ഒരുവള്‍ | കവിത | ബീനാ ബിനില്‍

beena-binil


മ്മതന്‍ താരാട്ടുപാട്ടിന്‍ ഈരടികളാല്‍ 
ശൈശവത്തില്‍ തൊട്ടിലില്‍ കിടന്നുറങ്ങിയ കാലമേ 
അക്കാലത്തിന്‍ മധുരതരമാം ഓര്‍മ്മകള്‍
മൃദുപല്ലവങ്ങളാലെന്നപോല്‍ അനുഭൂതി നല്‍കവേ,

ആരാമത്തിലെ പുതുച്ചെടികളില്‍ നവസുമങ്ങളാല്‍
കാന്തിയും ഗന്ധവും കാറ്റിന്‍യാത്രയില്‍
എത്രയോ ദൂരം പരക്കുന്നതുപോല്‍
ബാല്യത്തിലേക്ക് ചെറുകാലടികള്‍ വച്ചു 
നീങ്ങിയ നാളുകള്‍ എത്രയോ കൗതുകം,

ജന്മമെന്ന ലോകതത്വത്തിന്റെ പ്രസരിപ്പില്‍ 
പ്രകൃതിയിലെ സകലജീവജാലങ്ങളോടും 
ആകാശതാരങ്ങളോടും കളിച്ചും മിണ്ടിയും
ഓടി മറഞ്ഞ നാളുകളല്ലയോ ബാല്യകാലം,

പെട്ടെന്നെന്ന പോല്‍ ബാല്യത്തെ പുറകോട്ടാക്കി 
മിഴിയിലും വദനത്തിലും 
കപോലത്തിലും ഭിന്നമാം ഭാവങ്ങള്‍ പടര്‍ത്തി 
നറുംമോഹങ്ങളുമായ്
സഞ്ചാരപഥങ്ങള്‍ താണ്ടിയതും 
ഓര്‍മ്മയിലെ പൂക്കുന്ന വസന്തകാലമല്ലേ,

രൂപത്തിലും ഹൃദയത്തിലും 
ഉടലിലും ശുദ്ധമായ വായുസഞ്ചാരത്തിലും 
സൂര്യപ്രകാശത്തിലും മൊട്ടിട്ടു വിരിയുന്ന 
പൂവ്വെന്നപോല്‍ അനുരാഗത്തിന്‍ 
അനുഭൂതിയും അഴകും യൗവനത്തിലെ 
നിര്‍വൃതിയില്‍ ലയിച്ചിരുന്നതും 
ഓര്‍മ്മയില്‍ പനിനീര്‍പുഷ്പമെന്ന പോല്‍ ഗന്ധമായ് 
ഇഴുകിച്ചേര്‍ന്നിരിക്കുകയല്ലയോ,

യൗവനം താണ്ടിയ ജീവിതത്തില്‍ 
ആലോലവിലോലമായ് 
ആത്മസുഭഗതമായ് ഒരേ അഴകുള്ളവളായ്
ശലഭത്തെപോല്‍ പാറി പറക്കുന്നവളായ്
അനുരാഗിണിയായ്
ശോകാര്‍ത്തയായ് ഓര്‍മ്മകള്‍ തന്‍          
നടുമുറ്റത്ത് വിലസിടുന്ന വാനമ്പാടിയായ് ഒരുവള്‍...
© Beena Binil




E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post