നാട്ടിലേക്കുള്ള യാത്ര | ഗീത മുന്നൂര്‍കോട്

kavitha-malayalam-geetha-munnircode


നാടുകാണാന്‍ മാത്രമായിരുന്നു
യാത്ര...

കണ്ടില്ല
മുണ്ടും റൗക്കയുമിട്ട മുത്തിയെ
ചേലുള്ള സാരിയില്‍
മുത്തിയുടെ ചുണ്ടിലെ
വെറ്റിലക്കറ മറഞ്ഞുപോയിട്ടുണ്ട്
ഓപ്പോള്‍ക്ക്
അസ്സല്‍ അഴകിയ പടപടപ്പ്!
നൈറ്റിയും ചൂരിദാറും 
മെയ്യേറ്റം ചെയ്ത കുളിര് !

അമ്മക്ക് വാതോരാതെ
വിശേഷസമയം!
മിക്ലിയും വാഷിങ് മെഷീനും
ഡിഷ് വാഷറും
വാക്വം ക്ലീനര്‍, ഗ്യാസടുപ്പ്
പലവിധ ഗുട്ടന്‍സുകളും
കട്ട സപ്പോര്‍ട്ടാണിവരൊക്കെ
അമ്മക്കു പിറകെ .

പ്ലാവിലെ ചക്കക്കൂട്ടം,
മാമ്പഴപ്പെരും പുണ്യം
അടയ്ക്കാ,ത്തേങ്ങാക്കുലകള്‍
മൂക്കും മുമ്പെ
മൊത്തമായി
ചന്തയിലേക്കു ബുക്കിങ്
ഹാ! അച്ഛനെന്നും 
ഫ്രീടൈം മൊബൈല്‍കുത്ത്
ബിസിനസ്സ്!

നാട്ടില്‍ വന്നത്
നാടു കാണാന്‍

പുഴയെങ്ങോ പിക്‌നിക്കിന് പോയത്രേ!
മലക്കംമറഞ്ഞ മലയ്ക്ക്
കുന്തിച്ചിരിക്കാന്‍ വിമ്മിട്ടം!
വയല്‍ക്കൂട്ടം വായ് വരണ്ട
വന്യമുഖവുമായി 
ത്വക്ക് ചുളിഞ്ഞ്
കിടപ്പിലാണ്‍

പടിപ്പുരയെ പിച്ചിക്കളഞ്ഞ
ഗേറ്റിലൂടെ
കളിമുറ്റം പോയ പോക്ക്
ഇന്റര്‍ലോക്കിട്ട് ഭദ്രം...

കുളത്തിലേയ്‌ക്കൊരു ലോഡ്
മലമണ്ണ് നുഴഞ്ഞുകേറി
ആമ്പല് ചാമ്പലായി
നീരു താണ് 
ചെമന്നുചീര്‍ത്ത
കടവ് ...

ഇല്ല, ഇനി വരില്ല
എന്റെ മാത്രമായിരുന്ന
ആ നാടുകാണാന്‍...

ഉള്ളില്‍
പൂത്തുനില്‍ക്കട്ടെയല്ലേ
എന്റെ നാട് !
---------------------------------

©  ഗീത മുന്നൂര്‍കോട്

Post a Comment

1 Comments

  1. വാസ്തവം.... 👍
    കവിത അർത്ഥപൂര്ണം 👌🥰

    ReplyDelete