എന്റെ കാഴ്ചകളെ
ഒരു പെന്‍ഡ്രൈവുമായോ
മെമ്മറി കാര്‍ഡു മായോ
ബന്ധിപ്പിക്കാന്‍
കഴിഞ്ഞിരുന്നെങ്കില്‍...
എന്റെ കണ്ണില്‍ പതിഞ്ഞ--
ഞാന്‍ മാത്രം കണ്ടതും
മറ്റാരും ഇതേവരെ കണ്ടിട്ടില്ലാത്തതുമായ
ചിത്രങ്ങളെ പകര്‍ത്തി സൂക്ഷിച്ചേനെ.....
പിഞ്ചുകുഞ്ഞിനെ പാലത്തില്‍ ഉപേക്ഷിച്ചു
പുഴയുടെ ആഴങ്ങളിലേയ്ക്ക് കുതിക്കുന്ന
പെണ്കുട്ടിയുടെ...
വാഹനാപകടം എന്ന് പിന്നീട് അറിഞ്ഞ-
അതി ദുരൂഹമായ ഒരു കൊലപാതകത്തിന് തൊട്ടു മുന്പുള്ളത്....
ഒന്നാം നിലയില്‍ തുടങ്ങി എട്ടാം നില വരെ
നീണ്ട ചുംബനത്തിന്റെ...
വിശപ്പടക്കാന്‍ ഇരത്തേടി
അലഞ്ഞ അമ്മപ്പക്ഷിയെ കാത്തിരിക്കുന്ന കുഞ്ഞുങ്ങളുടെ...
നിര്‍ത്തുന്നതിന് മുന്നേ..
ട്രെയിനില്‍ നിന്നു ചാടി
കാലു കുടുങ്ങിയ യുവാവിന്റെ...
പാലായനം ചെയ്യപ്പെടുന്ന
രാഷ്ട്രരഹിത പൗരന്റെ വിഹ്വലതകളെ...
അരികിലാക്കപ്പെട്ടവന്റെ
ദൈന്യതയറിയാത്ത അധികൃതരുടെ
അന്ധതയെ...
അതിര്‍ത്തികളുടെ രാഷ്ട്രീയത്തിന്റെ
യുദ്ധക്കൊതിയെ....
അങ്ങനെ പലതും,
എനിക്ക് പകര്‍ത്താനും സൂക്ഷിച്ചു വെയ്ക്കാനും കഴിഞ്ഞേനെ...
പിന്നീട് ഇവയൊക്കെ ചേര്‍ത്ത് വെച്ച്
ഞാനൊരു ചിത്രപ്രദര്‍ശനം നടത്തിയേനെ
അത് കണ്ട് ലോകത്തിലെ ഏറ്റവും മികച്ച
ചിത്രങ്ങള്‍ നാണിച്ചു നിന്നേനേ..
ചിലപ്പോള്‍ ഇവയ്ക്ക് ഏറ്റവും മികച്ച.
ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍
ലഭിച്ചേനേ...
ആ ചിത്രങ്ങളെ നോക്കി ലോകത്തെ
പ്രഗത്ഭരായ ഫോട്ടോഗ്രാഫര്‍മാര്‍ അസൂയപ്പെട്ടേനെ...
ഇതോന്നും ഇല്ല എങ്കില്‍
എന്റെ വാക്കുകളെ നിങ്ങള്‍ സംശയിച്ചേക്കും...
കാഴ്ചകളെ അതേപടി വര്‍ണ്ണിക്കാന്‍
ലോകത്ത് ഒരാള്‍ക്കും ഇതേവരെ
കഴിഞ്ഞിട്ടില്ലല്ലോ...?
നിങ്ങള്‍ ഇടത്തേയ്ക്ക് അല്ലേ...?
എനിക്ക് വലത്തേയ്ക് ആണ്
പോകേണ്ടത്....
അയാള്‍ എന്റെ കൈ റോഡരികിലുള്ള
കൈവരിയില്‍ പിടിപ്പിച്ചു.
ഞാന്‍ എന്റെ വെള്ള വടി *
എടുത്ത് നിവര്‍ത്തി,
തിരിഞ്ഞൊരു നന്ദി വാക്ക് ഞാന്‍ അയാളുടെ
പിന്നിലേക്ക് എറിഞ്ഞു കൊടുത്തു...
അയാളൊരു പുഞ്ചിരി കൊണ്ടത്
നിഷേധിച്ചു , നടന്നുനീങ്ങി...
ഞാന്‍ എന്റെ കാഴ്ച്ചകളിലേയ്ക്കും...
•
0 Comments