വൈറസ് | പ്രദീപ് വവ്വാക്കാവ്‌

കാലം ശിരസ്സേന്തിയ
യാതനയുടെ മുള്‍കിരീടം
ഇന്നോരോ ജീവനിലും
ആഴ്ന്നിറങ്ങീടുന്നു.

വൈറല്‍ തേടി നടന്നോരു
മനുഷ്യകുലമിന്ന് വൈറസിനാല്‍
വിറയലായ്, വീര്‍പ്പടക്കി
കഴിയുന്നൂ വീടിനുള്ളില്‍

നാം ഒഴിഞ്ഞ വീഥികളില്‍
പാഞ്ഞോടുന്ന ചക്രങ്ങളെയോര്‍ത്ത്
പ്രാണന്‍ ഭയക്കാതോരോ 
കാനനജീവനുകളും നാടിറങ്ങി.

കാടുണര്‍ന്നൂ, പുതു പൂക്കള്‍
തേന്‍കിനിഞ്ഞു പൂത്തുലഞ്ഞൂ.
നീരു തെളിഞ്ഞിതാ, പുഴ
പുഴയായ് പതഞ്ഞൊഴുകി

ഇന്നലെ അതി ദീര്‍ഘമായ്
ശ്വസിച്ചൊരു ഭൂമിയിന്നിതാ-
ശ്വാസമായ് നിശ്വസിക്കായാല്‍
കാണായ്, തെളിനീലാകാശം.

ശിശിരം ഇലകള്‍ പൊഴിച്ചോരു
വൃക്ഷചില്ല പോല്‍ ഇന്ന്
മര്‍തൃ ജീവന്‍ കൊഴിഞ്ഞ്
അനാഥമാകുന്നൂ, നാടുകളൊക്കെയും.

എങ്കിലും, ഇനിയെത്ര കാണാ-
കാഴ്ച്ചകള്‍ കണ്ടെന്നാകിലും
ശേഷിക്കയാല്‍, നാം മനുഷ്യര്‍
പിന്നെയും പെറ്റുപെരുകി.

ക്രൂരതയാല്‍ ഈ ഭൂമിയുടെ
കണ്ഠം മുറുക്കി രസിക്കുമ്പോള്‍
കാലം കരുതി വെച്ചിരിക്കും
ഈ നന്ദിയില്ലാത്തൊരു മനുഷ്യന്റെ
ശ്വാസം നിലയ്ക്കാനൊരഞ്ജാത
വൈറസിനെ കൂടി.

Post a Comment

0 Comments