മഴഭ്രാന്ത് >>> എം.ജി.ബിജുകുമാര്‍, പന്തളം


' ദേ.. മനുഷ്യ നിങ്ങളിങ്ങോട്ട് കയറി വരുന്നുണ്ടോ, നേരം കുറേയായി ഞാന്‍ വിളിക്കുന്നു' അവളുടെ വിളിയില്‍ അല്‍പ്പം ദേഷ്യം കലര്‍ന്നിരുന്നു.
'എന്താണിത്ര ധൃതി..? 

ഞാനീ മുറ്റത്തു തന്നെയല്ലേ നില്‍ക്കുന്നത് ' മാനത്തോട്ട് നോക്കിക്കൊണ്ട് എന്റെ മറുപടി.
'ചായയിട്ടുവെച്ചിട്ട് നേരം കുറേയായി വയണയിലയപ്പവുമുണ്ടാക്കി വെച്ചിട്ടുണ്ട്. ഇതൊന്ന് കഴിച്ചിട്ട് കുളിയും കഴിഞ്ഞിട്ട് വേണം ഒരുമിച്ച് രമണിയേടത്തിയുടെ വീട് വരെ പോകാന്‍. നാലര മുതല്‍ പറയുകയാണ് ഇപ്പോള്‍ തന്നെ സന്ധ്യ ആകാറായി'
അവള്‍ പരിഭവം പറഞ്ഞു.
ശരിയാണ്, ഇന്ന് ഏടത്തിയുടെ പിറന്നാളാണ്, ചെല്ലാമെന്നു പറഞ്ഞിരുന്നതാണെന്ന് ഞാന്‍ മനസിലോര്‍ത്തു.

അവള്‍ പോകാനായി സാരിയും ചുറ്റി ഒരുങ്ങി നില്‍പ്പാണ്.
ഞാന്‍ മന്ദാരത്തിന്റെ ചുവട്ടില്‍ ആകാശത്തോട്ട് നോക്കി നില്‍ക്കുന്നത് കണ്ടപ്പോള്‍ അവള്‍ക്ക് വീണ്ടും ദേഷ്യം.
'ഈ വലിയ മന്ദാരം ഞാന്‍ വെട്ടിക്കളയും നോക്കിക്കോ, അപ്പോള്‍ പിന്നെ ഈ അസുഖമൊക്കെ അങ്ങ് മാറും.. ' 
അവളുടെ ഭീഷണി.
'എപ്പോഴും പേപ്പറും പേനയും പുസ്തകവുമൊക്കെയെടുത്ത് അതിന്റെ ചുവട്ടില്‍ പോയിരുന്ന് കിനാവ് കാണുന്ന ഈ സ്വഭാവം എങ്കിലേ മാറിക്കിട്ടൂ.' അവള്‍ പിറുപിറുത്തു.
'പിണങ്ങാതെടീ കൊച്ചേ.., ചാരവും കറുപ്പു മണിഞ്ഞു നില്‍ക്കുന്ന മേഘത്തുരുത്തുകള്‍ നീയൊന്ന് നോക്ക്, എന്ത് ഭംഗിയാണ്, പെയ്യാതിരുന്ന് പെയ്യുന്ന മഴ നനഞ്ഞാസ്വദിക്കുന്നതിന്റെ സുഖം പറഞ്ഞറിയിക്കാന്‍ കഴിയില്ല.' 
ഞാനവളോട് പറഞ്ഞു.
' പിന്നെ അവനവന്റെ കാര്യം നോക്കുന്നതിനിടയ്ക്ക് മഴയുടെ ചന്തം നോക്കാനല്ലേ നേരം.' 
അവള്‍ക്ക് അപ്പോഴും ദേഷ്യം തന്നെ.

'മഴനൂലുകള്‍ മെല്ലെ മെല്ലെ വരണ്ട മണ്ണിനെ പുല്‍കാന്‍ ഊര്‍ന്നിറങ്ങുമ്പോഴുള്ള ഗന്ധം നീ ആസ്വദിച്ചിട്ടുണ്ടോ?'
വരാന്തയില്‍ എന്നെയും നോക്കിയിരിക്കുന്ന അവളോട് ഞാന്‍ ചോദിച്ചു.
'ഓ പിന്നെ..! മഴവരുമ്പോള്‍ ഉണങ്ങാനിട്ടിരിക്കുന്നതൊക്കെ എടുക്കാനോടുന്നതിനു പകരം ഗന്ധവും നോക്കിയിരിക്കലല്ലേ എനിക്ക് പണി. ഒന്നു പോ മനുഷ്യാ ' അവളുടെ മറുപടി.
അതു കേട്ട് ഞാന്‍ ചിരിച്ചു..

'മഴ പെയ്യുമ്പോള്‍ തുറന്നിട്ട ജനാലയ്ക്കരികിലിരുന്നാസ്വദിക്കണം,  മെല്ലെ കൈ ജനാലയ്ക്ക് വെളിയിലേക്ക് നീട്ടണം. അപ്പോള്‍ കൈയ്യിലേക്ക് മഴത്തുള്ളികള്‍ വീഴുമ്പോള്‍ മനസിലാരോ തൊട്ടു വിളിക്കുന്നതുപോലെ തോന്നും '
മഴയെ വര്‍ണിച്ചു കൊണ്ടുള്ള എന്റെ ഭാവന ചിറകുവിടര്‍ത്തി.
' ശ്ശെടാ.... ഇത് നിര്‍ത്താന്‍ ഭാവമില്ലേ  ഇങ്ങനെയുമുണ്ടോ മഴ ഭ്രാന്ത് !' അവള്‍ കവിളില്‍ കൈകള്‍ ചേര്‍ത്തുവെച്ചുകൊണ്ട് പറഞ്ഞു.
' മഴ തോരുമ്പോള്‍ മരം പെയ്യുന്നതു കണ്ടു കൊണ്ടിരുന്ന് സ്വപ്നങ്ങള്‍ കാണാന്‍ എന്തു രസമാണെന്നോ ' ഞാന്‍ വീണ്ടും മഴയെപ്പറ്റി അവളോട് പറഞ്ഞു.
എന്നിട്ട് ഞാന്‍ മെല്ലെ ചിരിച്ചു.

'ദൈവമേ...ഇങ്ങനെയുമുണ്ടോ മഴഭ്രാന്തന്‍മാര്‍..' അവളെ കളിയാക്കിയാണ് ചിരിക്കുന്നത് എന്നു കരുതി എന്നെ നോക്കിയാണവള്‍ പറഞ്ഞത്.
'മഴ ഇഷ്ടമല്ലാത്ത  നിനക്കാരാ മാരി എന്ന് പേരിട്ടത്..?. ഞാന്‍ തിരക്കി.
'ഞാന്‍ ജനിച്ചത് തമിഴ്‌നാട്ടിലാണ്. അവിടെയുള്ള എന്റെ അമ്മയുടെ കൂട്ടുകാരിയാണെനിക്ക് മാരി എന്നു പേരിട്ടത്. മാരിയമ്മന്‍ കോവിലില്‍ നേര്‍ച്ചയിട്ടതുകൊണ്ടാണ് ഞാനുണ്ടായതെന്നാണ് അവരു പറയുന്നത്. ഞാന്‍ ജനിച്ചപ്പോള്‍ മഴ പെയ്യുന്നുമുണ്ടായിരുന്നു അങ്ങനെയാണ് രണ്ടിന്റെയും ഓര്‍മ്മയ്ക്ക് എനിക്ക് 'മാരി' എന്നു പേരിട്ടത്.' അവള്‍ പറഞ്ഞു നിര്‍ത്തി.

' നിന്റെ ഈ പേര് മാത്രം കേട്ടാ ഞാന്‍ നിന്നെ കെട്ടിയത്, എന്തു ചെയ്യാം, നീയാകട്ടെ മഴവിരോധിയും.  ഇനിയിപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ലല്ലോ '  ഞാന്‍ പരിഭവം അഭിനയിച്ചു കൊണ്ട് പറഞ്ഞു.
'അല്ലെങ്കില്‍ തന്നെ ചിരിക്കുമ്പോള്‍ നിനക്ക് പശുവിന്റ മുഖമാണെന്നാ നിന്റെ അപ്പച്ചിയുടെ മകന്‍ കണ്ണന്‍ വരെ പറയുന്നത് 'ഞാനവളെ ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞു.
''ഓ പിന്നെ ,അണ്ണന്‍ പറഞ്ഞിട്ടാ ഞാന്‍ നിങ്ങളെപ്പോലൊരു മഴഭ്രാന്തനെ കെട്ടിയത്, അല്ലെങ്കില്‍ മണിമണി പോലുള്ള പയ്യന്‍മാരെ വേറെ കിട്ടുമായിരുന്നു.' അവളെന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.
'ഓഹോ അണ്ണനെന്തു പറഞ്ഞാലും കേള്‍ക്കുമോ? മരത്തില്‍ കയറി താഴേക്ക് ചാടാന്‍ പറഞ്ഞാലും കേള്‍ക്കുമോ? ചുമ്മാ ബഡായി അടിക്കാതെടീ... '
ഞാനവളെ കളിയാക്കി.

'എന്നാലവിടെ നിന്നോ ഞാന്‍ തനിച്ച് രമണിയേടത്തിയുടെ വീട്ടിലേക്ക് പോവാ ' എന്നു പറഞ്ഞു കൊണ്ടവള്‍ മുറ്റത്തു നിന്നും റോഡിലേക്ക് നടക്കാന്‍ ഭാവിച്ചു.
അപ്പോള്‍ ഞാനവളുടെ കയ്യില്‍ പിടിച്ചവളെ എന്നോടു ചേര്‍ത്തു നിര്‍ത്തി.
മുറ്റത്തു നിന്ന മഞ്ഞമന്ദാരത്തിന്റെ ഒരു പൂവ് പറിച്ച് ഞാനവളുടെ തലമുടിയില്‍ ചേര്‍ത്തുവെച്ചു കൊണ്ട് ചോദിച്ചു.
'ആട്ടേ... നിന്റണ്ണനെന്താ പറഞ്ഞത് ?'
'അതു .. പിന്നെ...' അവള്‍ വിക്കി.

' അത് പിന്നല്ല... ഇപ്പോള്‍ പറയ് 'ഞാനവളെ പിടിച്ചഭിമുഖമായി നിര്‍ത്തി.
അവളെന്റെ വിരലില്‍ പിടിച്ചു.
' അത് പിന്നെ...! വലിയും കുടിയുമൊന്നുമില്ലാത്ത ചെക്കനാ, എഴുത്തും വായനയുമൊക്കെയാ ഇഷ്ടം. നിന്റെ പേര് മാരി എന്നാണെന്ന് പറഞ്ഞപ്പോള്‍ മഴയോടുള്ള ഇഷ്ടം കാരണം അപ്പോള്‍ തന്നെ സമ്മതമാണെന്നു പറഞ്ഞു എന്നാ അണ്ണന്‍ എന്നോട് പറഞ്ഞത്. ' 
അവള്‍ മന്ദഹാസത്തോടെ പറഞ്ഞു.

'എന്നിട്ട്..? നിനക്ക് വേണ്ടെങ്കില്‍ ഈ വിവാഹം വേണ്ടെന്ന് അണ്ണനോട് പറയാമായിരുന്നില്ലേ..?
ഞാനവളോട് ചോദിച്ചു.

'അത്.. അത്... നാത്തൂനും പറഞ്ഞു ഇത് നല്ല ആലോചനയാണെന്ന്...' അവള്‍ വിക്കി വിക്കി പറഞ്ഞിട്ട് പുഞ്ചിരിച്ചു.
' ഓഹോ ! അപ്പോള്‍ നിനക്കിഷ്ടമുണ്ടായിട്ട് കെട്ടിയതല്ല അല്ലേ? ഉള്ളില്‍ ചിരിച്ചു കൊണ്ട് പുറമേ പരിഭവം നടിച്ച് ഞാനവളോട്
ചോദിച്ചു.
' അങ്ങനെയല്ല. പിന്നൊരു കാര്യം....' അവള്‍ പറയാതെ നിര്‍ത്തി.
' ഇനിയും കാര്യമുണ്ടോ ? എന്നാല്‍ പിന്നെ അതും കൂടിയങ്ങ് പറയ്....' ഞാനവളെ പ്രോത്സാഹിപ്പിച്ചു.
'അത്... അവളൊന്നു മടിച്ചു.
'പറയൂ.. കേള്‍ക്കട്ടെ.. ' ഞാന്‍ കുറച്ചു കൂടി ചേര്‍ന്നു നിന്നു.
' അത്... എന്റെ മാരി എന്ന പേര് ഇഷ്ടമാണെന്ന് ആദ്യമായാ ഒരാളു പറയുന്നേ.... അതു കേട്ടപ്പോള്‍ പിന്നെ... ഞാന്‍.... വിചാരിച്ചു ഇരുതന്നെയെന്റെ പുരുഷന്‍ എന്ന് ' അവള്‍ നാണത്താല്‍ മുഖം കുനിച്ചു.
ഞാന്‍ പൊട്ടിച്ചിരിച്ചു.
അവള്‍ ചമ്മലോടെയിരിപ്പാണ്.

'നിനക്ക് പിന്നെയെന്താ മഴയോടൊരു ഇഷ്ടക്കേട് ?' ഞാന്‍ തിരക്കി.
' ഇഷ്ടമൊക്കെയാ പക്ഷേ ഇതു പോലെ ഭ്രാന്തില്ല. മഴക്കാലമായാല്‍ തുണി ഉണങ്ങില്ല. ഈറന്‍ മണക്കുന്ന തുണികളെനിക്ക് ഇഷ്ടമല്ല.'
അവള്‍ മറുപടി പറഞ്ഞു.
'ങാ പോട്ടെ... ഹേമന്ദം പടവുകള്‍ കടന്നകലുമ്പോള്‍ കുളിരുമായെത്തുന്ന ഇടവപ്പാതിയോട് നമ്മുടെ ഈ മന്ദാരച്ചുവട്ടില്‍ ഒരു കൊച്ചു കുടയും പിടിച്ച് കിന്നാരം പറഞ്ഞിരിക്കുന്ന ഒരു കുട്ടിപ്പാവാടക്കാരിയെ ഞാന്‍ സ്വപ്നം കാണാറുണ്ട്. അവളെത്തട്ടെ നമുക്കവള്‍ക്ക് 'മഴ' എന്ന് പേരിടണം.'
ഞാനവളെ തലോടിക്കൊണ്ട് പറഞ്ഞു. നാണത്താല്‍ അവളെന്നോട് ചേര്‍ന്നു നിന്നു.
'ഇപ്പോള്‍ മഴ പെയ്യും, ആദ്യമായി പൊഴിയുന്ന മഴത്തുള്ളികള്‍ എന്റെ ശരീരത്തിലൂടെ ഹൃദയത്തിലക്ക് ഞാന്‍ ഏറ്റുവാങ്ങും.' ആകാശത്തേക്ക് നോക്കി  ഞാനവളോട് പറഞ്ഞു.

തണുത്ത കാറ്റ് വീശിയടിച്ചു. ഇപ്പോള്‍ പെയ്യുമെന്ന തരത്തില്‍ കാര്‍മേഘം ഇരുണ്ടുകൂടി.
ഞാന്‍ മുറ്റത്തേക്ക് നീങ്ങി നിന്നു. മഴത്തുള്ളികള്‍ എന്റെ ദേഹത്തേക്ക് പൊഴിഞ്ഞു.
അവളെന്റെ തലമുടിയില്‍ പിടിച്ചു വലിച്ചു. എനിക്ക് സ്വല്പം വേദനിച്ചു. വീണ്ടും വെള്ളത്തുള്ളികള്‍ കൊണ്ട് ദേഹം കുളിര്‍ത്തു. അവളെന്റ മീശയില്‍ പിടിച്ചു വലിച്ചു. എനിക്ക് നന്നായി വേദനിച്ചു.
'എടീ... ' എന്നുറക്കെ വിളിച്ചു പോയി ഞാന്‍.
വേദന കൊണ്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. കണ്ണു തുറന്ന് നോക്കിയപ്പോഴാണ് സ്ഥലകാലബോധമുണ്ടായത്.

പെങ്ങളുടെ ഒരു വയസുകാരി മകള്‍ പുഞ്ചിരിച്ചു കൊണ്ട് അടുത്തിരിക്കുന്നു. അവളാണ് മുടിയിലും മീശയിലും ഒക്കെ പിടിച്ചുവലിച്ചത് കണ്ടതൊക്കെ സ്വപ്നമായിരുന്നുവെന്നപ്പോഴാണ് ബോധ്യമായത്. പക്ഷേ ദേഹമാകെ നനഞ്ഞിരിക്കുന്നു. മഴ ശരിക്കും പെയ്‌തോ എന്നോര്‍ത്ത് നനഞ്ഞ ഷര്‍ട്ടില്‍ തൊട്ടപ്പോഴാണ് മനസിലായത് മഴ പെയ്തതല്ല , ഈ ഒരു വയസുകാരി കുറുമ്പത്തി ദേഹത്ത് കയറിയിരുന്ന് മൂത്രമൊഴിച്ചതാണെന്ന്.

ഉണ്ണി മൂത്രം പുണ്യാഹമെന്നാണ് ചൊല്ലെന്ന് ഓര്‍ത്ത് ഞാനവളെ നോക്കുമ്പോള്‍
'ഞാന്നൊന്നുമറിഞ്ഞില്ലേ രാമനാരായണ ' എന്ന ഭാവത്തില്‍ അവളെന്നെ നോക്കി ചിരിക്കുകയായിരുന്നു.

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . 
© m g bijukumar

Post a Comment

2 Comments

  1. നല്ലൊരു കൃതി... അവസാനം എന്തോ ഒരു അപൂർണ്ണത പോലെ....

    ReplyDelete