മറിമായം • ഇയാസ് ചൂരല്‍മല

marimayam_iyas_chooralmala


ടുത്ത വീട്ടിലെ
ചേച്ചിയില്‍ നിന്നാണ്
നാരായണന്‍ ചേട്ടന്റെ
പലചരക്കുകടയില്‍
അസ്സല്‍ വിഷം കിട്ടുമെന്ന്
സൈനാത്ത അറിഞ്ഞത്

എടുപിടീന്ന് ഫോണെടുത്ത്
പുതിയാപ്പിളയെ വിളിച്ചു
സന്തോഷം പറഞ്ഞു
മഞ്ചയിലും, തട്ടിന്‍ പുറത്തും
പതിഞ്ഞിരിക്കും എലി ശല്യം
തുടച്ചു നീക്കുന്നതും
കിനാവ് കണ്ടു.

രാത്രി അത്താഴത്തിനു
ചേച്ചി പറഞ്ഞ
അതേ റസ്റ്റോറന്റില്‍ നിന്നും 
പാഴ്‌സല് വാങ്ങാനും
പറയാന്‍ മറന്നില്ല

കറിവെക്കാന്‍ വാങ്ങിയ
പൂളയും, ഇറച്ചിയും
ചെറുകണ്ടങ്ങളാക്കി
വിഷം പുരട്ടി നാലുപാടും
വിരുന്നൊരുക്കി

ഏമ്പക്കം വിട്ടു
കിടക്ക വിരിച്ചു
വിളക്കണച്ച നേരം 
മച്ചിന്‍ പുറത്തെ ശബ്ദം
നടന്നു തുടങ്ങിയപ്പോള്‍
സൈനാത്തയൊന്ന് ഊറിച്ചിരിച്ചു

കൂടപ്പിറപ്പിന് പോലും
എച്ചില് നല്‍കും
മനുഷ്യരൊരുക്കിയ വിരുന്നില്‍
ചതി മണത്ത  എലികള്‍
പതിഞ്ഞിരുന്നെങ്കിലും

അന്നം ദൈവമാണെന്ന്
എവിടെയോ കേട്ട വാക്കില്‍
ചതി മറന്നു വിശപ്പിനാല്‍
ഒന്നില്‍ നിന്നു മറ്റൊന്നിലേക്ക്
ചാടിക്കടിച്ചു.

അതിരാവിലെ തന്നെ
സൈനാത്തയുടെ മുറ്റത്ത് 
പാഞ്ഞെത്തിയ
ആംബുലന്‍സിന്‍ ശബ്ദം
ആളുകളെ വിളിച്ചു കൂട്ടി,
ഇടയില്‍ ആരോ പറഞ്ഞു കേട്ടു 
ഹോട്ടലിലെ ഭക്ഷണത്തില്‍
വിഷബാധയാണത്രെ...!
-----------------------------------
© iyas chooralmala


Post a Comment

1 Comments