അവസാദ ശില ► ബിന്ദു തേജസ്



ഞാന്‍ ഉണര്‍ന്നൊഴുകാന്‍ തുടങ്ങിയത് അര്‍ദ്ധ രാത്രിക്കും ശേഷമാണ് ,
ഗ്രാമം സുഖമായുറങ്ങുന്നുണ്ടായിരുന്നു 
 നിശബ്ദത എന്റെ വരവ് ആരെയും അറിയിച്ചതുമില്ല .
ഉള്ളിലുള്ള താപം  ആവിയായി മുകളിലേക്ക് തുളുമ്പിയത്  ഞാനറിഞ്ഞതേയില്ല 
അല്ലെങ്കിലും  എന്റെ കാര്യങ്ങളൊക്കെ ഇപ്പോള്‍ ഞാന്‍ അറിയാറേ ഇല്ലല്ലോ 

സ്വച്ഛവും സൗമ്യവും സുന്ദരവുമായി 
എന്റെ മടിയിലുറങ്ങിയ ഇലച്ചാര്‍ത്തുകളും കിളിക്കൂട്ടവും ആകെയിളകി മറിഞ്ഞപ്പോഴും ഞാന്‍ ഇല്ലാതെയാവുകയാണെന്ന്  അറിയാനേ കഴിഞ്ഞില്ല .

നായകള്‍ ഓരിയിട്ടത് എന്നെ അല്പം ഭയപ്പെടുത്തിയെങ്കിലും  ക്ഷമയോടെ  ഞാന്‍ എന്നെയടക്കി നിര്‍ത്തുന്നുണ്ടായിരുന്നു .
എന്നെ വിറകൊള്ളിച്ചുകൊണ്ട് ആവേഗങ്ങളായെന്നില്‍ ആയിരം അഗ്‌നിപര്‍വതകയ്യുകള്‍ മുളച്ചുപൊന്തി .
ഉടലാകെ പൊള്ളിച്ചുകൊണ്ട് ലാവാ പ്രവാഹമുയര്‍ന്നൊഴുകാന്‍ തുടങ്ങി .

അനുസരണയുള്ള വളര്‍ത്തുമൃഗമായി 
ഞാനേതെല്ലാമോ വഴികളിലൂടെ നിമിഷനേരം കൊണ്ട് 
 ഇളകിമറിയുന്ന കരിമ്പാറകള്‍ക്കും വന്മരങ്ങള്‍ക്കും വീടുകള്‍ക്കും വിദ്യാലയങ്ങള്‍ക്കുമൊപ്പം 
കുത്തിയൊലിച്ചുകൊണ്ടേയിരുന്നു .
മഹാ പ്രളയത്തിന്റെ കുത്തൊഴുക്കില്‍ 
മുന്നിലുള്ളതിനെയൊക്കെ കവര്‍ന്ന് ,

എന്റേതായിരുന്നതെല്ലാം ഇല്ലാതായി 
കൂരമ്പുകള്‍ തറച്ചു മൃതപ്രായയാ യിത്തീര്‍ന്നു ,
പിടഞ്ഞു പിടഞ്ഞു  ജീവന്‍ വെടിയാ നുമാവാതെ .കരയാതെ ,അനങ്ങാതെ 
ഞാനുറച്ചുപോയി.
അപ്പോഴുമെന്റെ ഉള്ളില്‍ ശാപമോക്ഷത്തിനായൊരു ശില 
കാത്തിരിക്കൂന്നുണ്ടായിരുന്നു.

Post a Comment

0 Comments