ത്തുന്നു  അത് ആരാണ് എന്ന് തിരിഞ്ഞു നോക്കാനുള്ള ധൈര്യം ഇല്ല.. അതൊന്നും  ശ്രദ്ധിക്കാതെ അവള്‍ ഫോട്ടോസ് എടുക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചു.

മണിക്കൂറുകള്‍  കടന്നുപോയി വിശപ്പ് തുടങ്ങി എന്ന് വയര്‍ തോണ്ടി പറഞ്ഞു. കൈ കൊണ്ട് രണ്ടു തട്ടു കൊടുത്ത് വയറിനെ ആശ്വസിപ്പിച്ചു. പെട്ടെന്ന് പിന്നില്‍ നിന്നും ഒരു കൈ നീണ്ടു വന്നു അതില്‍ കുറേ കടലയും നാണക്കേട് കൊണ്ട് എന്റെ തൊലിപൊളിഞ്ഞ അവസ്ഥ. ഞാന്‍ വയറിനെ ആശ്വസിപ്പിച്ചത് അയാള്‍ കണ്ടിരിക്കും നാണക്കേട് കൊണ്ട് കണ്ണ് ഇറുക്കി അടച്ചു. കൈ ഒന്നുകൂടി നീണ്ടു വന്നു. 'എടുത്തോളൂ ' അയാള്‍ പറഞ്ഞു, ഞാന്‍ തിരിഞ്ഞു നോക്കി മുടി പിടിച്ച ആളല്ല തൊട്ടടുത്ത് ഇരിക്കുന്ന ചെറുപ്പക്കാരന്‍ ആണ്.  ഒരു ചെറു പുഞ്ചിരിയോടെ, വേണ്ട എന്റെ കയ്യില്‍  ഉണ്ട് എന്ന് പറഞ്ഞ് അടുത്തിരിക്കുന്ന ആളെയും നോക്കി അപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു കുഞ്ഞുമോളുടെ വീട് എവിടാ..അന്‍പത്തിയഞ്ചില്‍ കുറയാതെ പ്രായമുള്ള  ഒരാള്‍. അയാള്‍ അവള്‍ക്ക് കുഞ്ഞുമോള്‍ എന്നൊരുപേരും ഇട്ടുകഴിഞ്ഞു.   കുഞ്ഞുമോളെന്നാണോ പേര് കടല തന്ന ആള് തിരക്കി  പെട്ടെന്ന്  യക്ഷിയുടെ  കാലിലെ കെട്ടു പൊട്ടി ചിറകു വിരിച്ച് പിന്നോട്ട് പറക്കാന്‍ തുടങ്ങി. പെട്ടെന്ന് ചാടി പിടിച്ചു ഒതുക്കി ഇനി കെട്ടിയിട്ടാലും പോരാ കൂട്ടിലാക്കണം. പഴയപോലെ കാലുകെട്ടി മുടി മുന്നിലേയ്ക് ഇട്ടു  എന്നിട്ട് ചുരിദാറിന്റെ ഷാള്‍ തലയിലൂടെ ഇട്ടു ഉമ്മിച്ചികുട്ടിയെപോലെ ഇരുന്നു അവളുടെ  പ്രവൃത്തി കണ്ടിട്ട് രണ്ടാളും ചിരിക്കുന്നുണ്ട്. എന്താ കുട്ടിയുടെ പേര് ? അവളല്ല ആ ചോദ്യത്തിന് ഉത്തരം പറഞ്ഞത്, അടുത്തിരുന്ന അമ്മാവന്‍ പറഞ്ഞു പേര് കുഞ്ഞുമോള്‍. അതു കേട്ട് മൂന്നു പേരും ചിരിച്ചു. നീരജയ്ക്ക്  ഇറങ്ങാനുള്ള സ്റ്റോപ്പ് ആകാറായി ബാഗ് ഒക്കെ എടുത്തു വച്ച്  പുളിശ്ശേരിയും കൂട്ടി ചോറുണ്ണുന്ന ചിന്തയില്‍ മുഴുകി കാത്തിരുന്നു. 
ഇറങ്ങേണ്ട സ്ഥലം എത്തി  സീറ്റില്‍ നിന്നും എഴുന്നേറ്റപ്പോള്‍ ആ ചെറുപ്പക്കാരന്‍ ഇവിടെ അടുത്താണോ വീട് എന്ന് തിരക്കി. എന്നിട്ട് സ്വയം പരിചയപ്പെടുത്തി. ഞാന്‍ ജോര്‍ജ്. എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപകനാണ്. ഇത്ര ചെറുപ്പത്തിലേ അദ്ധ്യാപകന്‍ ആയതിന്റെ ജാടയാണോ എന്നര്‍ത്ഥത്തില്‍ അവള്‍ അയാളെ നോക്കി.  അപ്പോഴേയ്ക്കും കണ്ടക്ടര്‍ ബെല്‍ അടിച്ചു ബസ്സ് നിര്‍ത്തി, അവള്‍  പറഞ്ഞത് കേട്ടു എന്നര്‍ത്ഥത്തില്‍ തലയാട്ടി തിടുക്കത്തില്‍ പുറത്തിറങ്ങി ഒരു ഓട്ടോയില്‍ വീട്ടിലേയ്ക്കു പോയി. 

ആ മഹാനെ വീണ്ടും കാണേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയതല്ല പക്ഷേ തികച്ചും ആകസ്മികമായി അതുണ്ടായി. വീട്ടില്‍ എത്തി പുളിശേരി.. പായസം.. കേക്ക് ആഘോഷങ്ങള്‍ ഗംഭീരമായി കഴിഞ്ഞു. വീട്ടില്‍ വിവാഹ ആലോചനകള്‍ നടക്കുന്നു എന്ന് മനസിലായിട്ടും ഒന്നും ശ്രദ്ധിക്കാന്‍ കൂട്ടാക്കാതെ ആഘോഷങ്ങള്‍ കഴിഞ്ഞു ഹോസ്റ്റലിലേയ്ക്... 
ട്രെയിനിലാണ് മടക്കം. ഞായറാഴ്ച രാവിലെ തന്നെ ഇറങ്ങിയതുകൊണ്ട് സമാധാനമുണ്ട് പതുക്കെ അങ്ങ് എത്തിയാല്‍ മതീലോ. ഇരിക്കാന്‍ സീറ്റ് ഇല്ല, സീറ്റിനോട് ചേര്‍ന്നുള്ള കമ്പിയില്‍ പിടിച്ചു നിന്ന് അന്ന് ആദ്യമായി ട്രെയിനില്‍ നിന്ന്  ഉറങ്ങിപ്പോയി. ഒരു ഹാന്‍ഡ്ബാഗ് പിന്നെ മൊബൈല്‍  വിരലില്‍ തൂക്കി ഇട്ടത്, ഇടയ്ക്കിടയ്ക് അമ്മയുടെ വിളി വരും അതുകൊണ്ടാരുന്നു. ഇത്തിരി വലിയ ബാഗ് ഒന്നുള്ളത് കാണാന്‍ പാകത്തിന്  വച്ചിട്ടുണ്ട്. ഇടയ്ക്ക് അമ്മയുടെ വിളി വരുമ്പോഴാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. നിന്നും  ഉറങ്ങാം എന്ന് അന്നാണ് മനസ്സിലാക്കിയത്. നല്ലൊരു ഉറക്കം കഴിഞ്ഞു ഉണര്‍ന്നപ്പോള്‍ കയ്യില്‍ ഫോണില്ല. ദൈവമേ ഇപ്പോള്‍ അമ്മ പേടിക്കുമല്ലോ എന്നോര്‍ത്താണ് അപ്പോള്‍ വിഷമിച്ചത്. ആരോട് ചോദിക്കും. അവള്‍  സീറ്റില്‍ ഇരിക്കുന്നവരെ നോക്കി അവര്‍ എല്ലാരും ഓരോരോ കാര്യങ്ങളില്‍ മുഴുകിയിരിക്കുന്നു. ദൈവമേ രക്ഷിക്കണേ കൃഷ്ണന്റെ  വഞ്ചിയിലേയ്ക് ഒരു രൂപ നേര്‍ച്ച നേര്‍ന്നു. ജോലി കിട്ടിയിട്ട് കൂട്ടിത്തരാട്ടോ കണ്ണാ.. ഫോണ്‍ ഞാന്‍ നിലത്തൊക്കെ നോക്കി ആകെ വിഷമിച്ചു. 

കുഞ്ഞുമോളേ.. ആ വിളി അപ്പോഴാണ് അവള്‍ കേട്ടത് തിരിഞ്ഞു നോക്കിയപ്പോള്‍ ബസില്‍ പരിചയപ്പെട്ട  ജോര്‍ജ്. എന്ത്പറ്റി ഞാന്‍ കുറേ നേരമായല്ലോ വിളിക്കുന്നു ഇത് ഏതു ലോകത്താ.. ഒരുപാട് നാളത്തെ പരിചയം പോലെ ജോര്‍ജ്  തിരക്കി. 
വിവരം അറിഞ്ഞപ്പോള്‍ ഫോണിലേയ്ക് വിളിച്ചു നോക്കിയോ എന്ന് ചോദിച്ചു.. ഞാന്‍ ആരോടേലും അത്ഒന്നു ചോദിക്കാന്‍ തുടങ്ങുകയാരുന്നു. ശരി നമ്പര്‍ പറയ് ഞാന്‍ വിളിച്ചുനോക്കാം. ബെല്‍ ഉണ്ട് ആരും എടുക്കുന്നില്ലല്ലോ,  ആകെ വിഷമിച്ചു നില്‍കുമ്പോള്‍  ആരോ പിറകില്‍ നിന്ന് അവളെ തോണ്ടി വിളിക്കുന്നു തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു കൊച്ചു കുട്ടി. കയ്യില്‍ എന്റെ ഫോണ്‍. അവന്‍ അത് അവളുടെ നേര്‍ക്ക്  നീട്ടി ചേച്ചീ ആരോ വിളിക്കുന്നു എന്ന് കൊഞ്ചി പറഞ്ഞത് കേട്ട് അവര്‍  അത്ഭുതപ്പെട്ടു .  ഫോണ്‍ വാങ്ങി. മോന്‍ ഏതാന് ചോദിച്ചപ്പോള്‍  വേഗം സംസാരിച്ചിട്ട് ഫോണ്‍ കൊടുക്കാന്‍.  രണ്ടാളും അവന്റെ സംസാരം കേട്ട് ഒന്നും മനസിലാകാതെ നിന്നു. അവന്റെ അമ്മുമ്മ എന്ന് തോന്നിക്കുന്ന ഒരു സ്ത്രീ പിന്നാലെ എത്തി മതി കളിച്ചത് ഫോണ്‍ കൊടുത്തിട്ടുവാമോനേ.. നീരജ അവന് ഫോണ്‍ കളിക്കാന്‍ കൊടുത്തു എന്നാണ് ആ കുട്ടി അവരോടു പറഞ്ഞത് എന്ന് അവര്‍ക്ക്  മനസിലായി  ആ സ്ത്രീ അവരോടു  യാത്രപറഞ്ഞു ആ ചട്ടമ്പിയെയും കൊണ്ട് പോയി.

ഉറങ്ങിപ്പോയപ്പോള്‍ ഫോണ്‍ നിലത്തു വീണിരിക്കും അപ്പോള്‍ അവന്‍ എടുത്തതാകും എന്ന് അവര്‍ ഊഹിച്ചു. അവരുടെ മുന്നില്‍ വച്ച് ആ കുട്ടിയോട് അതേക്കുറിച്ചു ചോദിക്കാന്‍ തോന്നിയില്ല. ഏതായാലും ഫോണ്‍ കിട്ടിയല്ലോ സമാധാനമായി. 'ദേ അമ്മ വിളിക്കുന്നു എന്റെ കൃഷ്ണാ..  ' അവള്‍ അറിയാതെ വിളിച്ചുപോയി. അത് കേട്ട് കണ്ണും മിഴിച്ചു അവളെ  നോക്കിയ  ജോര്‍ജിനെ ഇന്നും അവള്‍  ഓര്‍ക്കുന്നു. ജോര്‍ജിനോട്  നന്ദി പറഞ്ഞു പക്ഷേ അയാള്‍ അതൊന്നും കേട്ട മട്ടില്ല. ഒഴിഞ്ഞ സീറ്റിലേയ്ക് അവര്‍  ഇരുന്നു അവന്‍  ഒന്നും മിണ്ടുന്നില്ല. എങ്ങോട്ടു പോകുന്നു എന്ന അവളുടെ  ചോദ്യത്തിന്  മുഖമുയര്‍ത്തി നോക്കി  ഒരു ദീര്‍ഘശ്വാസം എടുത്തു,  വീട്ടിലേയ്ക്കു പോകുന്നു അമ്മച്ചിയ്ക് സുഖമില്ലാന് കാള്‍ വന്നു. എന്താ ശരിക്കുള്ള പേര്?
നീരജ
അയാള്‍ ഒന്നു ഇരുത്തി മൂളി. അയാള്‍ക്ക് അവളോട്  എന്തോ പിണക്കം പോലെ. ഇനി അവള്‍  കുഞ്ഞുമോളാണ് എന്ന് അയാള്‍ വിശ്വസിച്ചിരുന്നോ ആവോ, ആദ്യമായി കണ്ടപ്പോള്‍ അവളുടെ കഴുത്തില്‍ ഒരു കുരിശു മാല ഉണ്ടായിരുന്നു. കോളേജിന് അടുത്തുള്ള പള്ളിയില്‍ കൂട്ടുകാര്‍ക്ക് ഒപ്പം പോയപ്പോള്‍ കൂട്ടുകാര്‍ നാലുപേരും ഒരുപോലെ ഉള്ളത് വാങ്ങിയതാണ്. പത്തു വെള്ളക്കല്ല് പതിച്ച ഒരു കുഞ്ഞു കുരിശും നൂലു പോലെ ഒരു മാലയും. പിന്നീട് അധികം സംസാരങ്ങള്‍ ഒന്നും ഉണ്ടായില്ല. ഒന്നു പറഞ്ഞു അമ്മച്ചിയോടു കുറച്ച് സംസാരിക്കാനുണ്ട് എന്ന്. അത് എന്താണ് എന്നൊന്നും തിരക്കേണ്ട ആവശ്യമില്ലാത്തതുകൊണ്ട്  അവള്‍ ചോദിച്ചില്ല. നീരജയ്ക്ക് ഇറങ്ങേണ്ട സ്റ്റേഷന്‍ എത്തിയപ്പോള്‍  അവന്‍ ഒരു കൊച്ചുകുട്ടിയെ എന്ന പോലെ തിരക്കില്‍ നിന്നും ഒഴിച്ച് അവളെ  പുറത്തിറക്കി ബാഗ് ഒക്കെ എടുത്തുകൊടുത്തു  സഹായിച്ചു. നന്ദി പറഞ്ഞ് അവര്‍ പിരിഞ്ഞു. ഹോസ്റ്റലില്‍ എത്തിയപ്പോള്‍ അവിടുത്തെ തിരക്കില്‍പെട്ട് മറ്റെല്ലാം മറന്ന് അവള്‍ ഒഴുകി നടന്നു. 

ദിവസങ്ങള്‍ കഴിഞ്ഞു അമ്മ നീരജയോട്  ശനിയാഴ്ച വീട്ടില്‍ ചെല്ലണം എന്ന് പറഞ്ഞപ്പോള്‍ അതുവരെ ഇല്ലാത്ത എന്തോ ഒരു പൊരുത്തക്കേട്. വീട്ടില്‍ എത്തിയപ്പോള്‍ അമ്മേടെ വക ചോദ്യങ്ങള്‍ ആരാടീ ഈ ജോര്‍ജ് ?  ഒറ്റ ചോദ്യം അത് കേട്ടപ്പോഴേ തന്റെ  ശവം തെക്കോട്ട് എടുക്കുന്നത് അവള്‍  മനസ്സില്‍ കണ്ടു. പറഞ്ഞാല്‍ അവര്‍ വിശ്വസിക്കുമോ കണ്ടു പരിചയമേയുള്ളൂന്. അവള്‍ അടിമുടി വിറയ്ക്കാന്‍ തുടങ്ങി. അമ്മയ്ക്ക് ദേഷ്യം വന്നാല്‍ പിന്നെ മോളാണ് എന്നൊന്നുമില്ല.  എങ്ങനേലും ഉണ്ടായ  കാര്യങ്ങള്‍ അമ്മയോട് പറഞ്ഞു പക്ഷേ അമ്മ ഒന്നും വിശ്വസിച്ചമട്ടില്ല. നിന്റെ ഫോണ്‍ നമ്പര്‍ അവന്റെ  കയ്യില്‍ എങ്ങനെ വന്നു അതിനൊന്നും അവള്‍  പറഞ്ഞ കാരണങ്ങള്‍ ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. 

അവളെ വിശ്വസിക്കാന്‍ ആരും ഇല്ലാരുന്നു. ഒരു കൂടപ്പിറപ്പ് ഇല്ലാത്തതിന്റെ വേദന അന്നാണ് അവള്‍ക്ക്  മനസ്സിലായത്. ഒറ്റ ദിവസംകൊണ്ട് പാവം പനി പിടിച്ചു കിടപ്പിലായി. അവള്‍ക്ക്  എല്ലാരോടും ദേഷ്യം മാത്രമായി. ഓരോത്തരുടെ അര്‍ത്ഥം വച്ചുള്ള നോട്ടവും സംസാരവും. ഇതൊക്കെ ഇവര്‍ എങ്ങനെ അറിഞ്ഞു എന്ന് മാത്രം ആരും പറയുന്നില്ല. ആരോടും ചോദിക്കാനും പറ്റില്ല എല്ലാരും കൂടി കൊന്നു തിന്നില്ലേ,  ഒരു ആഴ്ച കോളേജില്‍ ലീവ് പറഞ്ഞത് കഴിയാറായി തിരികെ കോളേജിലേയ്ക് വിടാന്‍ വീട്ടുകാര്‍ക്ക് ഉദ്ദേശമില്ലാത്തപോലെ തോന്നി. അവളുടെ സമനില തെറ്റും എന്ന സ്ഥിതിയിലായി കാര്യങ്ങള്‍. ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കാന്‍ മനസ്സ് അനുവദിച്ചില്ല. തന്നെ മനസിലാക്കാത്തവരുടെ കൂടെ ജീവിക്കാനും തോന്നുന്നില്ല. എല്ലാരേയും ശിക്ഷിക്കണം, ഇല്ലാത്തതൊക്കെ കഥയാക്കി തന്നെ  ശിക്ഷിക്കുന്ന എല്ലാരേയും.

ഒരു കത്ത് എഴുതി പോക്കറ്റിലാക്കി. 'ഏതേലും പെണ്‍കുട്ടികള്‍ അങ്ങനൊക്കെ തെറ്റുചെയ്തിട്ടുണ്ടാകാം പക്ഷേ ഇന്നേവരെ അങ്ങനെ ഒരു തെറ്റും എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇന്നുവരെ ആരെയും ഞാന്‍ പ്രണയിച്ചിട്ടില്ല. വെറും ഒരു പരിചയക്കാരന്‍ ആണ് അയാള്‍ എനിക്ക്, ഇനിയെങ്കിലും വിശ്വാസിക്ക് '   ഇത്രയും എഴുതി നിര്‍ത്തി.
മുത്തശ്ശിയുടെ കുറേ ഗുളികകള്‍ എടുത്ത് കഴിച്ചു. കൃഷ്ണന് കൊടുക്കാനുള്ള നാല് ഒറ്റ രൂപ വിളക്കിനു മുന്നിലുള്ള കൃഷ്ണന്റെ ഫോട്ടോയോട് ചേര്‍ത്തുവച്ചു. എന്തെല്ലാം ആഗ്രഹങ്ങള്‍ ആയിരുന്നു ഒരു ജോലി കുടുംബം  ഒക്കെ അവസാനിക്കാന്‍ പോകുന്നു കണ്ണില്‍ ഇരുട്ടു കയറാന്‍ തുടങ്ങിയിരിക്കുന്നു. കണ്ണുനീരിനു പകയുടെ ചൂടുണ്ടാരുന്നു. ശരീരം തളരുന്നപോലെ തോന്നിയപ്പോള്‍ എവിടേയോ ഇരിക്കാന്‍ ശ്രമിച്ചത് മാത്രമേ പിന്നെ ഓര്മയുള്ളു...

കണ്ണു തുറന്നപ്പോള്‍ ആദ്യം കണ്ടത് ജോര്‍ജിനെ ആയിരുന്നു. എന്നോട് ചെയ്ത തെറ്റിന് സോറി പറയുന്നുണ്ട്. ജോര്‍ജിന്റെ അമ്മയാണ് അടുത്ത് നില്‍ക്കുന്നത് എന്ന് അവള്‍ക്ക് മനസിലായി. ബാക്കി പറഞ്ഞത് ആ അമ്മയായിരുന്നു. മോളേ തെറ്റ് അമ്മച്ചിയുടേതാണ് ഞാനാണ് മോളുടെ അമ്മയെ വിളിച്ചു വിവാഹം ആലോചിച്ചത്.  മോന്റെ കോളേജിന് അടുത്തുള്ള  ബ്രോക്കര്‍ന്റെ കയ്യില്‍ മോളുടെ ഫോട്ടോ കണ്ടു. അതില്‍ മോളുടെ അച്ഛന്റെയും  അമ്മേടെയും  ഫോണ്‍ നമ്പര്‍ ഉണ്ടാരുന്നു. അവന്‍ അത് എനിക്ക് തന്നു. ഞാന്‍ ഇങ്ങനൊക്കെ ആകുമെന്ന് കരുതിയില്ല എന്നു പറഞ്ഞ് ആ അമ്മ കരയുന്നുണ്ട്. 

നീരജ തന്റെ അച്ഛനെയോ അമ്മയെയോ ആരെയും അവിടെ കണ്ടില്ല. തെറ്റ് മനസ്സിലായപ്പോള്‍ തന്റെ  മുന്നിലേയ്ക് വരാന്‍ എല്ലാര്‍ക്കും മടിയാണ് എന്നറിഞ്ഞു. അവള്‍ക്കും  ആരെയും കാണാന്‍ തോന്നിയില്ല. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഓരോത്തരായി വരാന്‍ തുടങ്ങി അവള്‍  ആരെയും കാണാനോ സംസാരിക്കാനോ ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് കണ്ണടച്ചു കിടന്നു. അവളുടെ ഈ  പ്രതിഷേധം വീട്ടില്‍ എത്തിയിട്ടും തുടര്‍ന്നു. അവള്‍ക്ക് വീട് ഒരു നരകമായി. ജോര്‍ജിന്റെ അമ്മച്ചി ഇടയ്ക്കിടയ്ക് നീരജയെ ഫോണില്‍  വിളിച്ച് ആശ്വസിപ്പിക്കും.  നീരജയുടെ അമ്മയെയും അമ്മച്ചി വിളിച്ചു വിവരങ്ങള്‍ തിരക്കിക്കൊണ്ടിരുന്നു. പക്ഷേ ഒരിക്കല്‍ പോലും ജോര്‍ജ് ആരെയും  വിളിച്ചില്ല. ഒരു തവണ വിളിച്ചപ്പോള്‍ അമ്മച്ചി പറഞ്ഞു മോള്‍ കുറച്ച് ദിവസം അമ്മച്ചീടെ കൂടെ വന്നു നില്‍ക്കാന്‍. എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ടു നിന്ന അവള്‍ക്ക്  അപ്പോള്‍ അത് വേണം എന്നു തോന്നി. പിറ്റേന്ന് തന്നെ അമ്മച്ചി അവളെ  കൊണ്ടുപോകാന്‍ എത്തി. അവള്‍  പോകാന്‍ തയ്യാറായി..വീട്ടില്‍ ആര്‍ക്കും ഇഷ്ടമില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ ആരോടും ചോദിക്കാതെ അവരുടെ മുന്നിലൂടെ തന്നെ അമ്മച്ചിയുടെ കൈ പിടിച്ചു പോയി. പിന്നെ നീരജ തിരികെ അവളുടെ വീട്ടിലേയ്ക്കു  പോയില്ല. 

ജോര്‍ജിന്റെ വീട്ടില്‍ അമ്മച്ചിയും അപ്പച്ചനും ഉണ്ടായിരുന്നു. ഒരു സഹോദരി വിവാഹം കഴിഞ്ഞു വിദേശത്താണ് അവരൊക്കെ. അപ്പച്ചന്‍ നീരജയെ  ആദ്യമായിട്ടാണ് കാണുന്നത്. അവളെ കണ്ടപ്പോള്‍ അപ്പച്ചന് വലിയ സന്തോഷം ആയിരുന്നു. ഈ മാലാഖയെ  ആണോ എല്ലാരും കൂടി ക്രൂശിച്ചത്   എന്നുപറഞ്ഞപ്പോള്‍ അപ്പച്ചന്റെ കണ്ണു നിറഞ്ഞത് അവള്‍  കണ്ടു. നെറുകയില്‍ ഒരു മുത്തം കൊടുത്തു എന്റെ മോള് ഇനി ഒരിക്കലും വിഷമിക്കരുത് അപ്പച്ചനും അമ്മച്ചിയും ഉണ്ട് നിനക്ക് എന്നുപറഞ്ഞ് അവളെ  ആശ്വസിപ്പിച്ചു. ആഴ്ച്ചകള്‍ കഴിഞ്ഞു വീട്ടില്‍ നിന്നും ഫോണ്‍ വരുന്നുണ്ട് തിരികെ ചെല്ലുന്നില്ലേ എന്ന് ചോദിച്ചു  അവള്‍  മറുപടി കൊടുത്തില്ല ഒന്നിനും. എല്ലാ വിവരങ്ങളും അമ്മച്ചി വീട്ടിലേയ്ക് അറിയിച്ചുകൊണ്ടിരുന്നു. അതിനിടേല്‍ താന്‍  അവിടെ ഉള്ളതുകൊണ്ടാണ് ജോര്‍ജ് വീട്ടിലേയ്ക് വരാത്തത് എന്ന് നീരാജയ്ക്  മനസിലായി. താന്‍ കാരണം അപ്പച്ചനും അമ്മച്ചിയ്ക്കും മകനെ ഒന്നു കാണാന്‍ കിട്ടുന്നില്ല അത് അവളെ വീട്ടിലേയ്ക്കു പോകാന്‍ നിര്ബന്ധിതയാക്കി. നീരജ ബാഗ് ഒക്കെ എടുത്തുവച്ചു, വിവരം അറിഞ്ഞയുടന്‍  അമ്മച്ചി ജോര്‍ജിനെ വിളിച്ചുവരുത്തി. ജോര്‍ജ് വന്നയുടനെ അവളുടെ റൂമിലേയ്ക് വന്നു. ജോര്‍ജിനെ കണ്ടപ്പോള്‍ അവള്‍ക്ക് ദേഷ്യവും സങ്കടവും ഒക്കെ വന്നു   പിന്നെ  എന്തൊക്കെയോ വിളിച്ചുപറഞ്ഞു. 'അന്ന് ഹോസ്പിറ്റലില്‍ വച്ച് സോറി പറഞ്ഞിട്ട് പോയതാണ്....... അല്ലേ ?അയാള്‍ മറുപടി പറയാതെ നിന്നു . ഇടയ്ക്ക് അമ്മച്ചിയെ ഫോണില്‍ വിളിച്ചു വിവരം തിരക്കും കഴിഞ്ഞല്ലോ എല്ലാം. എന്തിനാ ഇപ്പോള്‍ ഇങ്ങോട്ട് വന്നത് ?അവളുടെ ശബ്ദം അവളറിയാതെ ഉയര്‍ന്നു. താന്‍ വിഷമിക്കണ്ട അവന്‍ അവളെ  ആശ്വസിപ്പിക്കാന്‍ അടുത്തേയ്ക്കു വന്നപ്പോള്‍      ' ഞാന്‍  നാളെ പോകും എന്നു പറഞ്ഞ് അവള്‍  റൂമില്‍ നിന്നും പുറത്തേയ്ക്കു പോയി അമ്മച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. 

സമയം ഏറെ ആയിട്ടും ആരും അത്താഴം കഴിക്കാന്‍ വരുന്നില്ല. ജോര്‍ജ്  മോളുടെ  റൂമില്‍ തന്നെ ഇരിക്കുകയാണ് എന്ന് അമ്മച്ചി പറഞ്ഞു.  നീരജയുടെ ജീവിതം ഇന്ന് ഈ വിധം ആക്കിയത് താനാണ് എന്ന കുറ്റബോധം ആണ്   അവന്റെ മനസുനിറയെ .  അവളുടെ  മുഖത്ത് നോക്കാന്‍  വിഷമം അതുകൊണ്ടാണത്രെ ഇങ്ങോട്ട് വരാതിരുന്നത്. മോള് പോയി അവനെ കഴിക്കാന്‍  വിളിച്ചുകൊണ്ടുവാ.. 
അവള്‍ മെല്ലെ എഴുനേറ്റു മരവിച്ച മനസ്സാണ് ഇപ്പോള്‍ തനിക്ക് ആരോട് എന്ത് പറയണം എന്നറിയില്ല ജോര്‍ജിനോട് ഉച്ചത്തില്‍ എന്തോ പറഞ്ഞു അത് വേണ്ടാരുന്നു എന്നവള്‍ക്ക് തോന്നി. അങ്ങനെ എന്തിന് പെരുമാറി എന്ന് അവള്‍ ആലോചിച്ചു. അവന്റെ ഒരു ഫോണ്‍ കാള്‍ അത് താന്‍ ആഗ്രഹിച്ചിരുന്നോ  ? 
എല്ലാം നഷ്ടപ്പെട്ടപോലെ ഇവിടെ ജീവിച്ചപ്പോള്‍ ഒരു വാക്കുകൊണ്ട് എങ്കിലും തന്നെ ആശ്വസിപ്പിക്കാന്‍ അവനു ബാധ്യതയില്ലേ?  മുന്നില്‍ ഇരുട്ട് മാത്രം...  കാലുകള്‍ മുന്നോട്ടേക്കു നീങ്ങി. 

ജോര്‍ജ് ബെഡില്‍ ഇരിപ്പുണ്ട് അടുത്തുള്ള മേശയില്‍ തലകുനിച്ച്..പാവം, കണ്ടപ്പോള്‍ അവള്‍ക്ക്  വിഷമം തോന്നി. അടുത്ത് ചെന്ന് അവള്‍ ആദ്യമായിവിളിച്ചു  ജോര്‍ജ്..  ജോര്‍ജ്.. അവിടെ എല്ലാരും അങ്ങനെയാ വിളിച്ചിരുന്നത് അതുകൊണ്ട് അവളും വിളിച്ചു. അവന്‍  മുഖമുയര്‍ത്തി അവളെ നോക്കി. അവന്റെ  കണ്ണുകള്‍ ചെറുതായി കലങ്ങിയിട്ടുണ്ട്. അവളുടെ മനസ്സ് ഒന്നു  പിടഞ്ഞു. സ്വന്തം വേദന മറച്ചു വച്ച് അവള്‍ പറഞ്ഞു, ജോര്‍ജ് എന്നോട് ക്ഷമിക്കണം ഞാന്‍ അറിയാതെ  പറഞ്ഞുപോയതാണ്. എന്നെക്കുറിച്ച് ഓര്‍ത്ത് ആരും ഇനി വിഷമിക്കരുത് ഞാന്‍ നാളെ തിരിച്ചുപോകുകയാണ്. ഇപ്പോള്‍ എനിക്ക് വിഷമമോ ദേഷ്യമോ ഒന്നുമില്ല . എല്ലാരും അത്താഴം കഴിക്കാന്‍ ഇരുന്നു.. വരൂ  അമ്മച്ചി വിളിക്കുന്നു. അവന്‍  അവളെ തന്നെ നോക്കിയിരുന്നു. എഴുനേല്‍ക്കാന്‍ ഭാവമില്ല.  താന്‍  ഇവിടെ ഇരിക്ക്  
അവള്‍ കട്ടിലിന്റെ ഒരറ്റത്ത് ഇരുന്നു. അന്ന്  എന്തെങ്കിലും സംഭവിച്ചുപോയിരുന്നു എങ്കിലോ ? അവന്റെ ശബ്ദം ഇടറി.. 
താന്‍  അതിനെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചോ ? വിവരം അറിഞ്ഞ നിമിഷം മുതല്‍ ഞാന്‍ അനുഭവിച്ച വേദന എത്രയാണ് എന്ന്  അറിഞ്ഞോ ?  ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ അവള്‍ മുഖംതാഴ്ത്തി ഇരുന്നു. 
അവന്‍ അവളുടെ അടുത്തേക്ക്  ചേര്‍ന്ന് ഇരുന്ന് അവളെ തന്നെ നോക്കി. മുടിയിഴകള്‍ കൊണ്ട് അവളുടെ മുഖം മറഞ്ഞിരുന്നു. അവളുടെ മുടിയിഴകള്‍ അവന്‍ ഒതുക്കി വച്ചു 
അവന്റെ ഹൃദയം ഇടിക്കുന്നത്  അവള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നു. അവള്‍  മുഖമുയര്‍ത്തി നോക്കി.  അവന്‍ മുഖവുരകളില്ലാതെ ചോദിച്ചു ഞാന്‍.. ഈ കഴുത്തില്‍ ഒരു താലി കേട്ടട്ടേ ?
പെട്ടെന്നുള്ള ചോദ്യം..  ഇഷ്ടമാണ്.. പക്ഷേ  അത് എങ്ങനെ പറയണം എന്നറിയാതെ അവള്‍ കുഴങ്ങി. അവളുടെ ചുണ്ടുകള്‍ വിടര്‍ന്നു ആ ചിരി മാത്രം മതിയായിരുന്നു അവന്. അവന് അവളെ കെട്ടിപ്പുണരാന്‍ തോന്നി അത്രയ്ക്കുണ്ടാരുന്നു ആഹ്ലാദം. പക്ഷേ വേണ്ട കുറച്ച് മുന്‍പ് ഈ മാലാഖ എന്നെ പേടിപ്പിച്ചുകളഞ്ഞല്ലോ, അതുപോലെ ദേഷ്യപ്പെട്ടാലോ എന്നൊരു ഉള്‍വിളി അവന്റെ ചിന്താമണ്ഡലത്തില്ലൂടെ മിന്നി മറഞ്ഞു. 
ചേര്‍ന്നിരിക്കുന്ന മക്കളെ കണ്ട അമ്മച്ചിയുടെ കണ്ണുകളും സന്തോഷം കൊണ്ട് നനഞ്ഞു. പ്രണയത്തിന്റെ  മാത്രമായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍. ഒരു പ്രണയം സ്വപ്നം കാണാന്‍ പോലും ഭയന്നിരുന്നത് അച്ഛനെയും അമ്മയെയും പേടിയും ബഹുമാനവും ഉള്ളതുകൊണ്ടായിരുന്നു. ഇന്ന് ആ അച്ഛനും അമ്മയും ആണ് ഈ പ്രണയത്തിലേയ്ക് അവളെ കൊണ്ടെത്തിച്ചത്. ഏതായാലും ഇന്ന് അവള്‍ സന്തോഷവതിയാണ്. 

അച്ഛന്റെയും അമ്മയുടെയും കുടുംബക്കാരുടെയും മൗനാനുവാദത്തോടെ അവര്‍ വിവാഹിതരായി. സ്വന്തം വീട്ടുകാരോടുള്ള നീരജയുടെ പിണക്കം മാത്രം മാറിയില്ല. വര്‍ഷം ഒന്നാകും മുന്‍പ് അവര്‍ക്കിടയിലേയ്ക്  ഒരു കുഞ്ഞു ജോര്‍ജും  വന്നു . ഓണം   ക്രിസ്മസ്  മരണം അങ്ങനെ  മാത്രം സ്വന്തം വീട്ടില്‍ പോകും. ഒരു ദിവസം പോലും അവിടെ തങ്ങാന്‍ അവള്‍ക്ക് ഇഷ്ടമില്ല. വിവാഹം കഴിഞ്ഞിട്ട്  നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു. ജോര്‍ജിന്റെ അമ്മച്ചിയ്ക് സുഖമില്ല, അപ്പച്ചന്‍ മരിച്ചതില്‍ പിന്നെ അമ്മച്ചിക്ക് എപ്പോഴും കൊച്ചുമോനേം കെട്ടിപ്പിടിച് ഓരോന്നു പറഞ്ഞു കരച്ചില്‍ തന്നെയാരുന്നു.  വലിയ സ്‌നേഹമായിരുന്നു രണ്ടാളും. താമസിയാതെ അമ്മച്ചിയും പോയി. പോകും മുന്‍പ് അമ്മച്ചി അവളുടെ അച്ഛനെയും അമ്മയെയും വിളിച്ചുവരുത്തി മകളെ സ്‌നേഹിച്ചാല്‍ മാത്രം പോരാ അവളെ മനസിലാക്കാന്‍ കൂടി കഴിയണം. അവിടെ ആണ് നിങ്ങള്‍ക് പിഴച്ചത്. ആരും അവളുടെ വാക്കുകള്‍ കേട്ടില്ല. സ്വന്തം അച്ഛനും അമ്മയും കേട്ടില്ലെങ്കില്‍ പിന്നെ ആരോടുപറയും. ഞാന്‍ പോകും മുന്‍പ് നിങ്ങള്‍ സന്തോഷത്തോടെ ഇരിക്കുന്നത് എനിക്ക് കാണണം അമ്മച്ചി  നീരജയുടെ കയ്യില്‍ മുറുകെ പിടിച്ചിരുന്നു. ആ കൈ അവളുടെ അമ്മയുടെ കയ്യിലേയ്ക് വച്ചുകൊടുത്തു. എന്റെ മകളാണ് ഇവള്‍ ഇവളെ പൊന്നുപോലെയാ ഞങ്ങള്‍ നോക്കിയത് അതുപോലെ എന്നും ഇവള്‍ സന്തോഷത്തോടെ ഇരിക്കണം അമ്മയുണ്ട് ഇനി മോള്‍ക്ക് എന്ന് പറഞ്ഞ് അമ്മച്ചി പോയി.. 

അമ്മച്ചിയ്ക് അവസാനമായി കൊടുത്ത വാക്ക്.. അത് അവള്‍ പാലിച്ചു. എല്ലാം മറന്ന് പഴയപോലെ അച്ഛനോടും അമ്മയോടും തമാശ പറയാനും പൊട്ടിച്ചിരിക്കാനും എന്നവള്‍ക്ക് കഴിയുന്നുണ്ട്. ഇപ്പോള്‍ ജോര്‍ജിന് ജോലി സൗകര്യം അനുസരിച്ച് താമസമായപ്പോള്‍ നീരജയുടെ വീട്ടിലേയ്ക്കു പെട്ടെന്ന് പോയി വരാമെന്നായി. ആഴ്ചയില്‍ ഒരിക്കല്‍ അവര്‍ അങ്ങോട്ട് പോകാറുണ്ട്. ദേ  കാറിന്റെ ഹോണ്‍ ജോര്‍ജ് എത്തി നീരജ ഓര്‍മകളില്‍ നിന്നും ഉണര്‍ന്നു ഗേറ്റിന്റെ അടുത്തേക് ഓടി. 
ജോര്‍ജ് ഇന്ന് വളരെ സന്തോഷത്തിലാണല്ലോ 
എന്താ കാര്യം എന്നവള്‍ തിരക്കി. കഴിഞ്ഞ ആഴ്ച വീട്ടില്‍ ചെന്നപ്പോള്‍ തന്റെ അച്ഛന്‍ എനിക്ക് ഒരു സമ്മാനം തന്നാരുന്നു. സമ്മാനമോ?
മ്മ്.. സമ്മാനം 
ഞാന്‍ അത് നീ കാണാതെ കാറില്‍ വച്ചിരുന്നു. കുറച്ച് മുന്‍പാണ് ഞാന്‍ അത് തുറന്നു നോക്കിയത്. 
എന്താ അത് അവള്‍ക്ക് ആകാംഷയായി. അവന്‍ ഒരു പുസ്തകം അവള്‍ക്കു നേരെ നീട്ടി. വാ നമുക്ക് അകത്തു പോയി നോക്കാം ഇതില്‍ എന്താണ് ഉള്ളത് എന്ന്. 
പപ്പാ എനിക്കാണോ ബുക്ക് എന്നും ചോദിച്ചു സാം ജോര്‍ജിന്റെ മടിയില്‍ കയറി ബുക്കിനായി കൈ നീട്ടി.   അമ്മ വായിച്ചിട്ട് മോന് തരാട്ടോ അവള്‍ ഇടയ്ക്ക് കയറി. അവള്‍ അത് തുറന്നു ജാതകം ആണ് 
ഇത് ആരുടെ ജാതകം? എന്റേതോ ?
എടീ വായാടീ നീ തന്നെ ചോദ്യവും ഉത്തരവും പറയുവാണോ 
നീ ആ മടക്കി വച്ച പേജ് വായിക്ക് 
' അച്ഛനും അമ്മയും ആഗ്രഹിക്കുന്ന പോലെ ഒരു ജീവിതം ആകില്ല മകള്‍ക്കുണ്ടാകുന്നത്. വരനെ ജാതക സ്വയം കണ്ടെത്തും. അത് ഏറെ മന :ക്ലേശകള്‍ക്ക് വഴിയൊരുക്കും. '
ഇത്രേം ആരാ ചുവന്ന പേന കൊണ്ട് വരച്ചത് ? 
നിന്റെ അമ്മ 
നിനക്ക് പതിനെട്ടു തികഞ്ഞപ്പോഴേ അമ്മ ഇതു ചുവന്നപേനകൊണ്ട് അടയാളപ്പെടുത്തി എന്നിട്ട് അച്ഛനെയും ഇടയ്ക്കിടയ്ക് പേടിപ്പിച്ചിരുന്നത്രെ,   
അവര്‍ ഇതൊക്കെ വായിച്ചു പഠിച്ചിരുന്നതല്ലേ.. അപ്പോഴാണ് അമ്മച്ചീടെ കാള്‍ 
അവര്‍ പിന്നെ മുന്നും പിന്നും നോക്കിയില്ല. 
നീരജ കണ്ണുരുട്ടി ജാതകത്തില്‍ നോക്കി 
നീ കണ്ണുരുട്ടണ്ട ഇത് എഴുതിയ ആള് ഇപ്പോള്‍ ജീവനോടെ ഇല്ല. 
അപ്പോള്‍ അച്ഛനും അമ്മയും ലവ് ആരുന്നല്ലേ 
സാമിന്റെ കുസൃതിച്ചിരി ആ വീട്ടില്‍ മുഴങ്ങി.

Post a Comment

0 Comments