ഓണമെന്ന ഓര്‍മപെയ്ത്ത് ► ഡോ.ഹസീനാ ബീഗം. അബുദാബി.



പൊന്നോണ നാളില്‍
ചിങ്ങത്തിന്‍ ഇളം കാറ്റ്
കാഹള ധ്വനിയുമായ്
അരികിലായ് എത്തിടുന്നു.

നക്ഷത്രങ്ങള്‍ തിളങ്ങുന്നു
പൂക്കള്‍ ചിരിക്കുന്നു
പ്രകൃതി വര്‍ണാഭ ചൊരിഞ്ഞിടുന്നു.....
എന്നാല്‍ ഇന്നത്തെ ഓണമോ?

വില്‍ക്കുവാനിനി സ്വപ്നങ്ങള്‍
മാത്രമെന്ന ദു:ഖമോതി
കര്‍ഷകര്‍
വിതുമ്പുവാനിനി കണ്ണു
നീരില്ലെന്ന പരിഭവമോതി
കര്‍ഷക സത്രീയും
ഓണക്കോടിക്കായ്
വാശി പിടിച്ചു കരയും
കുഞ്ഞുമുഖങ്ങളും....

കള്ളമില്ലെന്നു കള്ളം മൊഴിയുമ്പോഴും
ചതിയുടെ ചാട്ടവാറുകള്‍
ആഞ്ഞടിക്കുന്നു.
പൊള്ളത്തരങ്ങള്‍ കേട്ട്
എള്ളിനു പോലും പൊള്ളുന്നു .
മരണമുഖം കണ്ട് അരിമണികളും
ബന്ധനം ചെയ്ത പാശവും
പരസ്പരം നോക്കുന്നു.....

തുമ്പയും മുക്കുറ്റിയും പുണര്‍ന്നപ്പോള്‍
തൊട്ടു കളിക്കരുതെന്ന
താക്കീത് കേട്ട്
പൂക്കളത്തിലിരുന്ന്
പൂക്കള്‍ തേങ്ങുന്നു
പത്തായങ്ങള്‍ നിറവിനായ്
നീറി പുകയുന്നു.....

തീനാളങ്ങള്‍ കാണാനായ്
ചില അടുപ്പുകള്‍ വിങ്ങി കരയുന്നു
വിളര്‍ച്ച ബാധിച്ച വസന്തവും വിതുമ്പുന്നു
വിരുന്നായ് വരുന്ന പൂവിളി കേള്‍ക്കാതെ....

പരിഭവം പൂണ്ട മുക്കുറ്റിയും  നല്ലില ചാര്‍ത്തില്‍ മുഖം
മറക്കുന്നു
പ്ലാസ്റ്റിക് കവറിലെ
തമിഴ് പൂക്കളുടെ
പൂവിളി മുഴക്കം കേട്ട്
ചെമ്പരത്തിയും മുഖം
ചുമപ്പിക്കുന്നു.

ഇതാണോ ഓണം
എന്ന ചോദ്യം ബാക്കി???

നിറമുള്ള മണമുള്ള പൂക്കളായ്
മനുഷ്യത്വ മുകുളങ്ങള്‍
വിരിഞ്ഞിടട്ടെ.....
കളങ്കമില്ലാ കുഞ്ഞു മനങ്ങളില്‍
നല്ലോണമെന്നും ഓര്‍മയായ്
പെയ്തിറങ്ങട്ടെ...

Post a Comment

0 Comments