പുളിമരച്ചോട്ടിലെ കാത്തിരിപ്പുകള്‍ | സുധീഷ്‌കുമാര്‍ മമ്പറമ്പില്‍

ല്ലാവരും യാത്ര പോകാനുള്ള ഒരുക്കത്തിലാണ്. അതിരാവിലെ പോകണം എന്നായിരുന്നു കരുതിയിരുന്നത്. അതെങ്ങിനാ... മക്കളെ എഴുന്നേല്‍പ്പിച്ച് ഒരുങ്ങിപ്പിടിച്ച് വരുമുമ്പോഴേക്കും ഈ നേരമായി. 

അച്ഛന്‍ തിരക്കു കൂട്ടുന്നുണ്ട്... 'ഒന്നു വേഗം റെഡിയാവുന്നുണ്ടോ'..... അമ്മയോടാണ്... അച്ഛന്‍ രാവിലെ ആറ് മണിയാവുമ്പോഴേക്കും കുളിച്ചൊരുങ്ങി ചാരുകസേരയില്‍ ഇരിപ്പാണ്. പതിവു ചായയും പ്രാതലും വൈകിയതിന്റെ ദേഷ്യവും കുറച്ചുണ്ട്. ഇന്‍സുലിന്‍ ചെയ്താല്‍ അരമണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിക്കണം. ആ പതിവ് ഇന്ന് തെറ്റി. 

രണ്ടു വര്‍ഷത്തിനു ശേഷം നാട്ടില്‍ വന്നാല്‍ ഒരു യാത്ര അത് പതിവുള്ളതാണ്. ഇത്തവണയും അതു മുടക്കേണ്ട എന്നു തീരുമാനിച്ചു. ഇത്തവണയും പളനിയിലേക്കാണ്. അച്ഛന്റെ ആഗ്രഹം. കഴിഞ്ഞതവണ പോയി തിരിച്ചു വരുമ്പോഴെ പറഞ്ഞതാണ് ഇനി വരാന്‍ സാധിക്കുമോന്നറിയില്ല ... എന്നാലും ഒരിക്കല്‍ കൂടി വരണം എന്നൊക്കെ. 

ദീപുവിന്റെ ട്രാവലര്‍ വീടിന് മുന്‍പില്‍ എത്തിയിട്ട് കുറച്ചു നേരമായി. അവന്‍ അടുത്ത കുടുംബമായതു കൊണ്ട് ഏത് ദീര്‍ഘദൂര യാത്രയിലും സാരഥി അവനാണ്. അവനെ കിട്ടിയതോടെ അച്ഛന്‍ വാചാലനായി. വണ്ടിയുടെ ഓട്ടവും മെയ്‌ന്റെനന്‍സ് ചിലവും നാട്ടു കാര്യവും അങ്ങനെ അങ്ങനെ.. 

മക്കള്‍ ഓടി വണ്ടിയില്‍ക്കയറി പാട്ടും ഡാന്‍സും തുടങ്ങി... അവര്‍ക്ക് യാത്ര എന്നു പറഞ്ഞാല്‍ ഇതില്‍പ്പരമൊരു സന്തോഷമില്ല. എല്ലാവരും വണ്ടിയില്‍ കേറീട്ടും അച്ഛനെ കാണുന്നില്ല. അത് പതിവാണ്... യാത്ര ഇറങ്ങുന്ന സമയത്ത് ഒന്നുകൂടെ വീട് മുഴുവന്‍ നടന്ന് വാതിലുകളും അലമാരയും ശരിക്കടച്ചിട്ടുണ്ടോ, ഗ്യാസ് ഓഫ് ചെയ്തിട്ടുണ്ടോ എന്നെല്ലാം നോക്കി ഉറപ്പു വരുത്തിയിട്ടേ ഇറങ്ങൂ.... 

കേച്ചേരി വഴി പോകേണ്ട... നല്ല ബ്‌ളോക്കാണ് ഈ സമയത്ത്. നമുക്ക് എരന്നെല്ലൂരില്‍ നിന്നും തിരിഞ്ഞ് പൂങ്കുന്നം മണ്ണുത്തി വഴി പോകാം. ദീപു പറഞ്ഞു. ദീപു ചേട്ടാ... മണ്ണുത്തിയില്‍ നിന്നും പട്ടിക്കുട്ടിയെ വാങ്ങാന്‍ പറ്റുമോ.. മൂത്ത മോളാണ്... പതിന്നാലു വയസ്സേയുള്ളൂ... നാട്ടിലേക്ക് പോരാന്‍ തീരമാനിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഒരു പട്ടിക്കുട്ടിയെ വാങ്ങിക്കൊടുക്കാന്‍ പറഞ്ഞുള്ള കൊഞ്ചല്‍. തിരിച്ചു പോരുമ്പോള്‍ വാങ്ങാം മോളെന്നും പറഞ്ഞ് സമാധാനിപ്പിച്ചു. 

അച്ഛാ... നമുക്ക് ചക്കരവെള്ളോം പനംനൊങ്കും കഴിക്കണേ... ദീപു ചേട്ടനോട് പറയ് അച്ഛാ... അവിടെ നിര്‍ത്താന്‍. രണ്ടാമത്തവള്‍... കാന്താരിയാണ്. ചേട്ടനറിയാം മോളേ.... അതും പതിവു ശീലമാണ്. തമിഴ് നാട്ടിലേക്കുള്ള റോഡുകള്‍ അതി മനോഹരമാണ്... റോഡിനുരുപുറവും നിറയെ തണല്‍ മരങ്ങള്‍.. അതില്‍ കൂടുതലും പുളിമരങ്ങളാണ്. വഴിയരികില്‍ അവിടവിടെയായി അന്നാട്ടിലെ കച്ചവടക്കാര്‍ ഉണ്ടാകും. മിക്കപ്പോഴും കുടുംബമടക്കം അച്ഛനും അമ്മയും മക്കളും ചേര്‍ന്നാണ് കച്ചവടം. എല്ലാവര്‍ക്കും അവരവരുടേതായ റോള്‍ ഉണ്ട്. പെണ്‍കുട്ടികള്‍ കൂടുതലും മുല്ലപ്പൂവും ഞാവല്‍പ്പഴവുമാണ് വില്‍ക്കാറുള്ളത്. നല്ല ചേലുള്ള ചുവന്ന മൂക്കുത്തി കുത്തി, നെറ്റിയില്‍ കുങ്കുമം ചാര്‍ത്തി, മുടിയില്‍ മുല്ലപ്പൂവും ചൂടിയ ചെന്തമിഴ് പെണ്‍കുട്ടികളെ കാണാന്‍ തന്നെ എന്തൊരഴകാണ്. ആ ഗ്രാമത്തിന്റെ മുഴുവന്‍ നൈര്‍മല്യവും ആ പെണ്‍കൊടികളില്‍ കാണാം. 

ആണ്‍കുട്ടികള്‍ മാങ്ങ, പൈനാപ്പില്‍, നെല്ലിക്ക തുടങ്ങി നിറയെ ഉപ്പിലിട്ട വിഭവങ്ങള്‍, പേരക്ക, പനം ചക്കര, പനംനൊങ്ക്, കരിമ്പ് അങ്ങനെ ഒരുപാട് വിഭവങ്ങള്‍ കൈകാര്യം ചെയ്യും. ഞങ്ങള്‍ സ്ഥിരമായി കഴിക്കുന്നതും ഒരു കുടുംബം നടത്തുന്ന കടയില്‍ നിന്നുമാണ്. ഏട്ടാ... പനംചക്കര മറക്കേണ്ടട്ടോ.. റോഡിനു താഴെ അടുത്തുതന്നെയുള്ള അവരുടെ വീട്ടില്‍ തയ്യാറാക്കിയ പനംചക്കരയും എല്ലായ്‌പോഴും വാങ്ങാറുണ്ട്.

അച്ഛനും മോളും പിന്നെ ഒരു യുവാവും ചേര്‍ന്നാണ് വഴിയരികില്‍ കുറച്ചുള്ളിലായി കച്ചവടം നടത്തിയിരുന്നത്. അവരുടെ ഏക വരുമാനവും ആ പുളി മരത്തണലില്‍ വിശ്രമിക്കാന്‍ നിര്‍ത്തുന്ന യാത്രക്കാരില്‍ നിന്നുമുള്ള കച്ചവടം മാത്രമാണ്. അവിടെ ദൂര യാത്രയിലുള്ളവര്‍ക്ക് ഇരിക്കാന്‍ ഒരു ബഞ്ചും റോഡിനു താഴെ ഒരു മറപ്പുരയും ഒരുക്കിയിട്ടുണ്ട്. പെണ്ണുങ്ങള്‍ക്കും കുട്ടികള്‍ക്കും അതൊരു അനുഗ്രഹമാണെന്നതും അവിടെ സ്ഥിരം നിര്‍ത്തുന്നതിന് ഒരു കാരണമാണ്. അവിടെയെത്തിയാല്‍ കുറേ നേരം ചിലവഴിച്ചേ യാത്ര തുടരാറുള്ളൂ... 

ആ മകളുടെ കണ്ണിന് കാഴ്ചയില്ല.... എന്ത് ഐശ്വര്യമാണ് ആ കുട്ടിക്ക്. എത്ര വയസ്സുണ്ടാകും... മോളുടെ പ്രായമേ ഉണ്ടാവൂ... പതിനാല്... പതിനഞ്ച്... അതില്‍ കൂടില്ല... അയാളോര്‍ത്തു.... 'എന്താ.. ആലോചിക്കുന്നത്'? ഭാര്യയാണ്'.. 'നിനക്കോര്‍മ്മയില്ലേ'...ഞാന്‍ ആ പനംനൊങ്കുകാരന്റെ മോളുടെ കാര്യം ആലോചിക്കയായിരുന്നു.... നമ്മുടെ മോളുടെ പ്രായമല്ലേ ഉണ്ടാകൂ.... കാഴ്ചയില്ലാതെ പാവം... അവളും പറഞ്ഞു... 'എന്തു ചെയ്യാനാ അല്ലേ... പാവങ്ങള്‍... എന്തെങ്കിലും ചികിത്സയുണ്ടെങ്കില്‍ ഒരു കൈ സഹായിക്കായിരുന്നു'.... 

വണ്ടി നിര്‍ത്തി ഇറങ്ങിയപ്പോള്‍ ആ യുവാവ് പരിചയം പുതുക്കി വണ്ടിയുടെ അടുത്തു വന്നു. എല്ലാവരും ഇറങ്ങി മുഖമെല്ലാം കഴുകി ഫ്രഷായി വരുമ്പോഴേക്കും കരിമ്പിന്‍ ജ്യൂസും പനംനൊങ്കും ചക്കര വെള്ളവും റെഡിയായിരുന്നു. പൈസ കൊടുക്കുന്നേരം ഞാന്‍ ചോദിച്ചു 'എവിടെ നിന്റെ മുറപ്പെണ്ണും മാമനും'... അവനൊന്നു നോക്കി... കുറച്ചു നേരം ഒന്നും പറഞ്ഞില്ല. പിന്നെ തമിഴ് കലര്‍ന്ന മലയാളത്തില്‍ പറഞ്ഞു തുടങ്ങി... ഞങ്ങള്‍ പാവങ്ങളാ സാറേ... ആരോരുമില്ലാത്തോര്... ആരും ചോദിക്കാനില്ലാത്തോര്... എല്ലാം വിധിയാണ്.... പക്ഷെ വിടില്ല ഞാനവരെ... ഞാന്‍ ചോദിച്ചു 'എന്താ നീ പറയണത്'... എനിക്ക് മനസ്സിലായില്ല' ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം... മുഖമുയര്‍ത്തി എന്നെയൊന്നു നോക്കി... പിന്നെ പതിയെ പറഞ്ഞു തുടങ്ങി... അന്നും അവള്‍ വലിയ സന്തോഷത്തിലായിരുന്നു... കണ്ണ് ഓപ്പറേഷന്‍ ഫ്രീയായി ചെയ്യാമെന്ന് കൊയമ്പത്തൂരിലെ വല്യ ഡോക്ടറ് പറഞ്ഞിരുന്നു. ആ സാറും ഇവിടെ നിന്നാണ് ആദ്യം പരിശോധിച്ചത് പനംനൊങ്ക് കഴിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോള്‍. കാഴ്ചകിട്ടിയാല്‍ അവള്‍ക്ക് ആദ്യം കാണേണ്ട കാഴ്ചകള്‍ പിന്നെ അപ്പ, അമ്മ... ചിത്രശലഭങ്ങള്‍ പൂക്കള്‍... അന്നവള്‍ എന്നെ പിച്ചീം നുള്ളീം എന്റെയടുത്തു നിന്നും മാറാതെ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. 

സാമാന്യം തിരക്കുണ്ടായിരുന്നു. ഒരു ട്രാവലറില്‍ വന്ന കുടുംബം കഴിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു... ഒരു ഇന്നോവാ കാറില്‍ ആ നാലുപേര്‍ വന്നത്. മദ്യപിച്ച് ബോധമില്ലാതെ അവര്‍ ആ കുടുംബത്തേയും കുട്ടികളേയും കളിയാക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ വേഗം അവസാനിപ്പിച്ച് പോയി. പിന്നെയവര്‍ രുക്കുവിനെ തൊടാനും കളിയാക്കാനും തുടങ്ങിയപ്പോള്‍ ഞാനാണ് സാറെ അവളെ ശാപ്പാട് കൊണ്ടു വരാന്‍ പറഞ്ഞു വിട്ടത്. അപ്പോഴേക്കും മറ്റൊരു വണ്ടി വന്നപ്പോള്‍ എന്റെയും മാമന്റേയും ശ്രദ്ധ അവരില്‍ നിന്നും മാറി... കുറെ നേരം കഴിഞ്ഞ് അവര്‍ നാലുപേരും താഴെ നിന്നും ഓടിക്കയറി പൈസപോലും തരാതെ വണ്ടിയില്‍ കയറി സ്ഥലം വിട്ടപ്പോള്‍ മാത്രമാണ് ശ്രദ്ധിച്ചത്. ഓടി താഴെ നോക്കുമ്പോള്‍ 'ന്റെ രുക്കു'... ചോരയില്‍ കുളിച്ച് കീറിപ്പറിഞ്ഞ ഉടുപ്പുമായി.... അതും പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.. കണ്ണുകള്‍ തുടച്ച് ഒരു ദീര്‍ഘ നിശ്വാസത്തോടെ തുടര്‍ന്നു... ആ കാഴ്ച കണ്ട മാമന്‍ തളര്‍ന്നു വീണു.... പിന്നെ എഴുന്നേറ്റിട്ടില്ല... ഇപ്പോള്‍ രുക്കുവിന്റെ അമ്മയുടേയും അച്ഛന്റേയും കാര്യം അവനാണ് നോക്കുന്നത്. 'രുക്കൂ'... ആകാംക്ഷ അടക്കാനാകാതെ ഞാന്‍ ചോദിച്ചു... ന്റെ രുക്കൂന് 'പൈത്ത്യമായാച്ച്' ... ദൂരേക്ക് നോക്കി ഒരേയിരിപ്പാണ്.... അവന്‍ വന്നാല്‍ ഒന്നു നോക്കും... അവന്‍ വാരി കൊടുത്താല്‍ മാത്രം ഇത്തിരി എന്തെങ്കിലും കഴിക്കും. ഒരു നെടുവീര്‍പ്പ് അവനില്‍ നിന്നും ഉയര്‍ന്നു.... പിന്നെ ദൃഡനിശ്ചയത്തോടെ... കാരിരുമ്പിന്റെ മൂര്‍ച്ചയോടെ പറഞ്ഞു.... കാത്തിരിക്കയാണ് സാറെ.. ഞാന്‍.... എന്നെങ്കിലും ഒരിക്കല്‍ അവര്‍ എന്റെ മുന്നില്‍ വരും... അന്നീ ചേറ്റു കത്തിക്കവരെ തീര്‍ക്കും... അതു പറയുമ്പോള്‍ അവന്റെ മുഖത്തെ വന്യഭാവം എന്നെ ഭയപ്പെടുത്തി... 

അവിടെ നിന്നും യാത്ര തുടര്‍ന്ന് തിരികെ എത്തിയിട്ടും മനസ്സിന്റെ ഭാരമൊഴിഞ്ഞില്ല. സ്വന്തം കുടുംബത്തില്‍ സംഭവിച്ച ദുരന്തം പോലെ ദിവസങ്ങളോളം എന്നേയും ഭാര്യയേയും ആ വേദന അലട്ടി. ഇന്നും ആ വഴിക്ക് പോകുമ്പോഴെല്ലാം അവിടെ നിര്‍ത്തും... ആ കുട്ടിയെ പിന്നീടൊരിക്കലും കണ്ടിട്ടില്ല... ആ യുവാവിന്റെ കാത്തിരിപ്പ് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. 

ചെറുകഥ | Sudheesh Kumar, Mamparampil

Post a Comment

0 Comments