കോഴിയമ്മ | പത്മരാജ് എരവില്‍

 







ചിക്കിച്ചിണുങ്ങി ചുറ്റിത്തിരിയുന്നു 
പുള്ളിയുടുപ്പുള്ള കോഴിയമ്മ, 
തീറ്റമണി കൊത്തുവാന്‍ 
കൂടെ നടപ്പുണ്ട് 
താലോലം ചാഞ്ചാടും 
കോഴിമക്കള്‍
ഇരുകൈകള്‍ വിരിലിനാ-
ലെണ്ണിയാല്‍ത്തീരുന്ന
തൂവല്‍പ്പുതപ്പിട്ട കോഴിമക്കള്‍.
ചോന്നൊരു ചെമ്പരത്തിപ്പൂ
തുണ്ടൊന്ന് തലയില്‍
ചുമന്നുകൊണ്ടാണൊരുത്തന്‍
മണ്ണിരപ്പാമ്പിനെ കൊക്കില്‍
കൊരുത്തീട്ട് നില്‍ക്കുന്നിരുണ്ട
ചിറകു വീശീ .
പൂവില്ലാതൊരുവളാ-
പാമ്പിന്റെ മറുതല
കൊത്തി വിഴുങ്ങാനും
പിടിവലി കൂടാനും
തക്കം ചികഞ്ഞ് നടക്കുന്നുണ്ട്.
തുണ്ട് വിഴുങ്ങിയ 
ചെറുപൂവനൊരു ഭാഗം,
മറുതുണ്ട് കൊത്തി
ചെറുപിട മറുഭാഗം;
ഒടുവിലതു തീരാത്ത ശണ്ഠയായി
കോഴിക്കിടാങ്ങള്‍ തന്‍
മത്സരമായി....,
ഏത്തക്കുല മൂത്ത വാഴച്ചുവടൊരു
മത്സരം മൂത്തൊരു മൈതാനമായി.
മണ്ണിര കൊണ്ടുള്ള നൂല് വടംവലി
കണ്ടുനില്‍ക്കാതുടന്‍ കോഴിയമ്മ
കൊത്തി മുറിച്ചൂ കോഴിയമ്മ
കര്‍ഷകമിത്രത്തെ തുല്യമായി-
വീതിച്ചു കൊണ്ടവള്‍ 
കലഹം തീര്‍ത്തു.
ചുറ്റിത്തിരിയുന്നു പിന്നെയും പിന്നെയും
പുള്ളിയുടുപ്പുള്ളോരമ്മക്കോഴി
തീറ്റമണി കൊത്തുവാന്‍
കൂടെ നടപ്പുണ്ട്
താലോലം ചാഞ്ചാടും 
കോഴി മക്കള്‍ ...
കവിത

Post a Comment

0 Comments