ബോര്‍ഡ് | കഥ | സജ്‌ന



മല്ലികയ്ക്കു സുഖമില്ല ആശുപത്രിയില്‍ കൊണ്ടു പോകുന്നു എന്നാണ് സോമശേഖരന്‍ ഫോണിലൂടെ മനോഹരനോട് പറഞ്ഞത്. കുഴഞ്ഞു വീണതാണ് എന്നു മാത്രമേ, 'അയ്യോ എന്തു പറ്റി' എന്ന മനോഹരന്റെ ചോദ്യത്തിന് സോമശേഖരന്‍ മറുപടി പറഞ്ഞുള്ളൂ.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വേണ്ടി മനോഹരന്‍ തിരിച്ചു വിളിച്ചപ്പോ സോമശേഖരന്റെ ഫോണ്‍ സ്വിച്ഡ് ഓഫ്. അയാള്‍ക്ക് വെറുതെ അങ്കലാപ്പ് തോന്നി. എന്തു പറ്റിയതായിരിക്കും മല്ലികയ്ക്ക്? കുഴഞ്ഞു വീഴാന്‍ മാത്രം. ഇപ്പോഴത്തെ ചൂടിന്റെയാവും. വിശ്രമമില്ലാതെ പണിയെടുക്കുന്നതിനിടെ സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നുണ്ടാവില്ല. മനോഹരനു കലശലായ സങ്കടം തോന്നി. അയാള്‍ മനോന്മണിയെ കുലുക്കി വിളിച്ചു.
 ഗാഡനിദ്രയിലായിരുന്നതിനാല്‍ മനോന്മണി ചീറി.

'എന്താ മനുഷ്യാ?'

ആ ചോദ്യത്തിന്റെ ശക്തിയില്‍ മനോഹരന്‍ കട്ടിലിനടുത്തു കിടന്നിരുന്ന കസേരയിലേക്ക് തെറിച്ചു വീണു.

'ഒന്നൂല്ല്യാ...'
മനോഹരന്‍ വിറച്ചു.

'ഇതുപറയാനാണോ എന്നെ പാതിരാത്രിക്ക് ഉറക്കത്തീന്ന് വിളിച്ചുണര്‍ത്തിയത്? ഇനിയിപ്പോ എന്തെങ്കിലും പറഞ്ഞേ ഒക്കൂ. എന്താ എന്തിനാ വിളിച്ചേ?' 

മനോന്മണിയുടെ സ്ഥായിയായ ഭദ്രകാളി രൂപം അന്നേരം പതിന്മടങ്ങു രൗദ്രം പൂണ്ടു.

'അത്... അത്... മല്ലികേനെ ആശൂത്രീ കൊണ്ടോണൂന്ന് പറയാന്‍ ഇപ്പോ സോമന്‍ വിളിച്ചു '

മല്ലികയെന്നും ആശുപത്രിയെന്നും കേട്ടപ്പോള്‍ രൗദ്രം കരുണമായി..

യ്യോ എന്തു പറ്റി?  എന്നു ചോദിക്കുമ്പോള്‍ മനോന്മണി കരച്ചിലിന്റെ വരമ്പിലായിരുന്നു.

ലോകത്തോട് മുഴുവന്‍ അസൂയയും കുശുമ്പും വച്ചു പുലര്‍ത്തിയിരുന്നുവെങ്കിലും മനോന്മണിക്ക് മല്ലികയോട് അപാരമായ സ്‌നേഹമുണ്ടായിരുന്നു. ഭര്‍ത്താവിന്റെ സഹോദരി ആയതു കൊണ്ടോ, തറവാട് വീതം വച്ചപ്പോള്‍ തന്റെ ഭാഗത്തില്‍ നിന്നും ഏഴേമുക്കാല്‍ സെന്റ് ആങ്ങളയായ മനോഹരന്റെ മകളുടെ പേര്‍ക്ക് എഴുതി വച്ചതു കൊണ്ടോ ബി. എസ്. സി. നേഴ്‌സിംഗിനു പഠിക്കുന്ന അവളുടെ പഠിത്തചിലവുകള്‍ സ്വമേധയാ ഏറ്റെടുത്തതു കൊണ്ടോ ഒന്നുമല്ല, മനോന്മണിക്ക് മല്ലികയോട് ഇത്ര സ്‌നേഹം. മല്ലികയുടെ മനസ്സ് തങ്കപ്പെട്ടതാണെന്ന് മനോന്മണിക്ക് നന്നായി അറിയാവുന്നതു കൊണ്ടാണ്.  മേല്പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ, കുട്ടികളില്ലാത്ത മല്ലിക ചെയ്തില്ലെങ്കിലും മനോന്മണിക്ക് മല്ലിക പ്രിയപ്പെട്ടവളാകുമായിരുന്നത്രെ..... മല്ലികേടെ ഭാഗ്യം.

മനോന്മണി ചാടിഎഴുന്നേറ്റ് ഇട്ടിരുന്ന നൈറ്റി വലിച്ചൂരി കൈയില്‍ കിട്ടിയ സാരിയെടുത്തു ദേഹം പൊതിഞ്ഞു കാറിറക്ക് മനുഷ്യാ എന്ന് ആജ്ഞാപിച്ചു.

ആശുപത്രി മുറ്റത്തു കാര്‍ നില്‍ക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മനോന്മണി പൊട്ടിക്കരയുന്നുണ്ടായിരുന്നു. 

ഇടനാഴിയിലൂടെ ഇരു കൈകളും പുറകില്‍ കെട്ടി ഉലാത്തിക്കൊണ്ടിരുന്ന സോമശേഖരന്‍ നിസ്സാര മട്ടില്‍ പറഞ്ഞു :

'അവള്‍ക്കൊന്നൂല്ല്യ. ഒന്ന് തല ചിറ്റീതാ. അതിപ്പോ മാറും ഐസീയൂലാ '

'അയ്യോ... അതെന്താ ഐസീയൂല്?' എന്നു പരിഭ്രമിച്ചു മനോന്മണി.

മനോഹരന്‍ അളിയന്റെ മുഖത്തേക്ക് ദേഷ്യത്തോടെയും സങ്കടത്തോടെയും നോക്കി. അയാള്‍ക്ക് യാതൊരു സങ്കടവുമില്ലെന്ന് മനസ്സിലാക്കുകയും ചെയ്തു. ഒരു തരം നിര്‍വ്വികാരത. അവള് തീര്‍ന്നു പോകുന്നെങ്കി പോകട്ടെ എന്ന മട്ട്. അപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകുമല്ലോ. നല്ല നേരോം കാലോം നോക്കി സുഗന്ധവാഹിനിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാം. ഭാര്യ മരണപ്പെട്ട, കുട്ടികളില്ലാത്ത ഒരുവന്‍ പുനര്‍വിവാഹം ചെയ്താല്‍ ഈ ലോകത്തിന് എന്തു സംഭവിക്കാനാണ്? അയാള്‍, അര്‍ഹതപ്പെട്ട കാര്യമല്ലേ ചെയ്തത്? 

നെഞ്ചു തിരുമ്മിക്കൊണ്ട് മനോഹരന്‍ അനിയത്തിയ്ക്കു വേണ്ടി ഉള്ളാലെ കരഞ്ഞു പ്രാര്‍ത്ഥിച്ചു. അവസാനത്തെ ഫോണ്‍ വിളിയിലാണ് സോമന്റെ പുതിയ പ്രണയബന്ധത്തെ കുറിച്ച് മല്ലിക സൂചിപ്പിച്ചത്. അവര്‍ക്കിടയിലെ തടസ്സം മച്ചിയായ മല്ലിക മാത്രമാണെന്നും ഒഴിഞ്ഞു കൊടുക്കാന്‍ കനിവുണ്ടാകണമെന്നും അയാള്‍ ഹാസ്യ രൂപേണ അപേക്ഷിച്ച കാര്യം പറയുമ്പോള്‍ അനിയത്തിയുടെ ശബ്ദത്തില്‍ ലവലേശം സങ്കടമോ ഇടര്‍ച്ചയോ ഉണ്ടായിരുന്നില്ലെന്ന് മനോഹരന്‍ ഓര്‍ത്തു. ആ ഓര്‍മ്മയില്‍ അയാളുടെ കണ്ണുകള്‍ തുളുമ്പി.

സോമശേഖരന്‍, നടന്നു കാലു കഴച്ചിട്ടാവണം മനോഹരന്‍ ഇരിക്കുന്ന ബെഞ്ചിന്റെ മറ്റേ തുഞ്ചത്തു ചെന്നിരുന്നു. 

ഒന്നും ചോദിക്കേണ്ടെന്നു മനസ്സില്‍ ഉറപ്പിച്ചിരുന്നിട്ടും മനോഹരന്‍ ചോദിച്ചു പോയി.

'എന്താ അളിയാ അവള്‍ക്കു പറ്റീത് ഇത്ര പെട്ടന്നിങ്ങനെ കുഴഞ്ഞു വീഴാന്‍?'

'ഞാനിപ്പെന്തൂട്ട് പറയാനാ'  എന്നു മനോഹരന്റെ ചോദ്യത്തെ നിസ്സാരമാക്കി സോമശേഖരന്‍ 

'പെട്ടന്നൊന്നല്ല, കൊറേ ദിവസായി അവള്‍ക്കീ സൂക്കേട് തൊടങ്ങീട്ട്... മടിയാന്നേ, വെറും മടി.'

' മടിയോ, അവളങ്ങനെ മടി പിടിച്ചിരിക്കണ ആളൊന്നല്ലല്ലോ അളിയാ, ഒരു മിനിറ്റ് പോലും വെറുതെയിരിക്കാത്ത അവള്...

മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല മനോഹരനെ സോമശേഖരന്‍.ഇടയില്‍ക്കേറി അയാള്‍ ഭാര്യയെ കുറ്റപ്പെടുത്താന്‍ തുടങ്ങി, ഏതൊരു ശരാശരി മലയാളി ഭര്‍ത്താവിനെയും പോലെ.

'ന്റെ മനോ, ന്തൂട്ടാ അവള്‍ക്കാ കുടുമ്മത്തു പണി? കുട്ട്യോളും മക്കളും ഒന്നൂല്ല്യലോ, നേരം വെളുക്കുമ്പോ പെടഞ്ഞെണീറ്റ് ചായേം പലഹാരോം തയ്യാറാക്കാനും ചോറു പൊതി കെട്ടി കൊടുക്കാനും. എപ്പളേങ്കിലൊക്കെ ണീച്ച് എന്തെങ്കിലൊക്കെ ണ്ടാക്ക്യാ പോരെ?' 

കാലു നീട്ടിയിരുന്നു കൊണ്ട്, ഈ വിഷയം സംസാരിക്കാന്‍ ഒട്ടുമേ താല്പര്യമില്ലാത്തതു പോലെ അലക്ഷ്യമായി സോമശേഖരന്‍ പറഞ്ഞു. മനോഹരനു അതു കണ്ട് അയാളുടെ കഴുത്തു പിടിച്ചു ഞെരിക്കാനുള്ളത്ര ദേഷ്യം വന്നു. എന്നിട്ടും അങ്ങേയറ്റം ക്ഷമയോടെ അയാള്‍ ചോദിച്ചു.

'അപ്പൊ, വെളുപ്പിന് നാലു മണിക്കെണീറ്റ് പശുക്കളെ രണ്ടിനേം തൊഴുത്തീന്നെറക്കണതാരാ അളിയാ?'

' ഓ, അതോ, അതവളെന്ന്യാ'

'അവറ്റോളെ, കുളിപ്പിക്കണതോ?'

'അതും അവളെന്ന്യാ'

'ചാണം വാരണതും തൊഴുത്ത് അടിച്ചു കഴുകണതും?'

'അതു പിന്നെ അവളെ ഡ്യൂട്ടിയല്ലേ?'

'ഓ, അതു ശരി. അപ്പൊ അതുങ്ങള്‍ക്ക് പുല്ലരിയണതും കാടി കൊടുക്കണതും?'

'അതൊക്കെ പിന്നെ അവള് ചെയ്യണ്ടതല്ലേ. വേറെന്താ പണി അവള്‍ക്ക്. മൂന്നും നാലും നേരം തിന്നാന്‍ കൊടുക്കണില്ലേ ഞാന്‍. പിന്നെ എണ്ണ സോപ്പ് കൊല്ലത്തില്‍ രണ്ടു തവണ ഉടുവസ്ത്രം...'

അയാള്‍ ബാക്കി പറയുമ്പോഴേക്കും icu വിന്റെ വാതില്‍ക്കല്‍ നിന്ന് നേഴ്‌സ് വിളിച്ചു.

'മല്ലികേടെ ആള്‍ക്കാര്‍ ആരെങ്കിലുമുണ്ടോ?'

മരുന്നോ മറ്റെന്തെങ്കിലും അത്യാവശ്യ സാധനമോ വാങ്ങാനായിരിക്കും എന്നുറപ്പുള്ളതു കൊണ്ട് സോമശേഖരന്‍ ആ ഭാഗത്തേക്ക് നോക്കിയില്ല. മനോഹരനു നോക്കാതിരിക്കാനും അങ്ങോട്ട് ചെല്ലാതിരിക്കാനും കഴിയില്ലല്ലോ. 

മനോഹരന്‍ പോയിക്കഴിഞ്ഞപ്പോള്‍ മനോന്മണി ബെഞ്ചിന്റെ ഇങ്ങേ തുഞ്ചത്ത് മനോഹരന്‍ ഇരുന്നിടത്ത് വന്നിരുന്നു. അളിയന്റെ മുഖത്തെ കള്ളലക്ഷണം കാണാന്‍ തുടങ്ങിയിട്ട് കൊല്ലം കുറേ ആയതു കൊണ്ട് മനോന്മണിക്ക് സോമശേഖരനെ യാതൊരു വിലയും ഇല്ലായിരുന്നു. അവള്‍ കാലിന്മേല്‍ കാല്‍ കയറ്റി വച്ച് അയാളുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കിക്കൊണ്ട് ചോദിച്ചു :

'അല്ലളിയാ, ആ അലക്കു കല്ലിനു മേലെ ഒരു ഷീറ്റ് ഇട്ടു കൊടുക്കാന്‍ മല്ലി കുറേ നാളായിട്ട് പറയുന്നതല്ലേ? അത് ഇട്ടാരുന്നോ?'

സോമശേഖരന്‍ മുഖം കുനിച്ചു.

'അല്ല അതിപ്പോ, ഷീറ്റിനും ചൂടല്ലേ? മുള കൊണ്ട് നാലു കാല് നാട്ടീട്ട് അതിന്റെ മോളില് മെടഞ്ഞ ഓല നെരത്തിയാ മതീന്നാ അവള് പറഞ്ഞത് '

'എന്നിട്ട്? എന്നിട്ടതു ചെയ്തു കൊടുത്തോ?'

'ഇല്ല്യാ... മെടഞ്ഞോല കൊണ്ടരാ പറഞ്ഞ് കാശും വാങ്ങി കേശോങ്കുട്ടി പോയിട്ട് ആഴ്ച ഒന്നു കഴിഞ്ഞു. ഒരു വിവരോല്ല്യ ഓന്റെ.'

മ്മ്... അമര്‍ത്തിയൊന്നു മൂളി മനോന്മണി.

'അല്ല, കുറി കിട്ടിയപ്പോ അവളൊരു മിക്‌സി വാങ്ങണ കാര്യം പറഞ്ഞിരുന്നു അളിയന്‍ സമ്മതിച്ചാ വാങ്ങുംന്ന്. അളിയന്‍ സമ്മതിച്ചില്ലേ?'

'അല്ല, അതിപ്പോ മിക്‌സീലരച്ചു കൂട്ടാന്‍ വെക്കണത് ഇക്കിഷ്ടല്ല്യ. ഓള്‍ക്കും അമ്മീമ്മലരക്കാന്‍ ഇഷ്ടാ. ആരോഗ്യം നന്നാവൂലോ.'

'ആ. ആരോഗ്യം അത്ര നന്നായോണ്ടാണല്ലോ അവളിപ്പോ ഐസിയു ല് കെടക്കണത് '
മനോന്മണി പല്ലിറുമ്മി.

'തൂത്തു തുടയ്ക്കാനും മുറ്റമടിക്കാനും വന്നിരുന്ന വാസന്തീനേം അളിയന്‍ പറഞ്ഞു വിട്ടൂന്ന് കേട്ടു.'

'ആ അത് നേരാ. വാസന്തീനെ ഞാന്‍ പറഞ്ഞു വിട്ടു. വാസന്തിള്ളപ്പൊ  ഇരുപത്തിനാലു മണിക്കൂറും ഈ കുന്തത്തില്‍ തോണ്ടി ഇരിക്കലാര്‍ന്നു നെന്റെ നാത്തൂന്റെ പണി. മനോന്മണ്യേ, നിയ്യല്ലേ ഞാനറിയാണ്ട് അടവിന് മൊബൈല്‍ ഫോണ്‍ വാങ്ങി അവള്‍ക്ക് കൊടുത്തത്. ന്നിട്ട് മാസാമാസം നൂറ്റെണ്‍പതുറുപ്പിക അതില് കേറ്റി കൊടുക്കണത് ഞാനും.അതെന്ന്യാ ഞാന്‍ വാസന്തീനെ പറഞ്ഞയച്ചത്.'

' ഓഹോ.. ന്നിട്ട്, വാസന്തി പോയിട്ട് അവിടെ ജോലിയൊന്നും നടക്കുന്നില്ലേ? സോമശേഖരന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി മനോന്മണി.
 

'അല്ല അതിപ്പോ ഒരു പതിനേഴര സെന്റ് ഭൂമിള്ളതില് അധികം ഭാഗത്തും വീടാ. മുന്നാര്ത്ത് ഇത്തിരി തോനെ മുറ്റണ്ട് . ബാക്കി മൂന്നോട്ത്തും അത്രധികൊന്നൂല്ല്യലോ. വേണംച്ചാല്‍ ഒക്കെ അവള്‍ക്ക് ഒറ്റക്ക് ചിയ്യാവുന്നതേള്ളൂ. അല്ല മനോന്മണീ, നെന്റെ കുടുമ്മത്ത് നീയും ചിയ്യണതല്ലേ ഇതൊക്കീം.'

മനോന്മണി എഴുന്നേറ്റു സോമശേഖരനെ തൊഴുന്ന പോലെ അഭിനയിച്ചു കൊണ്ടു പറഞ്ഞു. 

'എന്റെ വീട്ടില്‍ മേല്പറഞ്ഞ ജോലികളൊക്കെ ചെയ്യുന്നത് ദാ ഇപ്പൊ ഇവിടെന്ന് എഴുന്നേറ്റു പോയ മനോഹരനാ. കാരണം,  എനിക്ക്  സര്‍ക്കാര്‍ ജോലിയുണ്ട്. അദ്ദേഹത്തിനതില്ല. മുറ്റമടി, തൂത്തു തുട ഇതു രണ്ടും ഞാന്‍ പുള്ളിയെക്കൊണ്ട് ചെയ്യിക്കില്ല, കാരണം വൃത്തിയാവില്ല. അതിന് ആളെ വെച്ചിട്ടുണ്ട്. പാത്രം കഴുകാനും ആയമ്മ സഹായിക്കും. ബാക്കി, പാചകം തുണിയലക്ക്, അതു മടക്കി വെക്കല്‍, മീന്‍ മുറിക്കല്‍ തേങ്ങാ ചിരവല്‍ തുടങ്ങി ഗ്യാസ് ബുക്ക് ചെയ്യലും മാര്‍ക്കറ്റില്‍ പോക്കും കുളിമുറീം കക്കൂസും കഴുകലും വരെ പുള്ളി തനിയെ ചെയ്യും. അവധി ദിവസങ്ങളില്‍ എന്നെക്കൊണ്ടാവുന്ന സഹായം ഞാനും വാഗ്ദാനം ചെയ്തിട്ടുണ്ട്. കാരണം, മേല്പറഞ്ഞ യാതൊന്നും എളുപ്പപ്പണിയല്ലെന്ന് എനിക്കറിയാം.'

മനോഹരന്‍ നേഴ്‌സ് പറഞ്ഞ മരുന്നും ഫ്‌ലാസ്‌കില്‍ കാപ്പിയും വാങ്ങി കൊടുത്ത ശേഷം തിരികെ വന്നു ബെഞ്ചിലിരുന്നു. അയാള്‍ വളരെ അവശനും ക്ഷീണിതനുമായി കാണപ്പെട്ടു. സ്വന്തംന്നു പറയാന്‍ ആകെയുള്ളൊരു പെങ്ങളാണ്. സ്‌നേഹവും ക്ഷമയും വേണ്ടുവോളം ഉള്ളവളാണ്. ഭര്‍ത്താവിന്റെ ദുര്‍വ്വാശിയുടെയും അഹങ്കാരത്തിന്റെയും ഇരയെന്നോണം ആ മുറിക്കുള്ളില്‍ മരണം കാത്തു കിടക്കുന്നത്. കുഴഞ്ഞു വീണതാണെന്നു നേഴ്‌സിനോട് അളിയന്‍ പറഞ്ഞത്രേ. പക്ഷേ നിലയ്ക്കാത്ത രക്തം പോക്കാണെന്ന് നേഴ്‌സ് പറയുന്നു. ഗൈനക്കോളജിസ്റ്റിനെ വിവരം അറിയിച്ചിട്ടുണ്ട് അവരെത്തിയാലേ എന്തെങ്കിലും പറയാനൊക്കൂന്ന്. ഡ്യൂട്ടി ഡോക്ടര്‍ വേണ്ട ശുശ്രൂഷയൊക്കെ കൊടുത്തിട്ടുണ്ട്, മരുന്നുകളും. എന്നിട്ടും ആളിപ്പോഴും അബോധാവസ്ഥയിലാണെന്നാണ് നേഴ്‌സ് പറയുന്നത്.

സോമശേഖരന് യാതൊരു വിധ ഭാവവ്യത്യാസങ്ങളുമില്ല മുഖത്ത് എന്നത് മനോഹരനെ അല്പം രോഷാകുലനാക്കിയിട്ടുണ്ട്. സ്വന്തം കൈ കൊണ്ട് ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു കുടിക്കാത്ത ധാര്‍ഷ്ട്യക്കാരന്‍. എല്ലാം അയാളുടെ കാല്‍ക്കീഴില്‍ എത്തിച്ചു കൊടുക്കണം. എന്നിട്ടും അവളെ വേണ്ട വിധം പരിഗണിച്ചിട്ടുണ്ടോ അയാള്‍ എപ്പോഴെങ്കിലും? അലിവിന്റെ ഒരു നോട്ടം അവളെ നോക്കിയിട്ടുണ്ടോ എന്നെങ്കിലും? നാല്‍പ്പത്തിയെട്ടാം വയസ്സിലേ വൃദ്ധയായിരിക്കുന്നു അവള്‍. മിടിക്കുന്ന ഒരു നെഞ്ചിന്‍ കൂടു മാത്രമാണ് അവള്‍ക്ക് ജീവനുണ്ട് എന്നതിനു തെളിവ്.

മനോഹരന്‍ കണ്ണീരൊപ്പി.

' കഴിഞ്ഞയാഴ്ച്ച നാത്തൂന്‍ വിളിച്ചപ്പോ നടുവു വിലങ്ങിയ കാര്യം പറഞ്ഞിരുന്നല്ലോ അളിയാ, കിണറ്റില്‍ നിന്നും ആ വെള്ളമെങ്കിലും ഒന്ന് കോരി കൊടുത്തുകൂടെ ആ പാവത്തിന്? '

മനോന്മണി അളിയനെ വിടാനുള്ള ഭാവമില്ലെന്ന് മനോഹരനു മനസ്സിലായി. അളിയന്‍ പരുങ്ങുന്നുണ്ട്.

'അല്ല അതിപ്പോ... ഒരു മൂന്നു മുറി, എടത്തരം ഒരു ഹാള്. രണ്ടടുക്കള പിന്നെ ചെറിയ ഒരു, അല്ല അത്ര ചെറുതല്ല സാമാന്യം വെല്‍തെന്നെ, ഒരു വരാന്ത ഇത്രേം സ്ഥലം അടിച്ചോരി തൊടക്കാന്‍ ഇത്ര പാടെന്താണെന്നാ എനിക്ക് മനസ്സിലാവാത്തത് '

ഒരു ഉളുപ്പുമില്ലാതെ സോമശേഖരന്‍ വിസ്തരിക്കുകയാണ്. ആശുപത്രിയിലെ  ഇടനാഴിയിലാണ്  ഇരിക്കുന്നതെന്നോര്‍ക്കാതെ മനോന്മണി ശബ്ദമുയര്‍ത്തി 

'മനസ്സിലാവാന്‍ നിങ്ങളിതിനു മുമ്പ് ഈ പറഞ്ഞ ജോലികള്‍ എന്തെങ്കിലുമൊന്നു ചെയ്തു നോക്കിയിട്ടുണ്ടോ?' 

സോമശേഖരന് ഉത്തരം മുട്ടി.

' നിങ്ങളെ പോലെയുള്ള വേട്ടാവെളിയന്‍മാരാണ് ഈ നാടിന്റെ ശാപം. ഓരോ സ്ത്രീയുടെയും ശാപം. ഭാര്യയെ അടക്കി ഭരിക്കുന്നതും അവളെക്കൊണ്ട് അടിമയെ പോലെ പണിയെടുപ്പിക്കുന്നതും കാല്‍ച്ചുവട്ടില്‍ തടവിലിടുന്നതുമാണ് ആണത്തം എന്നാണോ നിങ്ങള്‍ ധരിച്ചു വച്ചിരിക്കുന്നത്? '

നാവിറങ്ങിപ്പോയ സോമന്‍ ഒരു നിമിഷം പതറി നിന്നു. പിന്നെ മനോനില വീണ്ടെടുത്തു പൂര്‍വ്വാധികം ശക്തമായി മനോന്മണിയോട് ഏറ്റു മുട്ടി.

' ഓ, നിനക്ക് എന്നു തുടങ്ങി ഈ നാത്തൂന്‍ സ്‌നേഹം? ആ ഏഴേമുക്കാല്‍ സെന്റ് ഭൂമി മോള്‍ടെ പേരില്‍ പതിച്ചു കിട്ട്യേപ്പഴല്ലേ? സ്വത്തു ഭാഗം വെച്ചപ്പോ വീടും പുരയിടവും തള്ള മോളുടെ പേര്‍ക്കാണ് എഴുതി വച്ചതെന്നും വീടിന് അവകാശിയായ മോന് ആകെ ഇരുപതു സെന്റ് സ്ഥലം മാത്രേ കൊടുത്തുള്ളൂ എന്നും പറഞ്ഞു എന്തായിരുന്നു അന്ന് പുകില്. ഒക്കെ മറന്നൂ ലേ മനോന്മണ്യേ..... '

ദേ അളിയാ അനാവശ്യം പറഞ്ഞാലുണ്ടല്ലോ, ആശുപത്രിയാണെന്നൊന്നും ഞാന്‍ നോക്കില്ല.അമ്മേം നാത്തൂനേം ഞാനെന്നാ പറഞ്ഞെന്നാ? '

മനോന്മണി വയലന്റാവുന്നതു കണ്ടപ്പോള്‍ മനോഹരന്‍ ചാടിയെഴുന്നേറ്റു. എന്റെ പൊന്നു മനോന്‍മണീ ഇവിടെയെങ്കിലും നീയെനിക്ക് ഇച്ചിരി മനസ്സമാധാനം താ'
എന്ന ദയനീയാപേക്ഷയില്‍ മനോന്മണി അടങ്ങി.

മനോഹരന്റെ ഫോണ്‍ അന്നേരം റിംഗ് ചെയ്യാന്‍ തുടങ്ങി. മോളാണ്. ചാരുലത. അപ്പച്ചി എന്തൊക്കെയോ കരഞ്ഞു പറഞ്ഞു കൊണ്ട് അവള്‍ക്ക് മെസ്സേജ് അയച്ചിട്ടുണ്ടത്രെ. ഡ്യൂട്ടിയില്‍ ആയിരുന്നതു കൊണ്ട് ഫോണ്‍ നോക്കിയിരുന്നില്ല. ഇപ്പോഴാണ് മെസ്സേജ് കണ്ടതെന്നും അപ്പച്ചിയെ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ചാരുലത കരഞ്ഞു കൊണ്ടു പറഞ്ഞു. മനോഹരന്‍ സ്ഥിതി ഗതിളെ കുറിച്ച് വിശദമായി മകളെ പറഞ്ഞു മനസ്സിലാക്കി.

ഞാന്‍ ലീവെടുക്കാം അച്ഛാ നാളെ തന്നെ അങ്ങോട്ടെത്താം എന്നുറപ്പു കൊടുത്ത് ചാരുലത സംഭാഷണം അവസാനിപ്പിച്ചു.

മനോഹരന്‍ വീണ്ടും ബെഞ്ചിലേക്ക് തളര്‍ന്നിരിക്കാന്‍ തുടങ്ങുമ്പോഴാണ് ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ മറിയാമ്മ മാത്തന്‍ തിരക്കിട്ടു നടന്നു icu വിലേക്ക് പോകുന്നതു കണ്ടത്. മനോഹരന്റെ നെഞ്ചിടിപ്പ് പതിന്മടങ്ങായി. മനോന്മണിയും ആകാംക്ഷയോടെ icu വിനടുത്തേക്ക് ഓടിച്ചെന്നു. അടഞ്ഞു കിടക്കുന്ന വാതിലിനു മുന്നില്‍ നില്‍ക്കുമ്പോള്‍ തീര്‍ത്തും തളര്‍ന്നു പോയിരുന്നു മനോന്മണി.

പത്തു മിനിറ്റിനു ശേഷം icu വിന്റെ ചില്ലു വാതില്‍ തുറന്നു പുറത്തു വന്ന മറിയാമ്മ ഡോക്ടറുടെ മുഖത്തു കോപാഗ്‌നിയാളുന്നുണ്ടായിരുന്നു.

'മല്ലികേടെ ആളുകള്‍ ഇവിടെ വരണം.'

മനോഹരനും മനോന്മണിയും മറിയാമ്മഡോക്ടറുടെ മുമ്പില്‍ പകച്ചു നിന്നു. സോമശേഖരന്‍ പൊടുന്നനെ അപ്രത്യക്ഷനായിരുന്നു.

മറിയാമ്മ ഡോക്ടര്‍ അലറി.

' ആരാ ആ സ്ത്രീക്ക് ഗര്‍ഭച്ചിദ്രം ചെയ്യാനുള്ള മരുന്ന് കൊടുത്തത്?'
ആ ചോദ്യം ആശുപത്രിഭിത്തിയില്‍ പോലും വിള്ളലുണ്ടാക്കി.

' അവര്‍ സ്വമേധയാ ചെയ്തതാണെങ്കില്‍ അപകടനില തരണം ചെയ്യുമ്പോള്‍ ഞാന്‍ വേണ്ട നടപടി എടുത്തോളാം. അതല്ല ആരെങ്കിലും നിര്‍ബന്ധിച്ചു മരുന്ന് കഴിപ്പിച്ചതാണെങ്കില്‍, അതാരായാലും അഴിയെണ്ണാന്‍ തയ്യാറായിക്കോ.'

തറയില്‍ അമര്‍ത്തിച്ചവിട്ടി മറിയാമ്മ ഡോക്ടര്‍ നടന്നു പോയി.

മനോഹരനും മനോന്മണിയും പരസ്പരം നോക്കി ആദ്യമായി കാണുമ്പോലെ നിന്നു. അവര്‍ക്ക് ഡോക്ടര്‍ പറഞ്ഞതിന്റെ അര്‍ത്ഥം പിടി കിട്ടിയിട്ടില്ലായിരുന്നു.

ഒരു മാസം....
ജീവനും മരണവും തമ്മിലുള്ള പോരാട്ടത്തിന്റെ ഒരു മാസക്കാലത്തിനൊടുവില്‍ മല്ലിക അല്‍പാരോഗ്യത്തോടെ വീട്ടിലേക്കു മടങ്ങി. അന്ന് ആശുപത്രിഇടനാഴിയില്‍ നിന്ന് പൊടുന്നനെ കാണാതായ സോമശേഖരന്‍ അപ്പോഴേക്കും ഭര്‍ത്താവുപേക്ഷിച്ച സുഗന്ധവാഹിനിയോടൊപ്പം പുതിയ ജീവിതവും ആരംഭിച്ചു.

കാലത്തിന് എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായ കണക്കുണ്ടാവുമെന്നായിരുന്നു മല്ലിക സമാധാനിച്ചത്. മനുഷ്യര്‍ മറന്നാലും കാലം മനുഷ്യന്റെ സകല പ്രവര്‍ത്തികളും ഓര്‍ത്തു വയ്ക്കുമെന്ന വിശ്വാസം ആദ്യമൊക്കെ ഭയമായിരുന്നു ഉണര്‍ത്തിയത്. കര്‍മ്മഫലം ഓരോരുത്തര്‍ക്കും കൃത്യമായി വീതിച്ചു നല്‍കാവുന്ന ഭാവികാലത്തെ മല്ലിക ഭയന്നില്ല.
മനുഷ്യാ നീ മണ്ണാകുന്നു എന്ന് നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ഒരു മനസ്സാക്ഷി  ഉള്ളിലുണ്ടായിരുന്നു. മനുഷ്യര്‍ ജീവിതത്തില്‍ പലപ്പോഴും കാഴ്ചക്കാരായി മാറുവാനിടയുണ്ടെന്ന ബോധ്യം.സ്വന്തം പ്രവര്‍ത്തികളുടെ അനന്തരഫലങ്ങള്‍ക്കരികെ കാലിടറി വീഴും വരെയെങ്കിലും.

വ്യാമോഹങ്ങളവസാനിക്കുമ്പോള്‍ ജീവിതത്തില്‍ സ്വാസ്ഥ്യം തുടങ്ങുന്നുവെന്ന തിരിച്ചറിവില്‍ മല്ലിക ആഹ്ലാദവതിയായി.പഠനം പൂര്‍ത്തിയാക്കി ഉദ്യോഗത്തില്‍ പ്രവേശിച്ച ചാരുലത അപ്പച്ചിയെയറിഞ്ഞ് ഒപ്പം ജീവിക്കാന്‍ തുടങ്ങിയതു മുതല്‍, മനോന്മണിയുടെ നിരന്തര ഉപദേശങ്ങള്‍ക്കു ചെവി കൊടുക്കാന്‍ തുടങ്ങിയതു മുതല്‍, ജീവിതം സമാധാനത്തിന്റെ വസന്തമൊരുക്കി. എത്ര കാലം എന്നതിലല്ല ഇപ്പോള്‍, ഈ നിമിഷം എങ്ങനെ ജീവിക്കുന്നു എന്നതിലാണ് സന്തോഷമിരിക്കുന്നതെന്ന് ചാരുലത അപ്പച്ചിക്ക് എപ്പോഴും കാണിച്ചു കൊടുത്തു...

സുഗന്ധവാഹിനിയുടെ സുഗന്ധം കുറഞ്ഞുകുറഞ്ഞു വന്നു. അകല്‍ച്ചയുടെ അതിരുകളില്‍ ഉപേക്ഷിക്കപ്പെട്ടെങ്കിലും സോമശേഖരന് പിന്നെയും പ്രത്യാശയുണ്ടായിരുന്നു. ജീവിതം ഇനിയും പൂത്തുലയാന്‍ ബാക്കിയുണ്ടെന്ന തോന്നലുകള്‍ക്കിടയില്‍ തേടിയ ഇടങ്ങള്‍ അന്യമാണെന്നറിയാന്‍ ഒട്ടും വൈകിയില്ല.  ഗത്യന്തരമില്ലാതെയാണ് മല്ലികയുടെ വീട്ടിലേക്ക് തിരികെ ചെന്നത്. ഗേറ്റ് അകത്തു നിന്നും താഴിട്ടു പൂട്ടിയിരുന്നു. പണ്ടെന്നോ കണ്ട  സിനിമയിലെ ഒരു രസികന്‍ കഥാപാത്രത്തിന്റെ ഗേറ്റില്‍ തൂക്കിയിരുന്നതുപോലുള്ള ഒരു ബോര്‍ഡ് മല്ലികയുടെ ഗേറ്റിലും തൂങ്ങുന്നുണ്ടായിരുന്നു. സോമശേഖരന്‍ വായിച്ചു:

'അന്യര്‍ക്കും പട്ടികള്‍ക്കും പ്രവേശനമില്ല '

© sajna


Post a Comment

0 Comments