പരിവര്‍ത്തനം © വിനോദ് ഹരിദാസ് വാഴവേലി



ന്യൂയോര്‍ക്കിന്‍ പാതയോരങ്ങളില്‍
പതിനെട്ടാം നൂറ്റാണ്ടില്‍ മുഴങ്ങിയ
വേറിട്ടശബ്ദത്തിന്‍ മാറ്റൊലികള്‍
ലോകത്തിനേകി പുതുവെളിച്ചം.
ചൂഷണവര്‍ഗ്ഗത്തിന്‍ പീഡനങ്ങള്‍
അരവയര്‍നിറയ്ക്കുവാന്‍ ഏറ്റുവാങ്ങി
പകലന്തിയാവോളം അടിമകളായ്
ഗര്‍വ്വിന്റെ കാണാചങ്ങലയില്‍.
അരുമകിടങ്ങളെ മാറോടുചേര്‍ക്കാതെ
അമ്മിഞ്ഞപാലും വിയര്‍പ്പാക്കി മാറ്റി
ഋതുക്കള്‍ വിടപറയുന്നതറിയാതെ
പണിശാലയില്‍ ബന്ധിതരായവര്‍.
ആണെന്നും, പെണ്ണെന്നും വേര്‍തിരിച്ച്
നാണയതുട്ടുകള്‍ വീതംവെയ്‌ക്കെ
കാലങ്ങളേറെ കരഞ്ഞുതീര്‍ത്തു
കരുത്തുറ്റൊരായുധം കിട്ടിടാതെ.
മനക്കരുത്തും, മെയ്യ്ക്കരുത്തും ചേര്‍ത്ത്
യന്ത്രങ്ങളെ കൈപിടിയിലാക്കി
കാലചക്രത്തിന്റെ യവനികയില്‍
ജീവിതം ആടി തളര്‍ന്നുവീണു.
അതിര്‍വരമ്പിന്‍വേലി വീണ്ടും ഉയര്‍ന്നപ്പോള്‍ 
വളയിട്ടകയ്യുകള്‍ ഒത്തുചേര്‍ന്നു
പോരാട്ടവഴികള്‍ വെട്ടിതെളിക്കുവാന്‍
നാവെന്ന ആയുധം മൂര്‍ച്ചകൂട്ടി.
പുതുയുഗംപണിയുവാന്‍ ചങ്ങലപൊട്ടിച്ചു
സമരാഗ്‌നി മണ്ണില്‍ ആളിപടര്‍ന്നു
വേഷവും, ഭാഷയും അതിരുതിരിക്കാതെ 
സമത്വത്തിനായൊരു കല്ലുപാകി.
കാലങ്ങള്‍ക്കിപ്പുറം സമത്വംനേടി
താരാഗണങ്ങള്‍ക്കിടയില്‍ നിന്ന്
ലോകത്തിനോട് പറഞ്ഞിടുന്നു
അബലകള്‍ അല്ല സ്ത്രീ ജന്മങ്ങള്‍.



Post a Comment

2 Comments