തിലോദകം | കഥ | ഗിരീഷ് എടപ്പാള്‍



ഇനി എത്രനേരം കാത്തിരിക്കണമാവോ നടപടികള്‍ പൂര്‍ത്തിയായി അവന്‍ പുറത്തിറങ്ങാന്‍?അവന്‍ എന്തെങ്കിലും കഴിച്ചട്ടുണ്ടാവുമോ?ഇന്നലെ രാത്രി തുടങ്ങിയതാണ് നശിച്ച മഴ.ജയില്‍ ഭിത്തിയില്‍ ഇരുന്നു രണ്ടു ഇണപ്രാവുകള്‍ എന്തോ സംസാരിക്കുന്നണ്ട്.ഒരു പക്ഷെ അവരുടെ കുഞ്ഞുങ്ങളെ പറ്റിയാവുമോ?ആവും. എത്ര വര്‍ഷമായി അവനെ കണ്ടിട്ട്?മൂന്നോ, നാലോ അവളെ ചിതയിലേക്ക് എടുത്തുവെച്ചപ്പോ തന്നെ അവനെ അവര്‍ കൊണ്ട് പോയില്ലേ പിന്നെ ഒരു നോട്ടം കണ്ടത് കോടതി വരാന്തയില്‍ വെച്ചാണ്.ജാമ്യം കിട്ടിയത് ഭാഗ്യായി അല്ലെങ്കില്‍ പത്തോ പത്രണ്ടോ വര്‍ഷം കഴിഞ് അവന്‍ പുറത്തിറങ്ങുമ്പോ ഞാന്‍ ഉണ്ടാവുമോ? 
ഇപ്പൊ ജയില്‍ ഭിത്തിയില്‍ ഒരു പ്രാവേ ഉള്ളു.ഇണ ഇര തേടി പോയതാവുമോ?അതും ഈ മഴയത്ത്.ഇനി എത്ര നേരം ഇങ്ങനെ നിക്കണം വയ്യ. 
അല്ല ആരോ നടന്നു വരുന്നുണ്ടല്ലോ കണ്ണടയില്‍ പറ്റി പിടിച്ച വെള്ള തുള്ളികള്‍ കാരണം മുഖം വ്യക്തമല്ല. അല്ല അത് ഉണ്ണികുട്ടനല്ല.ഇനി ഇന്നവര്‍ അവനെ വിടില്ല്യേന്നുണ്ടോ?എത്രയച്ച ഈ കോലായില്‍ ഇങ്ങനെ നിക്കാ എവിടെങ്കിലും ഒന്ന് ഇരുന്നാല്‍ മതി. -------------------------------
 ഭാഗം 2 
 ഭൂലോക വൈകുണ്ഠ പൂരവാസനെ.... വടക്കേ പിഷാരത്ത് നിന്നാണോ  ആ പാട്ട് ഉയര്‍ന്നുവരുന്നത്?അല്ല അത് എനിക്ക് തോന്നിയതാണോ?വടക്കേ പിഷാരം ഇന്ന് ദുരന്തങ്ങളുടെ തനിയാവര്‍ത്തനത്തിന്റെ കാട്മൂടി കിടക്കുകയാണ്.എന്തൊരു ഐശ്വര്യമായിരുന്നു ആ കൊച്ചു വീടിന്.ആത്മീയ സംഗീതത്തിന്റെ ഇളംകാറ്റുകള്‍ ഉറവപൊട്ടിയിരുന്ന ആ വീട് ഇന്ന് ശവപറമ്പാണ് അവിടെ ഞങ്ങളുടെ ഷാരോടി മാഷും ശാലു ടീച്ചറും കരിയില കൂട്ടങ്ങള്‍ക്കു അടിയില്‍ തണുത്ത മണ്ണില്‍ സുഖമായി ഉറങ്ങുന്നു.വടക്കേ ഷാരത്തെ ഇരുട്ട് കൂട് കൂട്ടിയ അകത്തളത്തില്‍ ഗതികിട്ടാത്ത ആല്‍ത്മാക്കളെ പോലെ നരച്ചീറുകള്‍ വട്ടമിട്ട് പറക്കുന്നു.എല്ലാം ഇന്നലെ കഴിഞ്ഞപോലെ എനിക്കും ഉണ്ണികുട്ടനും ഒരേ പ്രായമാണ് അല്ല ഉണ്ണിക്കുട്ടന്‍ ആരെന്നു ഞാന്‍ പറഞ്ഞില്ല ഷാരോടിമാഷുടെയും ശാലു ടീച്ചറുടെയും ഏക മകന്‍.ഒരുപാട് നേര്‍ച്ചകളുടെ ഫലമായി ഉണ്ടായ ഉണ്ണിക്കുട്ടന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു.ആരോടും അധികം സംസാരിക്കാത്ത അവന്‍ എന്നോട് മാത്രം കൂട്ടുകൂടി.അമ്പലപരിസരവും കുളങ്ങളും ആല്‍തറകളും ഞങ്ങളുടെ കാളിയരങ്ങുകളായി മാറി.പഠനത്തോട് മാത്രമായിരുന്നു ഞങ്ങളുടെ മത്സരം.ആ മത്സരത്തില്‍ എന്നും ഉണ്ണിക്കുട്ടന്‍ തന്നെയാണ് ഒന്നാമാതാവുന്നതും ശാലു ടീച്ചര്‍ക്കും ഷാരോടി മാഷിനും വലിയ പ്രതീക്ഷയായിരുന്നു ഉണ്ണിക്കുട്ടനെ കുറിച്.പുലര്‍ച്ചെ അമ്പലത്തില്‍ ദേവന് മാലകെട്ടുമ്പോഴും മാഷ് ഉണ്ണിക്കുട്ടന്റെ ഭാവിയെ കുറിച്ചായിരുന്നു ഓര്‍ത്തിരുന്നത്.പത്താം ക്ളാസിലും തുടര്‍ന്ന് അങ്ങോട്ടും ഉണ്ണിക്കുട്ടന്‍ മാര്‍ക്കുകള്‍ ആര്‍ത്തിയോടെ വാങ്ങിക്കൂട്ടി.ഞങ്ങള്‍ വേര്‍പെടുന്നത് ഡിഗ്രി കഴിഞ്ഞതിനു ശേഷമാണ്.വേണമെങ്കില്‍ ഉണ്ണിക്കുട്ടന്റെ ചിന്തകള്‍ ചിതറി തുടങ്ങുന്നതും ഞങ്ങളുടെ വേര്‍പിരിയലിന് ശേഷമാണ്.പിന്നീട് ഞാന്‍ എന്റെ ഉണ്ണികുട്ടനെ കണ്ടിട്ടില്ല. പഠനം പാതിവഴിയില്‍ നിലച്ച ഞാന്‍ പ്രവാസലോകത്തേക്കാണ് എത്തപെട്ടത് .തുടര്‍ന്ന് നാല് വര്‍ഷം കഴിഞ്ഞു തിരിച്ചു വരുമ്പോഴേക്കും വടക്കേ ഷാരത്തിനു സംഭവിച്ചത് ദുരന്തങ്ങളുടെ ഘോഷയാത്രകള്‍ ആയിരുന്നു.
വയ്യ ഒന്നും ആലോചിക്കാന്‍ വയ്യ. ഷാരോടിമാഷുടെയും,ശാലു ടീച്ചറുടെയും പാതി സമ്മതതോടെയാണ് ഉണ്ണിക്കുട്ടന്‍ ആ നശിച്ച നഗരത്തിലേക്ക് പഠിക്കാന്‍ പോയത്.ഒരു ബീഡി പോലും വലിക്കാത്ത ഉണ്ണിക്കുട്ടന്‍ എത്തപെട്ടത് പുതിയ ലഹരിയുടെ കൂത്തരങ്ങിലേക്കായിരുന്നു.പൊതുവെ മൗനിയായ ഉണ്ണിക്കുട്ടന്‍ വിളക്ക് കണ്ട ഇയ്യാന്‍പറ്റയെ പോലെ തന്റെ ഉയര്‍ന്നുപറക്കാനുള്ള ചിറകുകളാണ് അവിടെ ഹോമിച്ചത്.ദേവന് രണ്ട് നേരം മാലകോര്‍ത്തിരുന്ന ഷാരോടിമാഷും,ശാലുടീച്ചറും ഉണ്ണിക്കുട്ടന്‍ ചിറകറ്റ് വീണത് അറിയാന്‍ ഏറെ വൈകിയെങ്കിലും തങ്ങളുടെ വൈകിയുദിച്ച സൂര്യനെ അവര്‍ ജീവിതത്തിലേക്ക് തിരിച്ചു പിടിച്ചു.ഭൂതകാല കെട്ട ഓര്‍മ്മകള്‍ അവന്റെ ചിന്തകളില്‍ പോലും പ്രവേശിക്കാതിരിക്കാന്‍ നാമസങ്കീര്‍ത്തനങ്ങളുടെ വിശുദ്ധി കൊണ്ട് ആ മനസിനെ ഒരു പൂങ്കാവനമാക്കി മാറ്റി.പക്ഷെ ആ വൃദ്ധഹൃദയങ്ങളെ കാലം കരുതിവെച്ചിരുന്നത് മറ്റൊന്നായിരുന്നു. വൃശ്ചികത്തിലെ നനുത്ത കാറ്റേറ്റ് ആ ത്രിസന്ധ്യയില്‍ തെങ്ങോലത്തലപ്പുകള്‍ പരസ്പരം എന്തോ അടക്കം പറഞ്ഞു.ഉമ്മറകോലായില്‍ നിലവിളക്കിന്റെ സ്വര്‍ണ്ണശോഭയില്‍ ശാലു ടീച്ചര്‍ നാമസങ്കീര്‍ത്തനങ്ങള്‍ ഉരുവിടുമ്പോഴും കാതുകള്‍ അമ്പലത്തില്‍ നിന്ന് ഒഴിഞ്ഞ പൂപാത്രമായി മടങ്ങി വരുന്ന ഷാരോടിമാഷിന്റെ കാല്‌പെരുമാറ്റത്തിനായി കാതോര്‍ത്തു.എവിടെ നിന്നോ ഒരു ഭ്രാന്തന്‍നായയുടെ നിര്‍ത്താതെയുള്ള ഓലിയിടലില്‍ ശാലുടീച്ചറുടെ നാമ കീര്‍ത്തനങ്ങളില്‍ നാവ്പിഴച്ചതും അവ്യക്തമായ ഒരു നിഴല്‍ ശാലുടീച്ചറുടെ വേദപുസ്തകത്തിന്റെ അക്ഷരങ്ങളില്‍ കറുപ്പ് പടര്‍ത്തിയതും ഒരുമിച്ചായിരുന്നു. 

ആടയാഭരണങ്ങള്‍ അണിഞ് തൃച്ചന്ദനം ചാര്‍ത്തിയ ദേവന് അന്ന് പതിവിലും അധികം ചൈതന്യം വന്നതായി വീട്ടിലേക്കുള്ള ഒതുക്കുകള്‍ കയറുമ്പോള്‍ ഷാരോടിമാഷിന് തോന്നി. 'എന്തേ ശാലു ഉമ്മറത്തെ നിലവിളക്കുപോലും കത്തിക്കാന്‍ മറന്നുവോ? 'വെളിച്ചമില്ലാത്തിടത്ത് ശ്രീ ഉണ്ടാവില്ലെന്ന് അറിയാതയോ കുട്ടിക്ക്.' 

അതെ അപ്പോഴേക്കും ആ വീട്ടിലെ ചൈതന്യം അണഞ്ഞുപോയിരുന്നു,അല്ല തല്ലിക്കെടുത്തി എന്നാവും ശരി. ഭ്രാന്തന്‍നായയുടെ ഓലിയിടല്‍ കേട്ടുണര്‍ന്ന ഉണ്ണി കുട്ടന്‍ ഒരു നിമിഷത്തേക്ക് ഭ്രാന്തനായിമാറി.ഭ്രാന്തന്‍നായയുടെ ഓലിയിടല്‍ അവസാനിക്കും വരെ നിലവിളക്കുകൊണ്ടു ആ മാതൃഹൃദയത്തെ ആഞ്ഞടിച്ചു കൊണ്ടേയിരുന്നു.ഷാരോടി മാഷ് കാണുമ്പോള്‍ ഉണ്ണിക്കുട്ടന്‍ നിലവിളക്ക് മാറോട് ചേര്‍ത്ത് പിടിച്ഛ് എണ്ണയില്‍ കുതിര്‍ന്ന ചോരയുമായി കോണി ചുവട്ടില്‍ ഇരുന്ന് പേപിടിച്ച ഭ്രാന്തന്‍നായയെ പോലെ കിതക്കുകയായിരുന്നു,അതോ കരയുകയായിരുന്നോ?പോലീസുകാര്‍ കൈയാമം വെച്ച് ഉണ്ണിക്കുട്ടനെ കൊണ്ടുപോകുമ്പോള്‍ ശാലുടീച്ചറുടെ ചിത വൃശ്ചികകാറ്റില്‍ ഒന്ന് ഉലഞ്ഞുവോ അതോ ഒരു നേര്‍ത്ത നിലവിളി ആയിരുന്നോ അത്. ഒടുവില്‍ മാഷും ഉണ്ണിക്കുട്ടന്റെ തിരിച്ചുവരവ് കാത്ത് ജയില്‍വളപ്പിലെ ഇടിഞ്ഞ വരാന്തയില്‍ ദേവസങ്കീര്‍ത്തനം ഉരുവിട്ടുകൊണ്ടു മകനെ കാണാതെ ആ ശരീരം നിശ്ചലമായി.പിന്നെ ഉണ്ണിക്കുട്ടനെ കുറിച് ആരും അന്വേഷിച്ചില്ല.അവന്‍ ജീവിച്ചിരിപ്പുണ്ടോ?  അറിയില്ല.ഒരു ദിവസം വടക്കേഷാരത്തെ ഒതുക്ക് കല്ലുകയറി അവന്‍ വരുമായിരിക്കും,അച്ഛനും,അമ്മക്കും തിലോദകം സമര്‍പ്പിക്കാന്‍.

© gireesh edappal


Post a Comment

0 Comments