തിരുവോണം ഒരു സന്തോഷകാലം ► അനില്‍ നീര്‍വിളാകം



എവിടെയും സന്തോഷം നിറഞ്ഞുനില്‍ക്കുന്ന ഒരു കാലമാണ് ഓണക്കാലം. ലോകത്തെവിടെയും മലയാളികള്‍ ഉത്സവപ്രതീതിയോടെ, നിറഞ്ഞമനസോടെ മാത്രം വരവേല്‍ക്കുന്ന നാള്‍ ''തിരുവോണം''. ജാതി-മത-കക്ഷി-രാഷ്ട്രീയ-സാമുദായിക വേര്‍തിരിവുകള്‍ ഇല്ലാതെ ഓണത്തെ ആഘോഷമാക്കുന്ന മനോഹരമായ ഒരു കാലം. ഇപ്രാവശ്യവും ആ കാലം എത്തിയിരിക്കുന്നു. ഒരുപാട് സങ്കടങ്ങള്‍ ചുറ്റുവട്ടത്തുണ്ടെങ്കിലും, എല്ലാവരേയും പരസ്പ്പരം ചേര്‍ത്തുപിടിച്ച്, ഒരുമയോടെ പ്രയാസങ്ങളെ അതിജീവിച്ച് നമ്മുക്ക് ഒന്നിച്ച് മുന്നേറാനുള്ള ഒരു വഴികൂടി ആകണം ഈ ഓണം. അതുകൊണ്ടുതന്നെ ഈ ഓണത്തേയും സന്തോഷത്തോടെതന്നെ വരവേല്‍ക്കാനാകണം. 

വയനാട്ടില്‍ ജീവന്‍ പൊലിഞ്ഞുപോയ നമ്മുടെ സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാകട്ടെ ഈവര്‍ഷത്തെ ഓണ വരവേല്‍പ്പ്. വയനാട് ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്ത സഹോദരങ്ങള്‍ക്ക് മുന്‍പില്‍ പ്രണാമം! അകാലത്തില്‍ നമ്മെ വിട്ടുപോയ സകലര്‍ക്കും ആദരാഞ്ജലികള്‍. 

വയനാട് നല്‍കുന്ന സന്ദേശവും ഈ അവസരത്തില്‍ ചര്‍ച്ചാവിഷയമാക്കേണ്ടതാണ്. നമ്മള്‍ പരസ്പ്പരം കുറ്റംപറഞ്ഞും, പഴിചാരിയും, ചെളിവാരിയെറിഞ്ഞും സമയം കളയേണ്ടവരല്ല. യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ്  സമൂഹത്തില്‍ അവബോധം ഉണ്ടാക്കുകയാണ് വേണ്ടത്. പ്രപഞ്ചത്തിനും പ്രകൃതിക്കും സ്വാഭാവികമായ ഒരു നിയമമുണ്ട്. അത് തെറ്റിച്ച്, നമ്മള്‍ എല്ലാം തികഞ്ഞ മനുഷ്യന്‍ എന്ന അഹങ്കാരികള്‍, പ്രകൃതിയെ വെല്ലുവിളിക്കുമ്പോള്‍ പ്രകൃതി അതിന്റെ നീതി നടപ്പാക്കും. ആളോ, തരമോ, ശക്തിയോ, പ്രായമോ ഒന്നും ആ സമയത്ത് അതിനൊരു വിഷയമാകില്ല. അതില്‍ നിരപരാധികള്‍ ഉള്‍പ്പടെ സകല ജീവജാലങ്ങള്‍ക്കും, വൃക്ഷ ലതാതികള്‍ക്കും നാശം സംഭവിക്കും. അതില്‍ നമ്മള്‍ ദുഖിച്ചിരുന്നിട്ടു കാര്യമുണ്ടോ? മുന്‍പോട്ട് വേണ്ടുന്ന കാര്യങ്ങള്‍ ചെയ്ത് സകലരെയും ചേര്‍ത്തുപിടിച്ച് മുന്‍പോട്ടു ഗമിക്കുക. അത്ര മാത്രമേ നമ്മുക്ക് ചെയ്യാനാകു. 

പ്രകൃതിക്ക് മനുഷ്യര്‍ എന്നത് വെറും കൃമി കീടങ്ങള്‍ പോലെയേ ഉള്ളു എന്നതാണ് യാഥാര്‍ഥ്യം. അഹങ്കാരികളായ മനുഷ്യന്‍ അത് മനസിലാക്കുകയോ, അംഗീകരിക്കുകയോ ചെയുന്നില്ല എന്ന്മാത്രം. കാടും, മേടുകളുമൊക്കെ പ്രകൃതിയുടെ സമ്പത്താണ്. പ്രകൃതിയില്‍ സന്തുലിതത നിലനിര്‍ത്താനും, വന്യമൃഗങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ളതുമാണ് അവിടങ്ങള്‍. അതിലേക്ക് കടന്നുകയറി സകല ജീവജാലങ്ങള്‍ക്കും ഭീഷണിയായി, സ്വാര്‍ഥതാല്‍പര്യങ്ങളില്‍ മുഴുകി, ഒടുക്കമില്ലാത്ത ധനസമ്പാദനത്തില്‍ മോഹിച്ചുരമിക്കുന്ന മനുഷ്യര്‍ കാട്ടിക്കൂട്ടുന്ന അസ്സന്‍മ്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്ന തിരിച്ചടികള്‍.  അതില്‍ പാവംപിടിച്ച നിരപരാധികളായവരും പെട്ടുപോകുന്നു എന്നത് വളരെ സങ്കടകരം തന്നെയാണ്. ഒരുകൂട്ടം നീചരുടെ ദുഷ്പ്രവര്‍ത്തികളാല്‍ ഉണ്ടായ ദുരന്തത്തില്‍ ദുരിതം പേറുന്ന സഹജീവികളെ ഇനി നമ്മള്‍ക്ക് ചേര്‍ത്ത് പിടിക്കാം. 

പ്രകൃതിയും, മനുഷ്യരും പരസ്പ്പരം സ്‌നേഹിച്ച് കഴിയേണ്ടവരാണ്. കുന്നിലും, കാട്ടിലും പോയി ശാസ്ത്രീയമായ ഒരടിത്തറയുമില്ലാത്ത പ്രദേശങ്ങളില്‍ ആവാസ മന്ദിരങ്ങളും, ഉല്ലാസ കേന്ദ്രങ്ങളും, മത കേന്ദ്രങ്ങളും ഉണ്ടാക്കി വികസനം എന്ന് പാവങ്ങളെ ധരിപ്പിക്കുന്നത് പ്രകൃതിയെ പ്രോകോപിപ്പിക്കലാണ് എന്ന തിരിച്ചറിവ് ഇന്നുണ്ടാകുന്നുവോ അന്ന് മാത്രമേ പ്രകൃതിയില്‍ നിന്നും സമാധാനം പ്രതീക്ഷിക്കാവു. ഒരു പരിധി കഴിഞ്ഞാല്‍ ആരായാലും പ്രതികരിക്കും എന്നത് സ്വാഭാവികം മാത്രം. പ്രകൃതിയും ചെയ്യുന്നത് അതുമാത്രം. അത്യാധുനിക ആയുധങ്ങളുമായി കാട്ടില്‍ കയറി ഉല്ലാസത്തിനുപോലും മൃഗങ്ങളെ വേട്ടയാടുന്നു. അത്യാധുനിക യന്ത്ര ബോട്ടുകളില്‍,  ഉപകാരണങ്ങളാല്‍ കടലിന്റെ അഗാധ തലങ്ങളില്‍ പോലും കടന്നുചെന്ന് സകല ജീവജാലങ്ങള്‍ക്കും ആഘാതമേല്പിക്കുക, ആര്‍ത്തി മൂത്ത് കടലും, കായലും, നദികളും മൂടി ഓരോന്ന് കെട്ടിപ്പൊക്കുക  എന്നിങ്ങനെയുള്ള ലീലാവിലാസത്തില്‍ ആറാടുന്ന  മനുഷ്യരോട് എങ്ങനെയാണ് പ്രകൃതി പ്രതികരിക്കേണ്ടത്. ഇനിയെങ്കിലും നമ്മുടെ പൂര്‍വികര്‍ പറഞ്ഞുതന്നിട്ടുള്ളതുപോലെ പ്രകൃതിയെ സ്‌നേഹിച്ചു പരിപാലിക്കാന്‍ പഠിക്കുക, അതിന്റെ ആവശ്യകത മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യേണ്ടതായുണ്ട്.

ഒരു മുല്ലപ്പെരിയാര്‍ ഡാമും വെച്ച് പല പല കളികളും തുടങ്ങിയിട്ട് നാളേറെയായി. ബലക്ഷയം ഇല്ലെങ്കില്‍കൂടി കാലാവധി കഴിഞ്ഞ ഒന്നിനെ പുതുക്കി ആശങ്കകള്‍ മാറ്റേണ്ടതല്ലേ? അതിലേക്കും വേണ്ടപ്പെട്ടവരുടെ ശ്രദ്ധ ഉണ്ടാകേണ്ടതല്ലേ? ഒരു മഹാ ദുരന്തത്തിനായി കാത്തിരിക്കുന്നത് എന്തിന്, ആര്‍ക്കുവേണ്ടി? ഒരു ജനസമൂഹത്തിന്റെ ചോദ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അത് പ്രകൃതിയില്‍ മാറ്റൊലികൊള്ളുന്നുണ്ട്. അത് ആരുടെയൊക്കെ കര്‍ണ്ണപുടങ്ങളില്‍ വീഴുന്നുണ്ട് എന്നതിനുമാത്രം ഒരു വ്യക്തതയില്ല. പക്ഷെ നമ്മള്‍ കാത്തിരിക്കുകയാണ് പ്രകൃതിയുടെ കുറ്റവും നോക്കി. 

ഇനിയും ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടെ, എവിടെയും, എന്നും സന്തോഷവും, സമാധാനവും നിറയട്ടെ എന്ന പ്രാര്‍ഥനയോടെ. 

എല്ലാവര്‍ക്കും തിരുവോണ ആശംസകള്‍ !

Post a Comment

0 Comments