പ്രണയ ഉറുമ്പുകള്‍ | സനിക സുകുമാരന്‍

കവിത | സാനിക സുകുമാരന്‍
ഉറുമ്പുകള്‍ പരസ്പരം
പറയുന്നതെന്താകും?
നിരയായും വരിയായും നീങ്ങുന്ന
ഉറുമ്പുകളില്‍ കമിതാക്കളുണ്ടാകുമോ?
ഉണ്ടെങ്കില്‍ അവരെങ്ങനെയാകും
അവരുടെ പ്രണയത്തെ അറിഞ്ഞിട്ടുണ്ടാവുക?
പരസ്പരം സന്ദേശങ്ങള്‍ കൈമാറി
സഞ്ചരിക്കുന്നതിനിടയില്‍
മറ്റൊരു ഉറുമ്പില്‍ നിന്നും തോന്നാത്ത
വിധത്തിലുള്ള, ഒരു ഇലക്ട്രിസിറ്റി പാച്ചില്‍
അവരുടെ രണ്ടുപേരുടെ
ഇടയിലും ഉണ്ടായിരിക്കണം.

കണ്ണുകള്‍ നോക്കാതെ, കുഞ്ഞന്‍ കൊമ്പുമാത്രം
തൊടുവിച്ച്, അത്രനാള്‍ സന്ദേശം
പകര്‍ന്നിരുന്നവര്‍,
ഇലക്ട്രിസിറ്റി പാച്ചിലിനിടയില്‍
കണ്ണുകളിലേക്ക് നോക്കിയിരിക്കാം.
കണ്ണുകളുടെ കണ്ടുമുട്ടല്‍
അവരുടെ അടിവയറില്‍
മഞ്ഞുതുള്ളികളിറ്റിച്ചിരിക്കാം.

അങ്ങോട്ടും ഇങ്ങോട്ടും നോക്കാതെ
പായുന്ന ഉറുമ്പുകള്‍ക്കിടയില്‍
പലപ്പോഴായി, അവര്‍
ചുംബനങ്ങള്‍ പങ്കുവച്ചിരിക്കാം.

തീറ്റതേടി അവ പൊക്കിയെടുക്കും വേളയില്‍
അടിപിടി കൂടാതെ തന്റെ ഇണക്ക്
താങ്ങായി പരസ്പരം കൂട്ടായി
അവളുടെ കൂടെ അവന്‍ നടന്നിരിക്കാം.

അവസാനം, ഏതേലും ഒരു വെള്ളപ്പാച്ചിലിലോ
ഏതെങ്കിലും മനുഷ്യന്റെ വിരലുകള്‍ക്കിടയിലോ
മറ്റോപെട്ട്, ഞെരിഞ്ഞമര്‍ന്ന്
മരണത്തിലും അവര്‍ ഒന്നിച്ചിരിക്കാം.

Post a Comment

0 Comments