ആദ്യമായി ആ ശബ്ദം നേരിട്ട് ശ്രവിച്ചത് എന്റെ എഴുത്തുകൂട്ടങ്ങളെ വിലയിരുത്തുവാനായി വിളിച്ചപ്പോഴായിരുന്നു. നമ്പര്‍ തപ്പിയെടുത്ത് വിളിച്ചപ്പോള്‍ കോള്‍ എടുക്കുമോ എന്ന ഒരു ഭയം ഉണ്ടായിരുന്നു. സാധാരണ എഴുത്തുകാര്‍ പുതുമോടികള്‍ വല്ലാത്ത ഒരു തരം ജാഡക്കാരായാണ് അനുഭവപ്പെട്ടിട്ടുള്ളത്. അതിനാലാവാം എനിക്ക് ഇങ്ങനെതോന്നിയത്. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ദൃഢസ്വരം എന്നോട് സംസാരിച്ചു.
'മോളേ, ഞാനിപ്പോള്‍ അങ്ങനെ എവിടെയും ഇറങ്ങാറില്ല. അത്യാവശ്യം തിരുവനന്തപുരത്ത് അങ്ങിങ്ങായി മാത്രമായി ചുരുക്കി. കവിതകള്‍ എനിക്ക് സ്പീഡ് പോസ്റ്റ് ആയി അയച്ചുതരൂ. ഞാന്‍ നോക്കിയിട്ട് തിരികെ അയച്ചുതരാം.'
അങ്ങനെ 70 കവിതകള്‍ ഞാന്‍ അയച്ചുകൊടുത്തു. അവിടെ എത്തിയ ശേഷം എന്നെ വിളിച്ചു. ഗോമതിയുടെ കവിതകള്‍ ലളിത പദാവലികളാണ്. സാധാരണക്കാര്‍ക്ക് എളുപ്പം വായിക്കാം. നിന്നില്‍ ഒരു കവി ഹൃദയം ഒളിഞ്ഞു കിടപ്പുണ്ട്. ഹൊ! എനിക്ക് കിട്ടിയ ഓസ്ക്കാര്‍ അവാര്‍ഡ് തന്നെയായിരുന്നു ആ വാക്കുകള്‍...
എന്റെ പുസ്തകം പ്രകാശനം ചെയ്തു തരാമോ എന്നു ഞാന്‍ ചോദിച്ചു. ഞാന്‍ നോക്കട്ടെയെന്നു പറഞ്ഞു. പിന്നെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം എനിക്ക് ഒരു കോള്‍ വന്നു. ഗോമതിയല്ലേ, ഞാന്‍ സുഗതകുമാരി ടീച്ചറാണ്, എനിക്ക് അത്ര സുഖമില്ല. അതിനാല്‍ പയ്യന്നൂര്‍ക്ക് വരാനാകില്ല, എന്നാല്‍ ഞാനൊരു ആശംസ അയച്ചു തരാം എന്നു പറഞ്ഞു. മോളൊരു പേപ്പറും പെന്നുമെടുക്കൂ അങ്ങനെ അവര്‍ പറഞ്ഞു തന്ന വരികള്‍ ഞാന്‍ കുറിച്ചെടുത്തു.
'കവിതയെ ഏറെ സ്നേഹിക്കുന്ന ഒരു ആരാധികയാണ് ശ്രീമതി ഗോമതി. അവര്‍ സ്വന്തം മനസ്സിലെ വികാരങ്ങളും വിചാരങ്ങളുമെല്ലാം കവിതയിലൂടെ പകര്‍ത്തുവാന്‍ ശ്രമിച്ചിരിക്കുന്നു. കവിതയെ സ്വപ്നം കാണുന്ന ശ്രീമതി ഗോമതിക്ക് ഈശ്വരാനുഗ്രഹം നേരുന്നു. ' ഇതാ യിരുന്നു വരികള്‍. എന്നോട് കവിത ചൊല്ലാനറിയാമോയെന്നു ചോദിച്ചു. അറിയാമെന്നു ഞാന്‍ മറുപടി പറഞ്ഞു. നാലു വരി ഏതെങ്കിലും ചൊല്ലൂവെന്നു പറഞ്ഞു. ബാലാമണിയമ്മയുടെ മഴ നനയുന്ന കുട്ടി എന്ന കവിത ചൊല്ലി.
'അമ്മേ വരൂ വരൂവെക്കം വെളിയിലേ-
ക്കല്ലെങ്കിലിമഴ
ചോര്‍ന്നു പോമേ....
എന്തൊരാഹ്ലാദമാ-
മുറ്റത്തടിക്കടി
പൊന്തുന്ന വെള്ളത്തില്‍
ചെറിയ ക്ലാസ്സുമുതലേ ടീച്ചറോട് വര്‍ദ്ധിച്ച ഒരു ആരാധനയായിരുന്നു. മുതിര്‍ന്നപ്പോഴും അതിലൊരു മാറ്റവും വന്നില്ല. കവിതകളെഴുതുമ്പോള്‍ സുഗതകുമാരിയെന്ന് ചിലര്‍ കളിയാക്കാറുണ്ടായിരുന്നു. എങ്കിലും ഉള്ളില്‍ വല്ലാത്തൊരു സുഖമായിരുന്നു. എന്നെങ്കിലും നേരിട്ട് കാണണമെന്ന ആഗ്രഹം തീവ്രമായി ഹൃദയ കോണുകളില്‍ അടക്കിപ്പിടിച്ചു. അങ്ങനെയിരിക്കെയാണ് എറണാകുളത്തു നിന്നും എനിക്ക് ഒരു കോള്‍ വന്നത്. ഗോമതി ആലക്കാടല്ലേ, കവിതകളെല്ലാം വായിക്കാറുണ്ട്, നന്നാവുന്നുണ്ട്. താങ്കള്‍ക്ക് ഒരു അവാര്‍ഡു ലഭിച്ചിട്ടുണ്ട് കണ്ണൂരുള്ള കൂട്ടുകാര്‍ വഴിയാണ് അവര്‍ കവിതകള്‍ വായിക്കാനിടയായത്. എന്റെ പുസ്തകങ്ങള്‍ അവര്‍ക്കു കിട്ടിയെന്നും പറഞ്ഞു. 2019 മെയ് 18ന് അംബേദ്ക്കര്‍ ഫൗണ്ടേഷന് അവാര്‍ഡ് മസ്ക്കറ്റ് ഹോട്ടലിന്റെ ഹാളില്‍ വെച്ച് നടന്ന അതിവിപുലമായ ചടങ്ങില്‍ വെച്ച് പ്രമുഖരോടൊപ്പം ജസ്റ്റിസ് കമാല്പാഷെയില് നിന്നും ഏറ്റുവാങ്ങി.
പിന്നെ ഒരാഴ്ചയോളം കുടുംബത്തോടൊപ്പം അവിടെയെല്ലാം ചുറ്റിക്കറങ്ങി. മുമ്പ് കണ്ടതിലും ഒത്തിരി മാറ്റങ്ങള്‍ അവിടെ വന്നു കഴിഞ്ഞു. അങ്ങനെയാണ് ടീച്ചറെ കാണാനുള്ള അടങ്ങാത്ത മോഹം തിളച്ചു തൂവിയത്. മോളും മോനും കട്ട സപ്പോര്‍ട്ടായിരുന്നു. അവാര്‍ഡ് ദാന ചടങ്ങില്‍ പരിചയപ്പെട്ടൊരാള്‍ മുഖേന ടീച്ചറുടെ വീട്ടിലെത്തി. ഗെയിറ്റ് പൂട്ടിയിട്ടാണിരിക്കുന്നത്. ചെറിയൊരു വീട്. ഗെയിറ്റിന് ശബ്ദമാക്കിയപ്പോള് ഒരു പെണ്‍കുട്ടി വന്നു നിന്നു. ടീച്ചറെ കാണണമെന്നറിയിച്ചു. ചോദിക്കട്ടെയെന്നു പറഞ്ഞു. ഒരു താമസവും ഉണ്ടായില്ല. ഞങ്ങളെ കയറ്റി. സാധാരണ അനുവാദം മുന്‍കൂട്ടി വാങ്ങണമത്രെ. എന്റെ നല്ല സമയം എനിക്ക് കാണാനായി. ചിരകാല മോഹം സഫലമായി. ഞങ്ങള്‍ നേരെ അകത്തുചെന്നു.
പണ്ടത്തെ ചൂരല്‍ മുറ്റം, ചെറിയൊരു വരാന്ത, ഹോളില്‍ സോഫ, കസേര, കറുത്ത കൃഷ്ണനെ അവിടെ വെച്ചിട്ടുണ്ട്. പിന്നെ ചെറിയൊരു മുറിയില്‍ അവര്‍ കിടക്കുന്നു. ഞങ്ങള്‍ ചെന്നപ്പോള്‍ പതിയെ എഴുന്നേറ്റിരുന്നു. ഉജ്ജ്വല തേജസ്സുള്ള മുഖം. സന്തോഷത്തിനളവില്ല.
ഒരു പാട് കാര്യങ്ങള്‍ ചോദിച്ചു. ഏറെ നേരം സംസാരിച്ചു. വാക്കറിലാണ് നടന്നിരുന്നത്. വയ്യായ്കയ്ക്കിടയിലും വാചാലയായ അവര്‍ കൃഷ്ണനെക്കുറിച്ചും കൃഷ്ണക്രാന്തിപ്പൂവിനെ കുറിച്ചും പരിസ്ഥിതിയെക്കുറി ച്ചും പറഞ്ഞു. ഞാനിപ്പോള്‍ സ്റ്റീല്‍ ഹൃദയത്തിലാണ് ഓടുന്നത്.
ഇതു മാറ്റിയാല്‍ ഞാനില്ല. പലപ്പോഴും തോന്നിയിട്ടുണ്ട് ജീവിതം മതിയെന്ന്. പക്ഷേ എല്ലാവരും വിടണ്ടേയെന്നെ. പിന്നെ ആദ്യത്തെ അറ്റാക്ക് വന്നതിനെക്കുറിച്ചായി സംസാരം തന്റെ ഉറ്റ സുഹൃത്ത് ഒരു ദിവസം കല്യാണത്തിന് പോകാനുള്ള വേഷത്തില്‍ ഇവിടെ വരികയുണ്ടായി, ഞാനവളോട് പറഞ്ഞു. ' നീ എന്തിനാണ് ഇത്രയധികം ആഭരണങ്ങളും മേക്കപ്പും വില കൂടിയ സാരിയും ധരിച്ചിരിക്കുന്നത്? ഇതിന്റെ ആവശ്യമുണ്ടോ? കുറച്ചു സമയം വര്‍ത്തമാനം പറഞ്ഞിരിക്കെ പെട്ടെന്ന് നെഞ്ചില്‍ കല്ലുകള്‍ കുത്തിയിറക്കുന്ന പോലെയുള്ള വേദനകള്‍ അനുഭവപ്പെട്ടു. പറഞ്ഞറിയിക്കാനാവാത്തത്ര നോവ് ഞാനനുഭവിച്ചു. ഉടനെ അവള് കാതിലെ കമ്മലും മാലയും അഴിച്ചു വെച്ചു. എന്റെ പഴയ ഒരു സാരിയെടുത്തുടുത്തു. എന്നെആശുപത്രിയിലെത്തിച്ചു. ഇതാണ് എന്റെ ആദ്യത്തെ ഹൃദയാഘാതം. കഥ പറയുന്ന പോലെ ഒത്തിരി സംസാരിച്ചു. എന്റെ കൃഷ്ണാ എന്നാണ് ഞാന്‍ സാധാരണ പറയാറ്. എന്നാലിപ്പോള്‍ നാരായണ എന്നാണ് നാവില്‍ വരുന്നത്.
മുറ്റത്തെ കൃഷ്ണ ക്രാന്തി പൂക്കള്‍ കാണിച്ച് അവര്‍ പറഞ്ഞു. എനിക്ക് ഏറെ ഇഷ്ടമാണ് ഈ പൂക്കളെ. നിത്യവും വെള്ളം പകരാറുണ്ടതിന്. ഞങ്ങള്‍ പക്ഷികള്‍ക്ക് വെള്ളം നല്‍കാനുള്ള ചെറിയ മണ്‍ചട്ടികള്‍ കരുതിയിരുന്നു. അവര്‍ അവിടുത്തെ കുട്ടിയോട് ഗ്ലാസ്സും വെള്ളവും കൊണ്ടുവരാനായി പറഞ്ഞു. ടീച്ചര്‍ തന്നെ എല്ലാറ്റിലും വെള്ളം നിറച്ചു. ഞങ്ങളത് മുറ്റത്തെ തുമ്പത്ത് നിരയായി വെച്ചു. പക്ഷികള്‍ ധാരാളം വരാറുണ്ടവിടെയെന്നു പറഞ്ഞു.
ഞങ്ങള്‍ അവരുടെ കവിതകള്‍ ചൊല്ലിയും പാട്ടുകേള്‍പ്പിച്ചും ഒരുമിച്ച് കൈകോര്ത്തിരുന്നും സമയം ചെലവഴിച്ചു. ഒടുവില്‍ ഭക്ഷണം കഴിച്ചോന്ന് ചോദിച്ചു. ഞങ്ങള്‍ ആഹാരം കഴിച്ചിട്ടാണ് പോയത്. ഞങ്ങള്‍ക്ക് കുടിക്കാനായി വെള്ളം തന്നു. മകളെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു. മോള് ഒരു നവോഢയെപ്പോലുണ്ട്. കല്യാണം കഴി ഞ്ഞുവോ? നല്ല കണ്ണുകളാണ്. എല്ലാ വിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ! കെട്ടിപ്പിടിച്ച് നെറ്റിയില്‍ മുത്തം നല്കി. എന്നെയും ചേര്‍ത്തു നിര്‍ത്തി പുറം തടവി. ഈശ്വരന് അനുഗ്രഹിക്കട്ടെയെന്നു പറഞ്ഞു. ആ പാദങ്ങള്‍ തൊട്ട് പടിയിറങ്ങിയപ്പോള്‍ വാക്കര്‍ പിടിച്ച് മറയുന്നതു വരെ ഞങ്ങളെ ആ അമ്മ നോക്കി നിന്നു. ആ കണ്ണുകളിലെ വാത്സല്യം ഞങ്ങള്‍ മതിവരെ ആസ്വദിച്ചു. അവാര്‍ഡിനേക്കാളും വലിയ നിര്‍വൃതിയോടെ ഞങ്ങള്‍ മടങ്ങി. മറക്കാനാവാത്തസ്മൃതിപാദങ്ങളില് പ്രണമിക്കട്ടെ!
ഗോമതി ആലക്കാടന്‍
3 Comments
ഗ്രേറ്റ്.... അഭിനന്ദനങ്ങൾ
ReplyDeleteNalla anubhavamaYi... kaneerode.... vayaichu. Anugraheetha.... good
ReplyDeleteവളരെ സന്തോഷം!!! ആ അമ്മയെ നേരിട്ട് കാണുവാനുള്ള ഭാഗ്യം ഉണ്ടായല്ലോ❤��
ReplyDelete