ഓണം ! ഒരു വിലാപം ► ശ്രീദേവി പ്രസന്നന്‍



കര്‍ക്കിടകത്തിന്റെ കാറോളി മാഞ്ഞുപോയി
അര്‍ക്കന്റെ രശ്മികള്‍ ആഗതമായി
പച്ചില ചാര്‍ത്തി മര്‍മ്മരത്തില്‍ ...... കാറ്റു മുഗ്ദമാം സംഗീത ധാരയായി .....

ആവണിതെന്നലും പൂനിലാ പൊയ്കയും
വാനിലെ നക്ഷത്രദീപങ്ങളും
മാവേലി മല്ലന്റെ ആഗമനത്തിനായി പൊന്‍ പ്രഭതൂകി ചിരിച്ചു നില്‍പ്പൂ.....

തുമ്പകള്‍ പാലാഴി തീര്‍ത്തിരുന്നിടവേ...
മണ്ണിടം ശോഭയില്‍ പൂത്തുനില്‍കെ .....
വര്‍ണ്ണാഭ തൂകുന്ന പൂക്കളാല്‍ കേരളം വിണ്ണവര്‍ നാടു പോലായിടവേ.....

എങ്ങും തിരുവോണ നാളിന്റെ ഉത്സവം
തിങ്ങും പ്രഭയില്‍ തുടുത്തീവെ
വിങ്ങുന്നു മാനസം തിങ്ങുന്നു ഓര്‍മ്മകള്‍
പെയ്‌തൊഴിയാത്തൊരാ പേമാരിയും

സ്വര്‍ഗ്ഗ സൗന്ദര്യം വഴിയും വയനാട്ടില്‍
നിസ്തുല ഭംഗി ഇന്നന്യമായി ......
ആഘോഷനാളുകള്‍ കാത്തിരുന്നോര്‍ അവര്‍
നോവിന്റെ ഓര്‍മ്മയായി മാറിടുന്നു ഇന്ന്
ചൂരല്‍ മലയും ആ മുണ്ടക്കൈയും
നിദ്രയില്‍..... അന്തിമ നിദ്രയില്‍
ആണ്ടവര്‍ക്കിത്തിരി പൂക്കള്‍ ചൊരിഞ്ഞിടുന്നു...

ഓണമാഘോഷിപ്പാന്‍
ആവുകയില്ലതിന്‍
നോവിനിയും മാറി തീര്‍ന്നതില്ല
ഉറ്റവരില്ല ഉടയവരില്ല
തന്‍ ഹൃത്തിന്റെ സ്പന്ദനം മാത്രമുള്ളോര്‍ .....

ഈ ഓണ നാളിന്റെ ചാരുത കൂട്ടുവാന്‍
താങ്ങായിടാം ഇനി കൈകോര്‍ത്തിടാം
ഒന്നിച്ചൊരുമിച്ചണി നിരക്കാം
വീണ്ടും ഒരോണം വരവേറ്റിടാം ....


E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post