ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമവും അതിലെ മനുഷ്യരിലധികവും ഇതര ജീവജാലങ്ങളും നിനച്ചിരിക്കാതെ ഒരു മഹാ ദുരന്തത്തിന്നിരയാവുക. അതേ..
നേരം പുലര്‍ന്നപ്പോള്‍ നെഞ്ച് പിളരുന്ന കാഴ്ചകളായിരുന്നു വയനാട്ടില്‍ നിന്നും ലോകത്തിനു കാണേണ്ടി വന്നത്...
ഒരു കുടുംബത്തില്‍ നിന്ന് പതിനൊന്നു പേരെ വരെ നഷ്ടമായ സഹോദരന്റെയടക്കം തേങ്ങല്‍ എല്ലാവരുടെയും നൊമ്പരമായി...
ഇനിയും കണ്ടു കിട്ടാതെ മനുഷ്യരും വളര്‍ത്തു മൃഗങ്ങളുമനേകം.അതും സങ്കടകരം...
എങ്കിലും എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ മനുഷ്യരെ ചേര്‍ത്തു നിര്‍ത്താന്‍ കേരള ജനതയ്ക്കാവുന്നു എന്നത് വലിയ ആശ്വാസം പകരുന്നു...
ദുരന്തപ്രദേശങ്ങളില്‍ അഹോരാത്രം പ്രയത്‌നിക്കുന്ന എത്രയോ സഹോദരീ സഹോദരന്മാരെ വയനാട്ടില്‍ നമുക്ക് കാണാനായി..
ജീര്‍ണ്ണിച്ചതും അല്ലാത്തതും അപൂര്‍ണ്ണവുമായ മൃത ശരീരങ്ങള്‍ കഴുകി അനന്തരനടപടികള്‍ക്കായി തയ്യാറാക്കി നല്‍കുന്ന ചെറിയ പെണ്‍ കുട്ടി മുതലുള്ള വനിതാ സന്നദ്ധ പ്രവര്‍ത്തകര്‍..
അത്താഴപട്ടിണിക്കാരനും സമ്പന്നനുമടക്കം തങ്ങളാല്‍ ആവുന്ന രീതിയില്‍ സഹായ ഹസ്തം നീട്ടുന്നവര്‍..
എല്ലാം നഷ്ടപെട്ടവരെ ഏതു വിധേനയുംഎല്ലായിടത്തും ചേര്‍ത്തു നിര്‍ത്തുന്നവര്‍..
നമ്മുടെ സൈനികരും പോലീസും ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീമും, എന്‍ ഡി ആര് എഫും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും എല്ലാമൊന്നായി നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ നമ്മുടെ നാടിനെ വേറിട്ടതാക്കുന്നു....
ഒന്നും പ്രതീക്ഷിക്കാതെ,
ജീവനും ജീവനോപാധിയുംനഷ്ടപ്പെട്ടത് നമ്മളില്‍ ഒരുവനു തന്നെ എന്നതുള്‍ക്കൊണ്ട്,
നാളെ നമുക്കും ഇതൊക്കെ സംഭവിക്കാമെന്ന് ഓര്‍ത്തു,
എല്ലാ വേലിക്കെട്ടുകള്‍ക്കുമപ്പുറം മനുഷ്യര്‍ ഒന്നായി അണി ചേരുന്നത് എത്ര ആശ്വാസകരമാണ്... എത്ര മഹത്തരമാണ്..
നമ്മുടെ പ്രധാനമന്ത്രി നേരിട്ട് ദുരന്തപ്രദേശം സന്ദര്‍ശിച്ചു ബോദ്ധ്യ പ്പെട്ടിട്ടും ഈ മഹാ ദുരന്തത്തെ ദേശീയ ദുരന്തമായി കണ്ട് ആ നിലയ്ക്കുള്ള സഹായ പ്രഖ്യാപനങ്ങള്‍,
എല്ലാം നഷ്ടപ്പെട്ട ആ ജനതയ്ക്ക് ഉണ്ടാകുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ലെന്നത് ഖേദകരമായി...
അവിചാരിതമായി കടന്നെത്തിയ മഹാ ദുരന്തത്തിന്റെ അതി ജീവനത്തിനായി പൊരുതിയ, ഇപ്പോഴും പൊരുതുന്ന എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും നല്‍കാം ഒരു ബിഗ് സല്യൂട്ട്..
ഭൂമിയും വീടുമടക്കം വ്യക്തികളും സംഘടനകളും സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട് എന്നത് സന്തോഷവും ആശ്വാസവും പകരുന്നതാണ്.ഒരുപാട് മനുഷ്യ സ്‌നേഹികളെ ഈ ദുരന്തകാലത്ത് വീണ്ടും നമുക്ക് കാണാനായി...
എന്നാല്‍ പ്രഖ്യാപിക്കപ്പെട്ട സഹായങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി
അവ സമയബന്ധിതമായി നല്കാനും ഏവര്‍ക്കും ബാധ്യതയുണ്ട്...
ഹൃദയം നുറുങ്ങുന്ന ഈ ഘട്ടങ്ങളിലും ജാതിയും മതവും തിരയുന്നവരെയും കുത്തിത്തിരുപ്പുകാരേയും പതിവ് പോലെ കാണാനായി.അതൊരു ഒഴിയാ ദുരന്തം തന്നെ...
ഓരോ ദുരന്തവും മനുഷ്യര്‍ക്കുള്ള ഓരോ ഓര്‍മ്മപ്പെടുത്തലും പാഠവു മാണ്..പക്ഷേ അതില്‍ നിന്നും ഒന്നും പഠിക്കുന്നില്ലെന്ന് മാത്രം..
ഇത്തരം അപകട മേഖലകളില്‍ കുന്നിടിച്ചു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കേണ്ടത് തന്നെയാണ്..
മനുഷ്യര്‍ കാട് വെട്ടിത്തെളിച്ചും കുന്നുകള്‍ ഇടിച്ചു നിരത്തിയും കുറേ ജീവികളുടെ ഇടം കയ്യേറിയപ്പോള്‍ ..
ആനയും പുലിയും
പന്നിയും മുള്ളന്‍ പന്നിയും പിന്നെ
രാജവെമ്പാല മുതല്‍ മലമ്പാമ്പ് വരേ യും കാടിറങ്ങി നാടും കയ്യേറിയെന്നതും കാണാതിരുന്നു കൂടാ...
എല്ലാം തകിടം മറിച്ചു പ്രകൃതിയും നമ്മെ ശിക്ഷിക്കുന്നു..
മഴക്കാലം കൊടും വേനലിനു വഴി മാറുന്നു..
മഞ്ഞുമൂടിയ മലനിരകളപ്രത്യക്ഷമായി.
മരുഭൂവില്‍പതിവില്ലാ മഴ പെയ്തിറങ്ങിയപ്പോളിവിടെയോ
വരള്‍ച്ചയും പിന്നെ പേമാരിയും തകര്‍ക്കുന്നു...
സുനാമിത്തിരകളും പ്രളയവും
ഉരുള്‍ പൊട്ടലുമെല്ലാം ഇന്ന് പതിവായി...
ഒടുവില്‍ വയനാടും മഹാ ദുരന്തഭൂമിയായി, കരള്‍ പിളരും കാഴ്ചയായി മാറി...
ഇത്തരമൊരു ദുരന്തവും ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ...
0 Comments