എന്നിലെ നീ | കഥ | ഡോ. അപര്‍ണ. സി



'പേര് അമൃതയെന്ന് അല്ലേ'

 'അതെ'

അമൃതയും അഭിയും മുറ്റത്തെ മുല്ല വള്ളിയുടെ അരികില്‍ നിന്ന്  സംസാരിക്കുകയായിരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ഇത് അവളുടെ പെണ്ണുകാണല്‍ ആണ്.  ആദ്യ വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ പെണ്ണുകാണല്‍.

'എനിക്ക് ചിലത് പറയാനുണ്ട്. '
അമൃത അഭിയുടെ മുഖത്തേക്ക് നോക്കി. കൈകള്‍കൊണ്ട് മുല്ലയുടെ ഒരില അവളറിയാതെ ഞെരുക്കുന്നുണ്ടായിരുന്നു.

 'പറയൂ...'
 അഭി ഇമവെട്ടാതെ അവളുടെ കണ്ണുകളിലേക് നോക്കി. അവളുടെ ഉള്ളിലെ വികാര വിക്ഷോഭങ്ങള്‍,കണ്ണുകളില്‍ അഭിയ്ക് കാണാമായിരുന്നു.

അന്നെനിക്ക് ഇരുപത്തി അഞ്ചു വയസ്സായിരുന്നു.ഇപ്പോള്‍ ഒരുപാട്
കൂടിയിട്ടൊന്നുമില്ല.ഇരുപത്തി ഏഴു.ഞാന്‍ ഒരുപാട് ഇഷ്ടത്തോടെ തന്നെയാണ് അന്ന് രാഹുലിനെ കല്യാണം കഴിച്ചത്. എല്ലാ പെണ്‍കുട്ടികളുടേയും മനസ്സിലുണ്ടാകുന്ന ഒരുപാട് മോഹങ്ങള്‍ എനിക്കുമുണ്ടായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് രാഹുല്‍ എന്നെ പെണ്ണു കാണാന്‍ വന്നപ്പോള്‍ ഞങ്ങള്‍ ആ ഹാളില്‍ ഇരുന്നാണ് സംസാരിച്ചത്.

പേര് ചോദിച്ചു,എന്താ ചെയ്യുന്നേ എന്നും ചോദിച്ചു.രണ്ടും  അറിയുന്ന കാര്യങ്ങള്‍ തന്നെ. വെറുതെ ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടിയുള്ള ചോദ്യമായിരുന്നു.ഞാന്‍ ചോദിച്ചതിന് മറുപടി കൊടുത്തതും ചിരിച്ചതും അല്ലാതെ മറ്റൊന്നും പറഞ്ഞിരുന്നില്ല.രാഹുല്‍ പോയി കഴിഞ്ഞ്, എല്ലാവരും ഇഷ്ടമായോ എന്ന് ചോദിച്ചപ്പോള്‍ ഇഷ്ടമായി എന്നും പറഞ്ഞു. കാണാന്‍ രസമുണ്ട്. നല്ല പെരുമാറ്റം,ചിരി എന്നൊക്കെ ആയിരുന്നു എന്റെ മനസ്സില്‍. രണ്ടു ചോദ്യം ചോദിക്കുമ്പോഴേക്കും നല്ല പെരുമാറ്റം എന്ന് ഞാന്‍ വിലയിരുത്തി.

ഇടയ്ക്ക് അവള്‍ ഒന്ന് നിര്‍ത്തി.

'അഭിക്ക് ബോറടിക്കുന്നുണ്ടോ' 

' ഏയ് ഇല്ല....താന്‍ പറഞ്ഞോളൂ... ' ശ്രദ്ധയുള്ള ഒരു കുട്ടിയെപ്പോലെ അവന്‍ അവളെ നോക്കി.

രണ്ടുകൂട്ടര്‍ക്കും ഇഷ്ടമായി. രണ്ടാഴ്ചയ്ക്കുശേഷം വിവാഹ നിശ്ചയം.
അതിനുശേഷം ഞങ്ങള്‍ പരസ്പരം വിളിക്കാന്‍ തുടങ്ങി. രാവിലെ, ഉച്ചയ്ക്ക്, രാത്രി  അങ്ങനെ.. ഓരോ നേരവും മറക്കാതെ കഴിക്കുന്ന മരുന്നുപോലെ സൂചി ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ തെറ്റാതെ കൃത്യമായി വിളിക്കുമായിരുന്നു. അതിനിടയില്‍ വെറുതെയുള്ള സൊള്ളല്‍ അല്ലാതെ വേണ്ട കാര്യങ്ങള്‍ ഒന്നും ഞാന്‍ സംസാരിച്ചിട്ടില്ല. അവനും പറഞ്ഞിട്ടില്ല.

അവളുടെ മുഖത്ത് പറ്റിയ അബദ്ധത്തെ ക്കുറിച്ചുള്ള കുറ്റബോധം പ്രകടമായിരുന്നു. ഞെരിച്ചുകൊണ്ടിരുന്ന മുല്ലയില കയ്യില്‍ പോന്നു.അത് കൈകക്കുള്ളിലൊതുക്കി മുഷ്ടി മടക്കി വീണ്ടും അല്പം വെറുപ്പോടെ ഞെരിച്ചു.വിരലുകള്‍ നിവര്‍ത്തിയപ്പോള്‍ അത് നിലത്തേക്ക് വീണു.

അഭി അവളെ തന്നെ ഭാവമാറ്റം ഇല്ലാതെ നോക്കിക്കൊണ്ട് നിന്നു.അവളുടെ മനസിനെ തണുപ്പിക്കയെന്നോണം ഒരു ചെറു മന്ദമാരുതന്‍ തഴുകി മറഞ്ഞു. ഒരു നിമിഷം ചിന്തയില്‍ ആണ്ടുപോയ അവള്‍ വീണ്ടും തുടര്‍ന്നു...

'മൂന്ന് മാസത്തിനു ശേഷം ഞങ്ങളുടെ കല്യാണം കഴിഞ്ഞു.ആദ്യത്തെ രണ്ടാഴ്ച  യാത്രയും സല്‍ക്കാരങ്ങളും ആയിരുന്നതുകൊണ്ട് അതിനിടയില്‍ ആരോടും അടുത്തിടപഴകാനുള്ള സമയം കിട്ടിയില്ല. രണ്ടാഴ്ചയ്ക്കുശേഷം ഞാന്‍ നഴ്‌സായി ഹോസ്പിറ്റലില്‍ പോകാന്‍ തുടങ്ങി. അതുകഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ എന്നോട് പറയാ..നീ  ഇനി പോവണ്ട ട്ടോ ഇവിടെ നിന്നാല്‍ മതി എന്ന്.കാരണം ചോദിച്ചപ്പോള്‍ തലേന്ന് രാവിലെ എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ഒരു കൂട്ടുകാരന്‍ വിളിച്ചിരുന്നു,ഏതോ ഒരു രോഗിയുടെ കാര്യോ മറ്റോ ചോദിക്കാന്‍. ഫോണ്‍ എടുത്തിരുന്നത് രാഹുല്‍ ആയിരുന്നു. അവന്‍ ഒരു ആണ്‍കുട്ടി ആയി പോയതായിരുന്നു പ്രശ്‌നം. ഭാര്യയോടുള്ള സ്വാര്‍ത്ഥമായ സ്‌നേഹം കൊണ്ടാണ് എന്ന് കരുതി ഞാനന്ന് ആശ്വസിച്ചു.പിന്നെ ശരിയാവും എന്ന് കരുതി. പിന്നെ ഒരു ദിവസം അടുത്ത ബന്ധുവിന്റെ കല്യാണത്തിന് ഞാന്‍ എനിക്കിഷ്ടപ്പെട്ട പച്ച നിറമുള്ള ഒരു സാരി ഉടുത്തിരുന്നു. അന്ന് വീട്ടില്‍ വന്നിട്ട് എന്നോട് പറഞ്ഞു സാധാരണ ഷാള്‍ ഉള്ള ചുരിദാര്‍ മാത്രം ഇട്ടാ മതി മറ്റൊന്നും നീ ഇടണ്ടാന്ന്.അന്ന് ഒരുപാട് വിഷമം തോന്നി.കാരണം നല്ല വൃത്തിയിലും വെടിപ്പിലും തന്നെയാണ് ഞാന്‍ സാരി ഉടുത്തിരുന്നത്.മോശം എന്ന് പറയാന്‍ ഒന്നും ഉണ്ടായിരുന്നില്ല.തൊട്ടപ്പുറത്തെ വീട്ടിലെ ചേച്ചിയോട് ഉറക്കെ ഒന്ന് ലോഗ്യം പറഞ്ഞാല്‍ പോലും കുറ്റപ്പെടുത്താന്‍ തുടങ്ങി.

എല്ലാംകൂടെ പിന്നെ പിന്നെ എനിക്ക് ശ്വാസം മുട്ടാന്‍ തുടങ്ങി.വിമ്മിഷ്ടമായി. അയാളില്‍ ഒരു ഭാര്യ എന്ന രീതിയില്‍ ഞാന്‍
എങ്ങനെയൊക്കെ ആയിരുന്നു എന്നെനിക്ക് അറിയില്ല.എന്നാല്‍ ഭാര്യയെന്ന നിലയിലും ഒരു പെണ്‍കുട്ടി എന്ന നിലയിലും അതിലുപരി ഒരു മനുഷ്യനെന്ന നിലയിലും ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. വീര്‍പ്പുമുട്ടിയുള്ള ആ ജീവിതം എനിക്ക് ആറു മാസം കൊണ്ട് തന്നെ മടുത്തിരുന്നു. ഭാഗ്യമെന്ന് പറയാലോ അച്ഛനുമമ്മയും,കല്യാണം കഴിഞ്ഞതല്ലേയുള്ളൂ  നീ ഒന്ന് പിടിച്ചു നില്‍ക്ക് എന്നെന്നോട് പറഞ്ഞില്ല. ഈ കഴിഞ്ഞ ഒരു വര്‍ഷം മുഴുവന്‍ ഞാന്‍ ഇവിടെ തന്നെയായിരുന്നു.ജോലിക്ക് പോകുന്നു തിരിച്ചുവരുന്നു,ഇടയ്ക്ക് ഫ്രണ്ട്‌സിനൊപ്പം കറക്കം അങ്ങനെയൊക്കെ. ഇനി കല്യാണം വേണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടില്ല, പക്ഷേ ഒരു കല്യാണം ഉണ്ടെങ്കില്‍ അത് എന്നെ നന്നായി മനസ്സിലാക്കുന്ന ഒരാളെ മാത്രമേ ഉള്ളൂ എന്ന് ഞാന്‍ തീരുമാനിച്ചതാണ്.

അഭി  അവളെ ഒരു ചെറു പുഞ്ചിരിയോടെ നോക്കിക്കൊണ്ട് പറഞ്ഞു.

'നിന്നെ നന്നായി മനസ്സിലാക്കി തന്നെയാണ് ഞാന്‍ ഇന്ന് ഇവിടെ വന്നത്. നിന്നെ എനിക്ക് അറിയാം.ഒന്നുമില്ലേല്‍ നീ അറിയാതെ രണ്ടുവര്‍ഷമായി നിന്നെ നോക്കുവല്ലേ ഞാന്‍. കല്യാണം ആയപ്പോള്‍ വിഷമം തോന്നി. ഉള്ളിലുള്ളത് പറയാന്‍ കഴിഞ്ഞില്ല.അതിനു ശേഷം നിന്നെ അങ്ങനെ ഞാന്‍ നോക്കിയിട്ടില്ല. അപ്പോഴാ ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടായത്.എപ്പോഴോ എന്റെ മനസ്സ് എന്നോട് പറഞ്ഞു അവള്‍ നിന്റെ അടുത്ത് തന്നെ എത്തുമെടാന്ന്.ദാ ഇപ്പൊ അതും യാഥാര്‍ഥ്യമാകാന്‍ പോകുന്നു.'

'എന്ത്...അഭി എന്നെ... '

'അതെ... എന്താ ഒരു ഡോക്ടര്‍ തന്റെ ഹോസ്പിറ്റലിലെ ഒരു നഴ്‌സിനെ നോക്കിക്കൂടെ.. പക്ഷേ ആ നേഴ്‌സ് ഒരിക്കലും അത്രവലിയ ഹോസ്പിറ്റലില്‍ ഡെര്‍ മറ്റോളജി വിഭാഗത്തിലെ ഡോക്ടറെ കണ്ടിരുന്നെങ്കിലും കണ്ടഭാവം നടിച്ചിരുന്നില്ല.'

അത് കേട്ട് അവള്‍ ഉറക്കെ ചിരിച്ചു.കൂടെ അഭിയും.

'നിന്നില്‍ ഞാനുണ്ടായിരുന്നെന്ന്  അറിയാതെ പോയല്ലോ...'

'എന്നിലുള്ള നീ ഒരിക്കലും നിന്റെ മോഹങ്ങളളെ  കുഴിച്ചുമൂടണ്ട.ഇനി അങ്ങോട്ട് നമുക്കൊരുമിച്ചു പറക്കാം..... '
© dr aparna c

Post a Comment

2 Comments

  1. ഡോക്ടറുടെ കഥ വളരെ ഇഷ്ടമായി 🥰

    ReplyDelete