ചാവേര്‍ ► ഡോ. പര്‍വീണ്‍. ടി. പി.

 

തന്റെ ചോദ്യത്തിന് ഉമ്മ പറഞ്ഞ മറുപടി ഉള്‍കൊള്ളാനാവാതെ അസ്ലം പത്രതാളുകളിലേക്ക് ഇമയെടുക്കാന്‍ മറന്ന് എത്രയോ നേരം ബിംബം കണക്കെ നോക്കി ഇരുന്നു. മിക്ക കഥകളും തുടങ്ങുന്നത് ചോദ്യങ്ങളില്‍ നിന്നാണ്. എന്നാല്‍ ഈ കഥയുടെ മൂല കാരണം ചോദ്യം മാത്രമല്ല.., ഉത്തരം കൂടിയാണ് ... 
    എന്നാലും എന്തു കൊണ്ടാവും ഉമ്മ അങ്ങനെ പറഞ്ഞത്.?. താനെന്തൊരു വിഡ്ഢിയാണ്.., അങ്ങനെയല്ല ചിന്തിക്കേണ്ടിരുന്നത്.. . തനിക്ക് എന്തിനാ അങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ തോന്നിയത്..?  രാവിലെയോ ഉച്ചയോ അല്ലാത്ത നേരത്ത് എഴുന്നേറ്റ് ഉമ്മറത്തു വന്നിരുന്നതേ ഉമ്മയുടെ കണ്ണില്‍ തെറ്റാണ്..  ഞായറാഴ്ച്ച ആണെന്ന ന്യായീകരണം പറയാം വേണമെങ്കില്‍. പക്ഷെ ഉമ്മയ്ക്ക് അതെല്ലാം മുടന്തന്‍ ന്യായങ്ങള്‍ മാത്രം. അല്ലെങ്കില്‍ തന്നെ ഉമ്മയ്‌ക്കെന്ത് ഞായറാഴ്ച..., തിങ്കളാഴ്ച പോലെ, ചൊവ്വഴ്ചയും ബുധനാഴ്ചയും പോലെ തീര്‍ത്തും സാധാരണയായ ഒരു ദിവസം. ഏത് ദിവസമായാലും ഉമ്മയ്ക്ക് രാവിലെ അഞ്ചു മണിയ്ക്ക് എഴുന്നേല്‍ക്കണം, മുറ്റമടിക്കണം, ചായയും പലഹാരവും ഉച്ചയൂണും കറികളും ഉണ്ടാക്കണം, വയ്യാതെ കിടക്കുന്ന വല്ല്യയുമ്മാനെ കുളിപ്പിച്ചൊരുക്കി ഭക്ഷണം കൊടുക്കണം. വല്യുപ്പാക് ചായ കൊടുക്കണം. എളാപ്പാന്റെ മക്കളെ ഒരുക്കി സ്‌കൂളില്‍ വിടണം. എളാപ്പനേം എളമ്മനേം ചായ ഒരുക്കി ഡെയിനിങ് ടേബിലേക്ക് ആനയിക്കണം. ഇതിന്റെയെല്ലാം ഇടയ്ക്ക് കോഴിക്ക് തീറ്റ കൊടുക്കണം, ചെടിയ്ക്ക് വെള്ളം നനയ്ക്കണം, ചായ്പ്പും പിന്നാമ്പുറവും വെള്ളം ഒഴിച്ചു അടിച്ചു വൃത്തിയാക്കണം. വീട് തൂത്തു തുടക്കണം... അങ്ങനെയങ്ങനെ പോവുന്നു തീരാത്ത ദിനചര്യകള്‍..  പണ്ട് വിമന്‍സ് ഡേയ്ക്ക് സ്‌കൂളില്‍ വന്ന ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ പറഞ്ഞതാണ് ഓര്‍മ്മ വന്നത്,  സ്ത്രീകള്‍ മനുഷ്യ വംശം നില നിന്നു പോവാന്‍ പിറവിയെടുത്ത ചാവേറുകളാണത്രെ.,  സ്വയം ഇല്ലാതായിട്ടായാലും മനുഷ്യ വംശം നില നിര്‍ത്തി കൊണ്ടു പോവും. അവര്‍ അതിന് ട്രെയിന്‍ഡ് ആണത്രേ. അങ്ങനെയാണെങ്കില്‍ ഉമ്മ ഒരു  '  വെല്‍ ട്രെയിന്‍ഡ് ചാവേറാണ് ..'.. 
  പക്ഷെ എന്തൊക്കെയായാലും എത്രയൊക്കെ തിരക്കുണ്ടെന്നാലും ഉമ്മയുടെ കയ്യെത്താത്തിടം ഈ വീട്ടിലില്ല. ഇപ്പൊള്‍ തന്നെ ഞാന്‍ എഴുന്നേറ്റന്നും ഉമ്മറത്തു ഉറക്കച്ചടവോടെ താടിയ്ക്ക് ഇടം കയ്യും കൊടുത്ത് വലം കൈ കൊണ്ട് പത്രം പിടിച്ചു കൂനി ഇരിക്കുകയാണ് എന്ന് അടുക്കളയിലോ പിന്നാമ്പുറത്തോ മറ്റെന്തെങ്കിലും പണിയില്‍ മുഴുകിയിരിക്കുന്ന ഉമ്മയോട് ആരും പറയേണ്ട ആവശ്യം ഇല്ല. ഉമ്മ ചായയുമായി ഒരു കാല്‍ ഊന്നി മറ്റേ കാല്‍ ഞൊണ്ടി, മാക്‌സിയില്‍ പാത്രം കഴുകിയപ്പോള്‍ തെറിച്ച വെള്ളത്തിന്റെ നനവോടെ എത്തിയിരിക്കും. ഉമ്മയ്ക്ക് വലത്തേ കാലില്‍ ആണിയുണ്ട്. ഉമ്മ പോലും മറന്നു പോയ ഒരാണി. ഞൊണ്ടല്‍ ജന്മനാ ഉള്ളതാണ് എന്ന് മറ്റുള്ളവരെ പോലെ ഉമ്മയും വിശ്വസിച്ചു. മനസ്സ് വേദനിക്കുമ്പോള്‍ മാത്രം ഉമ്മയ്ക്ക് ആണിയും വേദനിയ്ക്കും.
       അതിനിടക്ക് തീര്‍ത്തും അപ്രതീക്ഷിതമായ് കണ്ട പത്ര പരസ്യവും, കണ്ട മാത്രയില്‍ ചോദ്യം വന്നു .. 
             ' തന്റേതല്ലാത്ത കാരണത്താല്‍ വിവാഹ മോചിതനായ നായര്‍ യുവാവ് , വയസ്സ് മുപ്പത്തിയെട്ട്, അശ്വതി നക്ഷത്രം, വെളുത്ത നിറം . മുപ്പത്തിന് താഴെ പ്രായമുള്ള, ബാധ്യതകളില്ലാത്ത യുവതികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു ..'  
    അസ്ലം ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഉപ്പ മരിക്കുന്നത്.. ഒരു ബസ്സ് അപകടം. ഉമ്മയ്ക്ക് ആകെ ഇരുപത്തഞ്ചു വയസ്സ് പ്രായം.  ഉപ്പ പോയിട്ടിപ്പോള്‍ ഇരുപതു വര്‍ഷം കഴിഞ്ഞു. 
     '  ഇപ്പ മരിച്ചേന്റേഷം ഇമ്മ ന്തേ വേറെ കെട്ടാഞ്ഞേ..? ' ചോദ്യത്തിനല്ലായിരുന്നു കുഴപ്പം.., ഉത്തരത്തിനായിരുന്നു.
        ' അയ്ന് ഉമ്മാനെ ആരും കെട്ടിച്ചില്ലടാ...!'' മറുപടി പറഞ്ഞതും ചായ കസേര കയ്യില്‍ വെച്ച് ഉമ്മ തട്ടം നെറ്റിത്തടത്തിലേക്ക് കയറ്റിയിട്ട് എന്തോ ആലോചിച്ച മട്ടില്‍ ധൃതി പെട്ട് അടുക്കളയിലേക്ക് പോയി.  ഉമ്മയുടെ ധൃതി  കാരണം ചായ ഒരല്‍പ്പം കസേര കയ്യില്‍ തൂകി. ഉമ്മറ വാതില്‍ കടക്കുമ്പോള്‍ ആണി വേദനിച് ഉമ്മ വലത്തേ കാല്‍ പൊക്കി നോക്കി. താന്‍ ധൃതിയില്‍ അല്ലാതെ ഉമ്മയെ കണ്ടിട്ടേ ഇല്ല, എപ്പോഴും ധൃതി യില്‍ തുള്ളി തുള്ളി അടുക്കളയില്‍ നിന്നും ഡെയിനിങ് ഹാളിലേക്കും, അല്ലെങ്കില്‍ ഉമ്മറത്തേക്കും ഇതൊന്നുമല്ലെങ്കില്‍ പിന്നാമ്പുറത്തെ കോഴി കൂട്ടിലേക്കും നടക്കും. ചോറ് ഊറ്റികൊണ്ടിരിക്കുമ്പോള്‍ കോഴിക്ക് തീറ്റ കൊടുക്കാത്തത് ഓര്‍മ്മ വരും, അല്ലെങ്കില്‍ ചായ കൊണ്ടു വരുമ്പോള്‍ മീന്‍ കാരന്‍ വരാത്തത് ഓര്‍മ്മ വരും .. 
   ഉമ്മയുടെ മറുപടി എപ്പോഴും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. മുന്‍പൊരിക്കല്‍ രാത്രി ഉറങ്ങാതെ ജീവിതത്തിന്റെ എത്തും പിടിയും കിട്ടാതെ കിടക്കുമ്പോള്‍ ഉമ്മയോട്,
 ' ഇപ്പ ഇണ്ടെര്‍ന്നെങ്കില്‍ ഇമ്മാക്ക് ഇങ്ങനെ എടങ്ങറാവണ്ടര്‍ന്ന് ല്ലേ മ്മാ...!'' 
വളരേ വികാരീധനായി ശബ്ദത്തില്‍ ഇടര്‍ച്ച മറച്ചു വെക്കാന്‍ പാടു പെട്ട് ഞാന്‍ ചോദിച്ച ചോദ്യം ഉമ്മയുടെ മറുപടിയില്‍ അപ്രസക്തമായി.
'' എന്നാ ഇതിരിം കൂടി വല്യ അടുക്കളേം, കൊറച്ചൂടി വല്യ പിന്നാമ്പുറം ഇണ്ടാവും...'' മറുപടി പറഞ്ഞു ഉമ്മ കൂര്‍ക്കം വലിച്ചു. 
    ഉമ്മ ഇമ്മാതിരി മറുപടി പറയുന്നത് ആദ്യമായല്ല.. അസ്ലം നെടുവിര്‍പ്പിട്ടു. തിരയുടെ വേഗമുള്ള ചോദ്യത്തിന് കടലിന്റെ ആഴമുള്ള ഉത്തരം. എത്ര തന്നെ ആഴ്ന്നിറങ്ങിയിട്ടും നിലം തൊടനാവുന്നില്ല... അങ്ങനെ ഒരു ചാവേറിനോട് പരസ്യം വായിച്ചതും ചിന്തിക്കാതെ പൊടുന്നനെ മനസ്സില്‍ ഉദിച്ചത് ചോദിക്കാന്‍ തോന്നിയ നിമിഷത്തെയോര്‍ത്തു അസ്ലം ശപിച്ചു. 
       ഉമ്മ ചിലപ്പോള്‍ തമാശ പറഞ്ഞതാവും.. ഏയ്യ്., അല്ല... ആ പറഞ്ഞതില്‍ തെല്ലു പോലും കളിവാക്കില്ല.. വല്ലപ്പോഴും മാത്രം മൊഴിയുന്ന വാക്കുകളില്‍ കളിവാക്ക് പ്രതീക്ഷിക്കാന്‍ പാടില്ല.
''ഡാ അന്നെ തന്നിട്ടല്ലേ ഇപ്പ പോയത്.. ഇമ്മാക്ക് അത് മതി.. '
 അല്ലെങ്കില്‍ ''അന്റെ ഇപ്പാനെ അല്ലാതെ ഇമ്മാക്ക് ഇഹത്തിലും പരത്തിലും വേറെ തൊണ വേണ്ടടാ.. ' 
അതും അല്ലെങ്കില്‍ ' അന്റെ ഇപ്പ ഈ ദുനിയാവ് ക്ക് ള്ള മുയ്മന്‍ സ്‌നേഹം തന്ന് ക്ക് ണ്.., ഇമ്മാക് അത് മതി.. '  
ഇതൊന്നുമല്ലാത്ത ഒരു മറുപടി  അസ്ലമിന്  അപ്രതീക്ഷമായിരുന്നു. ഉമ്മ മറുപടി പറയാതെ മൗന വിഷാദത്തോടെ നടന്നു പോയാലും മതിയായിരുന്നു. ഉപ്പ മരിച്ച ശേഷം നാലഞ്ചു വര്‍ഷത്തോളം ഉപ്പാന്റെ വീട്ടില്‍.., അവിടുത്തെ ഭാഗം വെപ്പും ക്ഷമയുടെ എല്ലാ അതിരുകളും കടന്നപ്പോള്‍ എന്നെയും തോളിലേറ്റി സ്വന്തം വീട്ടില്‍.. ഇവിടെയിപ്പോള്‍ പതിനഞ്ചു വര്‍ഷങ്ങള്‍... അല്ലെങ്കിലും മൗനത്തിന്റെയും വിഷാദത്തിന്റെയും കാലങ്ങള്‍ കടന്നു പോയിരിക്കുന്നു . ഉമ്മ  ആദ്യം കുറേ കാലം കരഞ്ഞിരിക്കണം., തനിക്ക് എങ്ങനെയൊരു വിധി എന്തിന് താനെന്നു സ്വയം പഴിച്ചു നിരാശയായിരിക്കണം... പിന്നെ കുറേ കാലം മരവിച്ച മനസ്സുമായി ജീവിച്ചു കാണും... ഇപ്പോഴാണെങ്കില്‍ പ്രതീക്ഷയും മരിച്ചു കാണും... ഇതിനിടക്ക് എപ്പോഴെങ്കിലും ഒക്കെ സ്വന്തമായി ഒരു ജീവിതം സ്വപ്നം കണ്ടിട്ടുണ്ടാവും.. ആരെങ്കിലും ഒക്കെ അതിന് തന്നെ നിര്‍ബന്ധിക്കുന്ന പോലെ അഭിനയിക്കുക എങ്കിലും ചെയ്തിരുന്നെങ്കില്‍ എന്ന് കൊതിച്ചിട്ടുണ്ടാവും..  മുകളില്‍ പറഞ്ഞതില്‍ ഒരു ചെറിയ തിരുത്തുണ്ട്. ഉമ്മ കരഞ്ഞു കാണുമോ എന്ന് എനിക്ക് തീര്‍ച്ചയില്ല. കരയുന്നത് ഇതുവരെ കണ്ടിട്ടു പോലും ഇല്ല.  പെയ്യാതെ ഉറച്ച ഒരു മരുഭൂമി പോലെ ദൃഡമാണ് ഉമ്മാന്റെ കണ്ണുകള്‍.  ഇടത്തരം കുടുംബത്തില്‍ ജനിച്ച ഒരു സാധാരണ സ്ത്രീയുടെ സര്‍വ്വ സാദാരണമായ ഒരു കഥ. അസ്ലം പത്രത്തളുകള്‍ മറിച്ചു കൊണ്ട് സ്വയം ചിക്കി ചികഞ്ഞു. 
  ഉപ്പയ്ക്ക് പച്ചക്കറി മാര്‍കെറ്റില്‍ നിന്ന് പച്ചക്കറിയെടുത്തു കവലയിലോ ഏതെങ്കിലും നാലും കൂടിയ മൂലയിലോ പെട്ടി ഓട്ടോയിട്ട് മാര്‍ക്കറ്റ് വിലയെക്കാള്‍ ഒന്നോ രണ്ടോ രൂപ കുറച്ചു വില്‍ക്കുന്നതായിരുന്നു ബിസിനസ്.. പച്ചക്കറി വിറ്റു കഴിഞ്ഞാല്‍ ഓട്ടോ ഗോഡൗണില്‍ ഇട്ട് ഉപ്പ നടന്നു വരും. ഓട്ടോ വാടകയ്ക്കാണ്. ഒന്നര മണിക്കൂര്‍ നടക്കണം. ഉപ്പ ബസ്സില്‍ വരില്ല, അത്രേം പൈസ ലഭിക്കാലോ. പക്ഷെ മരിക്കുന്ന ദിവസം ഉപ്പയ്ക്ക് എന്തിന് ആക്സിഡന്റ് ഉണ്ടാവാന്‍ സാധ്യതയുള്ള ബസില്‍ കയറാന്‍ തോന്നി എന്ന് ഹൃദയം വേദനിക്കുമ്പോളെല്ലാം ഓര്‍ക്കും. മരിച്ച രണ്ടു പേരില്‍ ഒരാള്‍ ഉപ്പ.. അനുഭവസ്ഥര്‍ക്ക് അല്ലാത്തവര്‍ക്കെല്ലാം തീര്‍ത്തും സ്വഭാവിക മരണം. ഉപ്പയെ വെള്ള പുതച്ചു കിടത്തിയതെല്ലാം എന്റെ മങ്ങിയ ഓര്‍മ്മയിലുണ്ട്. അന്ന് ആരോ വെച്ച റീത്തിലെ പൂവിന് വേണ്ടി കരഞ്ഞത്  ബുദ്ധിയുള്ളടത്തോളം കാലം തന്നെ വേദനിപ്പിക്കും. ഇല്ലാതെപോയ ആത്മാര്‍ത്ഥത സത്യത്തില്‍ ഒരു നെരിപ്പോടാണ് . തിരിച്ചറിവില്ലാത്ത കാലത്തെ ഓര്‍മ്മകളാണ് തിരിച്ചറിവുള്ളടത്തോളം കാലത്തെ വേദന. ഇനി ഒരിക്കലും കാണുക എന്നുണ്ടാവില്ലാത്ത ജീവന്റെ പാതിയെ ആത്മാര്‍ത്ഥമായി ഒന്നു ഉമ്മവെയ്ക്കാന്‍ പോലും കഴിഞ്ഞില്ലല്ലോ എന്നോര്‍ത്തു അസ്ലം പിന്നേയും വേദനിച്ചു. നല്‍കാതെ പോയ അന്ത്യ ചുംബനവും, കാണിക്കാതെ പോയ ആത്മാര്‍ത്ഥതയും, പൊഴിക്കാമായിരുന്ന കണ്ണീരും ബുദ്ധി ഉറച്ചതു തൊട്ട് അസ്ലാമിനെ വേട്ടയാടി.
     സത്യത്തില്‍ അതൊന്നും അല്ലായിരുന്നു വേദന. ഉപ്പയില്ലാത്ത ജീവിതമാണ് ശെരിക്കും വേദനയെന്ന് അസ്ലം തിരിച്ചറിയാന്‍ പിന്നേയും കുറച്ചു കാലം കൂടിയെടുത്തു. ദാരിദ്രനായ നിസ്സഹായനായ മനുഷ്യര്‍ വസ്ത്രം അഴിച്ചു മാറ്റുന്നതു പോലെ തന്റെ സത്വത്തെ ചുറ്റുമുള്ളവരെ പ്രീതി പെടുത്താന്‍  മാറ്റണം എന്ന വലിയ പാഠം ഞാന്‍ ഏറെ വൈകാതെ പഠിച്ചു. സമ്പന്നതയും ജനാധിപത്യവും തമ്മില്‍ അബേദ്ധ്യമായൊരു ബന്ധമുണ്ട്. പരിപൂര്‍ണമായ ജനാധിപത്യ വ്യവസ്ഥയില്‍ ജീവിക്കുന്നത് ദാരിദ്ര്യം മാത്രമാണ്. യുഗങ്ങളായി ദരിദ്രന് ഓരോ ഇഷ്ടങ്ങളും അനിഷ്ടങ്ങളും രാജ്യസഭയിലോ നിയസഭയിലോ അവതരിപ്പിക്കുന്ന ബില്ലുപോലെയാണ്, എല്ലാത്തിനും സമ്പന്നവര്‍ കനിയണം. ദാരിദ്ര്യത്തിന്റെ ഉച്ച വെയില്‍ പൊള്ളിക്കുമ്പോള്‍ ഉപ്പയുടെ റീത്തിലെ പൂവിന് വേണ്ടി കരഞ്ഞതോ, ആത്മാര്‍ത്ഥമായി ചുമ്പിക്കാഞ്ഞതോ ആസ്ലമിനെ വേട്ടയാടിയില്ല. പകരം സ്‌കൂളില്‍ പി ടി എ മീറ്റിംഗിന് എളാപ്പാനെ വിളിക്കേണ്ട അവസരങ്ങള്‍ വന്നു ചേരുമ്പോളോ., പരീക്ഷ ഫീസ് അടക്കാന്‍ തീയതി അടുക്കുമ്പോഴോ., നോട്ട് ബുക്കിലെ പേജ് തീരുമ്പോഴോ.., സ്‌കൂള്‍ കാന്റീനിലെ ബിരിയാണിയുടെ മണം വരുമ്പോഴോ, പതിനഞ്ചു വര്‍ഷം വളര്‍ത്തിയ കണക്കു കേള്‍ക്കുമ്പോഴോ  അസ്ലാമിന് ആക്സിഡന്റ് ഉണ്ടാവാന്‍ സാധ്യതയുള്ള ബസില്‍ കയറിയ ഉപ്പയോട് ദേഷ്യം തോന്നി. 
       ഉപ്പ മരിച് കുറേ കാലം ഉമ്മ ആരോടും മിണ്ടില്ലായിരുന്നു . എന്നെ എടുക്കുന്നവരെയും അടുത്ത് വരുന്നവരെയെല്ലാം ഉപദ്രവിക്കും.  എന്നെ കുളിപ്പിച്ച് ഒരുക്കി സ്‌കൂളില്‍ വിടും. ക്ലാസ്സ് കഴിഞ്ഞ് ഞാന്‍ വരുന്ന വരെ സ്‌കൂള്‍ പടിയില്‍ ഇരിക്കും. ക്രിക്കറ്റ് കളിക്കാന്‍ പാടത്തു പോയാല്‍ പാടവരബ്ബത്തിരിക്കും.  അല്ലെങ്കിലും മൗനത്തിന്റെയും വിഷാദത്തതിന്റെയും കാലങ്ങള്‍ ഏത്രയോ മുന്‍പേ കടന്നു പോയിരിക്കുന്നു... കാല്പനികതയുടെ ബാല്യവും, പ്രവര്‍ത്തികതകയുടെ യൗവനവും, നിര്‍വികാരതയുടെ മുപ്പതുക്കളും , താണ്ടി യാന്ത്രികതയുടെ നല്‍പ്പാതുകളില്‍ എത്തി നില്‍ക്കുന്ന ഒരു സ്ത്രീയില്‍ നിന്ന് മൗനവും വിഷാദവും പ്രേമവും വിരഹവും പ്രതീക്ഷിക്കുവാനേ പാടില്ല.

                ലക്ഷ്യം കൈവരിക്കാനാവാതെ നിരതെറ്റിയെന്നും വഴിതെറ്റിയെന്നും ആരോപിച്ചു ചാവേറുകള്‍ വെടിയേറ്റ് മരിച്ച  വാര്‍ത്തകളാണ് പത്രത്താളുകളില്‍. ഒന്നാമത്തെ പേജില്‍  ഹൃദയം തുരന്നു കീഴ്‌പ്പെടുത്തി കൊന്ന ഡോക്ടര്‍ ചാവേറിനെ കുറിച്ചാണ് വാര്‍ത്ത . സ്‌പോര്‍ട്‌സ് പേജില്‍  മറ്റൊരു മല്ലന്‍ ചാവേറിനെ രാജ്യം ഒറ്റു കൊടുത്തു..  വിവാഹ കമ്പോളമാണെങ്കില്‍ കൂരമ്പ് പോലെയാണ്. എന്തോ ഒന്ന് അസ്ലാമിന്റെ ഹൃദയം തുരന്നു. വേദന കൊണ്ട് പുളഞ്ഞു അസ്ലം പത്രത്തില്‍ നിന്ന് തലയുയര്‍ത്തി.. ഉച്ച വെയില്‍ കാരണം അസ്ലാമിന്റെ കണ്ണു മഞ്ഞളിച്ചു. അതാ നിര തെറ്റാത്തൊരു ചാവേര്‍ മുറ്റത്ത് ഞൊണ്ടി ഞൊണ്ടി ചെടി നനയ്ക്കുന്നു.


Post a Comment

2 Comments